Mohanlal Birthday : കോടി ക്ലബ്ബുകൾ മലയാളത്തിന് തുറന്നുകൊടുത്ത മോഹൻലാൽ; ബോക്സ് ഓഫീസിലെ 'ബ്രാൻഡ് എം'
വ്യവസായത്തെ അടിമുടി ഉണർത്താൻ കെൽപ്പുള്ള അത്തരമൊരു വിജയത്തിനായി മലയാളസിനിമാലോകം ഏറെ ആഗ്രഹിച്ച കാലത്താണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ദൃശ്യം എത്തുന്നത്
മോഹൻലാൽ (Mohanlal) എന്ന താരത്തിൻറെ ജനപ്രീതിയെക്കുറിച്ച് ഇൻഡസ്ട്രിയിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹൻലാൽ ചിത്രം ഹിറ്റ് ആയാൽ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആൾക്കുപോലും അതിൻറെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഒറ്റക്കേൾവിയിൽ ഏതോ മോഹൻലാൽ ആരാധകൻ സൃഷ്ടിച്ച അതിശയോക്തിയെന്ന് തോന്നാമെങ്കിലും മോഹൻലാൽ എന്ന താരത്തിനുള്ള ജനപ്രീതി മറ്റ് ഒരു മലയാള നടനും അവകാശപ്പെടാനില്ലെന്നതാണ് വസ്തുതയെന്ന് കണക്കുകൾ പറയും. തീയേറ്ററുകളിലെ പ്രദർശന ദിനങ്ങളുടെ എണ്ണം നോക്കി വിജയത്തിൻറെ തോത് വിലയിരുത്തിയ കാലത്തുനിന്നും മലയാളസിനിമ കോടി ക്ലബ്ബുകളിലേക്ക് പ്രവേശിച്ചപ്പോഴും മാറ്റത്തിൻറെ പതാകാവാഹകനായത് മോഹൻലാൽ ആയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മലയാളത്തിൽ സംഭവിച്ച മൂന്ന് പ്രധാന ഇൻഡസ്ട്രി ഹിറ്റുകളിലും നായകൻ മോഹൻലാൽ ആയിരുന്നു.
ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റത്തിനൊപ്പം എത്തിയ പ്രതിഭാധനരായ യുവാക്കളുടെ സംഘം മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട കാലമായിരുന്നു 2010കളുടെ തുടക്കം. അതിനൊപ്പം പ്രേക്ഷകരുടെ അഭിരുചികളിലും വ്യത്യാസങ്ങളുണ്ടായ കാലം. തീയേറ്ററുകൾ സാങ്കേതികമായി മെച്ചപ്പെടുത്താൻ ഉടമകൾ കാര്യമായി പണം ഇറക്കിത്തുടങ്ങിയ കാലം. കാര്യങ്ങളൊക്കെ ശുഭസൂചകങ്ങളായിരുന്നുവെങ്കിലും ബമ്പർ ഹിറ്റ് എന്ന് വിളിക്കാവുന്ന ഒരു സിനിമ മലയാളത്തിൽ സംഭവിച്ചിട്ട് ഏറെക്കാലമായിരുന്നു. വ്യവസായത്തെ അടിമുടി ഉണർത്താൻ കെൽപ്പുള്ള അത്തരമൊരു വിജയത്തിനായി മലയാളസിനിമാലോകം ഏറെ ആഗ്രഹിച്ച കാലത്താണ് ജീത്തു ജോസഫിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ദൃശ്യം (Drishyam) എത്തുന്നത്. 2013ലെ ക്രിസ്‍മസ് റിലീസായി എത്തിയ സിനിമ ഒരു വ്യവസായം എന്ന നിലയിൽ മലയാളസിനിമയ്ക്ക് ഒരു വലിയ ഇടവേളയ്ക്കു ശേഷം ആത്മവിശ്വാസം പകർന്ന ചിത്രമായി മാറി. സസ്പെൻസ് ഒളിപ്പിച്ചുവെച്ച് വലിയ പരസ്യ പ്രചരണമൊന്നുമില്ലാതെ എത്തിയ ചിത്രം പതിയെ തീയേറ്ററുകൾ പിടിച്ചു. സാങ്കേതികമായി നവീകരിക്കപ്പെട്ട കേരളത്തിലെ തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ വീണ്ടുമെത്തിച്ച ചിത്രമായിരുന്നു ദൃശ്യം.
മൂന്ന് വർഷത്തിനിപ്പുറം മറ്റൊരു മോഹൻലാൽ ചിത്രം അടുത്തൊരു നാഴികക്കല്ല് സ്വന്തമാക്കി. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ. വൈശാഖിൻറെ സംവിധാനത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച പുലിമുരുകൻ (Pulimurugan) ആയിരുന്നു ചിത്രം. ദീർഘകാലത്തെ പ്രൊഡക്ഷന് ശേഷമെത്തിയ ചിത്രം സംവിധായകനോ നിർമ്മാതാവോ പ്രതീക്ഷിച്ചതിൻറെ അപ്പുറത്തേക്ക് നീങ്ങി. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകൾ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേർത്ത ചിത്രവും പുലിമുരുകനാണ്. അതിൽ സംശയം പ്രകടിപ്പിച്ച പ്രേക്ഷകർ ഇല്ലായിരുന്നുതന്നെ. കാരണം അത്രയും വിസിബിൾ ആയിരുന്നു ചിത്രം നേടിയ ജനപ്രീതി. നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് ഒന്നര മാസത്തിന് ശേഷവും തീയേറ്ററുകൾക്കു മുന്നിൽ പ്രേക്ഷകരുടെ നീണ്ട ക്യൂ കാണാമായിരുന്നു. പിൽക്കാല മലയാള സിനിമയുടെ കാൻവാസ് വികസിപ്പിച്ചതിൽ നിർണ്ണായക സ്ഥാനമുള്ള ചിത്രമായി പുലിമുരുകൻ മാറി.
മലയാള സിനിമയുടെ വിപണി വികസിപ്പിച്ചതിൽ പുലിമുരുകൻറെ തുടർച്ചയാണ് മൂന്ന് വർഷത്തിന് ശേഷമെത്തിയ ലൂസിഫർ (Lucifer). മലയാള സിനിമയ്ക്ക് എത്ര വളരാം എന്നത് ഉദാഹരണസഹിതം വിശദീകരിച്ച ചിത്രം. ഓവർസീസ് റൈറ്റ്സ് എന്നത് ഗൾഫ് വിതരണാവകാശം മാത്രമായിരുന്ന കാലത്തുനിന്ന് മാറിയിരുന്നെങ്കിലും മലയാളി സാന്നിധ്യമുള്ള പല വിദേശ രാജ്യങ്ങളിലും മലയാള സിനിമാ റിലീസുകൾ അന്യമായിരുന്നു. പക്ഷേ അത്തരം പല മാർക്കറ്റുകളിലേക്കും ലൂസിഫർ കടന്നുകയറി. ഡിജിറ്റൽ റൈറ്റ്സിലും ചിത്രം നേട്ടമുണ്ടാക്കി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്ന നിലയ്ക്ക് റിലീസിന് മുൻപേ ഉണ്ടായിരുന്ന യുഎസ്‍പിയെ കാലം ആവശ്യപ്പെടുന്ന തരത്തിൽ മാർക്കറ്റ് ചെയ്തതിൻറെ വിജയമായിരുന്നു ലൂസിഫർ നേടിയത്. ഫലം മലയാള സിനിമ ആദ്യമായി 200 കോടി ക്ലബ്ബിൽ!
വാണിജ്യപരമായി മലയാളസിനിമയുടെ ചക്രവാളങ്ങൾ ഇനിയും വികസിപ്പിക്കാൻ സാധ്യതയുള്ള ചിത്രങ്ങൾ മോഹൻലാലിൻറേതായി ഇനിയും പുറത്തുവരാനുണ്ട്. മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റമായ ബറോസ്, ലൂസിഫറിൻറെ രണ്ടാംഭാഗമായ എമ്പുരാൻ തുടങ്ങിയവയൊക്കെ മലയാളം ബോക്സ് ഓഫീസിൽ കനപ്പെട്ട സംഖ്യകൾ ഏഴുതിച്ചേർക്കുമെന്ന് പ്രതീക്ഷിക്കാം.