തുടര്‍ പരാജയങ്ങളിലും നിരാശനാകാതെ ആമിര്‍ ഖാന്‍; ദിവസം ഒരു മണിക്കൂര്‍ മാറ്റിവെക്കുന്നത് അക്കാര്യം പഠിക്കാന്‍
'ലാല്‍ സിംഗ് ഛദ്ദ'യ്ക്ക് ശേഷം കരിയറില്‍ ഒരു വിശ്രമകാലം എടുത്തിരിക്കുകയുമാണ് ആമിര്‍ ഖാന്‍
ജീവിതത്തോടുള്ള സമീപനത്തില്‍ എപ്പോഴും ഒരു പോസിറ്റിവിറ്റി സംവദിക്കാറുള്ള താരമാണ് ആമിര്‍ ഖാന്‍. താരജാഡകളൊന്നുമില്ലാതെയാണ് അദ്ദേഹം പെരുമാറാറും. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ നായകനായിട്ടുള്ള ആമിറിന് പക്ഷേ സമീപകാലം കരിയറില്‍ എത്ര ശുഭകരമായിരുന്നില്ല. 2016 ല്‍ പുറത്തെത്തിയ ദംഗലിന് ശേഷം ആമിറിന് വിജയങ്ങളൊന്നുമില്ല. എന്നാല്‍ ജീവിതത്തോടുള്ള അദ്ദേഹത്തിന്‍റെ സമീപനത്തില്‍ മാറ്റമൊന്നുമില്ല. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എപ്പോഴും തത്‍പരനായ ആമിര്‍ ഖാന്‍ ഇപ്പോഴും അത്തരത്തിലൊരു പഠനത്തിലാണ്.
ക്ലാസിക്കല്‍ സംഗീതം പഠിക്കുകയാണ് ആമിര്‍ ഇപ്പോള്‍. ദിവസം ഒരു മണിക്കൂറാണ് അദ്ദേഹം ഇതിനുവേണ്ടി മാറ്റിവെക്കുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ടെത്തിയ ഗുരു പറയുന്നതനുസരിച്ച് ദിവസേന കൃത്യമായി പ്രാക്റ്റീസ് ചെയ്യാന്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് അദ്ദേഹം. ഇടക്കാലത്ത് ഇതുപോലെ മറാഠി ഭാഷ പഠിച്ചിരുന്നു ആമിര്‍ ഖാന്‍. മുംബൈയില്‍ എത്തുമ്പോള്‍ മറാഠി മാധ്യമങ്ങളോട് ആ ഭാഷയിലാണ് ആമിര്‍ പിന്നീട് പ്രതികരിക്കാറ്.
ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം കരിയറില്‍ ഒരു വിശ്രമകാലം എടുത്തിരിക്കുകയുമാണ് ആമിര്‍ ഖാന്‍. തന്‍റെ കുടുംബത്തിനൊപ്പം, പ്രത്യേകിച്ചും അമ്മയ്ക്കൊപ്പമാണ് ആമിര്‍ ഈ ദിനങ്ങളില്‍ സമയം കൂടുതല്‍ ചിലവഴിക്കുന്നത്. അമ്മയില്‍ നിന്ന് അടുത്തിടെ അദ്ദേഹം ചില പാചക പാഠങ്ങളും പഠിച്ചിരുന്നു. നടനായി എത്തുന്നതിന് മുന്‍പ് നിര്‍മ്മാതാവിന്‍റെ റോളിലാണ് ആമിറിനെ ഇനി പ്രേക്ഷകര്‍ കാണുക. സണ്ണി ഡിയോള്‍ നായകനാവുന്ന ലാഹോര്‍ 1947 ആണ് ആ ചിത്രം. സിതാരെ സമീന്‍ പര്‍ എന്ന ചിത്രത്തിലാണ് ആമിര്‍ ഇനി അഭിനയിക്കുക. കോമഡിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും അത്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്ത അദ്ദേഹത്തിന്‍റെ അവസാന ചിത്രം ലാല്‍ സിംഗ് ഛദ്ദ വന്‍ പരാജയമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം