കരുത്ത് കാട്ടുന്ന തെന്നിന്ത്യൻ സിനിമ

തട്ടുപൊളിപ്പൻ മസാലപടങ്ങളെന്ന് സാൻഡൽവുഡിനെ കളിയാക്കിയവർക്കുള്ള മറുപടിയായി കന്നട ചിത്രം കെജിഎഫിന്റെ പാൻ ഇന്ത്യ വിജയം. 

South Indian movies on the way to big hits
Author
Kochi, First Published May 4, 2022, 9:18 PM IST

എഴുത്ത് : പ്രജുല

യിരം കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബ്രഹ്മാണ്ഡചിത്രം 'കെജിഎഫ് 2'(KGF 2). ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആയിരം കോടി വാരുന്ന നാലാമത്തെ ചിത്രം. ഏപ്രിൽ 14നായിരുന്നു ലോകമെങ്ങും ആഘോഷിക്കപ്പെട്ട ചിത്രത്തിന്റെ റിലീസ്. റിലീസിന്റെ ആദ്യദിനം തന്നെ 100 കോടി നേടിയ റോക്കി ഭായിയുടെ കെജിഎഫ് 2, ആയിരം തൊട്ടത് വെറും രണ്ടാഴ്ച കൊണ്ട്. ഇന്ത്യൻ സിനിമയിൽ ഇതിന് മുൻപ് 1000 കോടി ക്ലബിൽ എത്തിയത് മൂന്ന് ചിത്രങ്ങൾ മാത്രമാണ്. 2024 കോടി നേടിയ 'ദംഗൽ'.1810 കോടി വാരിയ 'ബാഹുബലി 2' 1100 കോടിയുടെ കിലുക്കവുമായി 'ആർആർആർ' എന്നിവയാണ് ആ ചിത്രങ്ങൾ. അക്കൂട്ടത്തിലേക്കാണ് കെജിഎഫ് 2ഉം എത്തിയിരിക്കുന്നത്. 1100 കോടി കടന്നു ചിത്രത്തിന്റെ ആഗോളകളക്ഷൻ. പട്ടികയിലെ മൂന്ന് ചിത്രങ്ങളും തെന്നിന്ത്യയുടെ സംഭാവനകൾ.  

ബോളിവുഡിനെ പിന്തള്ളിയുള്ള പ്രാദേശിക സിനിമകളുടെ തേരോട്ടം സൂചിപ്പിക്കുന്നത് തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെയും അമ്പരപ്പിക്കുന്ന വളർച്ച. 2021ലെ മാത്രം ചില കണക്കുകൾ അതിനുള്ള തെളിവാണ്. തെലുങ്കിൽ പോയ വർഷം തീയറ്ററുകളിലെത്തിയത് 204 ചിത്രങ്ങൾ, തമിഴിൽ 152. ഹിന്ദിയിലാകട്ടെ 84ഉം. പുഷ്പ പോലുള്ള സിനിമകളുടെ മൊഴിമാറ്റ പകർപ്പുകൾ ഹിന്ദി ബെൽറ്റിൽ ഉണ്ടാക്കിയ സ്വാധീനവും ചെറുതല്ല. റിലീസുകളുടെ എണ്ണക്കൂടുതൽ കൊണ്ട് മാത്രമല്ല, നിലവാരത്തിലും മേക്കിംഗ് രീതിയിലും എല്ലാം തെന്നിന്ത്യൻ ചിത്രങ്ങൾ ബോളിവുഡിനെ കവച്ചുവയ്ക്കുന്നു.

South Indian movies on the way to big hits

കണ്ണഞ്ചിപ്പിക്കുന്ന സെറ്റുകളും, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, സാങ്കേതികത്തികവുമെല്ലാം ഒരു കാലത്ത് ബോളിവുഡിലെ മാത്രം കാഴ്ചകളായിരുന്നെങ്കിൽ, തെലുങ്കും തമിഴും മലയാളവും എല്ലാം ആ രീതികൾ പൊളിച്ചെഴുതുകയാണ്. കോടികളുടെ കിലുക്കം ഇല്ലെങ്കിലും ഉള്ളടക്കത്തിലെ പുതുമയും ശക്തമായ പ്രമേയങ്ങളും വേറിട്ട അവതരണരീതിയും എല്ലാം നമ്മുടെ മലയാളത്തെയും പാൻ ഇന്ത്യൻ നിലവാരത്തിലേക്ക് ഉയർത്തുന്നു. ഭാഷാ അതിർവരമ്പുകൾ ഭേദിച്ച് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അടക്കമുള സിനിമകൾ അടുത്തകാലത്ത് നേടിയ പ്രശംസ തന്നെ അതിന് ഉദാഹരണം.

തട്ടുപൊളിപ്പൻ മസാലപടങ്ങളെന്ന് സാൻഡൽവുഡിനെ കളിയാക്കിയവർക്കുള്ള മറുപടിയായി കന്നട ചിത്രം കെജിഎഫിന്റെ പാൻ ഇന്ത്യ വിജയം. ആയിരം കോടി നേടിയ കെജിഎഫ് രണ്ടാം ഭാഗം ഹിന്ദി ബെൽറ്റിൽ മാത്രം 400 കോടിയോളം തൂത്തുവാരി. ഹീറോ പാന്റി 2, റൺവേ 34 എന്നീ വമ്പൻ സിനിമകളെ ബഹുദൂരം പിന്തള്ളിയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയം.

South Indian movies on the way to big hits

ഇന്ത്യയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർ‍ഡ് ബാഹുബലി രണ്ടിന് സ്വന്തം. നേരത്തെ രണ്ടാം സ്ഥാനത്ത് ദംഗൽ ആയിരുന്നെങ്കിൽ രാജമൗലിയുടെ ആർആർആറും കെജിഎഫ് രണ്ടും ഇറങ്ങിയതോടെ ചിത്രം മാറി. 900 കോടിക്കടുത്താണ് രണ്ട് ചിത്രങ്ങളുടെയും ഇന്ത്യയിലെ മാത്രം വരുമാനം. 20 ദിവസം കൊണ്ടാണ് കെജിഎഫിന്റെ നേട്ടം. യഷ് ചിത്രം വരുംദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമോ എന്നതാണ് ആകാംക്ഷ. 

South Indian movies on the way to big hits

തീയറ്റർ കളക്ഷൻ മാറ്റി നിർത്തിയാൽ പ്രേക്ഷക അഭിരുചിയിലെ മാറി വരുന്ന ട്രെൻഡുകൾക്ക് പിന്നിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്കും നല്ല റോളുണ്ട്. മുൻപ് അന്യസംസ്ഥാനക്കാർക്ക് പ്രാദേശികഭാഷാചിത്രങ്ങൾ കാണണമെങ്കിൽ ഡബ്ബിംഗ് പതിപ്പുകൾ അനിവാര്യമായിരുന്നു. ഇപ്പോൾ മൊഴിമാറ്റമില്ലാതെ തന്നെ സബ് ടൈറ്റിൽ അത് കൂടുതൽ എളുപ്പമാക്കി. പ്രാദേശിക ഭാഷകളിലെ നല്ല സിനിമകൾ ഒരു വിരൽത്തുമ്പിൽ ഏത് കോണിലുള്ള ദേശക്കാരനും കാണാൻ അവസരം. അടുത്തിടെ പ്രമുഖതാരങ്ങളായ ബോളിവുഡ് താരം അജയ് ദേവ് ഗണും കന്നട താരം കിച്ച സുദീപും തമ്മിലുണ്ടായ ഭാഷാപോര് കൂടി ഇതിനോട് ചേർത്തുവയ്ക്കണം. കെജിഎഫ് അടക്കമുള്ള ചിത്രങ്ങളുടെ പാൻ ഇന്ത്യ വിജയം കണക്കിലെടുത്താൽ ഹിന്ദിയെ എങ്ങനെ ദേശീയഭാഷ എന്ന് പറയാനാകും എന്നായിരുന്നു സുദീപിന്റെ ചോദ്യം. എതിർത്തും അനുകൂലിച്ചും വാക്പോര് ഇപ്പോഴും തുടരുന്നു. വിവാദം അതിന്റെ വഴിക്ക് നടക്കട്ടെ, പക്ഷേ തെന്നിന്ത്യൻ സിനിമ ബോളിവുഡിന് ഉയർത്തുന്ന വെല്ലുവിളികൾ അവഗണിക്കാനാകില്ല.

Follow Us:
Download App:
  • android
  • ios