ജയിച്ചാലും തോറ്റാലും ലാഭം, പണം മറിയുന്ന തെരഞ്ഞെടുപ്പ് ഇടവഴികള്‍!

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്നൊരു വാര്‍ത്ത മതി, അഭിനവ എം. എല്‍ എമാര്‍ പിരിവ് തുടങ്ങും. ഏതുനിലയ്ക്കും പത്തിരുപത് ലക്ഷം പിരിഞ്ഞു കിട്ടും. ഇനി ശരിക്കും സ്ഥാനാര്‍ഥി ആയാലോ?

Analysis on money corruption and elections by S Biju
Author
First Published Oct 28, 2024, 3:33 PM IST

പണ്ടൊക്കെ വലിയ പെട്ടികളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്കുകളിലും തീവണ്ടികളിലുമൊക്കെ എത്തുന്ന പണം നേതാക്കളുടെ ശിങ്കിടികള്‍ ചെന്നെടുത്ത് പല വഴിക്ക് എത്തിക്കും. മറ്റെല്ലാ വ്യാപാരത്തിലും  നടക്കുന്നത് പോലെ ഇവിടെയും ഘട്ടം തോറും ചോര്‍ച്ച സംഭവിക്കും.

 

Analysis on money corruption and elections by S Biju

 

''ആപ് കാ ഗാവ് കാ ആദ്മി ഹെനാ, കുഛ് ബാത് കരോ. ഹം കുഛ്  കരേഗാ ആപ്‌കോ ബീ'-അതും പറഞ്ഞ്, ഒന്നെന്നെ നോക്കി അയാള്‍ കണ്ണിറക്കി. 

25 വര്‍ഷം മുന്‍പാണ്. സ്ഥലം- വടക്കേയിന്ത്യ. ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി പോയതായിരുന്നു ഞങ്ങള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയുടെ അവസാന ഘട്ടം. കാര്യങ്ങളറിയാന്‍ അവിടത്തെ ഒരു പാര്‍ട്ടി ആസ്ഥാനത്ത് പോയതാണ്. 

മലയാളിയായ ഒരു നേതാവായിരുന്നു അന്നവിടെ നിരീക്ഷകന്‍. ഞങ്ങളെ കണ്ട നേതാവ് വളരെ സൗഹാര്‍ദ്ദത്തില്‍ മലയാളത്തില്‍  ദീര്‍ഘനേരം സംസാരിച്ചു. അത് കണ്ട് അടുത്തു വന്ന, കാഴ്ചയില്‍ പ്രമുഖനെന്ന് തോന്നിക്കുന്ന, ആ നാട്ടുകാരനായ ഒരാളാണ് ഞാനാദ്യം ഉദ്ധരിച്ച വാചകങ്ങള്‍ സംസാരിച്ചത്. 'നിങ്ങളുടെ നാട്ടുകാരനല്ലേ. ഒന്ന് സംസാരിച്ച് ശരിയാക്കൂ. നിങ്ങള്‍ക്കും പ്രയോജനം ഉണ്ടാക്കിത്തരാം' ഇതായിരുന്നു ആ വാചകങ്ങളുടെ  സാമാന്യ പരിഭാഷ. 

സംസാരം തുടന്ന് കൊണ്ട് അയാള്‍ വൈകാതെ നയം വ്യക്തമാക്കി. സ്ഥാനാഥി പട്ടികയില്‍ ഒരിടം വേണം. അതിനായി അഞ്ചോ പത്തോ ലക്ഷം മുടക്കാന്‍ തയ്യാര്‍. അതിലൊരു പങ്ക് ഇടനിലക്കാര്‍ക്ക് കിട്ടും. ഇടനിലക്കാരാവാമോ എന്നതായിരുന്നു അയാളുടെ ക്ഷണം. 

ഞാന്‍ ഒന്നും പറഞ്ഞില്ല. അപ്പോള്‍ അയാള്‍ എന്നോട് മറ്റൊരു കാര്യം തിരക്കി. ''നിങ്ങള്‍ എവിടെയാണ് താമസം''

''ഇന്‍ഡ്യന്‍ കോഫി ഹൗസ്.''-ഞങ്ങള്‍ പറഞ്ഞു. (അവിടത്തെ  കോഫി ഹൗസുകളില്‍  നല്ല ഭക്ഷണവും മിതമായ വിലയ്ക്കുള്ള താമസ സൗകര്യവും, പോരാഞ്ഞിട്ട് മലയാളി ആതിഥേയത്വവും അന്നുണ്ടായിരുന്നു) .  

അതു കേട്ടപ്പോള്‍ നേതാവ് മറ്റൊരു ഓഫര്‍ മുന്നോട്ട് വെച്ചു. താന്‍ താമസിക്കുന്നത് ഒരു നല്ല  റിസോര്‍ട്ടിലാണ്. അവിടെ താമസിക്കാം. 'വരുന്നോ...' എന്ന ചോദ്യത്തിന് ഞങ്ങള്‍ നല്ല ഓട്ടത്തിലാണ് എന്ന് മറുപടി പറഞ്ഞ് പതിയെ ഞങ്ങള്‍ തടിയൂരാന്‍ നോക്കി. സംഗതി മനസ്സിലായ നേതാവ് അടുത്ത ഓഫറുമായി എത്തി. തന്റെ ഫാം ഹൗസില്‍ രാജകീയ താമസം. അടുത്തക്ഷണം, പുള്ളിക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ സ്ഥലം വിട്ടു.

അന്ന് രാത്രി ഭോപ്പാലിലെത്തിയപ്പോള്‍, യു.എന്‍. എ വാര്‍ത്താ ഏജന്‍സിയിലെ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനെ കണ്ടുമുട്ടി. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് നേതാവിന്റെ ഓഫറിന്റെ പൊരുള്‍ മനസ്സിലായത്. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്നൊരു വാര്‍ത്ത മതി, അഭിനവ എം. എല്‍ എമാര്‍ പിരിവ് തുടങ്ങും. ഏതുനിലയ്ക്കും പത്തിരുപത് ലക്ഷം പിരിഞ്ഞു കിട്ടും. ഇനി ശരിക്കും സ്ഥാനാര്‍ഥി ആയാലോ? അപ്പോഴും പിരിവ് നടക്കും. തുക ഇരട്ടിക്കും. പിന്നെ കേന്ദ്രത്തില്‍ നിന്നടക്കമുള്ള വിഹിതം വരും. ജയിച്ചാലും തോറ്റാല്‍ പോലും ലാഭക്കച്ചവടമാണ്. 'തോറ്റ എം.എല്‍ എ' പോലും വലിയ പദവിയാണ്. വ്യവസായികളും ഉദ്യോഗസ്ഥരുമൊക്കെ ഭാവിയിലെ ആ 'പൊട്ടന്‍ഷ്യല്‍ ഭീഷണി'ക്ക് മുന്നില്‍ താണുവണങ്ങി നില്‍ക്കും.   
 
പാവപ്പെട്ട പണക്കാര്‍! 

'നാല്  കോടിയോളം ചെലവായി. എന്റെ സമ്പാദ്യമെല്ലാം പോയി. എനിക്കായി പ്രവര്‍ത്തിച്ച ചില നേതാക്കള്‍ പുതിയ കാറെടുത്തു. ഞാനാവട്ടെ ഭാര്യയെ അന്യദേശത്ത്  പണിയെടുക്കാന്‍ വിട്ടു. കൂടെ, ഞാനും ഓടി നടന്ന് പണിയെടുക്കുകയാണിപ്പോള്‍...'

'പണക്കാരുടെ ഓരോ പ്രയാസങ്ങളേയ്' എന്ന് പറഞ്ഞ് പുച്ഛിക്കാന്‍ വരട്ടെ.  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാത്ഥിയുടെ പരിദേവനമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്ഥാനാര്‍ഥിക്ക് നിയമസഭാ മണ്ഡലത്തില്‍ ചെലവഴിക്കാന്‍ അനുവദിച്ചിട്ടുള്ള തുക 40 ലക്ഷം രൂപയാണ്. 2022 വരെ ഇത് 28 ലക്ഷമായിരുന്നു. മണ്ഡലങ്ങളില്‍ ജനസംഖ്യാ 12.23 ശതമാനം വര്‍ദ്ധിച്ചതും പണപ്പെരുപ്പം 32.08 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുത്ത് തുക 40 ലക്ഷമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. 

ഇപ്പറഞ്ഞ 40 ലക്ഷത്തിന്റെ പത്തിരട്ടിയാണ് ഞാന്‍ സംസാരിച്ച സ്ഥാനാര്‍ഥിക്ക് ചെലവായത്. ഇതിലും കൂടുതലാകും യഥാര്‍ത്ഥ ചെലവ്. പാര്‍ട്ടികള്‍ നല്‍കുന്ന തുക മുതല്‍ ബക്കറ്റ് പിരിവ് വരെ വേറെ പലതും  ഈ കണക്കില്‍പ്പെടുന്നില്ല. ലോക്‌സഭയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാന്‍ അനുവദിച്ചത് 95 ലക്ഷമാണ്. വലിയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥിയുടെ യഥാര്‍ത്ഥ ചെലവ് ഉറപ്പായും 40 കോടി വരെയാകും.  

ഇത് സാമാന്യവല്‍ക്കരണമല്ല. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്ര തുക ചെലവഴിക്കണമെന്നില്ല. ചിലരാവട്ടെ ഇതില്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടാകാം. 

പണം വരുന്ന വഴികള്‍

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സഹായം പാര്‍ട്ടി തലത്തില്‍ നിന്ന് കിട്ടും. പണ്ടൊക്കെ വലിയ പെട്ടികളിലാണ് പണമെത്തിച്ചിരുന്നത്. ട്രക്കുകളിലും തീവണ്ടികളിലുമൊക്കെ എത്തുന്ന പണം നേതാക്കളുടെ ശിങ്കിടികള്‍ ചെന്നെടുത്ത് പല വഴിക്ക് എത്തിക്കും. മറ്റെല്ലാ വ്യാപാരത്തിലും  നടക്കുന്നത് പോലെ ഇവിടെയും ഘട്ടം തോറും ചോര്‍ച്ച സംഭവിക്കും. കാശ് അടിച്ചാലും അനധികൃത ഇടപാടായതിനാല്‍ വിരട്ടലും തെറി വിളിയിലും ഒതുങ്ങും. അല്ലാതെ പണം വെട്ടിച്ചതിന്റെ പേരില്‍ നടപടി എടുക്കാന്‍ പറ്റില്ലല്ലോ. അതിനാല്‍, ഈ ഇടപാടുകളില്‍ എല്ലാവര്‍ക്കും ഉത്സാഹമാണ്.

കാലം മാറി. പണം കൊണ്ടു വരാന്‍ ഇപ്പോള്‍ പുത്തന്‍ മാര്‍ഗങ്ങളുണ്ട്. അതിലൊരു മാര്‍ഗം നേരിട്ടു കണ്ടത് മുമ്പൊരിക്കല്‍ വടക്കേയിന്ത്യയില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന് പോയപ്പോഴാണ്്. ദില്ലി വിമാനത്താവളത്തില്‍ പതിവില്ലാതെ  ധാരാളം കോര്‍പ്പറേറ്റ് വിമാനങ്ങള്‍ കണ്ടു. പിന്നീടാണ് അറിഞ്ഞത്. അതൊക്കെ അതൊക്കെ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ആവശ്യത്തിന് അവര്‍ 'വിട്ടുനല്‍കിയതാണ്.' പണക്കൈമാറ്റത്തിനുള്ള എളുപ്പവഴിയാണ് ഈ സ്വകാര്യ വിമാനങ്ങള്‍. കേരളം പോലെ നല്ല കണക്റ്റിവിറ്റിയിള്ള ഇട്ടാവട്ട സംസ്ഥാനത്ത് പോലും ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നത് എല്ലായിടത്തും ഓടിയെത്താന്‍ മാത്രമാവണമെന്നില്ല എന്നാണ് പറഞ്ഞുവരുന്നത്. പണം കടത്തല്‍ വിവരം കിട്ടിയാലും സാധാരണ ഗതിയില്‍ ഉദ്യാഗസ്ഥര്‍ പരിശോധനക്ക് മുതിരാറില്ല എന്നതാണ് ഇതിന്റെ ഗുണം. ഡ്രോണുകളുടെ ഇക്കാലത്ത് അത് മറ്റൊരു മാര്‍ഗം. മയക്കുമരുന്ന് മുതല്‍ ആയുധം വരെ അതിര്‍ത്തി കടന്നെത്തുന്ന ഇക്കാലത്ത് നാട്ടിനുള്ളില്‍ പണക്കൈമാറ്റത്തിന് ഡ്രോണ്‍ ഉപയോഗിക്കുക അത്ര പ്രയാസമുള്ള കാര്യമെന്നുമല്ല. ഉപയോഗിക്കുന്നവരുമുണ്ടാകാം). 

ഇതൊക്കെ ആണെങ്കിലും, മിത്ര സംസ്ഥാനങ്ങളില്‍ സുരക്ഷിതമായി ലാന്‍ഡ്  ചെയ്യുന്ന പണം സംസ്ഥാന അതിര്‍ത്തി കടന്ന് എത്തിക്കുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ട്. ഈയടുത്തക്കാലത്ത് തൃശൂരില്‍ വണ്ടിയില്‍ കടത്തുകയായിരുന്ന പണം പോലീസ് പിടികൂടിയത് ഓര്‍മ്മയില്ലേ. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഒരു പ്രമുഖ നേതാവിനെതിരെ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ഇത്തരം കേസുകള്‍ വീണുകിട്ടുന്നത് സംസ്ഥാന ഭരണക്കാര്‍ക്കും സന്തോഷമാണ്. അതുപയോഗിച്ച് തങ്ങള്‍ക്കെതിരെ  കേന്ദ്രത്തിന്റെ കൈയിലുള്ള കേസുകള്‍ ഒതുക്കാം. അങ്ങനെ പരസ്പരം ബ്‌ളാക്ക് മെയില്‍ ചെയ്ത് ഇവരെല്ലാം നമ്മളെ  വിഡ്ഢികളാക്കികൊണ്ടേയിരിക്കും.

സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നേരിട്ട് മാത്രമല്ല പണമിടപാടുകള്‍ നടത്തുന്നത്. നിക്ഷിപ്ത താത്പര്യമുള്ളവരും അല്ലാത്തവരുമായ വ്യവസായികളും ഇതിലെ കളിക്കാരാണ്. എല്ലാ പ്രമുഖര്‍ക്കും വേണ്ടി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുമവര്‍. സ്ഥാനാര്‍ഥിയുടെയും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ബലമനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചില്‍ വരും. പണം മാത്രമല്ല  വാഹനങ്ങളും ഹോട്ടലുകളുമടക്കം  സ്ഥാപനങ്ങളുടെ സൗകര്യങ്ങളും ഇവര്‍ വിട്ടു നല്‍കും. ഉപഹാരങ്ങള്‍ മുതല്‍ മദ്യവും മദിരാക്ഷിയും വരെ ഒരുക്കി കൊടുക്കും. ഇതൊന്നും പുതിയ കാര്യമല്ല. എഴുപത് എണ്‍പത് കാലത്ത് ഉത്പാദിപ്പിച്ചിരുന്ന   പുതിയ വാഹനങ്ങള്‍ ചില കമ്പനികള്‍ ആദ്യം വിട്ടു കൊടുത്തിരുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനായിരുന്നു. 

നിയമസഭാ -ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല പഞ്ചായത്ത് മെമ്പര്‍ ആവാന്‍ പോലും വന്‍ പിടിവലിയാണിപ്പോള്‍. അഞ്ച് വര്‍ഷം മുമ്പൊരു തെരഞ്ഞടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം തീരുന്നതിന്റെ അവസാന ദിവസമാണ്. ഊണു കഴിക്കാന്‍ വീട്ടില്‍ പോവുമ്പോള്‍ വഴിയാകെ ബ്‌ളോക്ക്. വണ്ടിയില്‍ കാത്തുകിടക്കവേ അതാ വരുന്നു നീണ്ട വാഹന നിര. കൊട്ടിക്കലാശത്തിനു മുന്‍പുള്ള അവസാന റൗണ്ട് പ്രചാരണത്തിന് വരുന്ന സ്ഥാനാര്‍ത്ഥിയാണ്. പോയയുടന്‍ തന്നെ ആള്‍ തിരികെ വന്നു. ഒന്ന് നീട്ടി തുപ്പിയാല്‍ തീരുന്ന വിസ്തീര്‍ണ്ണമേയുള്ളു നഗരസഭാ വാര്‍ഡിന്. പിന്നീടാണ്  അറിഞ്ഞത്, പ്രചാരണത്തിനായി സ്വന്തം നിലയ്ക്ക് കളത്തിലിറക്കിയത് 10 ലക്ഷത്തിലധികമാണ്. പാര്‍ട്ടി വിഹിതം വേറെയും. നഗരസഭാ വാര്‍ഡിലും ജില്ലാ പഞ്ചായത്തിലും ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാന്‍ കഴിയുക ഒന്നര ലക്ഷം രൂപയാണ്. മറ്റിടങ്ങളില്‍ ഇതിലും കുറയും. മുനിസിപ്പാലിറ്റികളിലും ബ്ലോക്കിലും 75,000. ഗ്രാമ പഞ്ചായത്തില്‍ 25,000.  അതിന്റെ എത്രയോ ഇരട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ ചെലവിടുന്നത്. ഇനി ജയിച്ചാലോ? ഗ്രാമത്തില്‍  7000 രൂപയും  നഗരത്തില്‍ 8200  പ്രതിമാസം ഓണറേറിയം കിട്ടും. ഇനി മേയറായാല്‍ പോലും കിട്ടുക പ്രതിമാസം 16800 ഓണറേറിയം. 

 

Analysis on money corruption and elections by S Biju

 

ചില കച്ചവട ഫോര്‍മുലകള്‍ 

നോക്കുകൂലി പോലും ഇതില്‍ കൂടുതല്‍ കിട്ടുന്ന നമ്മുടെ സംസ്ഥാനത്ത്  ഇവരൊക്കെ ഈ നിസ്സാര തുകയ്ക്ക് എങ്ങനെ ജീവിക്കും? എന്നിട്ടുമെന്തിന് ഈ പദവികള്‍ക്ക് ഇത്ര മത്സരം? രാഷ്ട്ര സേവനത്തിനാണ് ജനപ്രതിനിധി ആകുന്നതെന്ന് പറഞ്ഞാല്‍ കൊച്ചുകുട്ടികള്‍ പോലും ചിരിക്കുന്ന കാലമാണ്. 

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നമ്മളീ കച്ചവടത്തിന്റെ സാധ്യതകള്‍ ആരായണം. തെരഞ്ഞെടുപ്പിന് ജനം കുറച്ചൊക്കെ സംഭാവന നല്‍കും. ബാക്കി ഫണ്ട് ബിസിനസുകാരില്‍ നിന്നും മറ്റും വരും. നിയമസഭാ-പാര്‍ലമെന്റ് തെരഞ്ഞടുപ്പുകളിലേത് പോലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം പിരിവുകള്‍ കിട്ടുന്നയിടങ്ങള്‍ കുറവായിരിക്കും. വലിയ പട്ടണങ്ങളില്‍ മാത്രം നടക്കും. മറ്റെല്ലായിടത്തും സ്ഥാനാര്‍ഥി അഥവാ പാര്‍ട്ടി തന്നെ ചെലവ് എടുക്കണം. കേന്ദ്ര-സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് കേഡര്‍ പാര്‍ട്ടിയാണെങ്കില്‍ പാര്‍ട്ടി സഹായം കിട്ടൂ. കിട്ടിയാലും സ്ഥാനാര്‍ത്ഥി ഗണ്യമായ സംഖ്യ കൈയില്‍ നിന്ന് മുടക്കണം. വിതയ്ക്കുന്നത് കൊയ്യാനാണ്. വിത്തിന്റെ പത്തിരട്ടിയെങ്കിലും വിള വന്നാലേ കൃഷി ലാഭകരമാകൂ. 

നല്ല ജനപ്രതിനിധികള്‍ക്ക് മറ്റൊന്നിനും നേരമുണ്ടാകില്ല. അതായത് നേരായ വഴിയില്‍ മറ്റ് പണിയെടുത്ത് ജീവിച്ചാല്‍ ജനസേവനത്തിന് നേരമുണ്ടാവില്ല. അപ്പോള്‍ മറ്റ് വരുമാനം വേണം. കുടുംബത്തെ മാത്രമല്ല പാര്‍ട്ടിയെയും പോറ്റണം. അപ്പോള്‍ എന്തു ചെയ്യും? നല്ല ഫണ്ടുണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പോലും.  പദ്ധതി നടത്തിപ്പുകാരില്‍  നിന്ന് 10 ശതമാനം മുതല്‍ മൂന്നിലൊന്ന് വരെ മെമ്പര്‍ക്ക് കമ്മീഷനായി കിട്ടും. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തമാശ മുക്കിലൂം മൂലയിലും ഉയരുന്ന ഹൈമാസ്റ്റ് ലൈറ്റാകും. ഇരുമ്പ് തൂണിലാണിത് സ്ഥാപിക്കുന്നത് എന്നത് ഭാഗ്യം. തുരുമ്പെടുത്ത് നശിക്കാന്‍ വകുപ്പുണ്ടല്ലോ. അപ്പോള്‍ വീണ്ടും പുതിയത് സ്ഥാപിക്കാം, കച്ചവടവും കമ്മീഷനും ആവര്‍ത്തിക്കാം. പദ്ധതി നടത്തിപ്പില്‍, കോണ്‍ട്രാക്റ്റര്‍മാരില്‍ നിന്ന് വാങ്ങുന്നതില്‍ ഒതുങ്ങുന്നില്ല കച്ചവടം. സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരുടെ പിച്ച ചട്ടിയില്‍ നിന്ന് വരെ കൈയിട്ടു വാരും. ഒരു കക്കൂസ്  പണിയാന്‍ 50,000 രൂപ അനുവദിച്ചാല്‍ 5000 മുതല്‍ പതിനായിരം വരെ പോക്കറ്റിലാക്കുന്നവരുണ്ട്. നേരിട്ട് കൈമടക്ക് വാങ്ങാനാകാത്തവര്‍ ബിനാമികളെ ഉപയോഗിക്കും. 

ജയിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നവരുണ്ട്. അവര്‍ക്ക് ജനപ്രതിനിധിയായി മേലനങ്ങാനൊന്നും വയ്യ. നിയമനിര്‍മ്മാണക്കാര്യത്തിലും താല്‍പ്പര്യമില്ല.  ജയിച്ചാലും പലരും ഇതുപോലെ തന്നെയാവും. നിയമനിര്‍മ്മാണമൊന്നും പറ്റില്ല. വേണമെങ്കില്‍ സമ്മേളനം നടക്കുമ്പോള്‍ അത് അലമ്പാക്കാം.  സഭയില്‍ നടക്കുന്നത് എന്തെന്ന് പിന്നീട് വരുന്ന മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് മനസ്സിലാക്കുന്നതെന്ന് മികച്ച ജനപ്രതിനിധികള്‍ പോലും പറഞ്ഞു കേട്ടിട്ടുണ്ട്. (ഇപ്പോള്‍ പല മാധ്യമങ്ങള്‍ക്കും അതിലൊന്നും വലിയ താല്‍പ്പര്യവുമില്ല.)


നേതാക്കന്‍മാരുടെ നല്ല കാലം

തെരഞ്ഞെടുപ്പ് ഒരാഘോഷമാണ് നേതാക്കള്‍ക്കും ശിടിങ്കികള്‍ക്കും. മുമ്പൊരിക്കല്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ എന്നെ വിളിച്ചു. കായംകുളത്ത് നടക്കുന്ന ചടങ്ങിന് പോവുന്നുണ്ടോ എന്നറിയാനായിരുന്നു വിളി. ഞാന്‍ അങ്ങോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നു പറഞ്ഞപ്പോള്‍ കാറുണ്ട്, വേണമെങ്കില്‍ ഒരുമിച്ച് മടങ്ങാമെന്ന് പുള്ളി. കായംകുളത്തെ ചടങ്ങില്‍ കണ്ടപ്പോഴാണ് കാര്യം മനസ്സിലായത്. ഇന്നോവ കാറിലായിരുന്നു പുള്ളിയുടെ യാത്ര. ഇന്നോവ ഡ്രൈവറോട് സംസാരിച്ചപ്പോള്‍ കഥ പുറത്തുവന്നു. ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് ഒരു മാസമായി അയാള്‍. തെക്കേ അറ്റത്തുള്ള ഒരു മണ്ഡലത്തിലാണ് ഡ്യൂട്ടി. അവിടന്നാണ് സ്വകാര്യ ആവശ്യത്തിനായി പാര്‍ട്ടി കാറുമായി നേതാവിനൊപ്പം അയാള്‍ വന്നത്. കാര്യമറിഞ്ഞപ്പോള്‍, വേറൊരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഞാന്‍ മുങ്ങി അടുത്ത തീവണ്ടി പിടിച്ചു.  .    വാഹനങ്ങളില്‍ തെക്ക് വടക്ക് ഓട്ടം, സുഭിക്ഷ ഭക്ഷണം, നല്ല താമസം, പിന്നെ ധനസമ്പാദനം. ഓരോ തെരഞ്ഞെടുപ്പും നല്‍കുന്ന സാധ്യതകള്‍ ഇവയാണ്. പിന്നെ തെരഞ്ഞെടുപ്പിലൂടെ കിട്ടുന്ന ബന്ധങ്ങള്‍,  ഫ്രീ പബ്‌ളിസിറ്റി. ഭാവി പദവികള്‍ക്കായുള്ള നിക്ഷേപമാണ് ഇത്തരക്കാര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. 

കോടികള്‍ ചെലവിട്ട് എം.എല്‍ എയും എം പിയുമാകുന്നവര്‍ അതെങ്ങനെ തിരിച്ചു പിടിക്കും? കുടുംബത്തിലെ കാശെടുത്ത് ഒരു തവണയൊക്കെ മത്സരിക്കാം. പക്ഷേ അടുത്തത് എങ്ങനെ? സ്വാഭാവികമായും  ക്രമം വിട്ടുള്ള പലതും ചെയ്യേണ്ടി വരും. നേരിട്ട് അഴിമതി പ്രയാസമുള്ളവര്‍ കച്ചവടം നടത്തി കാശുണ്ടാക്കും. ആ കച്ചവടത്തിന് ഒത്താശയായി വര്‍ത്തിക്കുന്നത് രാഷ്ട്രീയ പിടിപാടുകളായിരിക്കും. അപ്പോള്‍ അതും അഴിമതി തന്നെ. തലസ്ഥാനത്തെ ഡീലുകള്‍ക്ക് താത്പര്യമുള്ള കച്ചവടക്കാര്‍ക്ക് കാര്യം നടന്നാല്‍ അതിന്റെ പങ്ക് ജനപ്രതിനിധികള്‍ക്ക് നല്‍കാന്‍ സന്തോഷമേ ഉണ്ടാകൂ. എന്നാല്‍ പണം നേരിട്ട് പറ്റാന്‍ വൈമുഖ്യമുള്ളവരുണ്ടാകും. അപ്പോള്‍ പ്രതിഫലം മറ്റ് രൂപത്തിലാകും. വിയര്‍പ്പോഹരി അഥവാ സ്വെറ്റ് ഇക്വിറ്റി എന്ന് പറയുന്നത് ഇതാണ്. 

സൈബര്‍ ക്വട്ടേഷന്‍ റെഡി!

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെയല്ല തുടങ്ങുന്നത്. കളമൊരുക്കല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിട്ടുണ്ടാകും. മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളുടെ പ്രതിച്ഛായ മിനുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു പണ്ട്. ഇന്നിപ്പോള്‍ അതിന് പരിമിതിയുണ്ട്. അതിനാല്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും തലങ്ങും വിലങ്ങും ആക്രമിച്ച് 'ആദര്‍ശ രാഷ്ട്രീയ പ്രതിച്ഛായ നിര്‍മ്മിതിയാണ് രീതി. സാമൂഹ്യ മാധ്യമങ്ങളും  പബ്ലിക്ക് റിലേഷന്‍സ് ഏജന്‍സികളും അതിന് കൂട്ടാവും. എതിര്‍ പക്ഷത്തുള്ളവരെക്കുറിച്ച് അപഖ്യാതി പരത്താനും ഇതേ മാര്‍ഗം ഉപയോഗിക്കും. സൈബര്‍ ഇടങ്ങളില്‍ കാശിറക്കി അക്ഷൗഹിണി പടയെ വിന്യസിക്കുകയാണ് അതിന് വേണ്ടത്. സൈബര്‍ പോരാളികള്‍ ഏറ്റുമുട്ടുമ്പോള്‍ അതിന് പിന്‍ബലമേകാന്‍ പാശ്ചാത്യ കമ്പനികളുടെ അല്‍ഗോരിതങ്ങള്‍   നിയന്ത്രിക്കുന്ന ബോട്ടുകളും ഫിഷിങ്ങും സ്പാമിങ്ങുമൊക്കെ ഒപ്പം വേണം. അതിനും നല്ല മുതല്‍ മുടക്കുണ്ട്. 

ലോക്‌സഭയിലേക്ക് മത്സരിച്ച ഒരു പ്രമുഖ സ്ഥാനാര്‍ത്ഥിക്ക്  ഒരു വര്‍ഷം മുമ്പേ സൈബര്‍ സേനയെ സ്‌പോണ്‍സര്‍ ചെയ്തത് ഒരു അമരിക്കന്‍  മലയാളിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ലോകമാകെയുള്ള മികച്ച സര്‍വ്വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളിലും നിന്നും സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കാനെത്തുന്ന പ്രൊഫഷണലുകളുണ്ട്. പാര്‍ട്ടികള്‍ക്കാവട്ടെ സാമൂഹ്യ മാധ്യമ ക്വട്ടേഷനുകള്‍ക്കായി  സൈബര്‍ ഗുണ്ടാ സംഘങ്ങള്‍ പ്രാദേശിക തലത്തില്‍ വരെയുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ ഈ സൈബര്‍ ക്വട്ടേഷന്‍കാരെ ഏകോപിപ്പിക്കാനും അതു വഴി ഓളമുണ്ടാക്കാനും വാര്‍ത്തയില്‍ നിറയാനും ഫേക്ക് വാര്‍ത്തകള്‍ സൃഷ്ടിക്കാനും സൈബര്‍ വാര്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പഴയ മാധ്യമപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ഏജന്‍സികള്‍ ഇതിനൊക്കെ ഒത്താശ ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെയൊക്കെ അംഗീകരിച്ചിട്ടുണ്ട്. വെര്‍ച്വല്‍ പ്രചരണ ചെലവ്  കൂടി ഉള്‍പ്പെടുത്തിയാണ് പ്രചാരണത്തിനുള്ള പരമാവധി തുക കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചത്. 


ഉള്ളതു പറഞ്ഞാല്‍...

ഇപ്പറഞ്ഞതിനൊക്കെ അപവാദമായിട്ടുള്ള ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥികളും ഇല്ലെന്നല്ല. പുലര്‍ച്ചേ എണീറ്റ് പറമ്പിലെ കൃഷി പണിയൊക്കെ കഴിഞ്ഞ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരുണ്ട്. പൊതുപ്രവര്‍ത്തനത്തിനിടയ്ക്ക് ഇടവേള എടുത്ത് ഓട്ടോ ഓടിക്കാന്‍ സമയം കണ്ടെത്തി കുടുംബം പോറ്റുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുണ്ട്. സത്യസന്ധമായി മറ്റ് തൊഴിലുകള്‍ എടുത്ത് പൊതുപ്രവര്‍ത്തനം ഒപ്പം കൊണ്ടു പോകുന്നവരുണ്ട്. എന്നാല്‍ ആ ജനുസ്സുകള്‍ കുറ്റിയറ്റു വരുകയാണ്. ഇനിയുള്ള കാലം കച്ചവടത്തിന്‍േറതാണെന്നാണ് തെരഞ്ഞെടുപ്പ് കളിക്കളങ്ങളില്‍നിന്നു വരുന്ന വാര്‍ത്തകള്‍. 
 

Follow Us:
Download App:
  • android
  • ios