ഡോക്ടര്‍ കുടുംബത്തിലെ സിനിമാമോഹി; ഇന്ന് 600 കോടിയുടെ ദൃശ്യവിസ്‍മയം ഒരുക്കിയ സംവിധായകന്‍
മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ നാഗിന്‍റെ സിനിമാ ആഗ്രഹങ്ങള്‍ക്ക് അച്ഛനമ്മമാര്‍ എതിര് നിന്നില്ല.
സിനിമാ പാരമ്പര്യമുള്ളവരും അല്ലാത്തവരുമായ ചലച്ചിത്ര പ്രവര്‍ത്തകരുടെ യാത്രകള്‍ക്ക് ഒരു പ്രധാന വ്യത്യാസമുണ്ട്. ആദ്യത്തെ വിഭാഗക്കാര്‍ക്ക് ആദ്യ അവസരം എളുപ്പം ലഭിക്കുമെങ്കില്‍ രണ്ടാമത് പറഞ്ഞവര്‍ത്ത് അതിനായി ഏറെ അലയേണ്ടിവന്നേക്കാം. എന്നാല്‍ അക്കൂട്ടത്തിലെ കഴിവുറ്റ, നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ ചുവപ്പ് പരവതാനി തന്നെ വിരിക്കും. നാഗ് അശ്വിന്‍ എന്ന സംവിധായകന്‍ രണ്ടാമത് പറഞ്ഞ ഗണത്തില്‍ പെട്ട ആളാണ്. ഒരു ഡോക്ടര്‍ കുടുംബത്തില്‍ ജനിച്ച് സിനിമ സ്വപ്നം കണ്ട് ആരംഭിച്ച നാഗ് ഇന്ന് ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ചലച്ചിത്ര വിസ്മയങ്ങളില്‍ ഒന്നിന്‍റെ സംവിധായകനാണ്. അതെ, ഇന്ന് തിയറ്ററുകളിലെത്തിയ ബ്രഹ്‍മാണ്ഡ ചിത്രം കല്‍കി 2898 എഡിയുടെ സംവിധായകന്‍.
ഡോക്ടര്‍മാരായ ജയറാമിന്‍റെയും ജയന്തി റെഡ്ഡിയുടെയും മകനായി 1986 ല്‍ ഹൈദരാബാദിലാണ് നാഗ് അശ്വിന്‍റെ ജനനം. സഹോദരി നിഖില റെഡ്ഡി അച്ഛനമ്മമാരുടെ വഴി തന്നെ സ്വീകരിച്ചപ്പോള്‍ സിനിമയായിരുന്നു നാഗിന്‍റെ സ്വപ്നം. മണിപാലില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ നാഗിന്‍റെ സിനിമാ ആഗ്രഹങ്ങള്‍ക്ക് അച്ഛനമ്മമാര്‍ എതിര് നിന്നില്ല. സാമ്പത്തിക സാഹചര്യങ്ങള്‍ കൂടി അനുകൂലമായതോടെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചലച്ചിത്ര സംവിധാനം പഠിക്കാന്‍ സാധിച്ചു. എന്നാല്‍ സഹസംവിധായകനായി ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം അരങ്ങേറ്റ ചിത്രവുമായി എത്തിയത്.
നേനു മീകു തെലുസാ എന്ന ചിത്രത്തിലൂടെ അജയ് ശാസ്ത്രിയുടെ സഹസംവിധായകന്‍ ആയിക്കൊണ്ടാണ് നാഗ് അശ്വിന്‍റെ ടോളിവുഡ് പ്രവേശം. പിന്നീട് തെലുങ്കിലെ പ്രമുഖ സംവിധായകന്‍ ശേഖര്‍ കമ്മുലയ്ക്കൊപ്പം രണ്ട് ചിത്രങ്ങളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ലീഡര്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെല്ലാം ചെറിയ റോളുകളില്‍ ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടു നാഗ് അശ്വിന്‍.
നാനിയെ നായകനാക്കി ഒരുക്കിയ കമിംഗ് ഓഫ് ഏജ് ഡ്രാമ യെവഡേ സുബ്രഹ്‍മണ്യത്തിലൂടെ 2015 ലാണ് നാഗ് അശ്വിന്‍റെ സംവിധാന അരങ്ങേറ്റം. സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം കഷ്ടിച്ച് രക്ഷപെട്ടു. എന്നാല്‍ കരിയറിലെ രണ്ടാം ചിത്രത്തിലൂടെ ഏറ്റവും ആവശ്യമുണ്ടായിരുന്ന ബ്രേക്ക് അദ്ദേഹം നേടിയെടുത്തു. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി ആയിരുന്നു ചിത്രം. നായകനായി ദുല്‍ഖര്‍ എത്തിയ ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ സിനിമയാണ് ഇത്. 2020 ലാണ് ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ വിസ്മയമായി മാറിയിരിക്കുന്ന കല്‍ക്കിയുടെ പ്രഖ്യാപനം നാഗ് നടത്തിയത്. എന്നാല്‍ കല്‍ക്കി എന്നായിരുന്നില്ല അപ്പോഴത്തെ പേര്, മറിച്ച് പ്രോജക്റ്റ് കെ എന്നായിരുന്നു.
എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സിനിമയുടെ ചിത്രീകരണം 2021 ജൂലൈയില്‍ മാത്രമേ ആരംഭിക്കാനായുള്ളൂ. ഇന്ത്യന്‍ സിനിമയില്‍ അധികം വന്നിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ബജറ്റ് 600 കോടിയാണ്! രാമോജിയിലാണ് ചിത്രത്തിനായുള്ള ബ്രഹ്‍മാണ്ഡ സെറ്റുകള്‍ ഒരുങ്ങിയത്. പ്രഭാസിന്‍റെ പേര് മാത്രമാണ് ആദ്യം കേട്ടതെങ്കില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി എന്നിങ്ങനെ പല ഭാഷാ അഭിനേതാക്കളുടെ നീണ്ട കാസ്റ്റിംഗ് ലിസ്റ്റ് പലപ്പോഴായി പ്രഖ്യാപിക്കപ്പെട്ടു. വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായി വരുന്ന ചിത്രങ്ങളെ ഭയത്തോടെയാണ് ഇന്‍ഡസ്ട്രി നോക്കാറ്. ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം എടുത്ത പണി അത്രയും വൃഥാവിലാകുമെന്ന് സിനിമക്കാര്‍ക്ക് അറിയാം. എന്നാല്‍ ഹോളിവുഡിനുള്ള ഇന്ത്യന്‍ മറുപടിയെന്ന് സിനിമാപ്രേമികളാല്‍ പ്രശംസിക്കപ്പെടുമ്പോള്‍ നാഗ് അശ്വിന്‍ എന്ന സംവിധായകന്‍റെ കാഴ്ചപ്പാടും ദൃഢനിശ്ചയവുമാണ് അംഗീകരിക്കപ്പെടുന്നത്.
ALSO READ : ക്രൈം ത്രില്ലര്‍ ചിത്രം 'ഗുമസ്‍തന്‍' വരുന്നു; ഫസ്റ്റ് ലുക്ക് എത്തി