പാട്ടെങ്കിൽ പാട്ട്, ദേ പിടിച്ചോ..; വിനീതിനൊപ്പം കട്ടയ്ക്ക് പിടിച്ച് ബേസിൽ ജോസഫ്, ഞെട്ടി മലയാളികൾ
സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ ജോസഫിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
സിനിമയിലെ ഭൂരിഭാഗം മേഖലയിലും കൈവച്ചിട്ടുള്ളവരാണ് ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് സിനിമകൾ ചെയ്തിട്ടുമുണ്ട്. സിനിമയെക്കാൾ ഉപരി പരസ്പരം നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുമുണ്ട് ഇവർ. ഇപ്പോഴിതാ പാട്ടിൽ വിനീത് ശ്രീനിവാസനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ബേസിൽ ജോസഫിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ ഏക്കാലത്തെയും മാസ്റ്റർ പീസായ 'ഓ.. ഞാനൊരു നരൻ', ആണ് ഗാനം. ഒരു പൊതുവേദിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. നരൻ ഗാനത്തിന്റെ ഹൈ പിച്ചിനിടെ ആയിരുന്നു ബേസിലും കൂടെ കൂടിയത്. ശേഷം ആ ഹൈ പിച്ച് പോഷൻ മുഴുവനും ഇരുവരും ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രശംസയുമായി രംഗത്ത് എത്തിയത്. ബേസിലിനെ കൊണ്ട് തോറ്റെന്നും എന്തും ചെയ്യാൻ ആശാൻ തയ്യാറാണെന്നുമാണ് ഇവർ പറഞ്ഞത്.
നേരത്തെ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ പൃഥ്വിരാജിനൊപ്പം ബേസിൽ പാടിയത് ഏറെ ശ്രദ്ധനേടിയിരുന്നു. പുതിയ മുഖം സിനിമയിലെ പാട്ടായിരുന്നു ഇത്. അന്ന് സോഷ്യൽ മീഡിയകളിൽ എല്ലാം ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം, വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലാണ് വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും ഒന്നിച്ച് അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയായിരുന്നു പറഞ്ഞത്. നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, നീത പിള്ള, ബേസിൽ ജോസഫ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ ജോസഫിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..