നിങ്ങൾക്ക് ഏറ്റവും യോജിക്കുന്ന നിറമേതാണ്? ഓരോ സീസണിലും ഓരോ നിറങ്ങൾ, എങ്ങനെ കണ്ടെത്തും?
മനോഹരമായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവർ തന്നെയാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ എല്ലാവർക്കും, ചേരുന്ന നിറമോ, ഡിസൈനോ ഉള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനോ ചേരുന്ന ആഭരണങ്ങൾ തെരഞ്ഞെടുക്കാനോ ഉള്ള കഴിവുണ്ടാകണം എന്നില്ല.
ഇഷ്ടമുള്ള നിറം പലർക്കും പലതായിരിക്കും. എന്നിരുന്നാലും, ആളുകൾ ഏറ്റവുമധികം തെരഞ്ഞെടുക്കുന്നത് നീലവസ്ത്രങ്ങളും കറുപ്പ് വസ്ത്രങ്ങളും ഒക്കെയാണ്. എന്നാൽ, ഡിസൈനിലും നിറത്തിന്റെ കാര്യത്തിലും ഒക്കെ ട്രെൻഡുകൾ ഓരോ കാലത്തും മാറിമറിയാറുണ്ട്. പക്ഷേ, ചില പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കാണുമ്പോൾ സുഹൃത്തുക്കളും മറ്റും നമ്മളോട് ഈ നിറത്തിലുള്ള ഡ്രസ് നിനക്ക് നന്നായി ചേരുന്നുണ്ട് എന്ന് പറയാറുണ്ട് അല്ലേ? ഇങ്ങനെ നമുക്ക് ചേരുന്ന നിറങ്ങൾ തിരഞ്ഞെടുക്കാൻ പ്രൊഫഷണലായിട്ടുള്ള എന്തെങ്കിലും വഴികളുണ്ടോ? ഉണ്ട് എന്നാണ് പറയുന്നത്.
ചേരുന്ന നിറം കണ്ടെത്താൻ പ്രൊഫഷണൽ ഹെല്പ്
കളർ അനാലിസിസ്, അല്ലെങ്കിൽ പേഴ്സണൽ കളർ അനാലിസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു വ്യക്തിയുടെ ചർമ്മത്തിന്റെ നിറം, കണ്ണുകളുടെ നിറം, മുടിയുടെ നിറം ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് അയാൾക്ക് ചേരുന്ന നിറം ഏതാണ് എന്ന് കണ്ടെത്തുന്നത്. 1970 -കളിൽ തന്നെ ഇങ്ങനെയൊരു രീതി നിലവിലുണ്ടായിരുന്നത്രെ. എന്നാൽ, ഇപ്പോൾ വീണ്ടും ഇത്തരത്തിൽ അവരവർക്ക് ചേരുന്ന നിറം പ്രൊഫഷണലുകളുടെ സഹായത്തോടെ കണ്ടെത്താൻ തുടങ്ങിയിരിക്കയാണ്.
ഇതിന് വേണ്ടി ഒരു പരിശീലനം നേടിയ കളർ അനലിസ്റ്റിന്റെയോ സ്റ്റൈലിസ്റ്റിന്റെയോ സഹായം തേടുകയാണ് ചെയ്യുന്നത്. അവർ വിവിധതരത്തിലുള്ള ടെക്നിക്കുകൾ ഇതിന് വേണ്ടി ഉപയോഗിക്കുന്നു. വിവിധ തരത്തിലുള്ള തുണികൾ വച്ച് നോക്കി വിശകലനം ചെയ്യുക. നിങ്ങളുടെ ചർമ്മത്തിന്റെ നിറവും സ്വഭാവവും പരിശോധിച്ച് ഉറപ്പിക്കുക തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. ഇങ്ങനെ വിശകലനം ചെയ്യുന്നതിലൂടെ അവർ നമുക്ക് ശരിയായ തരത്തിലുള്ള നിറങ്ങൾ കണ്ടെത്തുന്നു.
ഇതുകൊണ്ടൊന്നും തീർന്നില്ല. ഓരോ സീസണിലും ഓരോരുത്തർക്ക് പറ്റിയ നിറങ്ങളും ഇതിലൂടെ കണ്ടെത്തും. വസന്തം, വേനൽക്കാലം, ശരത്കാലം, ശീതകാലം ഈ നാല് സീസണുകളെ അടിസ്ഥാനമാക്കിയാണ് ചേരുന്ന നിറം കണ്ടെത്തുന്നത്.
ഉദാഹരണത്തിന്: വസന്ത കാലത്ത് സാധാരണയായി പീച്ച്, മഞ്ഞ തുടങ്ങിയ ഊഷ്മളവും ഊർജ്ജം തോന്നിക്കുന്നതുമായ നിറങ്ങളാവും തെരഞ്ഞെടുക്കുന്നത്. അതിൽ തന്നെ നമുക്ക് യോജിക്കുന്ന നിറങ്ങൾ തിരഞ്ഞെടുക്കും. എന്നാൽ, മഞ്ഞുകാലത്ത് മരതകത്തിന്റെ പച്ച, ഇന്ദ്രനീലത്തിന്റെ നീല, ഡീപ് പർപ്പിൾ തുടങ്ങി വിവിധ കല്ലുകളോട് സാമ്യമുള്ള നിറങ്ങളായിരിക്കും തെരഞ്ഞെടുക്കുന്നത്.
വാർഡ്രോബിലുമാകും വെറൈറ്റി
മനോഹരമായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവർ തന്നെയാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ എല്ലാവർക്കും, ചേരുന്ന നിറമോ, ഡിസൈനോ ഉള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനോ ചേരുന്ന ആഭരണങ്ങൾ തെരഞ്ഞെടുക്കാനോ ഉള്ള കഴിവുണ്ടാകണം എന്നില്ല. എന്നാൽ, ഇവിടെ കളർ അനലിസ്റ്റുകൾ നിങ്ങളെ സഹായിക്കാൻ തയ്യാറാണ്.
ഒരിക്കൽ നമുക്ക് ചേരുന്ന നിറങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ നമ്മുടെ വാർഡ്രോബുകൾ അതിനനുസരിച്ച് ക്രമീകരിക്കാവുന്നതേയുള്ളൂ. വിവിധ ഷേഡുകളിലും വിവിധ ഡിസൈനുകളിലും ഉള്ള വസ്ത്രങ്ങൾകൊണ്ടും ആഭരണങ്ങൾ കൊണ്ടും നമുക്കത് മനോഹരമാക്കാം. ഓരോ സീസണിലും നമ്മുടെ വാർഡ്രോബുകളിൽ അതിന് അനുസരിച്ചുള്ള നിറത്തിലെ വസ്ത്രങ്ങൾ അടുക്കാം.
നന്നായി, ചേരുന്ന വസ്ത്രവും ആഭരണവും ചെരിപ്പുമെല്ലാം ധരിച്ചു പോകുന്നത് ഉറപ്പായും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കും അല്ലേ? അതിനിയിപ്പോൾ ജോലിക്ക് പോകുന്നതാണെങ്കിലും ശരി ആഘോഷങ്ങളിൽ പങ്കെടുക്കാനാണെങ്കിലും ശരി. അങ്ങനെ പോകാനും എല്ലായിടത്തും ലുക്ക് കൊണ്ട് തിളങ്ങാനും ഒക്കെ ആഗ്രഹിക്കുന്നവർക്ക് അനലിസ്റ്റുകളുടെ സഹായം തേടാവുന്നതാണ്.