'ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം'; ക്വാറന്‍റൈന്‍ കാലത്തെ മകന്‍റെ പിറന്നാളാഘോഷത്തെക്കുറിച്ച് കിഷോര്‍ സത്യ

ലോക്ക്ഡൗണ്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന വിരസതയെയും ഏകാന്തതയെക്കുറിച്ചും ഓര്‍മ്മിപ്പിക്കുകയാണ് നടന്‍ കിഷോര്‍ സത്യ

actor kishore sathya reminded of caring for children in covid times

കൊവിഡ് രണ്ടാംതരംഗത്തെ നേരിടാന്‍ ലോക്ക്ഡൗണിലേക്ക് കടന്നിരിക്കുകയാണ് കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍. അനേകായിരങ്ങളുടെ തൊഴിലും വരുമാനവും കവര്‍ന്നെടുത്ത കൊവിഡ് കാലം കുട്ടികളെ എങ്ങനെയാവും ബാധിക്കുക? ലോക്ക്ഡൗണ്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന വിരസതയെയും ഏകാന്തതയെക്കുറിച്ചും ഓര്‍മ്മിപ്പിക്കുകയാണ് നടന്‍ കിഷോര്‍ സത്യ. മകൻ നീരുവിന്‍റെ പിറന്നാൾ ദിനത്തിലെ അനുഭവ സാക്ഷ്യമാണ് കിഷോർ ആരാധകരുമായി പങ്കുവച്ചത്.

കിഷോർ സത്യയുടെ കുറിപ്പ്

എന്‍റെ മോന്‍റെ ജന്മദിനം ആയിരുന്നു. പക്ഷേ ഒരു അന്യനെപ്പോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു. കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്. ഒരുപാട് പേരുമായി ഇടപഴകിയതുകൊണ്ട് കുറച്ചുദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്‍റൈന്‍ തീരുമാനിച്ചു ഞാൻ. യാത്ര കഴിഞ്ഞുള്ള എന്‍റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും. അങ്ങനെയങ്ങനെ... ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം. മനസ്സു കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു. ദൂരെ മാറിനിന്ന്. മാറിയ കാലം  നൽകിയ  അകൽച്ചയുടെ പുതിയ  ശീലങ്ങൾ.

ഈ പിറന്നാളിന് ജനൽ തുറക്കുമ്പോൾ മലനിരകൾ  കാണുന്ന ഇടത്തു പോണമെന്നായിരുന്നു അവന്‍റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു. കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ  ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്‍റെ മകനെപ്പോലെ നിരവധി കുഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്. ജീവനും ജീവിതവും  തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ  നാം ഗൗനിക്കാതെ ഇരിക്കരുത്. അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും...

ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു..... പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ...

Posted by Kishor Satya on Wednesday, May 5, 2021
Latest Videos
Follow Us:
Download App:
  • android
  • ios