മലയാളിയെ ഏറെ ചിരിപ്പിച്ച രംഗവും, ട്രോളും: പക്ഷെ ഇന്ന് ഒരു നൊമ്പരമാണ്.!
ഇത്തരത്തില്‍ എന്നും ചിരിപ്പിക്കുന്ന നാടോടിക്കാറ്റിലെ ഒരു മീം ഇന്ന് സോഷ്യല്‍ മീഡിയയെ ഒരു നിമിഷം വേദനിപ്പിച്ചു
തിരുവനന്തപുരം:മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് കോമഡി ചിത്രമാണ് നാടോടിക്കാറ്റ്. ഇന്നും മലയാളി അസ്വദിക്കുന്ന സിനിമ എന്നതിനപ്പുറം സോഷ്യല്‍ മീഡിയ കാലത്ത് അതിലെ ഒരോ സീനും ട്രോളും മീമും ഒക്കെയായിയ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇത്തരത്തില്‍ എന്നും ചിരിപ്പിക്കുന്ന നാടോടിക്കാറ്റിലെ ഒരു മീം ഇന്ന് സോഷ്യല്‍ മീഡിയയെ ഒരു നിമിഷം വേദനിപ്പിച്ചു.
നാടോടിക്കാറ്റില്‍ പ്രധാന വില്ലനാണ് തിലകന്‍ അവതരിപ്പിക്കുന്ന അനന്തന്‍ നമ്പ്യാര്‍. ഇയാളുടെ ശിങ്കിടികളാണ് കുണ്ടറ ജോണിയും, കൊല്ലം അജിത്തും. ഇവര്‍ ദുബായി ആണെന്ന് പറ്റിക്കപ്പെട്ട് ചെന്നൈ തീരത്ത് എത്തുകയും അനന്തന്‍ നമ്പ്യാറുടെ ശിങ്കിടികള്‍ ഇവരുടെ കൈയ്യില്‍ കള്ളക്കടത്ത് സാധനം കൊടുത്ത് പകരം ഡോളറാണെന്ന് കരുതി ഇവരുടെ പെട്ടി തട്ടിയെടുക്കുന്നു.
ഇതുമായി അനന്തന്‍ നമ്പ്യാരുടെ അടുത്തെത്തി അയാള്‍ അത് തുറക്കുമ്പോള്‍, എവിടെ സാധനം എവിടെ എന്ന് ചോദിക്കുന്ന സന്ദര്‍ഭമാണ് ഈ മീം. ഇത് പലപ്പോഴും പലയിടത്തും വ്യാപകമായി ഉപയോഗിക്കുന്ന മീം ആണ്. ഒരാള്‍ ഒരു വിഷയത്തില്‍ കുറേ പറയുകയും,എന്നാല്‍ യഥാര്‍ത്ഥ വിഷയം വിട്ടുപോയാലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.
എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഈ മീം ഒരു നൊമ്പരമാണ്. ഈ ചിത്രത്തിലുള്ള മൂന്ന് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. നടന്‍ തിലകന്‍ 2012 സെപ്റ്റംബർ 24ന് അന്തരിച്ചത്. 2018 ഏപ്രിൽ 5 നാണ് കൊല്ലം അജിത്ത് വിടവാങ്ങിയത്. ഒടുവില്‍ കുണ്ടറ ജോണി കഴിഞ്ഞ ദിവസം അന്തരിച്ചു. അതിനാല്‍ തന്നെ പലരും സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ചലച്ചിത്ര നടൻ കുണ്ടറ ജോണി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം.
ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാഗമായി.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പാടിയാൻ ആയിരുന്നു ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ: കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹന്‍ലാല്‍