'ഞാൻ മതിയോന്ന് അവൾ, എട്ടര വർഷത്തെ പ്രണയം, വിവാഹം വേണ്ടെന്നുവച്ചത് അന്ന്'; തുറന്നുപറഞ്ഞ് ഇടവേള ബാബു

അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ആളാണ്. സിനിമയ്ക്കും മുൻപെ. വിട്ടുകൊടുത്തുവെന്നും ഇടവേള ബാബു. 

actor edavela babu talk about why he note getting married and love frailer nrn

ലയാള സിനിമയിലെ ക്രോണിക് ബാച്ചിലർ ആരെന്ന് ചോദിച്ചാലും അമ്മ സംഘടനയുടെ ഓൾ ഇൻ ഓൾ ആരെന്ന് ചോദിച്ചാലും ഒരുത്തരമേ ഉണ്ടാകൂ, ഇടവേള ബാബു. കാലങ്ങളായി സിനിമാ താരങ്ങളെയും അണിയറ പ്രവർത്തനങ്ങളെയും അതിമനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്ന ഇടേവള ബാബു ഇടയ്ക്ക് സിനിമയിലും സാന്നിധ്യം അറിക്കാറുണ്ട്. ഇപ്പോഴിതാ താൻ വിവാഹം കഴിക്കാത്തത് എന്ത് കൊണ്ടാണെന്നും പ്രണയത്തെ കുറിച്ചും തുറന്നു പറയുകയാണ് ഇദ്ദേഹം. 

"അമ്മ മരിച്ചപ്പോൾ ആ സ്ഥാനം ചേട്ടത്തിയമ്മയ്ക്ക് പോയി. വീട്ടിൽ വഴക്കുണ്ടാകാതിരിക്കാൻ ഞാൻ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ അമ്മയോട് പറയുമായിരുന്നു. എന്റെ ഭാ​ര്യ വന്ന് ചേട്ടത്തിയമ്മയുമായി അടികൂടും. അതുവേണ്ടല്ലോ എന്ന് തമാശയ്ക്ക് പറയും. പക്ഷേ വിവാഹം എന്നത് എവിടെയോ നഷ്ടപ്പെട്ടു പോയ കാര്യമാണ്. മുൻപ് അന്വേഷിച്ചപ്പോഴൊന്നും ആരെയും കണ്ടെത്താനും സാധിച്ചില്ല. അച്ഛനും അമ്മയുടെയും അന്വേഷണത്തിൽ അതിന് സാധിച്ചില്ല. ആ സമയത്ത് പ്രണയ വിവാഹത്തോട് താല്പര്യവും ഇല്ലായിരുന്നു. ഡാൻസും പാട്ടുമൊക്കെ അറിയാവുന്ന ഒരു കുട്ടിവേണം എന്നായിരുന്നു എന്റെ ഏക ഡിമാന്റ്. പിന്നീട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് തോന്നി. നമുക്ക് സിനിമ തന്നെ നല്ലതെന്ന് തോന്നി", എന്നാണ് ഇടവേള ബാബു പറഞ്ഞത്. കാൻ ചാനൽ മീഡിയയോട് ആയിരുന്നു നടന്റെ പ്രതികരണം. 

എംജിആറിനെയും വിജയകാന്തിനെയും പോലെയോ ?; വിജയ്ക്ക് ആശംസയുമായി അമ്മയും

പ്രണയത്തെ കുറിച്ചും ഇടവേള ബാബു സംസാരിച്ചു. "പ്രണയിച്ചില്ല എന്നൊന്നും ഞാൻ പറയുന്നില്ല. നല്ലോണം പ്രണയിച്ചിട്ടുള്ള ആളാണ് ഞാൻ. പലരും സിനിമയാക്കാൻ ആ​ഗ്രഹിച്ചൊരു പ്രണയകഥ ഇപ്പോഴും എന്നിലുണ്ട്. അത് ഞാൻ എപ്പോൾ പറഞ്ഞാലും ഒരു പത്ത് പേജ് അതിന് വേണ്ടി മാറ്റിയിടും. തുറന്നു പറയാത്തതിന് കാരണം അത് പല കുടുംബങ്ങളെയും ബാധിക്കും എന്നത് കൊണ്ടാണ്. കുടുംബത്തിൽ തന്നെയുള്ള കുട്ടിയായിരുന്നു. കല്യാണം നടക്കാതെ വന്നപ്പോൾ അവൾ എന്നോട് ചോദിച്ചു, ഞാൻ മതിയോ. ഞാൻ തയ്യാറാണ് എനിക്ക് ഇഷ്ടമാണെന്ന്. ഞാൻ കണ്ട പലരിലും നല്ലത് ബാബു ചേട്ടൻ തന്നെയാണെന്ന് പറഞ്ഞു. ഇതിന് മറുപടി ഉടനെ പറയാനാകില്ലെന്നാണ് ഞാൻ പറഞ്ഞത്. പിന്നീട് ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി, അങ്ങനെ ആറ് മാസത്തിന് ശേഷം മറുപടി പറഞ്ഞു. ഏകദേശം എട്ട് എട്ടര വർഷത്തോളം നമ്മൾ പ്രണയിച്ചു. പക്ഷേ രണ്ട് കുടുംബത്തിലും ചില തടസങ്ങൾ വന്നു. അച്ഛൻ മരിച്ചപ്പോഴും അദ്ദേഹത്തിന്റെ വിഷമം അതായിരുന്നു. ഞാൻ ഈ വീട്ടിലേക്ക് വിളിച്ചോണ്ട് വരും. വേറെ ഒരിടത്തേക്കും പോകില്ല. തയ്യാറാണോന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞു. എന്നാ ശരിയെന്ന് പറഞ്ഞ് അവിടെ വച്ച് വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. വിവാഹം അല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് ചിന്തിച്ചു. ഒരുപക്ഷേ ഞാൻ ഇങ്ങനെ ആക്ടീവ് ആയതിന് കാരണം ഈ പ്രണയ നഷ്ടമാണ്. പണ്ട് അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ആളാണ്. സിനിമയ്ക്കും മുൻപെ. വിട്ടുകൊടുത്തു. പക്ഷേ അതേക്കുറിച്ചൊന്നും ഞാൻ ഇപ്പോൾ ചിന്തിക്കാറില്ല. നേരത്തെ ഹണി റോസ് പറഞ്ഞത് പോലെ ജീവിതത്തിൽ എവിടെയോ വച്ച് ഭാര്യയെക്കാൾ സ്ഥാനം അമ്മ സംഘടനയോട് ആയിപ്പോയി. ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് അച്ഛനും കരുതിക്കാണില്ല", എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios