നഗ്നപാദ ചരിത്രകാരന്‍; കല്‍ക്കത്തയുടെ നഗര ചരിത്രമെഴുതിയ പി തങ്കപ്പന്‍ നായര്‍ക്ക് വിട
കാവിമുണ്ടും ഉടുത്ത് കാല്‍നടയായി തെരുവില്‍ നിന്നും തെരുവിലേക്ക് കൊല്‍ക്കത്തയുടെ നഗര ചരിത്രം തേടി നടന്ന് പോയ ആ മലയാളിയെ ബംഗാളി, ഒരിക്കലും ഒരു കുടിയേറ്റക്കാരനായി കണ്ടിരുന്നില്ലെന്നത് മറ്റൊരു ചരിത്രം.
സ്വാതന്ത്രാനന്തര ഇന്ത്യ, ആദ്യ വര്‍ഷങ്ങളില്‍ വലിയ പ്രതിസന്ധികളിലൂടെയായിരുന്നു കടന്ന് പോയത്. നൂറ്റാണ്ടുകളായി ഭരിച്ചിരുന്ന ബ്രിട്ടന്‍, ഇന്ത്യയുടെ അധികാരമൊഴിഞ്ഞു. പിന്നാലെയുണ്ടായ വിഭജനം ലക്ഷക്കണക്കിന് മനുഷ്യരുടെ പലായനത്തിനും കൊലയ്ക്കും കാരണമായി. അതേസമയം കേരളത്തില്‍ നിന്നും യുവാക്കള്‍ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി യാത്രയായി. അക്കൂട്ടത്തിലൊരാളായിരുന്നു പി തങ്കപ്പന്‍ നായര്‍ (91). 1950 മുതല്‍ ആറ് പതിറ്റാണ്ടോളം കൊല്‍ക്കത്തയുടെ ജീവസ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം കൊൽക്കത്തയിലെ "നഗ്നപാദ ചരിത്രകാരൻ" എന്നാണ് അറിയപ്പെടുന്നത്. ഗവേഷകനും ചരിത്രകാരനും എഴുത്തുകാരനുമായ ചേന്ദമംഗലം മഠത്തിപറമ്പില്‍ പരമേശ്വരന്‍ തങ്കപ്പൻ നായർ എന്ന പി ടി നായര്‍, ഇന്നലെ (18.6.2024) കൊച്ചിയിൽ അന്തരിച്ചു.
തങ്കപ്പന്‍ നായരില്‍ നിന്ന് 'നഗ്നപാദ ചരിത്രകാര'നിലേക്കുള്ള ദൂരം
സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നും മഹാനഗരങ്ങളിലേക്ക് പുതിയ ജീവിതം തേടിപ്പോയ യുവാക്കളുടെ ആദ്യ വണ്ടിയില്‍ 22 കാരനായ തങ്കപ്പന്‍ നായരുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലെ വീട്ടില്‍ നിന്നും വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളുമടങ്ങിയ ഒരു ബാഗുമായി ഇറങ്ങിയ തങ്കപ്പന്‍ നായര്‍ അന്നത്തെ കൽക്കട്ടയിലെ ഹൗറ റെയിൽവേ സ്റ്റേഷനില്‍ മദ്രാസ് മെയിലില്‍ വന്നിറങ്ങിയത് 1950 ല്‍. രണ്ട് വര്‍ഷത്തോളം കേരളത്തില്‍ നടത്തിയ ജോലി അന്വേഷണം പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹം മഹാനഗരമായ കല്‍ക്കട്ടയിലേക്കുള്ള വണ്ടിയില്‍ കയറിയത്.
നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ടൈപ്പിസ്റ്റായി അദ്ദേഹം ആദ്യ ജോലി ആരംഭിച്ചു. പക്ഷേ. അക്ഷരങ്ങള്‍ അടിച്ച് കൂട്ടുന്ന പരിപാടി അദ്ദേഹത്തിന് വളരെ വേഗം മടുത്തു. 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കല്‍ക്കട്ടയില്‍ ഭൂതകാലം വിറങ്ങലിച്ച് നിന്ന ഉടുവഴികളിലൂടെ അലഞ്ഞ് നടന്നപ്പോള്‍ നഗരത്തിന്‍റെ പ്രൌഢമായ ചരിത്രത്തെ കുറിച്ചായിരുന്നു തങ്കപ്പന്‍ നായര്‍ ചിന്തിച്ചിരുന്നത്. പിന്നാലെ ബംഗാളി ഭാഷ പോലും അറിയാത്ത തങ്കപ്പന്‍ നായര്‍ നഗര ചരിത്രത്തെ കുറിച്ച് ലഭ്യമായ എല്ലാ പുസ്തകങ്ങളും തേടി വായന തുടങ്ങി. കല്‍ക്കത്തയുടെ ഭൂതകാല ചരിത്രത്തെ അടയാളപ്പെടുത്തിയ 63 പുസ്തകങ്ങളായിരുന്നു ഒന്നിന് പുറകെ ഒന്നായി തങ്കപ്പന്‍ നായര്‍ എഴുതിയത്.
ഇടയ്ക്ക് കുറച്ച് കാലം അദ്ദേഹം ഗുവാഹത്തിയിലും മുംബൈയിലും ജോലി ചെയ്തെങ്കിലും കല്‍ക്കത്ത ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഓരോ യാത്രയും അദ്ദേഹത്തെ തിരികെ കല്‍ക്കത്തയിലേക്ക് തന്നെ എത്തിച്ചു. നഗരത്തിലെ ആദ്യ കാലം മുഴുവനും അദ്ദേഹം ചരിത്രം തേടി അലയുകയായിരുന്നു. 1976 മുതൽ ഭവാനിപൂരിലെ കൻസരിപാറ റോഡിലെ രണ്ട് മുറി വാടക വീട്ടിലേക്ക് അദ്ദേഹം താമസം മാറി. ഏതാണ്ട് നാല് പതിറ്റാണ്ടോളം അദ്ദേഹം ആ രണ്ട് മുറി വീട്ടിലെ അസൌകര്യത്തിലിരുന്ന് കല്‍ക്കത്തയുടെ ഭൂതകാലം തേടി. കണ്ടെത്തിയ ചരിത്രം പുസ്തകങ്ങളിലൂടെ പുതിയ തലമുറയ്ക്കായി പകര്‍ന്നു.
നീണ്ട ആറ് പതിറ്റാണ്ടിനൊടുവില്‍ 2018 ല്‍ 86 കാരനായ അദ്ദേഹം തന്‍റെ ചരിത്ര ദൌത്യം അവസാനിപ്പിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി. കല്‍ക്കത്തയുടെ നഗര ചരിത്രത്തിന്‍റെ മുക്കും മൂലയും അടയാളപ്പെടുത്തിയ 63 ഗ്രന്ഥങ്ങള്‍. അതില്‍ നഗരത്തിലെ വഴികളുടെ ചരിത്രം മുതല്‍ പോലീസ് സേനയുടെ ചരിത്രം വരെ ഉള്‍പ്പെടുന്നു. 1977 ല്‍ തങ്കപ്പന്‍ നായരെഴുതിയ 'ജോബ് ചാർണോക് ഫൌണ്ടർ ഓഫ് കല്‍ക്കട്ട' എന്ന പുസ്തകത്തിന് ലഭിച്ച പ്രചാരം 1990 ല്‍, അപ്പോഴേക്കും പുതിയ പേരില്‍ (കൊല്‍ക്കത്ത) അറിയപ്പെട്ട നഗരത്തിന്‍റെ നൂറാം വര്‍ഷികാഘോത്തിന് കാരണമായി. കാവിമുണ്ടും ഉടുത്ത് കാല്‍നടയായി തെരുവില്‍ നിന്നും തെരുവിലേക്ക് നഗര ചരിത്രം തേടി നടന്ന് പോയ ആ മലയാളിയെ ബംഗാളി, ഒരിക്കലും ഒരു കുടിയേറ്റക്കാരനായി കണ്ടിരുന്നില്ലെന്നത് മറ്റൊരു ചരിത്രം. നഗര ചരിത്രം തേടിയുള്ള അദ്ദേഹത്തിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട നടത്തം തന്നെയാണ് 'നഗ്നപാദ ചരിത്രകാരൻ' എന്ന ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചതും. എറണാകുളം എളന്തിക്കര ഹൈസ്കൂള്‍ റിട്ട അധ്യാപിക സീതാദേവിയാണ് ഭാര്യ, മായ നായര്‍, മനോജ് നായര്‍ എന്നിവര്‍ മക്കള്‍.