'യവൻ പണ്ടേ പുലിയാണ് കേട്ടാ..'; ആസ്വദിച്ച് കഥാപ്രസംഗം നടത്തുന്ന ചുള്ളൻ പയ്യനെ മനസിലായോ ?
മലയാളത്തിന്‍റെ താരപ്രതിഭയുടെ കോളേജ് കാലം.
സോഷ്യൽ മീഡിയയുടെ കാലത്ത് ത്രോബാക്ക് ഫോട്ടോകൾ ജനങ്ങൾക്ക് മുന്നിൽ എത്തുന്നത് വളരെ പെട്ടെന്നാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത്. ഇത്തരത്തിൽ വരുന്ന ഫോട്ടോകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നതും. പലപ്പോഴും വരുന്ന താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഇതവർ തന്നെയാണോ എന്ന് വരെ ആരാധകർ സംശയം പ്രകടിപ്പിക്കാറുണ്ട്. അത്രകണ്ട് മാറ്റമാണ് ഓരോരുത്തർക്കും വന്നിരിക്കുന്നത്. അത്തരത്തിൽ മലയാളത്തിന്റെ അതുല്യപ്രതിഭയുടെ ഒരു ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്.
മഹാരാജാസ് കോളേജിൽ പഠിച്ച താരത്തിന്റെ ഒരു കഥാപ്രസംഗ ഫേട്ടോയാണിത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. മൈക്കിന് മുന്നിൽ നിന്നും ആവേശത്തോടെ, ആസ്വദിച്ച് കഥാപ്രസംഗം നടത്തുന്ന നടനെ ഫോട്ടോയിൽ കാണാം. ഒറ്റനോട്ടത്തിൽ ചിലപ്പോൾ ആളെ മനസിലായെന്ന് വരില്ല. പക്ഷേ സൂക്ഷിച്ച് നോക്കിയാൽ മതിയാകും ഇത് മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി ആണെന്ന്.
തിരക്കഥകൃത്തായ റഫീഖ് സീലാട്ട് ആണ് ഓർമകൾ പകുത്ത് നൽകുന്ന ഈ ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. "അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മുട്ടി ചിത്രം.1973 ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിന് കോഴി എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ. മമ്മൂട്ടി, അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷ്‌റഫ്, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ ) രാജൻ സംഭവത്തിൽ ആർ ഇ. സി. വിദ്യാർത്ഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മൂട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന Nazir Mohammed നും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന Mohamed Ashraf നും നന്ദി", എന്നാണ് ഫോട്ടോ പങ്കുവച്ച് റഫീഖ് കുറിച്ചത്.
അതേസമയം, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഭ്രമയുഗം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാതൽ എന്ന ജിയോ ബേബി ചിത്രവും റിലീസ് കാത്തിരിക്കുന്നുണ്ട്. ബസൂക്ക ഒന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ ഷൈഡ്യൂൾ അടുത്തമാസം തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരങ്ങൾ.
'ലിയോ' എത്താന്‍ ഏതാനും നാളുകൾ മാത്രം; വിജയ് ആരാധകരെ നിരാശരാക്കി അപ്ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..