ലൈറ്റ് ബോയിക്കും, സൂപ്പര്‍താരത്തിനും ഒരേ ഭക്ഷണം: സിനിമ സെറ്റില്‍ ഭക്ഷണ വിപ്ലവം നടത്തിയ വിജയകാന്ത്.!
മുന്‍പ് താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റും പലതരത്തില്‍ ഭക്ഷണം ആയിരുന്നെങ്കില്‍ അതില്‍ വലിയ മാറ്റം വരുത്തി വിജയകാന്ത്.
വിജയകാന്ത് എന്ന പേര് തമിഴ് സിനിമ ലോകവും പ്രേക്ഷകരും ഒരിക്കലും മറക്കില്ല. അതിന് അദ്ദേഹം ചെയ്ത സിനിമകള്‍ക്കുപരി വിജയകാന്ത് എന്ന മനുഷ്യന്‍ കൂടി കാരണമാണ്. വിജയകാന്ത് വിടവാങ്ങുമ്പോള്‍ ആയിരങ്ങള്‍ക്ക് തമിഴില്‍ പറഞ്ഞാല്‍ 'ചോറുപോട്ട കടവുള്‍' കൂടിയാണ് വിട പറയുന്നത്. തമിഴ് സിനിമ ലോകത്ത് പുരൈച്ചി കലൈഞ്ജര്‍ എന്ന് അറിയപ്പെടുന്നതിനൊപ്പം അങ്ങനെയൊരു പേരും വിജയകാന്തിനുണ്ട്.
തമിഴ് സിനിമ ലോകത്ത് ഒരു ഷൂട്ടിംഗ് സെറ്റിനകത്ത് ഭക്ഷണത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിയ കലാകാരനാണ് വിജയകാന്ത് എന്ന് പറയാം. നിരവധി സ്വത്തുക്കളും, അരിമില്ല് അടക്കം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നാണ് വിജയകാന്ത് സിനിമ അഭിനയത്തിലേക്ക് കടക്കുന്നത്. വലിയ കുടുംബത്തില്‍ നിന്നും വന്നിട്ടും ചെന്നൈയില്‍ സിനിമ മോഹവുമായി എത്തിയ 70കളില്‍ വിജയകാന്തിന് കഷ്ടപ്പാടുകള്‍ ഏറെയുണ്ടായിരുന്നു.
പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമത്തില്‍ സെറ്റിലെ ഭക്ഷണത്തിന് മുന്നില്‍ നിന്ന് പോലും അപമാനിതനായി ഇറക്കിവിടപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ തമിഴ് സിനിമയില്‍ നായകനായി തന്‍റെ പേരും പെരുമയും വന്ന കാലത്ത് വിജയകാന്ത് തമിഴ് സിനിമ ലോകത്ത് ആദ്യം വരുത്തിയ മാറ്റം ഭക്ഷണത്തിലാണ്. തന്‍റെ സെറ്റില്‍ പലതരത്തിലുള്ള ഭക്ഷണം വേണ്ട. എല്ലാവര്‍ക്കും ഒരേ ഭക്ഷണം അത് ചോദിക്കുന്ന അത്രയും നല്‍കണം.
മുന്‍പ് താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റും പലതരത്തില്‍ ഭക്ഷണം ആയിരുന്നെങ്കില്‍ അതില്‍ വലിയ മാറ്റം വരുത്തി വിജയകാന്ത്. അടുത്തിടെ ഒരു പ്രമുഖ തമിഴ് ചാനല്‍ വിജയകാന്തിന്‍റെ ഫാന്‍ മീറ്റ് ചെന്നൈയില്‍ വച്ചിരുന്നു. അതില്‍ പ്രസംഗിച്ച പല പ്രമുഖരും ഒരോരുത്തരുടെയും വയര്‍ നിറച്ച അന്നദാതാവായ വിജയകാന്തിനെയാണ് ഓര്‍മ്മിച്ചത്.
ആ ചടങ്ങില്‍ ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞ ഒരു കഥയിതാണ്, മുന്‍പ് നടികര്‍ സംഘം നേതാവായിരുന്ന സമയത്ത് വിജയകാന്ത് വലിയൊരു സംഘം നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ചേര്‍ത്ത് മധുരയില്‍ ഒരു സ്റ്റേജ് ഷോ നടത്തി. രാത്രി വൈകിയാണ് ഷോ കഴിഞ്ഞത്. അത് കഴിഞ്ഞ് അരമണിക്കൂറിനുള്ളിലായിരുന്നു ചെന്നൈയിലേക്ക് മടങ്ങേണ്ട ട്രെയിന്‍ അതിനാല്‍ തന്നെ താരങ്ങളും മറ്റുള്ളവരും ഭക്ഷണം പോലും കഴിക്കാതെ ട്രെയിനിലില്‍ കയറി.
ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ക്യാപ്റ്റന്‍ ആരും ഭക്ഷണം കഴിച്ചില്ലെന്ന കാര്യം മനസിലാക്കിയത്. ഒരു മണിക്കൂറിന് ശേഷം ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ സ്റ്റേഷന്‍ പ്ലാറ്റ്ഫോം മൊത്തം ബുഫേ പോലെ വിവിധ ഭക്ഷണങ്ങള്‍ നിരത്തിയിരിക്കുന്നു. എല്ലാവരെയും ഇറക്കി ഭക്ഷണം ഓടി നടന്ന് നല്‍കി ക്യാപ്റ്റന്‍. അതിനിടയില്‍ തന്നെ തന്‍റെ സഹപ്രവര്‍ത്തകരുടെ വിശപ്പ് മനസിലാക്കി അതിന് സംവിധാനമുണ്ടാക്കി അദ്ദേഹം മാത്രമല്ല സംഘത്തിലെ അവസാനത്തെയാള്‍ കഴിക്കും വരെ ട്രെയിനും വിട്ടില്ല. അതിനുള്ള സംവിധാനവും ചെയ്തു - ഇത്തരം അതിശയോക്തി എന്ന് തോന്നാവുന്ന കഥകള്‍ ഭക്ഷണവും വിജയകാന്തും ഉള്‍പ്പെടുന്നത് ഏറെയുണ്ട് തമിഴകത്ത്.
ഒരിക്കല്‍ വിജയകാന്തിന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എപ്പോഴും വിളമ്പുന്ന ഭക്ഷണത്തില്‍ നിന്നും ചില ഐറ്റംസ് കുറച്ചു. ചോദിച്ചപ്പോള്‍ ഇതിന് മാത്രം ബജറ്റ് 2-3 ലക്ഷം ദിവസം ആകുന്നുവെന്ന് നിര്‍മ്മാതാവ് പറഞ്ഞു. ഇത് അറിഞ്ഞ വിജയകാന്ത് ഇടപെട്ടു. ആ 2-3 ലക്ഷം എന്‍റെ ശമ്പളത്തില്‍ നിന്ന് കുറച്ചോളൂ എന്നായി ക്യാപ്റ്റന്‍.
അത് പോലെ തന്നെ എംഡിഎംകെ നേതാവ് ആയിരുന്ന കാലത്തും എന്നും വിജയകാന്തിന്‍റെ വീട്ടില്‍ ആയിരമോ, രണ്ടായിരമോ പേര്‍ക്കാണ് സൌജന്യ ഭക്ഷണം നല്‍കിയിരുന്നത്. വിശപ്പ് എന്നത് താന്‍ അനുഭവിച്ചതാണ് അത് മറ്റാരും അനുഭവിക്കരുത് എന്ന് പല രാഷ്ട്രീയ വേദികളിലും വിജയകാന്ത് പറയുമായിരുന്നു.
തമിഴ്നാടിന്റെ 'ക്യാപ്റ്റന്' വിട; വിജയകാന്ത് അന്തരിച്ചു, മരണം കൊവിഡ് ചികിത്സയില്‍ തുടരവെ