ആറ് മാസം കൊണ്ട് 58 ലക്ഷം; ഫോട്ടോഗ്രാഫിയില്‍ നിന്ന് ലക്ഷങ്ങള്‍ നേടുന്ന യുഎസ് യുവതി
അലക്സാന്ദ്ര കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സംമ്പാദിച്ചത് 58 ലക്ഷം രൂപയിലധികം. അതായത് ഒരു മാസം കുറഞ്ഞത് 10 ലക്ഷത്തോളം രൂപ എന്ന കണക്കില്‍.
ഇന്ത്യയില്‍ തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ അടുത്ത കാലത്തായി അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. നിരവധി സര്‍വ്വകലാശാല ബുരുദങ്ങള്‍ കൈയിലുണ്ടെങ്കിലും ജോലി ലഭിക്കാന്‍ വലിയ ബുദ്ധമുണ്ടാണെന്ന് യുവതലമുറയും പറയുന്നു. ജോബ് ഫെയറുകളിലും സ്വകാര്യ കമ്പനികളുടെ റിക്രൂട്ട്മെന്‍റ് കേന്ദ്രങ്ങള്‍ക്ക് മുന്നിലുമുള്ള തൊഴിലന്വേഷകരുടെ നീണ്ട ക്യൂ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ പ്രത്യക്ഷ കാഴ്ചകളായി മാറുന്നു. അതേസമയം മറ്റൊരു കൂട്ടര്‍ സ്വന്തം നിലയില്‍ തൊഴിലുകള്‍ കണ്ടെത്തി അങ്ങോട്ട് നീങ്ങുന്നു. ചിലര്‍ സ്വന്തമായി ബിസിനസുകളിലേക്ക് നീങ്ങുന്നു. മറ്റ് ചിലര്‍ സെയില്‍സ് എക്സിക്യൂട്ടീവും ഇന്‍ഷുറന്‍സ് ഏജന്‍റുമായി മാറുന്നു. അതേസമയം, സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കുന്നവരും കുറവല്ല. അത്തരമൊരാളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. അലക്‌സാന്ദ്ര ഹാൾമാൻ എന്ന 25 വയസ് മാത്രമുള്ള യുഎസ് യുവതി തനിക്ക് ഇഷ്ടമുള്ളിടത്തെല്ലാം കറങ്ങി നടന്ന് മാസം സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപ.
ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൂടെ കറങ്ങി നടന്ന് അലക്സാന്ദ്ര കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സംമ്പാദിച്ചത് 58 ലക്ഷം രൂപയിലധികം. അതായത് ഒരു മാസം കുറഞ്ഞത് 10 ലക്ഷത്തോളം രൂപ എന്ന കണക്കില്‍. അലക്സാന്ദ്ര ചെയ്യുന്നതെന്താണെന്നല്ലേ? പോകുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം അവര്‍ തന്‍റെ ഫോണില്‍ ചിത്രങ്ങളെടുക്കുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ അവര്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചിത്രങ്ങള്‍ വിറ്റാണ് അവര്‍ മാസം 10 ലക്ഷത്തോളം രൂപ സമ്പാദിക്കുന്നത്. ഇത്തരത്തില്‍ നിങ്ങള്‍ക്കും സ്വന്തം ചുറ്റുപാടുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മാസം ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും അലക്സാന്ദ്രിയ പറയുന്നു. ' സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, മറ്റ് മാധ്യമങ്ങൾ തുടങ്ങി വിവിധ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ പരസ്യമായി ഉപയോഗിക്കുന്നതിനാവശ്യമായ ചിത്രങ്ങളാണ് എടുക്കുന്നത്. പിന്നീട് ആ ചിത്രങ്ങൾ കമ്പനികൾക്ക് വിൽക്കുന്നു.' അലക്‌സാന്ദ്ര പറയുന്നു.
പണം സമ്പാദിക്കുന്നതിനൊപ്പം അലക്സാന്ദ്രയ്ക്ക് ഹോട്ടൽ താമസത്തിനോ എന്തെങ്കിലും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനോ പലപ്പോഴും പണം നല്‍കേണ്ടതില്ല. അവയെല്ലാം കമ്പനികള്‍ തന്നെ സ്പോര്‍സര്‍ ചെയ്യുന്നു. സിയാറ്റിൽ യൂണിവേഴ്‌സിറ്റിയിൽ ഫിലിം മേക്കിംഗിൽ ബിരുദം നേടിയ അലക്സാന്ദ്ര, ആദ്യം പ്രാദേശിക കോഫി ഷോപ്പുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും വിർജിൻ ഗാലക്‌റ്റിക്, ലോറിയൽ തുടങ്ങിയ വലിയ ബ്രാന്‍റുകള്‍ക്കുമായി ഉള്ളടക്കം സൃഷ്ടിച്ച് തുടങ്ങി. 'പക്ഷേ. അന്ന് എനിക്ക് ജീവിതത്തിന്‍റെ രണ്ട് അറ്റം കൂട്ടിമുട്ടികാന്‍ കഴിഞ്ഞിരുന്നില്ലെ'ന്ന് അലക്സാന്ദ്ര പറഞ്ഞു. 'വാടകയും പലചരക്ക് വസ്തുക്കള്‍ വാങ്ങുന്നതിനുമായി ഒരേ സമയം മടുപ്പിക്കുന്ന മൂന്ന് ജോലികള്‍ വരെ എനിക്ക് ചെയ്യേണ്ടിവന്നു. അങ്ങനെയാണ് മറ്റ് വഴികളെ കുറിച്ച് ഞാന്‍ ചിന്തിച്ച് തുടങ്ങിയത്.' അവര്‍ കൂട്ടിചേര്‍ക്കുന്നു.
'ചിലപ്പോള്‍ ഞാന്‍ കടലിന്‍റെ ചിത്രങ്ങളെടുക്കും മറ്റ് ചിലപ്പോള്‍ ഭക്ഷണത്തിന്‍റെ. മാസികകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നതരം കവര്‍ ഇമേജുകളാണ് ഞാന്‍ എടുക്കുന്നതെന്ന് എനിക്ക് തോന്നി. അങ്ങനെ പകര്‍ത്തുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് തുടങ്ങി. ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം ആ ചിത്രങ്ങള്‍ അതാത് ബ്രാന്‍റുകള്‍ക്ക് ടാഗ് ചെയ്യും. തുടക്കത്തില്‍ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. പക്ഷേ പതുക്കെ പതുക്കെ ഇതില്‍ നിന്നും എനിക്ക് വരുമാനം ലഭിച്ച് തുടങ്ങി. ഇന്ന് എന്‍റെ ഫോട്ടോകള്‍ക്ക് കമ്പനികള്‍ വലിയൊരു തുക തന്നെ ഓഫര്‍ ചെയ്യുന്നു. ചിലപ്പോള്‍ ചില പ്രോഗ്രാമുകള്‍ക്ക് പോകാനുള്ള ടിക്കറ്റ് ലഭിക്കും ഒപ്പം മികച്ച ഹോട്ടലില്‍ താമസവും.' അലക്സാന്ദ്ര പറയുന്നു. കഴിഞ്ഞില്ല. 'ഏങ്ങനെ യാത്രയില്‍ നിന്നും പണം നേടാം' എന്ന പേരില്‍ അലക്സാന്ദ്ര ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ഒരു വെബ്സൈറ്റും അലക്സാന്ദ്രയ്ക്കുണ്ട്. പണം സമ്പാദിക്കാനുള്ള ടെക്നിക്കുകളെ കുറിച്ച് അലക്സാന്ദ്ര ഉപദേശവും നല്‍കും. ചെറിയൊരു ഫീസ് നല്‍കണമെന്ന് മാത്രം.