കമ്പംമെട്ട് സിഐ പാട്ടെഴുതി രാജാക്കാട് സിഐ സംഗീതം നൽകി ; മിഷൻ സിയിലെ ഗാനങ്ങൾ വൈറൽ
കമ്പംമെട്ട് സിഐ ജി.സുനിൽകുമാർ പാട്ടെഴുതി രാജാക്കാട് എസ്എച്ച്ഒ എച്ച്.എൽ. ഹണി സംഗീതം നൽകിയ 'പരസ്പരം'' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.
നമുക്ക് ഏറെ സുപരിചിതമായ പ്രയോഗം ആണ് കാക്കിക്കുള്ളിലെ കലാകാരന്‍ എന്നത്. പോലീസില്‍ ജോലിചെയ്യുന്ന കലാകാരൻമാർ സിനിമ- നാടക മേഖലകളിൽ അവരുടെ കഴിവുകൾ തെളിയിക്കുമ്പോൾ കൂടുതലും ചാർത്തപ്പെടുന്നത് ഈ പേരായിരിക്കും. അബു സലീമും ഭീമന്‍ രഘുവും അടക്കമുള്ളവർ പോലീസ് കുപ്പായത്തിൽ നിന്ന് വെള്ളിത്തിരയിൽ തിളങ്ങിയവരാണ്. ഇപ്പോഴിതാ മിഷൻ സി എന്ന ചിത്രത്തിലൂടെ ഒരു പോലീസുകാരന്‍ വരികളെഴുതി മറ്റൊരു പോലീസുകാരന്‍ സംഗീതം നല്കിയ ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. കമ്പംമെട്ട് സിഐ ജി.സുനിൽകുമാർ പാട്ടെഴുതി രാജാക്കാട് എസ്എച്ച്ഒ എച്ച്.എൽ ഹണി സംഗീതം നൽകിയ 'പരസ്പരം' എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ഇതിനു മുൻപ് ഇവർ ഒരുമിച്ച പല ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ടെങ്കിലും സിനിമയിൽ ഇവർ ഒത്തുചേരുന്നത് ആദ്യമായാണ്.
വിനോദസഞ്ചാരത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രക്കിടയില്‍ ആകസ്മികമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ് വിനോദ് ഗുരുവായൂർ ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം.അപ്പാനി ശരത്ത് ,കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ഋഷി എന്നിവരോടൊപ്പം പൊറിഞ്ചു മറിയം ജോസിലൂടെ ബാലതാരമായി എത്തിയ മീനാക്ഷി ആദ്യമായി നായികയാകുന്ന ചിത്രമാണിത്. ഛായാഗ്രഹണം നിർവഹിച്ചത് സുശാന്ത് ശ്രീനി. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിർമിക്കുന്നത്. വിജയ് യേശുദാസ്, നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍. വാര്‍ത്താ പ്രചരണം - എ.എസ്. ദിനേശ്.