എംബിബിഎസ് പരീക്ഷയിൽ ഒന്നാംറാങ്ക്; റോസ് ക്രിസ്റ്റിയെ നേരിട്ട് വിളിച്ച് മോഹൻലാൽ
റാങ്ക് നേടിയതിലുള്ള അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ ആഹ്ളാദത്തിലാണിപ്പോള്‍ റോസ് ക്രിസ്റ്റി
ആരോഗ്യ സർവകലാശാല എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റിയെ നേരിട്ട് വിളിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍. പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം ചോദിച്ച താരം റോസ് ക്രിസ്റ്റിക്ക് ആശംസകളും അറിയിച്ചു. റാങ്ക് നേടിയതിലുള്ള അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ ആഹ്ളാദത്തിലാണിപ്പോള്‍ റോസ് ക്രിസ്റ്റി . മോഹന്‍ലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനസംഘടനയായ നിര്‍ണയത്തെ കുറിച്ചും ലാലേട്ടന്‍ റോസിനോട് സംസാരിച്ചു.നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്.
പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിയാണ് ഒന്നാംറാങ്ക് നേട്ടം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകന്‍ ജോസിയുടെയും വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക് പ്രിന്‍സിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛന്‍ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും ഒക്കെചേര്‍ന്നാണ് റോസിനെ പഠിപ്പിച്ചത്