തിരിച്ചുവരവ് രാജകീയമാക്കി കിംഗ് ഖാൻ; 1000 കോടിയിലേക്ക് കുതിച്ച് 'പഠാൻ'
ഒന്നിന് പുറകെ ഒന്നായി പരാജയങ്ങൾ മാത്രം സ്വന്തമാക്കിയിരുന്ന ബോളിവുഡിനെ പഴയ പ്രതാപത്തിലേക്ക് ഷാരൂഖ് തിരിച്ചെത്തിച്ചെന്ന് നിസംശയം പറയാം. രാജ്യം വീണപ്പോൾ രാജാവ് യോദ്ധാവായി മാറിയ നിമിഷം. വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച നിമിഷം.
ബോളിവുഡിന്റെ ബാദ്ഷ. ഷാരൂഖ് ഖാനെ കാലം വാഴ്ത്തുന്നത് അങ്ങനെയാണ്. ബോളിവുഡ് ലോകത്ത് സ്വന്തമായൊരു തട്ടകം ഒരുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല ഷാരൂഖിന്. എന്നാൽ പ്രതിസന്ധികളെ ഭേദിച്ച് ഷാരൂഖ് നേടിയെടുത്തതാകട്ടെ ബോളിവുഡിന്റെ കിംഗ് ഖാൻ എന്ന പദവിയും.
ക്യാൻസർ ബാധിച്ച് മരിച്ച അച്ഛന്റെ മൃതദേഹം കൊണ്ടു പോകാൻ കാശില്ലാതിരുന്ന ഒരു പതിനാറ് കാരൻ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായി മാറി. ലോകത്തിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റികളിൽ ആദ്യസ്ഥാനങ്ങളിലും അയാൾ ഇടംപിടിച്ചു. ബോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാവായി. ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡെന്ന് പറഞ്ഞിരുന്ന കാലം മുതലുള്ള ഒരേയൊരു രാജാവ്.
2013ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് ആയിരുന്നു ഷാരൂഖ് ഖാന്റെ അവാസ വിജയ ചിത്രം. പിന്നീട് വന്നത് തുടരെയുള്ള പരാജയങ്ങൾ. ആ കാലത്ത് ഷാരൂഖ് ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞെന്ന തരത്തിൽ ചർച്ചകളും സജീവമായി. ഒടുവിൽ നാല് വർഷത്തോളം സിനിമയിൽ നിന്നും ഷാരൂഖിന് ബ്രേക്ക് എടുക്കേണ്ടിയും വന്നു.
ഇതിനിടയിൽ തന്നെ കഷ്ടകാലത്തിൻ്റെ റീലുകൾ ബോളിവുഡിനെ കീഴ്പ്പെടുത്തി. കൊട്ടിഘോഷിച്ച് കോടികൾ മുടക്കിയ, സൂപ്പർതാര ചിത്രങ്ങൾ ഒന്നൊന്നായി, കാലിടറി വീണു. മുൻപെങ്ങും ഇല്ലാത്ത വിധം തെന്നിന്ത്യൻ സിനിമകളുടെ വെല്ലുവിളിയും ബോളിവുഡിന്റെ സ്ഥിതിയെ രൂക്ഷമായി ബാധിച്ചു. പരമ്പരാഗത ഹിന്ദി സിനിമാ പ്രേമികള്‍ പോലും ബോളിവുഡ് സിനിമകളേക്കാൾ താല്‍പര്യം, തെന്നിന്ത്യന്‍ സിനിമകളോട് കാണിച്ചു തുടങ്ങി. വൈകിയെങ്കിലും അടിയന്തിരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹിന്ദി സിനിമാവ്യവസായം പൂർണ തകർച്ച നേരിടേണ്ടി വരുമെന്ന അവസ്ഥ.
ഈ അവസരത്തിൽ ആണ് പഠാൻ എന്ന സിദ്ധാർത്ഥ് ആനന്ദ് ചിത്രം പ്രഖ്യാപിക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ചിത്രം പ്രേക്ഷക ശ്രദ്ധനേടി. വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങി ഷാരൂഖ് യുഗം അവസാനിച്ചു എന്ന് വിധി എഴുതിയിടത്ത് നിന്നും വലിയ ഹൈപ്പോടെ എസ് ആർ കെ ചിത്രം പ്രദർശനത്തിന് എത്തി. റിലീസ് ചെയ്ത് രണ്ടാം വാരം പൂർത്തിയാക്കുമ്പോൾ, ബോളിവുഡിന് ഒരേയൊരു കിരീടാവകാശി മാത്രമെ ഉള്ളൂവെന്ന് അടി വരയിട്ടു ഈ ചിത്രം.
2022 ഡിസംബർ 12നാണ് പഠാനിലെ ആദ്യഗാനം റിലീസ് ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. എന്നാൽ മറുഭാഗത്ത് പഠാനെ കാത്തിരുന്നതാകട്ടെ വിവാദങ്ങളുടെ വേലിയേറ്റവും. പഠാനിലൂടെ ബോളിവുഡ് സിനിമാ വ്യവസായം പ്രതിസന്ധികൾ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ ഗാനരംഗത്ത് ദീപിക ധരിച്ച കാവി ബിക്കിനി ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. ബോളിവുഡിനെ നിരാശയിലാഴ്ത്തി. വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും പൊട്ടിപ്പുറപ്പെട്ടു.
ഷാരൂഖിനെ നേരിൽ കണ്ടാൽ കൊല്ലുമെന്ന് ഭീഷണികൾ ഉയർന്നു. ശേഷക്രിയകൾ വരെ നടത്തി. എന്നാൽ ഇത്തരം കോലാഹലങ്ങളെ സൈഡാക്കി അഡ്വാൻസ് ബുക്കിംഗ് മുതൽ പഠാൻ കുതിച്ചു. ജനുവരി 25ന് നൂറിലധികം രാജ്യങ്ങളില്‍ 8000ലധികം സ്‍ക്രീനുകളിൽ ഷാരൂഖ് ചിത്രം പ്രദർശനത്തിന് എത്തി. വർഷങ്ങൾക്ക് ശേഷമെത്തിയ കിഗ് ഖാൻ ചിത്രം കാണാൻ ജനപ്രവാഹവും തിയറ്ററുകളിലേക്ക് ഒഴുകി.
പ്രവർത്തി ദിനത്തിലാണ് റിലീസ് ചെയ്തതെങ്കിലും ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി പഠാൻ മാറി. 55 കോടിയായിരുന്നു ആദ്യദിന നെറ്റ് കളക്ഷൻ. 53 കോടിയിലേറെ നേടിയ കെജിഎഫ് 2വിന്റെ ഹിന്ദി റെക്കോർഡ് ആണ് എസ്ആർകെ തകർത്തത്. ശേഷം ഇന്ത്യൻ സിനിമാ ലോകം കണ്ടത് പഠാന്റെ ബോക്സ് ഓഫീസ് പടയോട്ടം. 200, 300, 400 കോടി ക്ലബ്ബുകൾ പിന്നിട്ട്, ലോകമൊമ്പാടുമായി 900 കോടിയും കടന്ന് ചിത്രം മുന്നേറി. ഇതുവരെയുള്ള കണക്ക് പ്രകാരം 924 കോടിയാണ് പഠാൻ നേടിയിരിക്കുന്നത്.
പല കളക്ഷന്‍ റെക്കോര്‍ഡുകളും പഠാൻ പഴങ്കഥ ആക്കിക്കഴിഞ്ഞു. ഹിന്ദിയിൽ ഒന്നാം സ്ഥാനത്തുള്ള ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെയും പഠാൻ മറികടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഒപ്പം ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റില്‍ മൂന്നാം സ്ഥാനവും പഠാന്‍ സ്വന്തമാക്കി.
ഇതിനിടയിൽ ബഹിഷ്കരണ ആഹ്വാനമാണ് പഠാൻ വിജയിക്കാൻ കാരണമെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നു. എന്നാൽ ബഹിഷ്കരണമല്ല, ശക്തമായ കഥയും ഉള്ളടക്കവും ഉള്ള ഏത് സിനിമയും പ്രേക്ഷകർ ഏറ്റെടുക്കും എന്ന് പഠാൻ കാണിച്ച് കൊടുക്കുകയാണ് ചെയ്തത്. അത് തന്നെയാണ് ബോളിവുഡിന്റെ തിരിച്ചു വരവിന് കളമൊരുക്കിയതും.
അജയ് വാസുദേവിന്‍റെ കുഞ്ചാക്കോ ബോബന്‍ ചിത്രം; 'പകലും പാതിരാവും' റിലീസ് തിയതി
എന്തായാലും, ഒന്നിന് പുറകെ ഒന്നായി പരാജയങ്ങൾ മാത്രം സ്വന്തമാക്കിയിരുന്ന ബോളിവുഡിനെ പഴയ പ്രതാപത്തിലേക്ക് ഷാരൂഖ് തിരിച്ചെത്തിച്ചെന്ന് നിസംശയം പറയാം. രാജ്യം വീണപ്പോൾ രാജാവ് യോദ്ധാവായി മാറിയ നിമിഷം. വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച നിമിഷം. പഠാന്റെ വിജയം ഷാരൂഖിന്റേത് മാത്രമല്ല, ബോളിവുഡിന്റേയും കൂടിയാണ്.