'പ്രേമം സിനിമ ആഘോഷിക്കുന്നവരാണ് എന്‍റെ സിനിമയെ തള്ളിപ്പറഞ്ഞത്'; 'മെമ്മറീസ് ഓഫ് എ മെഷീന്‍' സംവിധായിക പറയുന്നു
'കനി എന്ന സിനിമാതാരത്തിന്റെ പ്രതിച്ഛായ എന്റെ ഷോർട്ട് ഫിലിം മുന്നോട്ടുവെച്ച വിഷയത്തേക്കാൾ മുന്നിൽ നിന്നു, അതിനെ മറച്ചു പിടിച്ചു, ഒരുതരത്തിൽ പറഞ്ഞാൽ പരാജയപ്പെടുത്തുക പോലും ചെയ്തു..'
നാലുവർഷം മുമ്പ് യൂട്യൂബിൽ ഒരു വീഡിയോ റീലീസ് ആയി. ഇക്കൊല്ലം സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കനി കുസൃതിയായിരുന്നു അന്ന് ആ വീഡിയോയിൽ. ഒറ്റനോട്ടത്തിൽ ഒരു 'ലീക്കഡ് എംഎംഎസ്' ആണെന്ന് തോന്നിക്കുന്നതായിരുന്നു ആ വീഡിയോയുടെ ട്രീറ്റ്മെന്റ്.. ആ ക്ലിപ്പിൽ കനി സ്വന്തം അനുഭവങ്ങൾ എന്ന മട്ടിൽ വിവരിച്ച കാര്യങ്ങൾ കേട്ട് അന്ന് സദാചാര കേരളം ചെവിടുപൊത്തി.
'എട്ടാം വയസ്സിൽ സ്‌കൂളിലെ പ്യൂൺ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുകയും, അത് അപ്പോൾ തനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു' എന്നാണ് കനി ആ വീഡിയോയിൽ പറഞ്ഞത്. താൻ നിർത്താൻ പറഞ്ഞപ്പോൾ അയാൾ നിർത്തി എന്നും, അതുകൊണ്ട് തനിക്ക് അതൊരു ട്രോമാ ആയില്ല എന്നും കനി ആ വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, ഈ വീഡിയോ നാലു വർഷം മുമ്പ് യൂട്യൂബിലൂടെ കേരളീയ സമൂഹത്തിനു മുന്നിൽ എത്തിയപ്പോൾ അത് വല്ലാത്തൊരു കോളിളക്കമാണ് സൃഷ്ടിച്ചത്.
പലരും ആദ്യം കരുതിയത്, കനിയുടെ ഏതോ ബോയ് ഫ്രണ്ട് അവർ അറിയാതെ പിടിച്ച ഒരു ഒരു വീഡിയോ ആണ് അത് എന്നായിരുന്നു. അത് ഒരു ഷോർട് ഫിലിം ആണ് എന്നും അതിനു നിയതമായ ഒരു സ്ക്രിപ്റ്റ് ഉണ്ടായിരുന്നു എന്നും കാര്യമായ ചർച്ചകൾക്ക് ശേഷം, കൃത്യമായ പ്ലാനിങ്ങോടെ ഷൂട്ട് ചെയ്ത ഒരു സൃഷ്ടി ആണ് അതെന്നുമുള്ള വിശദീകരണങ്ങൾ കൊണ്ടൊന്നും, ഇത് കണ്ടു കോപിഷ്ഠരായ ഒരു പക്ഷം പ്രേക്ഷകരുടെ രോഷം തണുത്തില്ല. എൻ എസ് മാധവൻ അടക്കമുള്ള പലരും 'മെമ്മറീസ് ഓഫ് എ മെഷീൻ' യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണം എന്നുവരെ ആവശ്യപ്പെട്ടുകൊണ്ട് ട്വീറ്റ് ചെയ്തു.
അന്ന് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആ ഹ്രസ്വചിത്രം, 'മെമ്മറീസ് ഓഫ് എ മെഷീന്റെ' സംവിധായിക, ശൈലജ പടിന്തല, സിനിമയിലേക്ക് വരും മുമ്പ് ഒരു ചിത്രകാരി ആയിരുന്നു. കർണാടക ചിത്ര കലാ പരിഷത്തിൽ നിന്ന് വിഷ്വൽ ആർട്സിൽ ബിരുദം. ശേഷം എൽവി പ്രസാദ് ഫിലിം ആൻഡ് ടെലിവിഷൻ അക്കാദമിയിൽ നിന്ന് സിനിമയിൽ ബിരുദാനന്തര ബിരുദം. ശേഷം, പുതുയുഗം എന്ന തമിഴ് ടെലിവിഷൻ ചാനലിലും, ഏഷ്യാനെറ്റ് ന്യൂസ് സുവർണയിലും പ്രോഗ്രാം പ്രൊഡ്യൂസർ ആയി ജോലിയും ചെയ്തിട്ടുണ്ട് ഇന്ന് സംവിധായികയായി അറിയപ്പെടുന്ന ശൈലജ പടിന്തല.
ശൈലജ പടിന്തല കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ, #Nonbinary എന്ന ഹാഷ്ടാഗിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. 'Reunderstanding gender' എന്നതായിരുന്നു അതിന്റെ ഡിസ്‌ക്രിപ്‌ഷൻ. "മാസ്കുലിനിറ്റി എന്നത് പൂർണാരോഗ്യത്തിന്റെ ലക്ഷണമാണ്. അതിന് ലൈംഗികതയുമായി ഒരു ബന്ധവുമില്ല." എന്നും ആ പോസ്റ്റിൽ ഉണ്ടായിരുന്നു. ഒപ്പം, വ്യായാമം ചെയ്തു വികസിപ്പിച്ചെടുത്ത സ്വന്തം പേശികളുടെ ചിത്രവും ശൈലജയുടെ പ്രൊഫൈലിൽ ഉണ്ടായിരുന്നു. പ്രായം ഇരുപത്തഞ്ചിൽ നിന്ന് മുപ്പത്തഞ്ചിലേക്ക് കടക്കുമ്പോൾ സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും, അവനവന്റെ ലൈംഗികതയെ താൻ കൂടുതൽ കൂടുതൽ അടുത്തറിയുന്നതിന്റെ ഉണർവുകളും ശൈലജയുടെ പോസ്റ്റുകളിൽ പ്രകടം. ശൈലജ പടിന്തല എന്ന സംവിധായികയുമായ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനു വേണ്ടി ബാബു രാമചന്ദ്രൻ നടത്തിയ അഭിമുഖം.
2016 -ൽ മെമ്മറീസ് ഓഫ് എ മെഷീൻ. അതിന് ശേഷമുള്ള നാലു വർഷങ്ങൾ ശൈലജ പടിന്തല എന്ന സംവിധായിക എന്തു ചെയ്തു ?
ഞാൻ ഒരു കന്നഡ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു. 'നാനു ലേഡീസ്'. അതൊരു ക്വീർ ഫിലിം ആണ്. 2021 മാർച്ച് റിലീസ്. അതിന്റെ വർക്ക് കഴിഞ്ഞു. ഞാൻ ഇപ്പോൾ ഒരു തെലുഗു ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്.
ശൈലജയെ മലയാളികൾക്ക് പരിചയം 'മെമ്മറീസ് ഓഫ് എ മെഷീന്റെ' സംവിധായിക എന്ന പേരിലാണ്. ശൈലജക്ക് കന്നഡ/തെലുഗു പശ്ചാത്തലമാണല്ലോ ഉള്ളത്. പിന്നെ എന്തിനു മലയാളത്തിൽ ഒരു ഷോർട് ഫിലിം?
ഞാൻ 'മെമ്മറീസ് ഓഫ് എ മെഷീൻ ' എഴുതിയത് കന്നഡത്തിൽ ആയിരുന്നു. ഡബ്ബ് ചെയ്യാൻ താത്പര്യമില്ലാതിരുന്നതുകൊണ്ട് ആദ്യമൊക്കെ കനിയോടൊപ്പം അത് കന്നഡത്തിൽ തന്നെയാണ് റിഹേഴ്‌സ് ചെയ്തത്. ശരിക്കും ഒരു 'വിവാദ'വീഡിയോയുടെ ഫീലിൽ ചെയ്യാൻ ആഗ്രഹിച്ച ഒന്നായിരുന്നു അത്. അത്രക്ക് ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന രീതിയിൽ. സിങ്ക് സൗണ്ടിൽ ആണ് ഷൂട്ട് ചെയ്യാൻ ഉദ്ദേശിച്ചത് എന്നതുകൊണ്ട് കനി അത്രക്ക് നന്നായി കന്നഡത്തിൽ ഡയലോഗ് പറഞ്ഞാൽ മാത്രമേ എനിക്ക് അത് എടുക്കാൻ പറ്റുമായിരുന്നുള്ളൂ. കനിയുടെ കന്നഡത്തിൽ മലയാളം ചുവയ്ക്കുന്നുണ്ടായിരുന്നു. അതാണ് ഒടുവിൽ ഞാൻ കനിയോട്, മലയാളത്തിൽ തന്നെ പറഞ്ഞോളൂ, ഞാൻ സബ് ടൈറ്റിൽ കൊടുത്തോളാം എന്ന് പറഞ്ഞത്. തെലുഗുവിലും കന്നഡയിലുമായി മെമ്മറീസ് ഓഫ് മെഷീന് ഒരു തുടർച്ച, ഒരു രണ്ടാം ഭാഗം എന്റെ മനസ്സിൽ ഉണ്ട്. അതിൽ കനി ഉണ്ടാവില്ല.
മെമ്മറീസ് ഓഫ് എ മെഷീൻ ഒരുപാട് വിവാദമായിരുന്നല്ലോ. പീഡോഫീലിയയെ സാധൂകരിക്കുന്നു എന്നുപറഞ്ഞ് എൻഎസ് മാധവൻ അടക്കമുള്ളവർ അതിനെ തള്ളിപ്പറഞ്ഞിരുന്നു. യൂട്യൂബിൽ നിന്ന് നീക്കണം എന്നും പറഞ്ഞുകേട്ടിരുന്നു അന്നൊക്കെ.
ഞാൻ അതിൽ പറയാൻ ശ്രമിച്ചത്, ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ അനുഭവത്തെക്കുറിച്ചാണ്. അതിൽ എട്ടാം വയസ്സിൽ ലൈംഗികമായ ഒരു അനുഭവം ഉണ്ടായപ്പോൾ ഉള്ളിൽ തോന്നിയത് എന്തായിരുന്നു അതിനെ സത്യസന്ധമായി ഓർത്തെടുക്കാനാണ് കനിയുടെ കഥാപാത്രം ശ്രമിക്കുന്നത്. ഒരു പെൺകുട്ടിക്ക് തന്റെ വളർന്നുവരുന്ന ദിനങ്ങളിൽ ലൈംഗികതയെക്കുറിച്ച് ഉണ്ടാകാവുന്ന ജിജ്ഞാസകളെ ആണ് ഞാൻ പരിഗണിക്കാൻ ശ്രമിച്ചിട്ടുള്ളത്. കുട്ടികളിലെ ലൈംഗിക കൗതുകങ്ങൾ പലതും അവർക്ക് ചുറ്റുമുള്ള മുതിർന്നവരെ ചുറ്റിപ്പറ്റിയാണ് വികസിതമാകുന്നത്. 'മെമ്മറീസ്...' -ൽ ഞാൻ ഒരിക്കലും പീഡോഫീലിയയെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല. ഒരു തരത്തിലുള്ള ചൂഷണങ്ങളെയും പീഡനങ്ങളെയും ഒരു മനുഷ്യൻ, ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് അംഗീകരിക്കാൻ എനിക്ക് സാധിക്കില്ല.
മാത്രവുമല്ല, ഒരു പുരുഷൻ പെൺകുട്ടിയെ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചതിന്റെ വിവരണം വരുന്നിടത്ത് മാത്രമേ സമൂഹത്തിനു പ്രശ്നമുള്ളതായി ഞാൻ കാണുന്നുള്ളൂ. അതിന് ശേഷം, തന്റെ പത്താം ക്‌ളാസിൽ വെച്ച്, ഒരു സഹപാഠിയെ ചുംബിക്കുന്ന അവസരത്തിൽ, തനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്തു തരാൻ ആവശ്യപ്പെട്ടതിന് അവളുടെ കാമുകൻ കരണത്തടിക്കുന്നുണ്ട്. അത് എന്തുകൊണ്ടോ ജനങ്ങൾക്ക് വളരെ 'നോർമൽ' ആയിട്ടാണ് തോന്നുന്നത്. അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ട അവൾക്ക് രണ്ടടി കിട്ടാത്തതിന്റെ കുറവുണ്ട് എന്നൊരു പൊതുബോധമാണ് സമൂഹത്തിൽ നിലവിലുള്ളത്. അങ്ങനെ തോന്നുന്ന സമൂഹത്തിനു തന്നെയാണ് എട്ടുവയസ്സുകാരിയെ അവളുടെ സമ്മതത്തോടെ തന്നെ ഒരു പുരുഷൻ സ്പർശിച്ചതിൽ പ്രതിഷേധമുള്ളത്. ആ പെൺകുട്ടി നിർത്താൻ പറഞ്ഞപ്പോൾ അയാൾ നിർത്തുന്നു. അതിന് ശേഷമാണ് ആ കുട്ടി ഒറ്റയ്ക്ക് പോയി സ്വയം സ്പർശിക്കുന്നതും അവൾക്ക് രതിമൂർച്ഛ അനുഭവപ്പെടുന്നതും. അവൾ മൂന്നാം ക്‌ളാസിൽ ആണ് എന്നത്, സ്വാഭാവികമായ ആ അനുഭവത്തെ ഒരിക്കലും റദ്ദാക്കുന്നില്ല.
അങ്ങനെയൊക്കെ ഇവിടെ സംഭവിക്കുന്നുണ്ട് എന്നിരിക്കെ, ആ ഒരു പരിപ്രേക്ഷ്യത്തിൽ ഒരു ഷോർട്ട് ഫിലിം എടുക്കുന്നതിൽ എന്താണ് ഒരു ശരികേടുള്ളത്? മൂന്നാം ക്‌ളാസിൽ ആ പെൺകുട്ടി അനുഭവിച്ച ഓർഗാസം അവളുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ആദ്യാനുഭവമാണ്. അതിനുള്ള ഒരു ഉപാധി മാത്രമായിരുന്നു അവൾക്ക് ആ പ്യൂൺ ചേട്ടൻ. ഈ അനുഭവം പറയുന്ന ഒരു ഷോർട്ട് ഫിലിം വരുമ്പോൾ, അതിന്റെ ട്രീറ്റ്മെൻറ് എന്തുതന്നെ ആയാലും, സമൂഹത്തിനു അത് കയ്ക്കുന്നത് എന്തിനാണ് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആദ്യത്തെ കേസിൽ പുരുഷൻ ആ പെൺകുട്ടിയുടെ സമ്മതത്തെ ബഹുമാനിക്കുന്നുണ്ട്. കരണത്തടിച്ച സമപ്രായക്കാരനായ കാമുകനാകട്ടെ അതിനെ അതിലംഘിക്കുകയും ചെയ്യുന്നു. എന്നാലും, ജനങ്ങൾക്ക് അത് 'നോർമൽ' ആണ്. അത്രക്ക് പീഡോഫീലിയയിൽ കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ സമൂഹം.
ഞാൻ ശ്രമിക്കുന്നത്, ലൈംഗികത എന്നത് എന്താണ് എന്നത് സംബന്ധിച്ച വിദ്യാഭ്യാസം നമുക്ക് കൈവരുന്നതിനു മുമ്പുതന്നെ, അത് നമ്മുടെ ശരീരങ്ങളിൽ, മനസ്സുകളിൽ വിദ്യുത് സ്ഫുലിംഗങ്ങൾ ഉണർത്തുന്ന അനുഭവങ്ങളെ മനസ്സിലാക്കാനാണ്. നമ്മൾ പയ്യെപ്പയ്യെ പരിണമിച്ചുവെന്നാണ് ഇത്രയും സംസ്കാരമുള്ള പരിഷ്കൃത മനുഷ്യരായത്. സദാചാരത്തിന്റെ ഇത്രയധികം നിയമങ്ങളും ധാരണകളും ഒക്കെ നമുക്കുണ്ടായത്. ഗുഹാമനുഷ്യൻ ഒരു സുപ്രഭാതത്തിൽ എണീറ്റുവന്ന്, "എന്നാൽ, ഇനി മുതൽ നമുക്ക് ശൈശവവിവാഹങ്ങൾ വേണ്ട കേട്ടോ" എന്ന് പറഞ്ഞതല്ല എന്നും എനിക്കുറപ്പുണ്ട്. ഇന്നും നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ട്. പ്രായപൂർത്തി ആകും മുമ്പുതന്നെ ആണും പെണ്ണും പരസ്പരം പ്രാപിക്കുന്നുമുണ്ട്. ലൈംഗികതയോട് എന്തെങ്കിലും രാഷ്ട്രീയത്തെ ചേർത്തുവെക്കും മുമ്പ് അതിന്റെ ശാസ്ത്രം കൂടി അടുത്തറിയേണ്ടതുണ്ട് നമ്മൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഇന്ന് ജനപ്രിയ സിനിമകളിൽ പലതും നോർമലൈസ് ചെയ്യപ്പെടുന്നുണ്ട്. ഉദാ. കനി നിർദേശിച്ചിട്ട് ഞാൻ കണ്ട ചിത്രമാണ് 'പ്രേമം'. കനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം എന്ന് പറഞ്ഞു ഞാൻ കണ്ടത്. അതിൽ പതിനഞ്ചു വയസ്സുള്ള ഒരു സ്‌കൂൾ വിദ്യാർത്ഥിനിക്ക് പിന്നാലെ ചുറ്റുന്നവരിൽ പലരും തികച്ചും മുതിർന്ന പുരുഷന്മാരാണ്. അതിനൊക്കെ കാല്പനികതയുടെ പരിവേഷം നൽകി നോർമലൈസ് ചെയ്തെടുക്കുകയാണ് മുഖ്യധാരാ ചിത്രങ്ങൾ ചെയ്യുന്നത്. മധ്യവയസ്സുള്ള ഒരാൾ, പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ വളയ്ക്കാൻ നടക്കുന്നത് സമൂഹത്തിനു സ്വീകാര്യമാകുന്നു എന്നാണ് പ്രേമം പോലുള്ള ചിത്രങ്ങളുടെ വിജയം സൂചിപ്പിക്കുന്നത്.
മെമ്മറീസ് ഓഫ് എ മെഷീനിലൂടെ പറയാൻ ആഗ്രഹിച്ചത് പറയാൻ കഴിഞ്ഞു എന്ന ധാരണയുണ്ടോ? അതോ തെറ്റിദ്ധരിക്കപ്പെട്ടു എന്ന നിരാശയോ?
നമ്മുടെ നാട്ടിലെ സമൂഹത്തിന്റെ ഒരു ശാപം എന്നത് ഏതൊരു ചിത്രത്തിന്റെയും കഥാംശം അതിൽ അഭിനയിച്ച താരത്തിന്റെ ഇമേജിൽ മുങ്ങിപ്പോകും എന്നുളളതാണ്. കൊറിയ, ഇറാൻ പോലെ ലോകോത്തര ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നിടങ്ങളിൽ അങ്ങനെ അല്ല കാര്യങ്ങൾ. ഈ ചിത്രത്തിന്റെ കാര്യത്തിൽ സംഭവിച്ചതും അതാണ്. കാര്യമായ പ്രിവിലേജുകൾ ഉള്ള, രാഷ്ട്രീയപരമായി വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് കനി വരുന്നത്. സ്വന്തം വ്യക്തിജീവിതത്തിലും കനി ഏറെ വിപ്ലവകരമായിട്ടാണ് ജീവിച്ചിട്ടുള്ളത്. കനിക്ക് പകരം ഞാൻ, കേരളത്തിലെ തന്നെ അത്രക്ക് ആളുകൾക്ക് പരിചയമില്ലാത്ത, മുൻ ധാരണകൾ ഇല്ലാത്ത വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ഈ ചിത്രം ഇങ്ങനെ ആകുമായിരുന്നില്ല ജനം കാണുക, സമീപിക്കുക. കനി എന്ന താരം, എന്റെ കുഞ്ഞു ചിത്രത്തെ പൂർണമായും മറികടക്കുകയാണ് ഇവിടെ സംഭവിച്ചത്.
ഈ ചിത്രത്തെപ്പറ്റിയുള്ള വാർത്തകൾക്കു വേണ്ടി, കനിയുടെ നെറ്റ്‌വർക്കിൽ ഉള്ള പല മാധ്യമ സുഹൃത്തുക്കളും എന്നോട് സംസാരിക്കുന്നതിനു പകരം നേരിട്ട് കനിയെ വിളിച്ചാണ് സംസാരിച്ചതും അഭിമുഖം എടുത്തതും ഒക്കെ. അവിടെ സംഭവിച്ചത്, ആ ചിത്രം കൊണ്ട് ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്ന കാര്യം വ്യക്തമായി മുന്നോട്ടു വെക്കപ്പെടാതെ പോയി എന്നുള്ളതാണ്. ആ സമയത്ത് കനിക്ക് എന്റെ പ്രൊഡ്യൂസറെക്കൊണ്ട് മെയിൽ വരെ അയക്കേണ്ടി വന്നു എനിക്ക്. ഇനി ഈ ചിത്രത്തെ എന്റെ സമ്മതം കൂടാതെ പ്രതിനിധീകരിച്ചാൽ ഞാൻ നിയമ നടപടി സ്വീകരിക്കും എന്നുവരെ പറയേണ്ടി വന്നു. കാരണം എനിക്ക് അതിന് ഒരു സീക്വൽ എടുക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ട് അതിലെ ആശയങ്ങൾ തെറ്റായി മീഡിയക്ക് മുന്നിൽ വന്നാൽ ആ സാധ്യതകളെ അത് ബാധിച്ചിരുന്നേനെ.
ഞാൻ "മെമ്മറീസ് ഓഫ് എ മെഷീൻ'-ൽ ഇത്രക്കും ആത്മവിശ്വാസത്തോടെ ഇങ്ങനെ ഒരു വിഷയം അവതരിപ്പിക്കാൻ കാരണം, ഇത് എന്റെ വ്യക്തിപരമായ അനുഭവങ്ങൾ തന്നെ ആണ്, അതിന്റെ സ്വാഭാവികതയിൽ എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ട് എന്നതുകൊണ്ടാണ്. ഇതൊരു കല്പിത കഥയല്ല, എന്റെ ജീവിതത്തിൽ എനിക്കുണ്ടായ രണ്ട് അനുഭവങ്ങളാണ് മേൽ പറഞ്ഞവ. എനിക്ക് എട്ടുവയസ്സുള്ളപ്പോൾ എന്നെ ഒരു പുരുഷൻ ഇങ്ങനെ സ്പർശിച്ചിരുന്നു. ആ അനുഭവത്തിലൂടെയാണ് ഞാൻ എങ്ങനെ സ്വയംഭോഗം ചെയ്യണം എന്ന് മനസ്സിലാക്കുന്നത്. ഇതേ അനുഭവം വേറെ പലർക്കും ഉണ്ടാകുന്നുണ്ടാവാം എന്നും എനിക്കുറപ്പുണ്ട്. ആളുകൾ ഞാൻ പീഡോഫീലിയയെ ന്യായീകരിക്കുന്നു എന്നും പറഞ്ഞുകൊണ്ട് വരും എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുകൂടിയാണ് ഞാൻ മുൻകരുതൽ എന്ന നിലക്ക് "Don't tell this to a pedophile..." എന്നൊരു ഡയലോഗ് പോലും "മെമ്മറീസ്..." -ൽ പറഞ്ഞുവെക്കുന്നത്. പലർക്കും ഇത് തീരെ ദഹിക്കാത്ത അവർ സ്വന്തം കുട്ടികളോട് ചേർത്തുവെച്ച് അതിനെ അതിവൈകാരികമായി കാണുന്നതുകൊണ്ടാണ്. സ്വന്തം കുഞ്ഞുങ്ങളോട് ചേർത്ത് കാണുന്നതിന് മുമ്പ്, സ്വന്തം ബാല്യകാല അനുഭവങ്ങളോട് ചേർത്തുവെക്കും അവർ. അവയോടുള്ള നിഷേധമാണ് ആദ്യം സംഭവിക്കുന്നത്. ഇപ്പോൾ ഓർക്കുമ്പോൾ സമൂഹത്തിന്റെ സദാചാരസങ്കല്പങ്ങൾ പ്രകാരം അപമാനകരം എന്ന് തോന്നുന്ന സ്വന്തം അനുഭവങ്ങളെ 'നെഗേറ്റ്' ചെയ്യാനുള്ള ശ്രമങ്ങളാണ്, ഈ വല്ലാതുള്ള ഞെട്ടലുകൾക്ക് കാരണം.
കനി എന്ന നടിയുടെ സോഷ്യൽ മീഡിയ ഇമേജ് ആ ഷോർട്ട് ഫിലിം തെറ്റിദ്ധരിക്കപ്പെടാൻ കാരണമായോ?
മെമ്മറീസിനെപ്പറ്റി പറഞ്ഞാൽ, കനി എന്ന സിനിമാതാരത്തിന്റെ പ്രതിച്ഛായ എന്റെ ഷോർട്ട് ഫിലിം മുന്നോട്ടുവെച്ച വിഷയത്തേക്കാൾ മുന്നിൽ നിന്നു, അതിനെ മറച്ചു പിടിച്ചു, ഒരുതരത്തിൽ പറഞ്ഞാൽ പരാജയപ്പെടുത്തുക പോലും ചെയ്തു എന്നത് എനിക്ക് ഇന്നും വളരെ വിഷമം ഉള്ള ഒരു കാര്യമാണ്. ആ ഇമേജ് അപനിർമിക്കാൻ വേണ്ടിക്കൂടിയാണ് തെലുഗുവിൽ ഞാൻ ഇതിനു ഒരു സീക്വൽ ആലോചിക്കുന്നതുപോലും.
സംവിധായിക എന്ന നിലയ്ക്ക് ഞാൻ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയമല്ല, നടിയായ കനി സ്വന്തം ജീവിതത്തിൽ മുന്നോട്ടു വെക്കുന്നത്. രാഷ്ട്രീയപരമായി നിരവധി ഭിന്നാഭിപ്രായങ്ങൾ ആ ഹ്രസ്വചിത്രം റിലീസ് ആയ ശേഷം ഉണ്ടായിരുന്നു. അങ്ങനെ നിർണായകമായ, അത്രയും വിപരീത ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ നിലപാടുവ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാകും എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ കനിയോടൊപ്പം ആ ചിത്രം ചെയ്യില്ലായിരുന്നു. കനിക്കുള്ളത് വളരെ നിയോ ലിബറൽ ആയ നിലപാടുകളാണ്. ഏറെ പ്രിവിലേജുകൾ ഉള്ളതാണ് കനിയുടെ ജീവിതസാഹചര്യങ്ങൾ.
ഫെമിനിസത്തിന്റെ ആദ്യപടി ബ്രാ ഊരിമാറ്റൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ മുലകളെ പുരുഷന് കാണാൻ ആഗ്രഹമുള്ള ആകൃതിയിലേക്ക് പരുവപ്പെടുത്താനാണ് സ്ത്രീകൾ തലമുറകളായി ബ്രാ ധരിക്കുന്നത്. മെമ്മറീസ് ഓഫ് എ മെഷീനിൽ ഞാൻ കനിയെക്കൊണ്ട് സംസാരത്തിനിടെ ബ്രാ ഊരി മാറ്റിക്കുന്നതും, 'എന്തൊരാശ്വാസം' എന്ന് പറയിക്കുന്നതും ഒക്കെ ബോധപൂർവമുള്ള പരിശ്രമങ്ങൾ ആണ്. അതേ കനി, മെമ്മറീസ് ഇറങ്ങി അധികം കഴിയും മുമ്പ് ബ്ലോസം ബ്രായുടെ ബ്രാൻഡ് അംബാസഡറും മോഡലും ആയി. കൊച്ചിയുടെ ഹൈവേകളിൽ ചിരിച്ചുകൊണ്ട് ഹോർഡിങ്ങുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് കനി ജനങ്ങളോട് ഇന്ന ബ്രാൻഡിന്റെ ഇന്ന മോഡൽ ബ്രാ ധരിക്കൂ എന്ന് ആഹ്വാനം ചെയ്യുകയാണ്. എന്തൊരു വിരോധാഭാസമാണ് അത്.
കനിക്ക് ഒരു പ്രൊഫഷണൽ എന്ന നിലക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലേ? മെമ്മറീസിലൂടെ ശൈലജ പറയാൻ ശ്രമിക്കുന്ന രാഷ്ട്രീയം ആജീവനാന്തം വ്യക്തിജീവിതത്തിൽ വെച്ചുപുലർത്താനുള്ള ബാധ്യത കനിക്കുണ്ടോ? ഒരു മോശം സിനിമ ചെയ്യുന്നതിന് പകരം, ജീവിതോപാധി എന്ന നിലക്ക് ഒരു ബ്രായുടെ പരസ്യം കനി തിരഞ്ഞെടുത്താൽ എന്താണ് തെറ്റ്?
നടിയുടെ രാഷ്ട്രീയം പ്രധാനമാണ്. നോക്കൂ, ഈയടുത്താണ് ഞാൻ 'ഹലാൽ ലവ് സ്റ്റോറി' എന്നൊരു മലയാളം ചിത്രം കണ്ടത്. അതിൽ എക്സ്ട്രാ നടൻമാർ ആയി ചെറിയ റോളുകളിൽ നാട്ടുകാരെ കാസ്റ്റ് ചെയ്യുന്നു. അവരോട് ഷൂട്ടിങ്ങിന്റെ ഭാഗമായി കൊക്കക്കോള കുടിക്കാൻ പറയുമ്പോൾ, അവർ അങ്ങനെ ചെയ്യുന്നത് അവരുടെ രാഷ്ട്രീയത്തിന് വിരുദ്ധമാണ് എന്നും പറഞ്ഞുകൊണ്ട് അത് ചെയ്യാൻ വിസമ്മതിക്കുന്നു. അതാണ് നിലപാട്. കനിക്ക് വേണമെങ്കിൽ അങ്ങനെ ഒരു പരസ്യം ചെയ്യാതെ, ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കാമായിരുന്നു. അവർ അത് ചെയ്തില്ല. അത് അവരുടെ തിരഞ്ഞെടുപ്പാണ്.
അടുത്തിടെ ഇട്ട ഫേസ്‌ബുക്ക് സ്റ്റാറ്റസിനെപ്പറ്റി : #Nonbinary എന്ന് ഹാഷ് ടാഗ്. 'Reunderstanding Gender ' എന്ന് ഡിസ്‌ക്രിപ്‌ഷൻ. "മാസ്കുലിനിറ്റി പൂർണാരോഗ്യത്തിന്റെ ലക്ഷണമാണ്. അതിന് ലൈംഗികതയുമായി ഒരു ബന്ധവുമില്ല." എന്ന് പോസ്റ്റ്, ഒപ്പം, വ്യായാമം ചെയ്തു വികസിപ്പിച്ചെടുത്ത സ്വന്തം പേശികളുടെ ചിത്രവും. സ്വന്തം ലൈംഗികതയുടെ കാര്യത്തിൽ വല്ല പുനർചിന്തനങ്ങളും ഉണ്ടായോ?
ഞാൻ ഒരു 'ക്വീർ' പേഴ്സൺ ആണ്. എന്റെ ലൈംഗികത 'ക്വീർ' ആണ്. കുട്ടിക്കാലം മുതൽ എന്റെ ചലനങ്ങളും വസ്ത്രധാരണവും ഒക്കെ പുരുഷത്വത്തോട് ചേർന്ന് നില്ക്കുന്നതായിരുന്നു. പലരും ഞാൻ ഒരു ആൺകുട്ടി ആണെന്ന് വരെ തെറ്റിദ്ധരിക്കുമായിരുന്നു. ആ വിഷയം തന്നെ എടുത്താണ് എന്റെ അടുത്ത ഫീച്ചർ ഫിലിം, 'നാനു ലേഡീസ്' - "ഞാനൊരു സ്ത്രീ ആണ്" എടുത്തിട്ടുള്ളത്. അത് ജൻഡർ എന്നതിനെപറ്റിയുള്ള പുനരാലോചനകളാണ്. തിരിച്ചറിയലുകളാണ്. എന്നെ ഞാൻ ഒരിക്കലും ഒരു പുരുഷനായി സങ്കല്പിക്കുന്നില്ല. കാരണം, എന്നിൽ ഉള്ള സ്ത്രീത്വത്തിന്റെ അംഗങ്ങളെ എനിക്ക് വലിയ പ്രിയമാണ്. അണ്ഡങ്ങൾ ഉത്പാദിപ്പിക്കാൻ, ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയുന്ന എന്റെ ശരീരപ്രകൃതി എനിക്കിഷ്ടമാണ്. അത് വല്ലാത്തൊരു കാര്യം തന്നെയാണ്. സ്ത്രീത്വത്തെ വസ്ത്രധാരണത്തോടും, മേക്കപ്പിനോടും, ആഭരണങ്ങളോടും മാത്രം ബന്ധിപ്പിക്കുന്നത് എനിക്കിഷ്ടമില്ലാത്ത കാര്യമാണ്.
ശരീരഭാഷയും, പുരുഷത്വ പ്രകടനവും ഒന്നും ലൈംഗികതയുമായി ഒട്ടും ബന്ധമുള്ള കാര്യങ്ങൾ അല്ല എന്ന തിരിച്ചറിവാണ് ഈയടുത്ത് എനിക്കുണ്ടായിട്ടുളളത്. വേണ്ടപോലെ ജിമ്മിൽ ചെന്ന് വ്യായാമം ചെയ്‌താൽ ഏതൊരു സ്ത്രീക്കും പുരുഷന്മാരെപ്പോലെ തന്നെ പേശികൾ വികസിക്കും. മസിൽബോഡി ഉണ്ടാവും. നല്ല പേശികൾ ഉണ്ട് എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ മാത്രം ലക്ഷണങ്ങൾ ആണ്. 'മസ്കുലിനിറ്റി'യെ മീശയുമായും, ആണുങ്ങളുമായും മാത്രം ബന്ധിപ്പിക്കുന്നത് അത്ര ശരിയല്ല.
ഒരു യുവസംവിധായിക എന്ന നിലക്ക് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് ?
ഒരു പ്രദേശത്തിന്റെ സാഹിത്യം എന്നത് അതിന്റെ സംസ്കാരത്തിന്റെയും, ജൈവികശാസ്ത്രത്തിന്റെയും ഒക്കെ തുടർച്ചയാണ്. കല, നാടകം, സിനിമ ഒക്കെ സാഹിത്യത്തിന്റെ സാധ്യതകളാണ്. അവ ജൈവിക ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലങ്ങളും ആണ്. കലാകാരൻമാർ എന്ന നിലയ്ക്ക്, സിനിമാ സംവിധായകർ എന്ന നിലക്ക് സമൂഹത്തിൽ സാംസ്കാരികമായ ഒരു മുന്നേറ്റം കൊണ്ടുവരാനുളള ഉത്തരവാദിത്തം നമുക്കുണ്ട്. ദ്രാവിഡിയൻ ജൈവിക ശാസ്ത്രം ഇന്ന് കാര്യമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. തലമുറകളായി അവയെ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് ചൂഷകരാണ്. നമ്മുടെ പ്രാദേശികമായ ജൈവിക ശാസ്ത്രത്തെയും, സംസ്കാരത്തെയും ഒക്കെ കലയുടെയും, നാടകം, സിനിമ എന്നിവയിലൂടെയും മാനവരാശിയുടെ പുരോഗതിക്കായി പ്രയോജനപ്പെടുത്തണം. താത്കാലികമായ സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടി അവയെ നിങ്ങൾ ദുരുപയോഗം ചെയ്യരുത്. പെരിയാർ തുടങ്ങി വെച്ച ആത്മാഭിമാന മുന്നേറ്റം വളരെ പ്രധാനമാണ് എന്നുതന്നെ ഞാൻ കരുതുന്നു. അത് പ്രാദേശികമായ സംസ്കാരത്തിന്റെയും, സാമ്പത്തികമായ സ്വാതന്ത്ര്യത്തിന്റെയും ഒക്കെ മൂല്യങ്ങളെ ഉറപ്പിച്ചു നിർത്തുന്ന ഒന്നാണ്. വിശേഷിച്ചും, ഈ കെട്ട കാലത്ത്.