ബിപി കുറഞ്ഞ് അബോധാവസ്ഥയിലാകും, എന്നിട്ടും തോറ്റുകൊടുത്തില്ല, ഒടുവില്‍ കല്യാണി സുന്ദരിപ്പട്ടമണിഞ്ഞു

മിസ് യൂണിവേഴ്‍സ് ട്രിവാൻഡ്രം ടൈറ്റില്‍ വിന്നര്‍ കല്യാണി. 

medical student kalyani got miss universe trivandrum 2024 title
Author
First Published Sep 18, 2024, 2:43 PM IST

പാഷന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നവരുടെ കഥകൾ എപ്പോഴും പ്രചോദനമാണ്. തങ്ങളുടെ സ്വപ്‍നത്തിലേക്കുള്ള യാത്രയിൽ ആരോഗ്യമോ സാഹചര്യങ്ങളോ പ്രതിസന്ധികളോ ഒന്നും തന്നെ ആ വ്യക്തികളെ ബാധിക്കാറില്ല. ഒരിക്കൽ അവസരം നഷ്ടമായാൽ വീണ്ടും വീണ്ടും പരിശ്രമിച്ച് തങ്ങളുടെ ലക്ഷ്യത്തിലേക്ക് അവർ എത്തിച്ചേരുക തന്നെ ചെയ്യും. അത്തരത്തിൽ പഴയ ജീവിതത്തിലേക്ക് ഇനി തിരിച്ച് വരില്ലെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് കൊണ്ട് തന്റെ പാഷന് പുറകെ പോയി, മിസ് യൂണിവേഴ്സ് ട്രിവൻഡ്രം ആയിരിക്കുകയാണ് കല്യാണി എന്ന ഇരുപത്തിരണ്ടുകാരി.

തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയും ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാർത്ഥിയുമാണ് കല്യാണി. കുട്ടിക്കാലം മുതൽ മോഡലിങ്ങിനോട് താല്പര്യമുണ്ടായിരുന്ന കല്യാണി, തന്റെ പാഷന് പുറകെയുള്ള യാത്രയെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.

പത്ത് പേരിൽ ജയിച്ചു കയറിയ കല്യാണി

മിസ് യൂണിവേഴ്‍സ് ട്രിവാൻഡ്രം മത്സരമാണ് ഇപ്പോൾ നടന്നത്. മിസ് യൂണിവേഴ്‍സ് കേരളയുടെ ജില്ലാതല മത്സരം. ഇതുവരെ സ്റ്റേറ്റ് ലെവലിൽ നിന്ന് മാത്രമായിരുന്നു മിസ് യൂണിവേഴ്‍സിന് സെലക്ഷൻ നടന്നു കൊണ്ടിരുന്നത്. ഇത്തവണ മുതൽ എല്ലാ ജില്ലകളിലും മത്സരം നടത്തിയിട്ട് അതിലെ വിജയികൾ ആയിരിക്കും മിസ് യൂണിവേഴ്സ് കേരളയ്ക്ക് മത്സരിക്കുന്നത്. അതിന്റെ അടുത്തഘട്ടം ആണ് മിസ് യൂണിവേഴ്‍സ് ഇന്ത്യ. ഇപ്പോള്‍ ടൈറ്റിൽ വിന്നറാകാൻ സാധിച്ചു എന്നതിൽ ഒരുപാട് സന്തോഷം. സെപ്റ്റംബർ 16ന് ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചായിരുന്നു മത്സരം. മൊത്തം പത്ത് പേരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. വിജയി ആയത് ഒരു സ്വപ്‍ന സാക്ഷാത്കാരമാണ്. വീട്ടുകാരും സൃഹൃത്തുക്കളും ഒരുപാട് സന്തോഷത്തിലാണ്. അഭിനന്ദനം അറിയിച്ചു കൊണ്ട് ഒരുപാട് ഫോൺ കോളും മസേജുകളും വരുന്നുണ്ട്.

medical student kalyani got miss universe trivandrum 2024 title

ഇതെന്റെ മൂന്നാമത്തെ മത്സരമാണ്. മിസ് കേരളയിലെ ഫൈനലിസ്റ്റ് ആയിരുന്നു ഞാൻ. അവിടെന്ന് സെലക്ഷൻ കിട്ടി മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. രണ്ട് മാസം മുൻപായിരുന്നു ആ മത്സരം. അതിൽ ഞാൻ തേർഡ് റണ്ണറപ്പ് ആയിരുന്നു.

പഴയ ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടർമാർ

കുട്ടിക്കാലം മുതൽ മോഡലിംഗ് ഇഷ്‍ടമുള്ള ആളാണ് ഞാൻ. ടിവിയിൽ ഫാഷൻ ഷോസ് ഒക്കെ കണ്ട് ഇഷ്‍ടം തുടങ്ങിയതാണ്. അത്യാവശ്യം നല്ല പൊക്കം ഉള്ളത് കൊണ്ടുതന്നെ മോഡലിങ്ങിൽ ട്രൈ ചെയ്‍തൂടെ എന്ന് ആളുകൾ ചോദിക്കുമായിരുന്നു. സ്‍കൂൾ ടൈം വരെ ഞാൻ ഭയങ്കര ഇൻട്രേവെർട്ട് ആയിരുന്നു. പ്ലസ് ടു ആയപ്പോൾ എനിക്കൊരു ഹെൽത്ത് ഇഷ്യു വന്നു. ന്യൂറോപതിക് കണ്ടീഷൻ ആയിരുന്നു അത്. ഓട്ടോണമിക് ന്യൂറോപ്പതി എന്ന് പറയും. എനിക്ക് ബിപി വളരെ ലോ ആകും. പെട്ടെന്ന് ബിപി ലോ ആയിട്ട് 40 വരെയൊക്കെ പോകും. കൈകാലുകളിലൊക്കെ ബ്ലെഡ് സർക്കുലേഷൻ നടക്കാതാകും. ഞാൻ അബോധാവസ്ഥയിലാകും.

ഏകദേശം ഒരു വർഷം വരെ ഞാൻ ആശുപത്രിയിൽ തന്നെയായിരുന്നു. വീട് ആശുപത്രി, ആശുപത്രി വീട് എന്നായിരുന്നു എന്റെ ജീവിതം. പഴയ പോലെ ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഡോക്ടർമാർ ചിന്തിച്ചിരുന്നു. എന്റെ ഏറ്റവും മോശപ്പെട്ട കാലഘട്ടം ആയിരുന്നു അത്. എനിക്ക് ലൈഫ് തിരിച്ച് കിട്ടില്ലേ എന്ന ചിന്തകളായിരുന്നു.

medical student kalyani got miss universe trivandrum 2024 title

പക്ഷേ അപ്പോഴൊക്കെ മെന്റലി ഞാൻ സ്ട്രോങ്ങായിരുന്നു. അതുകൊണ്ട് ആയിരിക്കണം ഞാൻ തിരിച്ചു വന്നത്. ലൈഫേ തീര്‍ന്നെന്നാണ് വിചാരിച്ചത്. പക്ഷേ തിരിച്ചത് കിട്ടിയപ്പോള്‍ എന്തൊക്കെ ആഗ്രഹങ്ങളുണ്ടോ അതെല്ലാം സാധിച്ച് എടുക്കണം എന്നുണ്ടായിരുന്നു. ഈ ഒരു പ്രശ്നത്തോടെ ഞാന്‍ ആളാകെ മാറി. ശേഷമാണ് മോഡലിങ്ങിലേക്ക് വരുന്നത്.

കൈവിട്ട് പോയ മിസ് കേരള

മോഡലിങ്ങിലേക്ക് വരുമ്പോള്‍ മിസ് കേരള ആയിരിക്കും ആദ്യം മനസിലേക്കെത്തുക. വീട്ടുകാരോട് പറഞ്ഞപ്പോള്‍ അത്ര താല്‍പര്യം കാണിച്ചില്ല. കാരണം മോഡലിംഗ് എന്ന് പറയുമ്പോള്‍ ഫീല്‍ഡ് നല്ലതല്ലെന്നൊരു ചിന്തയുണ്ട്. അതുകൊണ്ട് ആരും പെട്ടെന്ന് നമ്മളെ സപ്പോര്‍ട്ട് ചെയ്യില്ല. ഫൈനല്‍ ഇയര്‍ കൂടി ആയത് കൊണ്ട് പഠിക്കാനും ഒത്തിരിയുണ്ട്. അതിനിടയില്‍ മോഡലിംഗ് വേണ്ട എന്ന് തന്നെ ആയിരുന്നു അവരുടെ അഭിപ്രായം. പക്ഷേ എനിക്ക് അത് പാഷന്‍ ആയിരുന്നു. വിട്ടു കൊടുക്കാന്‍ തോന്നിയില്ല. മോ‍ഡലിംഗ് എന്താണ്, ക്യാറ്റ് വാക്ക് എങ്ങനെ എന്നൊന്നും അറിയില്ല. പക്ഷേ ആഗ്രഹമായിരുന്നു. മിസ് കേരളയുടെ ഒഡിഷന് പോയി. ഓരോ റൗണ്ടും വിജയിച്ചു. ഞാന്‍ തന്നെ ആയിരുന്നു എല്ലാത്തിനും മുന്നിട്ടിറങ്ങിയത്. അവസാന റൗണ്ടായ ഇന്‍റര്‍വ്യു സമയത്താണ് നൂറോളം മത്സരാര്‍ത്ഥികള്‍ ഉണ്ടെന്ന് ഞാന്‍ മനസിലാക്കിയത്. ഫിനാലെയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് പ്രസ് മീറ്റ് ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറിനുള്ളില്‍ ഞാന്‍ അബോധാവസ്ഥയില്‍ ആയി. ബിപി ശരിക്കും ലോ ആയി, എല്ലാവരും പറഞ്ഞു റാമ്പില്‍ കയറണ്ടാ വീണാല്‍ പണി കിട്ടും. ഇത്രയും വലിയൊരു സ്റ്റേജ് കൂടിയാണ്, റിസ്ക് എടുക്കണ്ടെന്ന് പറഞ്ഞു. അങ്ങനെ ഫിനാലെയ്ക്ക് എനിക്ക് കയറാന്‍ പറ്റിയില്ല. പിന്നീട് അച്ചീവ്മെന്‍സുകള്‍ നേടാന്‍ തുടങ്ങിയപ്പോള്‍ അച്ഛനും അമ്മയും ഒപ്പം നിന്നു. പാഷന് വേണ്ടി പ്രൊഫഷനോ പ്രൊഫഷന് വേണ്ടി പാഷനോ ത്യജിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ആ വിശ്വാസം അവര്‍ക്കുണ്ട്.

റോള്‍ മോ‍ഡലാണോന്ന് അറിയില്ല, പ്രചോദനമാണ്

റോള്‍ മോഡലായി എനിക്ക് ഇതുവരെ ആരുമില്ല. പക്ഷേ എനിക്ക് ഇഷ്ടമുള്ളൊരു പേഴ്‍സണാലിറ്റി എന്നത് പ്രിയങ്ക ചോപ്രയാണ്. പുള്ളിക്കാരി ഭയങ്കര പ്രചോദനം ആണ്. സുന്ദരിപ്പട്ടം ലഭിക്കാനായി അവർ അത്രത്തോളം പരിശ്രമിച്ചിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി നിലകൊണ്ടു. അതൊക്കെ കാണുമ്പോൾ പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാണം എന്നൊക്കെയുള്ളൊരു തോന്നൽ എനിക്കുണ്ടായി.

medical student kalyani got miss universe trivandrum 2024 title

ഭാവി പരിപാടികൾ

സോഷ്യൽ സർവീസ് ഇഷ്ടമാണ് എനിക്ക്. ചെറിയ പ്രായം മുതൽ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് ആഗ്രഹമാണ്. അവർക്ക് വേണ്ടി ജീവിക്കുക എന്നത്. ഞാനൊരു മെഡിക്കൽ സ്റ്റുഡന്റ് അല്ലെങ്കിൽ ഒരു ഡോക്ടർ കൂടിയാകുമ്പോൾ ഇംമ്പാക്ടും വലുതായിരിക്കും. സിനിമയും ആക്ടിങ്ങും ഇഷ്ടമാണ്. പക്ഷേ അത് വീട്ടുകാർക്ക് അത്ര താല്‍പര്യമില്ല.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Follow Us:
Download App:
  • android
  • ios