ട്രോളായി മാത്രം ഓര്‍ക്കപ്പെടേണ്ട നായകനല്ല 'ബിലാല്‍'; റിലീസിന്റെ 12-ാം വാര്‍ഷികത്തില്‍ 'ബിഗ് ബി' വീണ്ടും കാണുമ്പോള്‍
സൂപ്പര്‍താര പോപ്പുലര്‍ മാസ് സിനിമാ ഫോര്‍മാറ്റിനെ അതേപടി പിന്തുടര്‍ന്നപ്പോള്‍ തന്നെ ശൈലിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി എന്നതാണ് ബിഗ് ബിയുടെ പ്രാധാന്യം. നാവടക്കം ശീലിച്ച നായകനായിരുന്നു ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍.
സ്ലോ മോഷന്‍ സീക്വന്‍സുകളുടെ അതിപ്രസരത്തിന്റെ പേരില്‍ ഇപ്പോഴും ട്രോള്‍ പേജുകളില്‍ ഇടംപിടിക്കാറുള്ള നായകനാണ് മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. എല്ലാ കാര്യങ്ങളും വൈകി മാത്രം അറിയുന്ന, എവിടെയും വളരെ വൈകി മാത്രം എത്തുന്ന ഒരു കഥാപാത്രം. പില്‍ക്കാലത്ത് പ്രേക്ഷകപ്രീതി ലഭിച്ച പല സിനിമകളെയും പോലെ റിലീസിംഗ് സമയത്ത് വേണ്ടത്ര കൈയടി ലഭിക്കാതിരുന്ന സിനിമയാണ് ബിഗ് ബി. 'ബിലാലിക്ക'യുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം പലപ്പോഴും ട്രോള്‍ പേജ് പ്രത്യക്ഷപ്പെടലുകളിലൂടെയാണെങ്കിലും മമ്മൂട്ടിയുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ ജനപ്രിയ കഥാപാത്രങ്ങളില്‍ മുന്‍ നിരയിലുണ്ടാവും ബിലാല്‍. അതിനുദാഹരണമായിരുന്നു 'ബിലാല്‍' എന്ന പേരിലെത്തുന്ന രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനസമയത്ത് ലഭിച്ച വമ്പിച്ച പ്രേക്ഷക പ്രതികരണം. പോപ്പുലാരിറ്റിയുടെ കാര്യം ഇത്തരത്തിലാണെന്നിരിക്കെ അമല്‍ നീരദ് എന്ന സംവിധായകന്റെ ഈ അരങ്ങേറ്റചിത്രം ഇപ്പോഴും ശരിയായ നിലയില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ടോ?
ശബ്ദരേഖാ സിനിമകള്‍
തൊണ്ണൂറുകളിലെ സൂപ്പര്‍താര ചിത്രങ്ങള്‍ തീയേറ്ററുകളില്‍ കൈയടികളുടെ പൂരങ്ങള്‍ തീര്‍ത്തത് പലപ്പോഴും നായക കഥാപാത്രങ്ങളുടെ നെടുനെടുങ്കന്‍ ഡയലോഗുകള്‍ വഴിയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ അത്തരം കഥാപാത്രങ്ങളെ ഒട്ടേറെ അവതരിപ്പിച്ചു. ഒന്നിലധികം കഥാപാത്രങ്ങള്‍ പരസ്പരം നിന്ന് സംസാരിക്കുക എന്നതിനപ്പുറം ഫ്രെയ്മുകള്‍ക്ക് സവിശേഷ പ്രാധാന്യം പലപ്പോഴും കണ്ടെത്താനാവുമായിരുന്നില്ല അത്തരം ചിത്രങ്ങളില്‍. പലപ്പോഴും നായകന്റെ ദീര്‍ഘസംഭാഷണങ്ങള്‍ തീരുന്നതും കാത്ത് പ്രതിനായകന്മാര്‍ നില്‍ക്കുന്ന കാഴ്ച ഉണ്ടായിരുന്നു, അവരുടെ കൗണ്ടര്‍ ഡയലോഗുകള്‍ പറയാന്‍. ഒരു അനുഷ്ഠാനം പോലെ നെടുനീളന്‍ സംഭാഷണങ്ങള്‍ പറഞ്ഞുതീര്‍ക്കുന്ന നായകന്മാരെ അക്കാലത്തെ മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തുക്കളൊക്കെ എഴുതി. ചിലര്‍ മാത്രം വിജയിച്ചു. ചുരുക്കത്തില്‍ ശബ്ദരേഖയായി റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്താലും മനസിലാക്കാനാവുന്ന സിനിമകളായിരുന്നു അവ.
'കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ'
2000 മുതലുള്ള മലയാളസിനിമ പരിശോധിച്ചാല്‍ തീപ്പൊരി സംഭാഷണങ്ങള്‍ നിര്‍ത്താതെ പറയുന്ന നായകന്മാരെ മലയാളി പ്രേക്ഷകര്‍ക്ക് മടുത്തുതുടങ്ങുന്നതായി കാണാം. സൂപ്പര്‍താര പോപ്പുലര്‍ മാസ് സിനിമാ ഫോര്‍മാറ്റിനെ അതേപടി പിന്തുടര്‍ന്നപ്പോള്‍ തന്നെ ശൈലിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി എന്നതാണ് ബിഗ് ബിയുടെ പ്രാധാന്യം. നാവടക്കം ശീലിച്ച നായകനായിരുന്നു ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. മലയാളസിനിമയിലെ തൊട്ടുമുന്‍പുള്ള നായകന്മാരുടെ കൂസലില്ലായ്മ തന്നെയായിരുന്നു അാള്‍ക്കും. അവര്‍ പറയാന്‍ ആഗ്രഹിച്ചത് തന്നെയാണ് അയാളും പറയാന്‍ ആഗ്രഹിച്ചത്, പറഞ്ഞതും. പക്ഷേ അവ ചുരുക്കം വാക്കുകളിലൂടെ ആയിരുന്നെന്ന് മാത്രം. ബിഗ് ബിയിലെ ഏറ്റവും ഓര്‍ത്തിരിക്കുന്ന പഞ്ച് ഡയലോഗ് തന്നെ ഈ 'ചുരുക്കലി'ന് ഉദാഹരണം. 'കൊച്ചി വഴയ കൊച്ചിയല്ല, പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാ' എന്നായിരുന്നു മമ്മൂട്ടിയുടെ നായകന്‍ പറഞ്ഞ് പിന്നീട് പ്രശസ്തമായ വാചകം. ഉണ്ണി ആറാണ് ചിത്രത്തിനുവേണ്ടി കുറിക്കുകൊള്ളുന്ന സംഭാഷണങ്ങള്‍ ഒരുക്കിയത്.
സംഭാഷണങ്ങളിലെ ചുരുക്കം, ക്യാമറയിലെ പെരുക്കം
കഥാപാത്രങ്ങള്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സ്ഥലം എന്നതിനപ്പുറത്തേക്ക് ഫ്രെയിമുകളെ പുനര്‍ നിര്‍വചിക്കുകയായിരുന്നു അമല്‍ നീരദ്. സ്ലോ മോഷന്റെയും മഴയുടെയും ധാരാളിത്തം കൊണ്ട് സംവിധായകന്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും ഒരു സൂപ്പര്‍താര മാസ് സിനിമ ദൃശ്യപരമായി അടയാളപ്പെട്ടു എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. ഈ 'ദൃശ്യവിനിമയം' പെട്ടെന്ന് സ്വീകരിക്കാന്‍ പര്യാപ്തമായിരുന്നില്ല അക്കാലത്തെ മലയാളി പ്രേക്ഷകവൃന്ദം എന്നതാണ് ചിത്രം അക്കാലത്ത് വലിയ തോതില്‍ സ്വീകരിക്കപ്പെടാതിരുന്നതിന് കാരണം. എന്നാല്‍ ആര്‍ട്ട് ഹൗസ്- ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് സിനിമകള്‍ മാത്രമല്ല, മാസ് പോപ്പുലര്‍ സിനിമകള്‍ക്കും സിനിമയുടെ ദൃശ്യമാധ്യമ സ്വഭാവത്തില്‍ പുലരാം എന്നതിനുള്ള ഉദാഹരണമായിരുന്നു ബിഗ് ബി. ടെലിവിഷന്‍, ഡിവിഡി കാഴ്ചകളിലൂടെ റിലീസിംഗ് സമയത്ത് ലഭിക്കാതിരുന്ന പ്രേക്ഷക പരിഗണനയും സ്വീകാര്യതയും ബിഗ് ബിക്ക് പില്‍ക്കാലത്ത് ലഭിച്ചിട്ടുണ്ട്. ഒരു ഉദാത്ത സൃഷ്ടി എന്നല്ല, മറിച്ച് എല്ലാത്തരം സിനിമകള്‍ക്കും ദൃശ്യപരമായ വ്യക്തിത്വം കൈവരിക്കാനാവും എന്ന് മലയാളത്തിലെ സൂപ്പര്‍താര മാസ് സിനിമകളെ പഠിപ്പിച്ചത് ബിഗ് ബി ആണ്, ഒരുപക്ഷേ ആദ്യമായി.