Yesudas 60 Years|യേശുദാസും എസ്പിബിയും; സം​ഗീത ലോകത്തിന് ലഭിച്ച ഹിറ്റ് കോമ്പോ

ദളപതിക്ക് ശേഷം 26 വർഷം കഴിഞ്ഞാണ് ഇരുവരും മറ്റൊരു സിനിമാ ഗാനത്തിനായി ഒരുമിച്ചത്.

yesudas 60 years, sp balasubrahmanyam with kj yesudas
Author
Thiruvananthapuram, First Published Nov 13, 2021, 6:45 PM IST

ന്ത്യൻ സം​ഗീതലോകത്തിന് ലഭിച്ച വരദാനമാണ് കെ ജെ യേശുദാസും(kj yesudas) എസ്പി ബാലസുബ്രഹ്മണ്യവും(sp balasubrahmanyam). ഇരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം സിനിമ, സം​ഗീത ലോകത്ത് ഏറെ പ്രസിദ്ധമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്ന് എസ്‌പിബി പറഞ്ഞിട്ടുണ്ട്. തന്റെ സഹോദരൻ മാത്രമല്ല, എസ്‌‌പിബി എന്താണെന്ന് തനിക്ക് വിവരിക്കാൻ സാധിക്കില്ലെന്നാണ് യേശുദാസ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെയാണ് രണ്ട് മഹാരഥന്മാരും ഒന്നിച്ചെത്തിയ പാട്ടുകൾ ഇന്നും ആസ്വാദകരുടെ പ്രിയ​ഗാനങ്ങളാകുന്നത്.  

എസ്‌‌പിബി യേശുദാസിനൊപ്പം പാടിയ പാട്ടുകളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി മാറിയിരുന്നു. 90കളുടെ തുടക്കം വരെ ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നു. 1975ല്‍ റിലീസ് ചെയ്ത 'തങ്കത്തിലെ വൈരം' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ശങ്കര്‍ ഗണേഷ് സംഗീതം നല്‍കിയ 'എന്‍ കാതലീ' എന്ന ഗാനം ഇരുവരും ചേർന്ന് ഉഷാറാക്കി. ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായ ശിവകുമാറിന് വേണ്ടി യേശുദാസും കമല്‍ഹാസന് വേണ്ടി എസ്പിബിയും പാടി. 

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു യുഗ്മഗാനത്തിലൂടെ ആ മധുരശബ്ദങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. തമിഴില്‍ പുറത്തിറങ്ങിയ ഗൗരി മനോഹരി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. 'അരുവിക്കൂടെ ജതിയില്ലാമല്‍' എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം നല്‍കിയത് ഇനിയവനായിരുന്നു.

1991ലാണ് എസ്പിബി-യേശുദാസ് കൂട്ടുകെട്ടിലെ മെഗാഹിറ്റ് പിറന്നത്. രജനീകാന്ത്, മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിലെ 'കാട്ടുകുയിലെ' എന്ന ഗാനമായിരുന്നു അത്. ഇളയരാജയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. ഇന്നും സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ഈ പാട്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളുടെ സംഗമവേദിയായിരുന്നു ആ ഗാനം. 

1993ല്‍ പുറത്തിറങ്ങിയ ശരത് കുമാര്‍ ചിത്രം ദശരഥനിൽ 'ആരാരോ ആരിരാരോ' എന്ന ഗാനവും എസ്പിബി-യേശുദാസ് കൂട്ടുകെട്ടില്‍ പിറന്നതായിരുന്നു. എല്‍ വൈദ്യനാഥനായിരുന്നു സംഗീതം നല്‍കിയത്. കൂടാതെ ശിവാജി ഗണേശന്‍ ചിത്രം ത്രിശൂലത്തിലെ 'ഇരണ്ട് കൈകള്‍', 1979ല്‍ പുറത്തിറങ്ങിയ പ്രേം നസീര്‍-ജയന്‍ ചിത്രം സര്‍പ്പത്തിലെ 'സ്വര്‍ണമീനിന്റെ ചേലൊത്തകണ്ണാലെ' എന്നീ ​ഗാനങ്ങളും ഇരുവരും ചേർന്ന് ആലപിച്ചു. 

1998ല്‍ ഫാസിലിന്റെ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ യേശുദാസ് ഒറ്റക്ക് പാടി ഹിറ്റാക്കിയ ​ഗാനമായിരുന്നു 'പൊന്നേ പൊന്നമ്പിളി'. ചിത്രം തമിഴിലേക്ക് മൊഴിമാറ്റിയപ്പോൾ 'പൊന്നെ പൊന്നിന്‍മണി' യേശുദാസിനൊപ്പം എസ്പിബിയും പാടി. എസ്പിബി സംഗീതം ചെയ്ത ​ഗാനവും യേശുദാസ് പാടിയിട്ടുണ്ട്. 1992ൽ പുറത്തിറങ്ങിയ സിഗരം എന്ന ചിത്രത്തിലെ 'അഗരം ഇപ്പോ സിഗരം ആച്ച്' എന്ന ഗാനമായിരുന്നു അത്. 

ദളപതിക്ക് ശേഷം 26 വർഷം കഴിഞ്ഞാണ് ഇരുവരും മറ്റൊരു സിനിമാ ഗാനത്തിനായി ഒരുമിച്ചത്. മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ കിണർ എന്ന ചിത്രത്തിലെ 'അയ്യാസാമി' എന്ന പാട്ടിനു വേണ്ടി ആയിരുന്നു അത്. എസ്പി ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തില്‍ പാടിയതും ഈ ചിത്രത്തിലാണ്. എം ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ പാട്ടുരംഗത്ത് യേശുദാസും എസ്പിബിയും മത്സരിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷേ മലയാളികളില്‍ പലരും ബിഗ് സ്ക്രീനിൽ എസ്പിബിയെ അവസാനമായി കണ്ടതും ഈ ഗാനത്തിലൂടെ തന്നെയാകണം. യേശുദാസ് തന്റെ സിനിമാ ജീവിതത്തിൽ 60 വർഷം ആഘോഷിക്കുമ്പോൾ‌, എസ്പിബി ഒപ്പമില്ലാത്തത് ഗാനഗന്ധര്‍വ്വന് മാത്രമല്ല ആസ്വാദകർക്കും നൊമ്പരമാണ്.  

Follow Us:
Download App:
  • android
  • ios