Yesudas 60 Years|അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയര്‍ന്ന ശബ്ദം, യേശുദാസിനൊപ്പം പറന്ന 'തരംഗിണി'
തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്‌റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌റ്റീരിയോ ഫോണിക് സ്‌റ്റുഡിയോ.
ഒരിക്കലെങ്കിലും യേശുദാസിന്റെ(k j yesudas) സ്വരം കേള്‍ക്കാത്ത ദിവസങ്ങൾ അപൂര്‍വമായിരിക്കും മലയാളിയുടെ ജീവിതത്തില്‍. മാറുന്ന കാലത്തിനും അഭിരുചികള്‍ക്കും ആസ്വാദന ശീലങ്ങള്‍ക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയര്‍ന്ന ആ ശബ്ദം സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ സിനിമാ സംഗീതസപര്യ അറുപത് വർഷത്തിലെത്തുമ്പോൾ യേശുദാസിനൊപ്പം ചേർത്ത് വായിക്കേണ്ട ഒരുപേരാണ് തരംഗിണി( tharangini studio).
യേശുദാസിന്റെ സംരംഭങ്ങളിൽ ഏറ്റവും പ്രശസ്‌തമായത് തരംഗിണി സ്‌റ്റുഡിയോ ആയിരുന്നു. 1980ൽ തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്‌റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌റ്റീരിയോ ഫോണിക് സ്‌റ്റുഡിയോ. മലയാളത്തിൽ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി ആൽബങ്ങൾ തരംഗിണിയുടെ പേരിൽ പുറത്തിറങ്ങി. അവയിൽ പലതും ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി.
തരംഗിണി തുടങ്ങുമ്പോൾ ദക്ഷിണേന്ത്യയിൽ അന്നു ലഭ്യമായ ഏറ്റവും അധുനിക റിക്കോർഡിങ് സംവിധാനങ്ങളാണ് യേശുദാസ് എത്തിച്ചത്. ഗവർണർ ജ്യോതി വെങ്കിടാചലമായിരുന്നു ഉദ്ഘാടകൻ. ഭദ്രദീപം കൊളുത്തിയതും ആദ്യ റിക്കോർഡിങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചതും യേശുദാസിന്റെ അമ്മ എലിസബത്താണ്. പിന്നീടിങ്ങോട്ട് തരംഗിണിയുടെ കാലമായിരുന്നു. മലയാള ചലച്ചിത്ര ഗാന ചരിത്രത്തിനൊപ്പം രേഖപ്പെടുത്തേണ്ട പേരായി തംരംഗിണി മാറി. സിനിമാ, ലളിത, ഭക്തി ഗാനശാഖകളിൽ അരലക്ഷത്തോളം ഗാനങ്ങൾ തരംഗിണി പുറത്തിറക്കി. അതിൽ ബഹുഭൂരിപക്ഷവും പാടിയതാകട്ടെ യേശുദാസും.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി, മറാത്തി, മലായ്, റഷ്യൻ, അറബി, ലാറ്റിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും തരംഗിണി കാസറ്റുകൾ ഇറക്കി. നടൻ സത്യന്റെ മകൻ സതീഷ് സത്യനായിരുന്നു വർഷങ്ങളോളം തരംഗിണിയുടെ കാര്യദർശി.
ഓരോ സീസണുകളിലും തരംഗിണി കാസറ്റുകൾ പുറത്തിറക്കി. ഇതു കച്ചവടം ലക്ഷ്യമാക്കിയാണെന്ന് അന്ന് വിമർശനം ഉയർന്നുവെങ്കിലും മലയാളത്തിലെ നിത്യഹരിതമായ ഒട്ടേറെ ഗാനങ്ങൾ പിറന്നത് ഈ ആൽബങ്ങളിലൂടെയാണ്. തൊഴിൽ സമരത്തെ തുടർന്ന് 1992ലാണ് തരംഗിണിയുടെ കാസറ്റ് നിർമാണ യൂണിറ്റ് ചെന്നൈയിലേക്ക് മാറ്റുന്നത്. 2005വരെ തിരുവനന്തപുരത്തെ തരംഗിണിയിൽ റിക്കോർഡിംഗ് നടന്നിരുന്നു.