അന്തിക്കാട് വഴി കടന്നുവന്ന മലയാളസിനിമ; അഥവാ സിനിമയിലെ സത്യന്‍ അന്തിക്കാട് ഇംപാക്ട്
38 വര്‍ഷമായി 56 ചിത്രങ്ങളിലൂടെ തന്‍റെ സിഗ്നേച്ചര്‍ ശൈലിയിലേക്ക് മറ്റുള്ളവരെ ഇഴചേർക്കുകയും അവയെ പ്രേക്ഷക പ്രിയങ്കരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന അനന്യസാധാരണമായ മാന്ത്രികത അന്തിക്കാടിൽമാത്രം ഒതുങ്ങിനിൽക്കുന്നു. 2018-ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ'വരെയും സാമ്പത്തിക വിജയമാക്കി മാറ്റാനും, തന്‍റെ ശൈലിയെ വിമർശിക്കുന്നവർക്ക് മറുപടിനൽകാനും സത്യൻ അന്തിക്കാടിനായി.
ചെന്നൈയിലെ സിനിമാ സുഹൃത്തുക്കൾ തമാശപോലെ സംവിധായകൻ ബാലയെക്കുറിച്ച് പറയാറുള്ള ഒരു കാര്യമുണ്ട്. തന്‍റെ ലൊക്കേഷനിലെ ഓരോ അംഗത്തെയും അദ്ദേഹം സസൂഷ്മം നിരീക്ഷിക്കാറുണ്ടെന്ന്. അദ്ദേഹം സെറ്റിൽ വരുമ്പോഴേക്കും ലൊക്കേഷന്‍റെ അവസാന അറ്റത്ത് നിൽക്കുന്ന ജൂനിയർ ആർട്ടിസ്റ്റ് പോലും നിശബ്ദത പാലിക്കുമെന്ന്. ആരിൽനിന്നും എന്ത് പ്രതീക്ഷിക്കണമെന്നും അത് എങ്ങനെ നേടിയെടുക്കണമെന്നും അദ്ദേഹത്തിന് നന്നായറിയാം. ഏത് പ്രൊഡക്ഷൻ ബോയിയോട് ചായ ചോദിച്ചാലാണ് ഏറ്റവും വേഗം ചായ ലഭിക്കുകയെന്നുകൂടെ ബാല കണ്ടുവച്ചിരിക്കും. ചിലപ്പോൾ ലൊക്കേഷന് പുറത്തേക്കും ആ നിരീക്ഷണ പാടവം സഞ്ചരിക്കാറുണ്ട്. ഒരു സംവിധായകന് ഒരിക്കലും അയാളുടെ മാത്രം കഴിവുകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാന്‍ സാധിക്കുകയില്ലെന്ന് സാരം.
സംവിധായകൻ എത്ര നല്ല കലാകാരനായി ഇരിക്കണമോ അത്രതന്നെ താൻ പ്രതിനിധീകരിക്കുന്ന ഇൻഡസ്ട്രിയെ നിരീക്ഷിക്കേണ്ടതുമുണ്ട്. കലാപരമായും വാണിജ്യപരമായും കോൺടെന്‍റ് നിർമ്മിക്കുക മാത്രമല്ല, അത് ഡെലിവർ ചെയ്യാൻ സാധിക്കുന്നവരെ കൃത്യമായി കൂടെച്ചേർക്കുക എന്നതുകൂടിയാണ് ഒരു യഥാർത്ഥ ചലച്ചിത്രകാരന്‍റെ ദൗത്യം. സിനിമയിൽ നിലനിൽക്കുന്ന അഭിനേതാക്കൾ, എഴുത്തുകാർ, സാങ്കേതിക പ്രവർത്തകർ എന്നിങ്ങനെ തനിക്ക് ഏറ്റവും അനുയോജ്യനായ പരസ്യകലാകാരൻ ആരാണെന്നും, ലൊക്കേഷൻ മാനേജർ ആരാണെന്നുംവരെ അദ്ദേഹം നിരീക്ഷിച്ചുകൊണ്ടിരിക്കണം. നിലനില്കുന്നവരിൽനിന്നും താൻ പ്രതീക്ഷിക്കുന്നത് ലഭിക്കുകയില്ലെന്ന് തോന്നുന്നുവെങ്കിൽ പുതിയ ആളുകളെ പരീക്ഷിക്കാനുള്ള ധൈര്യവും അയാൾ പുലർത്തേണ്ടതുണ്ട്.
മുകളിൽ പറഞ്ഞത് മാനദണ്ഡമാക്കിയെടുത്താൽ മലയാളത്തിലെ ഏറ്റവും successful ആയ സംവിധായകരിലൊരാള്‍ സത്യൻ അന്തിക്കാടാണ്. സ്വയം ഒരു ചലച്ചിത്ര സരണി നിർമ്മിക്കുകയും ആ വഴിയിലേക്ക് തനിക്ക് അനുയോജ്യരായവരെ കണ്ടെത്തി താൻ കൽപ്പിക്കുന്ന പരുവത്തിലേക്ക് അവരുടെ വൈഭവത്തെ സന്നിവേശിപ്പിക്കുകയും ചെയ്യുന്നതിൽ മലയാള സിനിമയിൽ അന്തിക്കാടിന് അധികം പകരക്കാര്‍ ഉണ്ടാവില്ല. താൻ പ്രതിനിധീകരിക്കുന്ന മീഡിയത്തിൽ എത്തരത്തിലുള്ള ഉള്ളടക്കമാണ് ഉണ്ടാവേണ്ടതെന്ന് കൃത്യമായ ഉൾക്കാഴ്ചയുള്ള സംവിധായകൻ. തനിക്ക് ലഭിച്ച 'ടൂളുകളെ' അതിലേക്ക് പരിവർത്തനപ്പെടുത്തി, താൻ വരയ്ക്കുന്ന 'അന്തിക്കാടൻ വൃത്ത'ത്തിനുള്ളിലേക്ക് ഓരോ അഭിനേതാവിനെയും എഴുത്തുകാരനെയും എത്തിച്ചു എന്നതിലാണ് അദ്ദേഹം 38 വർഷങ്ങളായി കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. അവരുടെ ചലച്ചിത്ര ജീവിതത്തിൽനിന്ന് തനിക്കാവശ്യമായത് മാത്രമെടുത്ത് അവരെ സ്വാതന്ത്രരാക്കും സംവിധായകനെങ്കിലും പിന്നീടുള്ള അവരുടെ യാത്രയിൽ ഈ 'അന്തിക്കാടൻ ടച്ച്' നമുക്ക് കാണാനാകും. സത്യൻ അന്തിക്കാടിന്‍റെ ചലച്ചിത്രലോകം അത്തരത്തിലൊരു ക്യാൻവാസാണ്. വരുന്നവർക്ക് അദ്ദേഹത്തിനനുസൃതമായി നിറങ്ങളുപയോഗിക്കാതെ നിവൃത്തിയില്ല. പോയതിനുശേഷവും ആ നിറങ്ങൾ അവരിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും.
'ടി.പി ബാലഗോപാലൻ MA'എഴുതുന്നതുവരെ ശ്രീനിവാസൻ മലയാളത്തിന് അനേകം ഹാസ്യ എഴുത്തുകാരിൽ ഒരാൾ മാത്രമായിരുന്നു. അതിസാധാരണ മുഹൂർത്തങ്ങളെ അസാധാരണമായി കോർത്തിണക്കി വാണിജ്യ സിനിമയുടെ മേമ്പൊടിയും ചേർത്ത് വിളമ്പുകളായിരുന്നു ശ്രീനിവാസൻ. യുക്തിയും സാമൂഹികതയും മാറ്റിവെച്ച് അസംബന്ധഹാസ്യങ്ങളിലൂടെ ജനങ്ങൾ ചിരിക്കട്ടെയെന്ന് വാശിപിടിക്കുന്ന ശ്രീനിവാസനെ നമുക്ക് ആ സിനിമക്കുമുന്നെ കാണാം. 1984-ൽ മലയാള സിനിമയിൽ എഴുത്തുകാരനായി അരങ്ങേറ്റംക്കുറിച്ച അദ്ദേഹം, 1986-ൽ 'ടി. പി ബാലഗോപാലൻ MA'യിലൂടെയാണ് ഗൗരവമുള്ള ഉള്ളടക്കത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യ കാഴ്ചയിൽ ലളിതമായി തോന്നാവുന്ന സിനിമ ആധുനികവത്കരണത്തിലേക്ക് കടക്കുംമുന്‍പുള്ള ഇന്ത്യൻ മധ്യവർഗ യുവതയെ പ്രതിഫലിപ്പിച്ചു.
ശ്രീനിവാസൻ അത്രയുംനാൾ ഉപയോഗിക്കാൻ ധൈര്യപ്പെടാത്ത യുക്തിയും വൈകാരികതയും 'ടി. പി ബാലഗോപാലൻ MA'യിലൂടെ പരീക്ഷിക്കുന്നുണ്ട്. സത്യൻ അന്തിക്കാട് തനിക്കാവശ്യമായ ശുദ്ധനർമ്മത്തെ ശ്രീനിവാസനിൽനിന്നും എടുക്കുകയും ശ്രീനിവാസനിൽത്തന്നെയുള്ള വിഷയഗൗരവത്തെയും വൈകാരികതയെയും കണ്ടെത്താൻ സഹായിക്കുകെയും ചെയ്തു. പിന്നീട് അതേവർഷം തന്നെ പുറത്തിറങ്ങിയ സിബി മലയിലിന്‍റെ 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലും കാമ്പുള്ള ഉള്ളടക്കം കൊണ്ടുവരുന്നുണ്ട് ശ്രീനിവാസൻ. ആ ചിത്രത്തിനുശേഷം തന്‍റെ പ്രിയസംവിധായകൻ പ്രിയദർശനുവേണ്ടി എഴുതുന്ന സിനിമകളിലും ഇതേ സന്നിവേശം സംഭവിക്കുന്നുണ്ട്. ചുരുക്കത്തിൽ അന്തികാടിലൂടെ ശ്രീനിവാസനിൽ സംഭവിച്ച മാറ്റം മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന്‍റെ ശൈലീനിർമ്മിതികൂടിയായി മാറി എന്നുവേണം കരുതാൻ.
ശ്രീനിവാസനുമായി വിജയചിത്രങ്ങൾ ചെയ്യുമ്പോൾത്തന്നെയാണ് 1987ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ലോഹിതദാസ് സത്യൻ അന്തിക്കാടിനോട് ചേരുന്നത്. 1988ൽ 'കുടുംബപുരാണം' ചെയ്യുന്നതുവരെ ലോഹിതദാസിലെ നർമ്മവും ലാളിത്യവും മലയാള സിനിമ കണ്ടെത്തിയിരുന്നില്ല. തീവ്രവൈകാരികതയുടെ എഴുത്തുകാരനിലേക്ക് എത്തിയ ലാളിത്യത്തിന്‍റെ സംയോജനമായിരുന്നു 'കുടുംബപുരാണം'. സമീപിക്കുന്ന വിഷയത്തെ ഗൗരവമായി അവതരിപ്പിക്കുന്ന ലോഹിതദാസ് ശൈലിയിലേക്ക്, തന്‍റെ ശൈലിയിലുള്ള ഹാസ്യവും ലാളിത്യവും ഇഴചേർക്കുകയായിരുന്നു സംവിധായകൻ.
നേരിട്ട് വിഷയത്തിലേക്ക് സഗൗരവം പ്രവേശിക്കാതെ ലാളിത്യത്തിന്‍റെ ഭൂമികയിൽ പ്രേക്ഷകരെ വിശ്രമിക്കാൻവിട്ട്, അതിനുമപ്പുറം അവരെ സിനിമയുടെ കാതലിലേക്ക് ക്ഷണിച്ചുതുടങ്ങാൻ പഠിക്കുന്നു എഴുത്തുകാരൻ. 'കുടുംബപുരാണ'ത്തിനു മുന്‍പേ ലോഹിതദാസ് എഴുതിയ 'തനിയാവർത്തന'വും, അതിനുശേഷം എഴുതിയ 'ദശരഥ'വും ഈ രീതിയിലാണ് വ്യത്യസ്തമായിരിക്കുന്നത്. 'തനിയാവർത്തന'ത്തോളംതന്നെ സന്ദിഗ്ധമായ വൈകാരിക വിഷയമായിരുന്നിട്ടുകൂടി, രചയിതാവ് 'ദശരഥ'ത്തിൽ തന്‍റെ സ്വതസിദ്ധമായ ഗൗരവം വെടിഞ്ഞ് നുറുങ്ങു നർമ്മത്തോടും ലാളിത്യത്തോടും ചേർന്നുനിന്ന് കഥപറയാൻ ശ്രമിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് പേരെടുത്ത എല്ലാ ലോഹിതദാസ് ചിത്രങ്ങളിലും ഈ രൂപാന്തരം നമുക്ക് വീക്ഷിക്കാനാകും. ലോഹിതദാസിനെ പേശികൾ അയച്ച് എഴുതാൻ പഠിപ്പിച്ച സംവിധായകനായി സത്യൻ അന്തിക്കാടിനെ വായിക്കാവുന്നതാണ്.
സത്യൻ അന്തിക്കാടുമായി മുൻപും പിൻപും സഹകരിച്ച എല്ലാ തിരക്കഥാകൃത്തുകളിലും നമുക്കീ പരിണാമം കാണാനാകും. മുന്‍പുള്ള രചനകളിലും വിഷയവൈവിധ്യം പുലര്‍ത്തിയിരുന്ന രഘുനാഥ് പലേരി ഗ്രാമ്യജീവിതത്തിന്‍റെ സാലള്യത്തിലേക്ക് എത്തുന്നത് ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ്. 1988ല്‍ പുറത്തെത്തിയ പൊന്മുട്ടയിടുന്ന താറാവ് ആയിരുന്നു ആ ചിത്രം. നാടകീയതയിൽ നർമ്മവും റിയലിസവും ചേർക്കുന്ന 'റെസിപ്പീ ബുക്കു'മായാണ് പലേരി 'അന്തിക്കാടൻ-സ്കൂളി'ന്‍റെ പടിയിറങ്ങിയത്. പിന്നീട് അദ്ദേഹം മറ്റു സംവിധായകർക്കായി എഴുതിയ രചനകളിലും ഈ സ്വാധീനം നമുക്ക് കാണാം.
'രണ്ടാംഭാവവും' 'മീശമാധവനും' എഴുതി 'മനസ്സിനക്കരെ'യിലേക്ക് എത്തുന്ന രഞ്ജൻ പ്രമോദിലും സംഭവിക്കുന്നത് ഇതേ 'പരിണാമ സിദ്ധാന്തമാണ്'. 'മനസ്സിനക്കരെ'യിലും 'അച്ചുവിന്‍റെ അമ്മയിലും' രഞ്ജൻ എഴുതിയ കാച്ചിക്കുറുക്കിയ സംഭാഷണങ്ങൾ അദ്ദേഹത്തിന്‍റെ മറ്റ് സിനിമകളിൽ കാണാൻ സാധിക്കില്ല. പക്ഷെ, 'അച്ചുവിന്‍റെ അമ്മ'ക്ക് ശേഷമുള്ള സിനിമകളിൽ രഞ്ജൻ സംഭാഷണങ്ങളിൽ കുറച്ചുകൂടെ ശ്രദ്ധപുലർത്തുന്നതും കാണാം. 'രണ്ടാംഭാവ'ത്തിൽ വിജയിക്കാതെപോയ ഡ്രാമയും 'മീശമാധവ'നിൽ പരീക്ഷിക്കാൻ സാധിക്കാതിരുന്ന സംഭാഷണ ശൈലിയും കോർത്തിണക്കി വിജയിപ്പിക്കുകയായിരുന്നു രഞ്ജൻ പ്രമോദിലൂടെ സത്യന്‍ അന്തിക്കാട്.
ഈ പറഞ്ഞതൊക്കെ തിരക്കഥാകൃത്തിന്‍റെ ക്രെഡിറ്റിലേക്ക് സുഗമമായി ചേർക്കപ്പെടാവുന്ന കാര്യങ്ങൾതന്നെയാണ്. എല്ലാറ്റിലും ഒരൊറ്റ സംവിധായകന്‍റെ സാന്നിധ്യത്തെ കണ്ടെത്തി, അയാളിലൂടെ അവരുടെ വൈഭവത്തെ അളക്കുന്നത് അനൗചിത്യമായോ അതിവായനയായോപോലും കണക്കാക്കപ്പെടാം. പക്ഷെ, ഈ പറഞ്ഞ തിരക്കഥാകൃത്തുക്കളുടെയെല്ലാം ചലച്ചിത്രജീവിതത്തിൽ സത്യൻ അന്തിക്കാടിനായി എഴുതിയ ചിത്രങ്ങൾ വ്യത്യസ്തമായിത്തന്നെ മാറിനിൽക്കുന്നു, എന്നാൽ സത്യൻ അന്തിക്കാട് സിനിമകൾ വ്യത്യസ്തമല്ലതാനും.
സിബി മലയിൽ എന്ന സംവിധായകന്‍റെ ചലച്ചിത്രജീവിതം പരിശോധിച്ചാൽ അദ്ദേഹമെന്നും എഴുത്തുകാരന് അനുസൃതമായി സഞ്ചരിച്ചയാളാണ്. തന്‍റെ ശൈലിയിൽ ഫ്ലെക്സിബിളായി നിലയുറച്ച് തിരക്കഥാകൃത്തിന്‍റെ ശൈലിയിലേക്ക് സമരസപെട്ട് സിനിമകളെ മനോഹരമാക്കി തീർത്ത സംവിധായകൻ. അതുകൊണ്ടുതന്നെയാണ് ശ്രീനിവാസൻ രചിച്ച 'മുത്താരംകുന്ന് പി ഒ' എന്ന ചിത്രവും, ലോഹിതദാസിന്‍റെ 'കിരീടവും' സിബി മലയിൽ ചിത്രങ്ങളായി നിൽക്കുമ്പോൾത്തന്നെ തിരക്കഥാകൃത്തുക്കളുടെ പേരിൽ വായിക്കപ്പെടുന്നതും. പക്ഷെ അതേസമയം 'തലയണമന്ത്രവും' 'വീണ്ടും ചില വീട്ടുകാര്യങ്ങളും' ഇന്നും അന്തിക്കാടിന്‍റെ അക്കൗണ്ടിൽ ചേർക്കപെടുന്നുണ്ട്. കാരണം, സിബി മലയിലിന്‍റെ രണ്ട് ചിത്രങ്ങൾ ഒരിക്കലും സംവിധായക ശൈലിയിൽ കൂട്ടികെട്ടാവുന്ന ചിത്രങ്ങളല്ല. എന്നാൽ അതേ തിരക്കഥാകൃത്തുക്കൾ സത്യൻ അന്തിക്കാടിനായി എഴുതിയ ചിത്രങ്ങൾ ഒരേ ശൈലിയിൽ വായിക്കപ്പെടാവുന്നവയാണ്. ഏത് തിരക്കഥയേയും 'അന്തിക്കാടൻ-ഴോണറി'ലേക്ക് ചേർത്ത് കെട്ടുകയായിരുന്നു സംവിധായകൻ.
തിരക്കഥാകൃത്തുക്കൾ സത്യൻ അന്തിക്കാട് സിനിമകളിലൂടെ വഴിതിരിഞ്ഞ് പോയപ്പോൾ, തങ്ങളുടെ വഴി കണ്ടെത്തിയവരായി അഭിനേതാക്കൾ. ചലച്ചിത്രജീവിതത്തിൽ വ്യത്യസ്തമായ ഭാവുകത്വം പുലർത്തിയ പല അഭിനേതാക്കളും അന്തിക്കാട് സിനിമകളിലൂടെ തങ്ങളുടെ യഥാർത്ഥ ഭൂമിക കണ്ടെത്തുകയായിരുന്നു. ചിലർ ആ പാതയിൽ പൂർവാധികം ശക്തരായി തുടർന്നതും ചിലർ പരാജയപ്പെട്ടതും നമുക്ക് കാണാം.
'അപരനി'ലൂടെ 1988ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ജയറാം, വൈകാരികതയോട് മത്സരിച്ചും നാടകീയതയോട് സന്ധിചെയ്തും കായികാഭിനയത്തിൽ വിയർത്തും നീങ്ങുമ്പോഴാണ് സത്യൻ അന്തിക്കാട് അതേ വർഷം 'പൊന്മുട്ടയിടുന്ന താറാവി'ലെ ഗൾഫുകാരൻ പവിത്രനാക്കുന്നത്. അത് യാഥാർഥ്യത്തിൽ ജയറാം എന്ന നടന്‍റെ സ്വയം തിരിച്ചറിവുകൂടിയായിരുന്നു. തനിക്ക് ഉതകുന്ന വേഷമേതാണെന്ന് നടനും, ആ നടനെ എങ്ങനെ ഉപയോഗിക്കണമെന്ന് മറ്റ് സംവിധായകരും കണ്ടെത്തുകകൂടിയായിരുന്നു. അഭിനേതാവിന്‍റെ പരിമിതികളെ തമസ്കരിച്ചുകൊണ്ട്, കഴിവുകളെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയ പാത്രസൃഷ്ടിയായിമാറി പവിത്രൻ. ശ്രീനിവാസനോടും ഉർവശിയോടും ഇന്നസെന്‍റിനോടും മത്സരിച്ച് തന്‍റേതായ ഇടം ജയറാം ആ സിനിമയിൽ നേടിയെടുക്കുന്നു. മുഖ്യവേഷമായിരുന്നിട്ടുകൂടി 'മൂന്നാം പക്കം' തിലകൻ അദ്ദേഹത്തിന്‍റെ ചിത്രമാക്കിമാറ്റിയെടുത്തിടത്താണ് ജയറാമിന്‍റെ ഈ തിരിച്ചുവരവ് എന്നുകൂടിയോർക്കണം.
'പൊന്മുട്ടയാനന്തരകാലത്തിൽ' കമലിനും രാജസേനനും എന്തിന് തൊട്ടപ്പനായ പത്മരാജനുതന്നെയും ജയറാമിനെ എങ്ങനെ ഉപയോഗിക്കണമെന്ന 'ടെക്സ്റ്റ്'-ആയി മാറി ആ ചിത്രം. 1989-ൽ 'പെരുവണ്ണാപുരത്തെ വിശേഷങ്ങളി'ല്‍ പവിത്രൻ നിഴലിച്ചുനിന്ന കഥാപാത്രമായപ്പോൾ, അതേവർഷമിറങ്ങിയ പത്മരാജന്‍റെ 'ഇന്നലെ' സംവിധായകൻ നടനെ തിരിച്ചറിഞ്ഞതിന്‍റെയും, നടൻ പരിവർത്തനപ്പെട്ടതിന്‍റെയും ദൃഷ്ടാന്തമായി.
ഈ വീക്ഷണകോണിലൂടെ വായിച്ചാൽ, മോഹൻലാൽ എന്ന നടന്‍റെ ജീവിതത്തിലും വലിയ വഴിത്തിരിവായിരുന്നു സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍. ലാലിനെക്കുറിച്ച് നമ്മൾ പാടിപുകഴ്ത്തുന്ന 'അടുത്ത വീട്ടിലെ പയ്യൻ' ഇമേജ് അല്ലങ്കിൽ മധ്യവർഗക്കാരനായ മലയാളിയുടെ പരിച്ഛേദം എന്നീ വിശേഷണങ്ങളിലേക്ക് നടനെ നയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അന്തിക്കാട് സിനിമകളാണ്. മോഹൻലാലിൽ മറഞ്ഞിരുന്നിരുന്ന സാധാരണക്കാരനായ, കുറവുകളും പരിമിതികളുമുള്ള 'മിഡിൽ ക്ലാസ്സ്' മലയാളി യുവാവിനെ സത്യൻ അന്തിക്കാട് കണ്ടെടുക്കുകയായിരുന്നു. ആ നടന്‍റെ ചലച്ചിത്രജീവിതത്തെ 'ടി. പി. ബാലഗോപാലൻ MA'ക്ക് മുൻപും പിൻപും എന്ന് അടയാളപ്പെടുത്തുന്നതില്‍ അത്ര അതിശയോക്തി ഉണ്ടാവില്ല. അത് ആ ചിത്രംകൊണ്ട് മാത്രമല്ല. 1986, മോഹൻലാൽ എന്ന നടന്‍റെ ജീവിതത്തിലെ സുപ്രധാന വർഷമാണ്. 'പഞ്ചാഗ്നി', 'മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു', 'കരിയിലകാറ്റുപോലെ', 'നിന്നിഷ്ടം എന്നിഷ്ടം', 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം', 'ദേശാടനക്കിളികൾ കരയാറില്ല', 'രാജാവിന്‍റെ മകൻ', 'ഗാന്ധിനഗർ സെക്കന്‍ഡ് സ്ട്രീറ്റ്', 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ', 'സുഖമോ ദേവി', 'താളവട്ടം' എന്നിങ്ങനെ വ്യത്യസ്തവും മികച്ചതുമായ ചിത്രങ്ങളിൽ ലാൽ അഭിനയിച്ചത് ഈ വർഷമാണ്. പക്ഷെ, മികച്ച നടനുള്ള ആ വർഷത്തെ സംസ്ഥാന അവാർഡ് ലാലിന് നേടികൊടുത്തതാകട്ടെ 'ടി. പി. ബാലഗോപാലൻ MA'യിലെ പ്രകടനവും. ആ വർഷംതൊട്ടാണ് മോഹൻലാൽ മലയാളിയുടെ ചലച്ചിത്ര സദ്യയിലെ ഒഴിവാക്കാനാവാത്ത വിഭവമായതും. താൻ അനുഭവിച്ചിരുന്ന ഒരുതരം സ്വത്വപ്രതിസന്ധി ആ നടൻ സത്യൻ അന്തിക്കാടിലൂടെ മറികടന്നു എന്നുവേണം വായിച്ചെടുക്കാൻ.
മോഹൻലാലിലും ജയറാമിലും കാണാവുന്ന ഈ സവിശേഷത സത്യൻ അന്തിക്കാടുമായി സഹകരിച്ച മറ്റ് പല നടീനടന്മാരിലും കാണാം. തിലകൻ, ശങ്കരാടി, കരമന, ജനാർദനൻ, ഉർവശി, ഒടുവിൽ ഉണ്ണികൃഷ്ണൻ, KPAC ലളിത, ഇന്നസെന്‍റ്, ബാലചന്ദ്ര മേനോൻ തുടങ്ങിയവർ സംവിധായകനിലൂടെ പുതിയ അഭിനയ ശൈലി കണ്ടെത്തിയവരും അത് പിന്നീട് തങ്ങളുടെ കലാജീവിതത്തിൽ നിലനിർത്തിയവരുമാണ്.
പുതുമുഖങ്ങളെ പരീക്ഷിക്കുന്നതിൽ പൊതുവെ വിമുഖത പ്രകടിപ്പിച്ചിട്ടുള്ള സത്യൻ അന്തിക്കാട് (നയൻ താര, സംയുക്ത വർമ്മ, അസിൻ, നീന കുറുപ്പ് എന്നിവരെ മറന്നതല്ല), പക്ഷെ മറ്റൊരു സംവിധായകൻ പരീക്ഷിച്ച പുതുമുഖത്തെ ഏറ്റവും അനുയോജ്യമായി തന്‍റെ സിനിമയിൽ ഉപയോഗിക്കുന്നതിൽ എന്നാൽ വിജയിക്കാറുമുണ്ട്. നേരത്തെ പറഞ്ഞതുപോലെ ജയറാമാണ് അതിനു ഏറ്റവും മികച്ച ഉദാഹരണമെങ്കിലും 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി'ലെ ശാരിയെ അചിന്തനീയമാംവിധം 'പൊന്മുട്ടയിടുന്ന താറാവി'ലെ നൃത്താദ്ധ്യാപികയാക്കി മാറ്റുന്നതിലാണ് 'അന്തിക്കാടൻ-ബ്രില്യൻസ്'. 'മഴവിൽ കാവടിയിലെ' സിതാര, 'തൂവൽകൊട്ടാരത്തിലെ' മഞ്ജു വാര്യർ, 'ബാലഗോപാലനിലെ' ശോഭന, 'അച്ചുവിന്‍റെ അമ്മയിലെ' മീര ജാസ്മിൻ; എന്നുതുടങ്ങി 'യാത്രക്കാരുടെ ശ്രദ്ധക്ക്' എന്ന ചിത്രത്തിലെ സൗന്ദര്യയും, 'ഭാഗ്യദേവതയിലെ' കനിഹയുംവരെ ഇതേ പട്ടികയിൽ വരുന്നു.
കൗതുകകരമായ മറ്റൊരു സംഗതി നോക്കാം. മലയാള സിനിമയിൽനിന്നും വർഷങ്ങൾ മാറിനിന്ന രണ്ട് നടിമാർ, മലയാള സിനിമ തന്നെ അവരെ മറന്നുപോകുന്ന ഒരവസരത്തിൽ അവരെ തിരികെകൊണ്ടുവന്ന് തന്‍റെ സിനിമകളിൽ പ്രധാനവേഷം നൽകുക. ഈ 'സാഹസ'ത്തെ പ്രാവർത്തികമാക്കി വിജയിപ്പിച്ച ചലച്ചിത്രകാരനാണ് സത്യൻ അന്തിക്കാട്. 2003-ൽ 'മനസിനക്കരെ'യിലൂടെ ഷീലയും, 2005-ൽ 'അച്ചുവിന്‍റെ അമ്മ'യിലൂടെ ഉർവശിയും ചലച്ചിത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി.
പ്രധാന വസ്തുത അവരുടെ തിരിച്ചുവരവല്ല, മറിച്ച് ഭൂതകാല സിനിമകളുടെ പ്രേതബാധകളെ കുതറിയെറിഞ്ഞ് സത്യൻ അന്തിക്കാട് ശൈലിയിലേക്കാണ് അവർ തിരികെയെത്തിയത് എന്നതിലാണ്. അന്തിക്കാട് സിനിമകളിൽ പ്രസരിപ്പാർന്ന യുവനായികയായി തിളങ്ങിയിരുന്ന ഉർവശി, അമ്മ വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. തിരിച്ചുവരവിൽ ഈ അഭിനേതാക്കളെ എങ്ങനെ ഉപയോഗിക്കണമെന്ന പാഠപുസ്തകങ്ങൾ കൂടിയായിമാറി ആ ചലച്ചിത്രങ്ങൾ. 2004-ൽ 'അകലെ'യിലൂടെ ഷീല മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ, ഉർവശി 'അച്ചുവിന്‍റെ അമ്മ'യിലെ പ്രകടനത്തിന് സഹനടിക്കുള്ള ദേശീയ പുരസ്കാരവും 'മധുചന്ദ്രലേഖ'യിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടിയത് ഈ വസ്തുതകൾക്കുള്ള അധികത്തെളിവുകളുമായി.
38 വർഷങ്ങൾ സിനിമയിൽ പിടിച്ചുനിൽക്കുക എന്നത് ചെറിയകാര്യമായിരിക്കാം. 38 വർഷങ്ങൾ വിജയചിത്രങ്ങളുടെ സംവിധായകനായി നിലനിൽക്കുകയെന്നത് വലിയകാര്യമാണെങ്കിലും സവിശേഷതയല്ലന്ന് വാദിക്കാം. സത്യൻ അന്തിക്കാടിന്‍റെ തന്നെ സമകാലികരായ ജോഷിയെയും കമലിനെയും കണ്ടില്ലേയെന്ന് ചോദിക്കാം. എങ്കിലും, 38 വര്‍ഷമായി 56 ചിത്രങ്ങളിലൂടെ തന്‍റെ സിഗ്നേച്ചര്‍ ശൈലിയിലേക്ക് മറ്റുള്ളവരെ ഇഴചേർക്കുകയും അവയെ പ്രേക്ഷക പ്രിയങ്കരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന അനന്യസാധാരണമായ മാന്ത്രികത അന്തിക്കാടിൽമാത്രം ഒതുങ്ങിനിൽക്കുന്നു. 2018-ൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ'വരെയും സാമ്പത്തിക വിജയമാക്കി മാറ്റാനും, തന്‍റെ ശൈലിയെ വിമർശിക്കുന്നവർക്ക് മറുപടിനൽകാനും സത്യൻ അന്തിക്കാടിനായി.
ഞാൻ പ്രതിപാദിക്കാത്ത ചിത്രങ്ങളുണ്ടാകാം, അഭിനേതാക്കളും എഴുത്തുക്കാരുമുണ്ടാകാം, പരാജയചിത്രങ്ങളുടെ എണ്ണം ഇപ്പോൾ മനസ്സിൽ കണക്കുകൂട്ടുന്നവരും കാണാം. എന്നിരുന്നാലും, സത്യൻ അന്തിക്കാട് ഞാൻ അവതരിപ്പിക്കാൻ ശ്രമിച്ച മാനദണ്ഡത്തിൽ മലയാള സിനിമ ഇന്നോളം കണ്ട ഏറ്റവും 'successful'ആയ സംവിധായകൻ തന്നെയാണ്.