'മാറ്റിപ്പിടിച്ച' ബിഗ് ബോസ്, കണ്‍ഫ്യൂഷനടിച്ച മത്സരാര്‍ഥികള്‍; സീസണ്‍ 6 മറക്കില്ല പ്രേക്ഷകര്‍
മുറികള്‍ നാലായി വിഭജിക്കുമ്പോള്‍ത്തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ ആശയക്കുഴപ്പവും കമ്യൂണിക്കേഷന്‍ ഗ്യാപ്പും പതിന്മടങ്ങാവുമെന്ന് ഉറപ്പായിരുന്നു
ടാഗ് ലൈനുകളിലൂടെ ഓരോ സീസണുകളുടെയും സ്വഭാവം നിര്‍വ്വചിക്കാറുണ്ട് ബിഗ് ബോസ്. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നായിരുന്നു സീസണ്‍ 6 ന്‍റെ ടാഗ് ലൈന്‍. ആ വാക്കുകള്‍ വെറുതെയാക്കാത്ത, അടിമുടി മാറ്റവും കൊണ്ടുവന്നു ബിഗ് ബോസ്. കിടപ്പുമുറികള്‍ നാലായി വിഭജിച്ചതായിരുന്നു അതില്‍ പ്രധാനം. കഴിഞ്ഞ സീസണില്‍ മുഴുവന്‍ മത്സരാര്‍ഥികള്‍ക്കുമായി ഒറ്റ കിടപ്പുമുറിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ മുറികളുടെ എണ്ണം നാലായി ഉയര്‍ന്നു. അതിലൊന്ന് പ്രത്യേക അധികാരങ്ങളുള്ളവര്‍ക്ക് താമസിക്കാന്‍ സാധിക്കുന്ന പവര്‍ റൂമും ആക്കി.
കിടപ്പുമുറികള്‍ നാലായി വിഭജിക്കുമ്പോള്‍ത്തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ ആശയക്കുഴപ്പവും കമ്യൂണിക്കേഷന്‍ ഗ്യാപ്പും പതിന്മടങ്ങാവുമെന്ന് ഉറപ്പായിരുന്നു. കാരണം പരസ്പരം ഏറ്റുമുട്ടേണ്ട ടാസ്കുകളും ഗെയിമുകളുമൊക്കെ കഴിഞ്ഞ് ഉറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള സമയത്താണ് മത്സരാര്‍ഥികള്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നത്. അത് ഇല്ലാതെയാവും എന്നതിനൊപ്പം ഉള്ള ആശയക്കുഴപ്പങ്ങള്‍ ഇരട്ടിക്കും എന്നതും പുതിയ ഘടനയുടെ സാധ്യതയായിരുന്നു. നാല് മുറികളിലൊന്ന് ബിഗ് ബോസിലെ സര്‍വ്വാധികാരികള്‍ക്ക് താമസിക്കാനുള്ള പവര്‍ റൂം ആയിരുന്നു. മുന്‍ സീസണുകളില്‍ ക്യാപ്റ്റന്‍ ഒരാള്‍ക്ക് മാത്രമായിരുന്നു മറ്റ് മത്സരാര്‍ഥികളേക്കാള്‍ അധികാരമെങ്കില്‍ ഇത്തവണ ക്യാപ്റ്റനേക്കാള്‍ അധികാരം ഉള്ളവരായിരുന്നു പവര്‍ ടീം.
ബിഗ് ബോസ് സീസണുകളില്‍ ആദ്യമായാണ് ഇത്തരമൊരു ഘടന എന്നതിനാല്‍ പുതുതായി ആവിഷ്കരിക്കപ്പെട്ട പവര്‍ ടീം അധികാരം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് മത്സരാര്‍ഥികള്‍ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഭാവനാശേഷിയുള്ള മത്സരാര്‍ഥികള്‍ക്ക് ഗംഭീരമാക്കാന്‍ സാധിക്കുന്ന ആശയം പക്ഷേ ഇവിടെ പരാജയമായിരുന്നു. പവര്‍ ടീമിന്‍റെ അധികാരത്തിന്‍റെ അതിര് എത്രത്തോളമെന്ന് പരീക്ഷിക്കാന്‍ മുതിര്‍ന്ന ഒരേയൊരു മത്സരാര്‍ഥി വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സിബിന്‍ ആയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കപ്പുറം സിബിന്‍ പുറത്തായതോടെ അത്തരം പരീക്ഷണങ്ങളും അവസാനിച്ചു.
പുതിയ ഘടന ആയതിനാല്‍ത്തന്നെ മുന്‍ സീസണുകളിലെ മത്സരാര്‍ഥികള്‍ പരീക്ഷിച്ച് വിജയിച്ച മാതൃകകള്‍ പരാജയപ്പെടും എന്നതായിരുന്നു സീസണ്‍ 6 ന്‍റെ മറ്റൊരു പ്രത്യേകത. അതിനാല്‍ത്തന്നെ അത്തരം പരീക്ഷണങ്ങള്‍ ആദ്യമേ തന്നെ പാളി. വലിയ ബഹളം വെക്കുന്നവരാണ് ശ്രദ്ധിക്കപ്പെടുകയെന്ന് ചിന്തിച്ച് ഒരു മാസത്തെ കോണ്ടെന്‍റ് ഒരാഴ്ച കൊണ്ട് കൊടുക്കാന്‍ ശ്രമിച്ച രതീഷ് കുമാര്‍ ആണ് ഈ സീസണിലെ ആദ്യ എവിക്ഷന്‍ എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. അവരവരായി നില്‍ക്കുന്നതല്ലാതെ മറ്റ് രക്ഷയില്ലെന്ന തിരിച്ചറിവ് മത്സരാര്‍ഥികള്‍ക്ക് വേഗത്തില്‍ത്തന്നെ ഉണ്ടായി. പ്ലാന്‍ഡ് ഗെയിമുകളൊന്നും നടക്കാതിരുന്ന, അഥവാ അങ്ങനെയുള്ളവ പെട്ടെന്ന് തന്നെ പൊളിഞ്ഞുപോയ സീസണുമായിരുന്നു ഇത്. സീസണ്‍ കഴിയുമ്പോള്‍ കൃത്രിമമായ പ്രതിച്ഛായയോടെ മുന്നോട്ടുപോയെന്ന് ഒരു മത്സരാര്‍ഥിയെക്കുറിച്ചും തോന്നാത്തതും ഇക്കാരണം കൊണ്ടാണ്. ഘടനാപരമായിത്തന്നെ മാറിയ ഹൗസില്‍ കഴിയേണ്ടിവന്ന മത്സരാര്‍ഥികള്‍ ഏത് മുന്‍ സീസണുകളിലെ മത്സരാര്‍ഥികളേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇക്കുറി നേരിട്ടത്. അതിനാല്‍ത്തന്നെ ചില്ലറക്കാരല്ല ജിന്‍റോയും അര്‍ജുനും ജാസ്മിനുമൊന്നും.
ALSO READ : കഠിനാധ്വാനിക്ക് കൈയടിച്ച് ജനം; ജിന്‍റോ കിരീടത്തിലേക്ക് എത്തിയത് എങ്ങനെ?