ഫിലിമില്‍ പതിഞ്ഞ നടനകാന്തി, സത്യന്‍, നസീര്‍ യുഗത്തില്‍ സ്വന്തം വഴി വെട്ടിത്തെളിച്ച മധു

അക്കാലം വരെ സത്യന്‍റെയോ നസീറിന്‍റെയോ ഡേറ്റ് നിര്‍മ്മാതാക്കള്‍ക്ക് എളുപ്പം ലഭിച്ചിരുന്നെങ്കില്‍ സിനിമകളുടെ എണ്ണം കൂടിയതോടെ അത് സാധിക്കാതെവന്നു

madhu the actor who chose performance oriented roles instead of just heroes 90th birthday nsn
Author
First Published Sep 22, 2023, 9:23 PM IST

മധു സിനിമയിലെത്തുന്ന അറുപതുകളുടെ തുടക്കത്തില്‍ തിളങ്ങിനിന്ന രണ്ട് താരങ്ങള്‍ സത്യനും നസീറുമായിരുന്നു. മലയാള സിനിമ എന്നുപറഞ്ഞാല്‍ തന്നെ അവരായിരുന്നു. മലയാള സിനിമയില്‍ വര്‍ഷാവര്‍ഷം ഇറങ്ങുന്ന സിനിമകളുടെ എണ്ണം താരതമ്യേന കുറവായിരുന്നതിനാല്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ച് നസീറിന്‍റെയും സത്യന്‍റെയോ ഡേറ്റ് എന്നത് അത്ര പ്രശ്നമായിരുന്നില്ല. അതിലൂടെ ലഭിക്കുന്ന മിനിമം ഗ്യാരന്‍റിയും ഈ ദ്വന്ദ്വത്തില്‍ മലയാള സിനിമയെ അഭിരമിപ്പിച്ചു. അപ്പോഴാണ് നടനത്തില്‍ മറ്റൊരു സമീപനവുമായി എന്‍ എന്‍ പിഷാരടി എന്ന സംവിധായകന്‍റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന മധുവിന്‍റെ ആദ്യചിത്രം വരുന്നത്. മധു വന്ന് അധികം വൈകാതെ വര്‍ഷാവര്‍ഷം നിര്‍മ്മിക്കപ്പെടുന്ന മലയാള സിനിമകളുടെ എണ്ണം വര്‍ധിച്ചു എന്നതാണ് നടനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മുന്നോട്ടുപോക്ക് എളുപ്പമാക്കിയ ഒരു പ്രധാന ഘടകം.

അക്കാലം വരെ സത്യന്‍റെയോ നസീറിന്‍റെയോ ഡേറ്റ് നിര്‍മ്മാതാക്കള്‍ക്ക് എളുപ്പം ലഭിച്ചിരുന്നെങ്കില്‍ സിനിമകളുടെ എണ്ണം കൂടിയതോടെ അത് സാധിക്കാതെവന്നു. മറ്റൊരു സാധ്യതയ്ക്കായി പരതിയ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും മുന്നില്‍ തെളിഞ്ഞത് മധുവിന്‍റെ മുഖമായിരുന്നു. നായക സങ്കല്‍പങ്ങള്‍ക്ക് ചേര്‍ന്ന ആകാരവും അഭിനയിക്കാനുള്ള കഴിവും മധുവിലേക്ക് അവസരങ്ങള്‍ എത്തിച്ചു. എന്നാല്‍ താരപദവി ആയിരുന്നില്ല അദ്ദേഹത്തിന്റെ ആഗ്രഹം. മറിച്ച് അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. താരകിരീടം ഒരു അഭിനേതാവിന്‍റെ വളരാനുള്ള അവസരത്തെ തടയുകയാണ് ചെയ്യുകയെന്ന് തിരിച്ചറിയാനുള്ള വിവേകവും അദ്ദേഹത്തിനുണ്ടായിരുന്നു.

madhu the actor who chose performance oriented roles instead of just heroes 90th birthday nsn

 

ഒരു നവാഗത നടന്‍ ആഗ്രഹിച്ചതിനും അപ്പുറത്തുള്ള അവസരം തുടക്ക വര്‍ഷങ്ങളില്‍ തന്നെ മധുവിനെ തേടിയെത്തി. അതില്‍ ആദ്യം എ വിന്‍സെന്‍റിന്‍റെ ഭാര്‍ഗവീനിലയം ആയിരുന്നു. അരങ്ങേറ്റം കുറിച്ചതിന്‍റെ തൊട്ടുപിറ്റേവര്‍ഷം 1964 ലാണ് ഭാര്‍ഗവീനിലയം എത്തുന്നത്. ഇടവേള വരെ തിരശ്ശീലയില്‍ തെളിഞ്ഞ എഴുത്തുകാരന്‍റെ ആ ഒരേയൊരു കഥാപാത്രത്തിലൂടെയാണ് മധുവിലെ നടനെ പ്രേക്ഷകര്‍ ആദ്യമായി അംഗീകരിച്ചത്. പ്രേക്ഷകര്‍ക്ക് മാത്രമല്ല ഒരു നടന്‍ എന്ന നിലയില്‍ തനിക്കും ആത്മവിശ്വാസമുണ്ടാക്കിയ ആദ്യചിത്രം ഭാര്‍ഗവീനിലയമായിരുന്നെന്ന് മധു പിന്നീട് പറഞ്ഞിട്ടുണ്ട്. ഭാര്‍ഗവീനിലയം അദ്ദേഹത്തിന് വലിയ ബ്രേക്ക് ആണ് നല്‍കിയത്. അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു പിന്നീട്. സ്ഥിരം നായകവേഷങ്ങള്‍ അക്കൂട്ടത്തില്‍ ഉണ്ടായെങ്കിലും ചെമ്മീനും ഓളവും തീരവും പോലെയുള്ള ക്ലാസിക്കുകളും അക്കൂട്ടത്തിലുണ്ടായി. എന്നാല്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുവെന്ന തോന്നല്‍ ഉടലെടുത്തതോടെ സിനിമ സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലേക്ക് മധു എത്തി. അങ്ങനെയാണ് സി രാധാകൃഷ്ണന്‍റെ തേവിടിശ്ശി എന്ന നോവല്‍ പ്രിയ എന്ന പേരില്‍ സിനിമയാക്കുന്നത്. അതൊരു തുടക്കമായിരുന്നു, ആറ് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തില്‍ 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 

madhu the actor who chose performance oriented roles instead of just heroes 90th birthday nsn

 

കലാജീവിതത്തില്‍ മുന്‍മാതൃകകളില്‍ ആകൃഷ്ടനാവാതെ സ്വന്തം വഴി തെരഞ്ഞെടുത്ത് നടന്നയാളാണ് മധു. സത്യനും നസീറും അരങ്ങ് തകര്‍ത്തിരുന്ന കാലത്ത് സിനിമയിലെത്തിയിട്ടും മധു വളരെ വേഗത്തില്‍ പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിയത് ആ വഴിയേയാണ്. "സിനിമയില്‍ വന്ന സമയത്ത് താരപരിവേഷമുള്ള നായകന്മാരെ മാത്രം അവതരിപ്പിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇന്നെന്നെ ഓര്‍ക്കുമായിരുന്നില്ല", മധുവിന്‍റെ വാക്കുകള്‍. 

ALSO READ : എന്തുകൊണ്ട് 'ബിലാല്‍' അപ്ഡേറ്റ് വൈകുന്നു? മമ്മൂട്ടിയുടെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios