'ഞാനും എന്‍റെ കുടുംബവും കടന്നുപോയത് വലിയ ഹരാസ്മെന്‍റിലൂടെയാണ് ': ബോബിക്കെതിരെ തുറന്നടിച്ച് ഹണി റോസ്

'നാളുകളായി ഞാനും കുടുംബവും ഉപദ്രവം സഹിക്കുന്നു, നിരന്തരമായി മോശം പെരുമാറ്റമുണ്ടായി';ബോബി ചെമ്മണ്ണൂരിനെതിരെ നിയമപരമായി മുന്നോട്ടെന്ന് ഹണി റോസ്

My family and I are going through a lot of harassment: Honey Rose opens up about boby chemmanur
Author
First Published Jan 7, 2025, 6:34 PM IST

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. ഇപ്പോള്‍ എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു പരാതിയില്‍ എത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുകയാണ് ഹണി റോസ്.

പരാതി കൊടുക്കേണ്ട എന്ന് ഒരു ഘട്ടത്തിലും തോന്നിയില്ല. അതിന്‍റെ നിയമപരമായ സാന്നിധ്യങ്ങള്‍ എല്ലാം പരിശോധിച്ച് വരുകയായിരുന്നു. അതില്‍ ആദ്യ പ്രതികരണം എന്ന നിലയിലാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് എഴുതിയത്. ആദ്യം ആളുകളിലേക്ക് ഈ വിഷയം എത്തിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. അത് ഒരു മുന്നറിയിപ്പൊന്നും അല്ല, അല്ലാതെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയാല്‍ അത് അദ്ദേഹം കേള്‍ക്കുമോ?

എത്രയോ നാളുകളായി ഞാനും എന്‍റെ കുടുംബവും വലിയ ഹരാസ്മെന്‍റിലൂടെയാണ് കടന്നുപോകുന്നത്. അത് ശ്രദ്ധയില്‍പെടുത്തിയിട്ടും വീണ്ടും വീണ്ടും അത് തുടരുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഏറ്റവും മോശമായാണ് അപമാനിച്ചത്. അതൊന്നും കേട്ടുനില്‍ക്കേണ്ട കാര്യം എനിക്കോ, അല്ല ലോകത്ത് ഒരാള്‍ക്കും ഇല്ല. 

ഇതിനെതിരെ എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നൂറുശതമാനം ചെയ്യും. അതിന്‍റെ നിയമപരമായ എല്ലാ വശങ്ങളും മനസിലാക്കി മുന്നോട്ട് പോകണം എന്നുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഈ നടപടികള്‍. താന്‍ ഏതെങ്കിലും ഉദ്ഘാടനത്തിന് എത്തുന്നത് പൂര്‍ണ്ണമായും മാനേജര്‍ വഴിയാണ്. അല്ലാതെ ഏതെങ്കിലും സ്ഥാപനത്തിന്‍റെ ഓണറുമായി എനിക്ക് നേരിട്ട് ബന്ധമില്ല. പലപ്പോഴും ഉദ്ഘാടന വേദിയിലാണ് ഓണറുമാരെ ഞാന്‍ കാണാറ്. 

ഈ വ്യക്തിയോടും അത്തരത്തിലുള്ള ബന്ധമാണ് ഉള്ളത്. ഞാന്‍ സിനിമയില്‍ എത്തിയ കാലത്ത് ഇദ്ദേഹത്തിന്‍റെ സ്ഥാപനം ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അന്ന് ഇയാള്‍ അവിടെ ഉള്ളത് പോലും ഓര്‍മ്മയില്ല. നാല് മാസം മുന്‍പ് ഇദ്ദേഹത്തിന്‍റെ ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയി. എന്നാല്‍ അവിടെ എന്നെ വേദിയില്‍ വച്ച് മോശമായി അപമാനിച്ചു.

തിരിച്ചെത്തി മാനേജറോട് അടക്കം ഇത് വളരെ മോശമായി എന്ന് പറഞ്ഞു. അതിന് ശേഷം ഇതേ വ്യക്തിയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ വന്നെങ്കിലും ഞാന്‍ എടുത്തില്ല. ഇതിന്‍റെയെല്ലാം വൈരാഗ്യമാകാം മോശമായി ഇങ്ങനെ കാണിക്കുന്നത്. താന്‍ നേരിട്ട് എത്തി എസ് എച്ച് ഒയുടെ കൈയ്യിലാണ് പരാതി നല്‍കിയിരിക്കുന്നത് - ഹണി റോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു' ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

ഹണി റോസിനെതിരായ സൈബർ ആക്രമണം; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം

Follow Us:
Download App:
  • android
  • ios