അഖിൽ ആദ്യമേ കഥ പറഞ്ഞുതന്നു, വളരെ അപൂർവ്വമാണത്: 'പാച്ചുവും അത്ഭുതവിളക്കി'ലെ പാട്ടുകളെ കുറിച്ച് മനു മഞ്ജിത്ത്
പാട്ടെഴുത്ത് ഒരിക്കലും ജോലിയായി ഞാൻ എടുത്തിട്ടില്ല. സിനിമയിൽ ഭാഗമായി നിൽക്കാനൊരു പാഷൻ. ഡോക്ടര്‍ എന്നത് കൃത്യമായ ജോലി എന്ന രീതിയിൽ കാണുന്നതാണ്.
''എനിക്ക് ഓക്കെയാകുന്നതേ ഞാൻ അച്ഛനോട് പറയൂ, എന്‍റെ റെസ്പോൺസിബിലിറ്റിയാണ് നിങ്ങളുടെ നല്ലത് കൊടുക്കണമെന്നത്, അഖിലിന്‍റെ ആ വാക്കുകളാണ് എന്‍റെ പേടിമാറ്റിയത്''
'മന്ദാരമേ ചെല്ല ചെന്താമരേ' എന്ന ഒറ്റ പാട്ടിലൂടെ മലയാളികളുടെ കാതോരത്ത് കൂടുകൂട്ടിയ പാട്ടെഴുത്തുകാരനാണ് മനു മഞ്ജിത്ത്. അതിന് പിന്നാലെ ആ തൂലിക തുമ്പിൽ നിന്ന് പിറന്നത് 'തിരുവാവണി രാവും' 'ലാലേട്ടാ'യും 'കുടുക്ക്' പാട്ടും 'കൃപാകരി'യും 'ഉയിരേ'യും ഉൾപ്പെടെ നൂറിലേറെ പാട്ടുകളാണ്. ഇപ്പോഴിതാ അടുത്തിടെ തിയേറ്ററുകളിലെത്തിയ 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലെ 'നിൻ കൂടെ ഞാനില്ലയോ', 'തിങ്കൾ പൂവിന്നിതളിവൾ' എന്നീ ഗാനങ്ങളിലൂടെ വീണ്ടും പാട്ടുപ്രേമികളുടെ പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മനു എഴുതിയ പാട്ടുകള്‍. അഖിൽ സത്യനൊപ്പമുള്ള ആദ്യ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനു മഞ്ജിത്ത് ഇപ്പോൾ.
പാച്ചുവും അത്ഭുത വിളക്കിലെ മനുവിന്റെ പാട്ടുകള്‍ ഇപ്പോൾ വൈറലാണ്. ഇതിലെ പാട്ടുകളെ കുറിച്ച് താങ്കൾ ഫേസ്ബുക്കിൽ എഴുതിയിരുന്നത് ഹൃദയത്തോട് പല കാരണങ്ങളാലും ഏറെ ചേർന്നുനിൽക്കുന്ന ഗാനങ്ങളെന്നാണ്. 2019 മുതൽ അഖിലിനോടൊപ്പം ഈ യാത്രയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ എത്രമാത്രം സ്പെഷ്യലാണ് താങ്കൾക്ക് പാച്ചുവും അത്ഭുത വിളക്കും ?
ഏകദേശം 2020-ഓടെയാണ് ഞാനീ പ്രൊജക്ടിന്‍റെ ഭാഗമാകുന്നത്. ഏറെ സന്തോഷം തോന്നിയത് അഖിൽ വിളിച്ചതിലായിരുന്നു. കാരണം അനൂിപിനെ നേരത്തെ പരിചയമായിരുന്നു. ലാൽ ജോസ് സാറിന്‍റെ അസിസ്റ്റന്‍റ് ആയതിനാൽ വിക്രമാദിത്യൻ, വെളിപാടിന്‍റെ പുസ്തകം സിനിമകളുടെ ഭാഗമായ സമയത്ത് കണ്ട് സംസാരിച്ചിട്ടുണ്ട്. പക്ഷേ അഖിൽ നേരിട്ടാണ് സിനിമയിലേക്ക് വിളിച്ചത്. സത്യൻ സാറിന്‍റെ മക്കളെന്ന റെസ്പെക്ട് ഇവരോടെനിക്കുണ്ട്. അഖിൽ ആദ്യമേ കൃത്യമായി സിനിമയുടെ കഥ പൂർണ്ണമായി എനിക്ക് പറഞ്ഞുതന്നു. അത് വളരെ അപൂർവ്വമായി ഇപ്പോഴൊക്കെ സംഭവിക്കാറുള്ളൂ. അതിൽ നിന്ന് തന്നെ ഈ സിനിമയിൽ പാട്ടുകള്‍ക്ക് അഖിൽ കൊടുക്കുന്ന പ്രാധാന്യം എത്രത്തോളമുണ്ടെന്ന് എനിക്ക് മനസ്സിലായി. പല സിനിമകളിലും പലരും സിറ്റുവേഷൻസ് മാത്രമേ പറഞ്ഞ് തരാറുള്ളു. എന്നാൽ പാച്ചുവിൽ പത്രം ഇട്ട് തുടങ്ങുന്ന സീക്വൻസ് മുതൽ അഖിൽ പറഞ്ഞുതന്നു. രണ്ടര - മൂന്ന് മണിക്കൂറെടുത്ത് ഓരോ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തിതന്നു.
കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് ടെൻഷനായി. അനൂപ് ആണേൽ ലാൽ ജോസ് സാറിന്‍റെ അസിസ്റ്റന്‍റ്. അഖിൽ സത്യൻ സാറിന്‍റെ തന്നെ അസിസ്റ്റന്‍റ്. സത്യൻ സാറേണെങ്കിൽ പാട്ടുകള്‍ ഒട്ടേറെ എഴുതിയിട്ടുള്ളയാളാണ്. ഞാൻ ഗുരുക്കന്മാരെ പോലെ കാണുന്നയാളാണ്. അതിന്‍റെയൊരു പേടി കാരണം എന്‍റെ കൺസേൺ ഞാൻ അഖിലിനോട് പറഞ്ഞു. എനിക്ക് ഓക്കെയാകുന്നതേ ഞാൻ അച്ഛനോട് പറയൂ. എന്‍റെ റെസ്പോൺസിബിലിറ്റിയാണ് നിങ്ങളുടെ നല്ലത് കൊടുക്കണമെന്നത് എന്നാണപ്പോൾ അഖിൽ പറഞ്ഞത്. അതോടെ എന്‍റെ പേടിയെ അഖിൽ അങ്ങനെ ഡീൽ ചെയ്തു, പിന്നെ ഞാൻ ഫ്രീയായി.
നമുക്കിപ്പോൾ ഒരുപാട് പോയിറ്റിക്കോ ഇമേജറീസായോ എഴുതാൻ പറ്റുന്നതല്ലല്ലോ മലയാളത്തിലെ പാട്ടുകള്‍. ഒക്കെ കോൺവര്‍സേഷൻ പാറ്റേൺ രീതിയിലുള്ളതാണ്, സിംപിളാണ്. എന്നാൽ അഖിൽ നല്ല ഭംഗിയുള്ള ഇമോഷൻസുമായാണെത്തിയത്. ആദ്യം തിങ്കള്‍ പൂവിൻ എന്ന പാട്ടാണ് എഴുതിയത്. ലുല്ലബി പാറ്റേണിൽ തുടങ്ങി. മോട്ടിവേഷണൽ രീതിയിലൊക്കെ അവസാനമെത്തുന്ന പാട്ടാണ്. പാടുന്ന സ്ത്രീയുടെ ഏകാന്തതയും അതിൽ കടന്നുവരുന്നുണ്ട്, പാട്ടിൽ ചെറിയൊരു നൊമ്പരമുണ്ട്. ജസ്റ്റിൻ ഗംഭീമായി കംപോസ് ചെയ്തിരുന്നു. അത്രയും വേരിയേഷൻസ് ആ പാട്ടിൽ കൊണ്ടുവരിക അത്ര എളുപ്പമുള്ളതല്ല. ഹെൽതിയായ ഗിവ് ആൻഡ് ടേക് ആയിരുന്നു പിന്നീട് ഞങ്ങൾ തമ്മിൽ. കൃത്യമായ തോതിൽ അത് അദ്ദേഹം ബാലൻസ് ചെയ്ത് തന്നു. അത് കഴിഞ്ഞ് എഴുതിയതാണ് നിൻ കൂടെ ഞാനില്ലയോ എന്ന ഗാനം.
കുഞ്ഞിരാമായണത്തിന് ശേഷം ജസ്റ്റിൻ പ്രഭാകരനോടൊപ്പം വീണ്ടും ഒരുമിച്ച സിനിമയാണല്ലോ. അന്ന് സംഭവിക്കാതിരുന്ന മെലഡിയും ഇക്കുറി സംഭവിച്ചു. നിങ്ങളുടെയൊരു കൂട്ടുകെട്ടിനെ പറ്റി എന്ത് തോന്നുന്നു ?
അത് വളരെ സന്തോഷമാണ്. കുഞ്ഞിരാമായണം സിനിമയിലെ പാട്ടുകളെ കുറിച്ച് ഇപ്പോഴും പലരും പറയാറുണ്ട്. അതിൽ തമാശ രീതിയിലെ പാട്ടുകളായിരുന്നു. തമിഴിൽ കിടിലൻ മെലഡികള്‍ ചെയ്യുന്നയാളാണ് ജസ്റ്റിൽ. പാച്ചുവിൽ എനിക്ക് ജസ്റ്റിനോടൊപ്പം ഫീൽഗുഡ് മെലഡി ചെയ്യാനായി എന്നതൊരു ഭാഗ്യമാണ്. കുഞ്ഞിരാമായണം ചെയ്യുന്ന സമയത്തും ഇപ്പോഴും കഥയിൽ നല്ല ക്ലാരിറ്റിയുള്ള സംവിധായകരേയാണ് ലഭിച്ചത്. ബേസിലും അഖിലും അതിൽ മികച്ചുനിൽക്കുന്നവരാണ്. കുഞ്ഞിരാമായണത്തിന്‍റെ സമയത്ത് അഞ്ച് പാട്ടുകളും ചെയ്ത് കഴിഞ്ഞായിരുന്നു ഞാനും ജസ്റ്റിനും തമ്മിൽ സംസാരിച്ചത് തന്നെ. ഞങ്ങൾക്കിടയിൽ ബേസിൽ എല്ലാം പക്കാ പ്ലാൻ ചെയ്ത് തന്നിരുന്നു. ശങ്കർ മഹാദേവൻ സാറ് പാടുന്നത് റെക്കോർഡ് ചെയ്യാനായി ബോംബെയിൽ എത്തിയപ്പോഴായിരുന്നു ഞങ്ങൾ ആദ്യമായി സംസാരിച്ചത്.
ജസ്റ്റിൻ ഇപ്പോൾ വളരെ എസ്റ്റാബ്ലിഷ്ഡ് ആയ സംഗീതസംവിധായകനായി. അന്നത്തേക്കാൾ പ്രശസ്തനായി. അദ്ദേഹം എപ്പോഴും ലിറിക്കിൽ പ്രാധാന്യം കൊടുക്കുന്നയാളാണ്. ലിറിക്കിൽ പോലും സൗണ്ടിങിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ചിലപ്പോൾ നമുക്ക് അർത്ഥങ്ങളിൽ ചില കോപ്രമൈസുകള്‍ ചെയ്യേണ്ടി വരും. എന്നാൽ ജസ്റ്റിൻ പറഞ്ഞത് അങ്ങനെ വേണ്ട നല്ല മീനിംഗ് വരട്ടെ എന്നാണ്, ഇത്തരത്തിൽ കവിതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സംഗീത സംവിധായകർ കുറവാണ്. ജസ്റ്റിൻ ഈണമിട്ട ശേഷമായിരുന്നു ഞാൻ പാട്ടുകളെഴുതിയത്.
ചെറുപ്പം മുതൽ സത്യൻ അന്തിക്കാട്, ശ്രിനീവാസൻ സിനിമകളുടെ ആരാധകനായിരുന്നോ. അവരുടെ അടുത്ത തലമുറയോടൊപ്പം ഇങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ. വിനീതിന് പിന്നാലെ ഇപ്പോള്‍ അഖിലിനൊപ്പവും ഒരുമിച്ച് പ്രവർത്തിച്ചതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?
സിനിമ തന്നെ എന്‍റെ ചിന്തകളിലില്ലാത്തതായിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന സംവിധായകർ സത്യൻ അന്തിക്കാട്, പ്രിയദർശൻ, ജോഷി, ഷാജി കൈലാസ് ഇവരൊക്കെയായിരുന്നു. അതിൽ തന്നെ സത്യൻ -ശ്രീനി കൂട്ടുകെട്ട് മലയാളികൾക്ക് ഒരു കാലഘട്ടം തന്നെയല്ലേ. എന്നേയും ഇവർ ഏറെ ഇൻസ്പെയര്‍ ചെയ്തിട്ടുണ്ട്. അവരുടെ അടുത്ത തലമുറയോടൊപ്പം പ്രവർത്തിക്കാനായെന്നത് വളരെ ഭാഗ്യമാണ്. പാച്ചുവിന്‍റെ വർക്കിനിടയിൽ അഖിളിനോടൊപ്പം പോകുമ്പോൾ ഒരു ദിവസം അദ്ദേഹം ഭരണി സ്റ്റുഡിയോ കാണിച്ചുതന്നു. അഖിൽ അത് കാണിച്ച് തന്നതിലൊരു കൗതുകമുണ്ടെന്നാണ് ഞാനപ്പോൾ പറഞ്ഞത്.
എഴുതിച്ചും തിരുത്തിച്ചും അഖിൽ തന്നെ കണ്ടെടുത്ത പാട്ടുകളെന്നാണല്ലോ ഫേസ്ബുക്കിൽ ഒരിക്കൽ താങ്കള്‍ എഴുതിയിരുന്നത്. ഉള്ളിൽ നിന്ന് നമ്മള്‍ പോലുമറിയാതെ പാട്ട് കട്ടെടുക്കുന്ന എന്ത് ഗുട്ടൻസാണ് അഖിലിനുള്ളത് ?
നിൻ കൂടെ ഞാനില്ലയോ എന്ന പാട്ട് കുറെ റീവര്‍ക്ക് ചെയ്തതാണ്. കൂടുതൽ ബെറ്ററാക്കാനായിട്ടായിരുന്നു അത്. അത് ഞങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് വന്നു. അഖിൽ അതിനെകുറിച്ച് ഫേസ്ബുക്കിൽ ഹൃദയസ്പര്‍ശിയായൊരു കുറിപ്പ് എഴുതിയിരുന്നു. അഖിലത് വീണ്ടും വീണ്ടും കേള്‍ക്കുകയും കറക്ട് ചെയ്യുകയും ചെയ്ത് കൃത്യമായ ഇടവേളകളിൽ വിളിക്കും. ഓരോ തവണയും മാറുമ്പോൾ പാട്ട് നന്നാകുന്നതിനാൽ തന്നെ നമുക്കും ഒരു പ്രോചോദനമായിരുന്നു. ആത്യന്തികമായി സംവിധായകനായിരിക്കും സമഗ്രായി സിനിമയെ കുറിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഡയറക്ടറിന്‍റെ വാക്ക് ഞാൻ റെസ്പെക്ട് ചെയ്യാറുണ്ട്. പിന്നെ ഞങ്ങളുടെ ടീം വര്‍ക്ക് ഭയങ്കരമായി ബ്ലെൻഡായി പോയിരുന്നു. അതൊരു പോസിറ്റിവ് വൈബായിരുന്നു. പാട്ട് നന്നായതിന് പിന്നിൽ വലിയ ടീം വര്‍ക്കുമുണ്ട്. ലിറിക്കൊക്കെ ലോക്കാക്കി ജസ്റ്റിന്‍റെ അഭിപ്രായമെടുത്ത് കഴിഞ്ഞിട്ടും പിന്നേയും പാട്ടിൽ ഞങ്ങൾ റീവര്‍ക്ക് ചെയ്തിട്ടുണ്ട്. ഗൗതം പാടിക്കുന്ന സമയത്ത് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭയങ്കര ഇമോഷണി എല്ലാവരും ഇൻവോൾവ് ചെയ്ത പാട്ടുകളായിരുന്നു പാച്ചുവിലേത്.
ഞാൻ അടിപൊളി മൂഡിലുള്ള, ഫൺ മൂഡിലുള്ള ഒരുപാട് പാട്ടുകള്‍ എഴുതിയിട്ടുണ്ട്. അതെന്‍റെ കംഫര്‍ട്ട് സോണാണ്. ഓരോ ആള്‍ക്കാര്‍ക്കും അങ്ങനെയുണ്ടാവുമല്ലോ. ഇങ്ങനത്തെ മെലഡികള്‍ ഇപ്പോള്‍ അധികം സംഭവിക്കാറേയില്ല. പോയിറ്റിക്കായതും ഇമേജറിസ് വരുന്നതുമൊക്കെ കുറവാണ്. സിനിമയിൽ കൂടുതൽ റിലയിസ്റ്റിക് അപ്രോച്ചുകളാണല്ലോ ഇപ്പോ സംഭവിക്കുന്നത്. പക്ഷേ പഴയതലമുറയിലെ നമ്മളെ കൊതിപ്പിച്ച പല പാട്ടുകളും അത്തരത്തിലുള്ളതായിരുന്നു. എനിക്ക് അങ്ങനെയുള്ള പാട്ട് വേണമെന്ന് ഒരാള്‍ പറയുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. തനിക്ക് വേണ്ടതെന്താണെന്ന് അഖിലിന് നല്ല ക്ലാരിറ്റിയുണ്ടായിരുന്നു.
ഈ സിനിമയുടെ ജീവൻ തന്നെ പാട്ടുകളെന്നൊക്കെ കമന്‍റുകളുണ്ടല്ലോ ?
കഥ മുഴുവൻ ആദ്യമേ കിട്ടിയതിനാലാണത്. പിന്നെ നമ്മള്‍ പോലും അറിയാതെ പല വരികളും വരും. നിൻ കൂടെ ഞാനില്ലയോ എന്ന പാട്ടിൽ ബാക്കി മുഴുവൻ പോയിറ്റിക്കായി ഇമേജറീസ് വെച്ചുള്ള വരികളായിരുന്നെങ്കിൽ അതിൽ ഏറ്റവും ഹൂക്ക് ആയ വരികള്‍ എന്ന് പറുന്നത് നിൻ കൂടെ ഞാനില്ലയോ എന്നതായിരുന്നല്ലോ. മൊത്തം കഥയ്ക്കുള്ള സിംപ്ലിസിറ്റി ആ വരികളിൽ ഉള്‍ക്കൊള്ളിച്ചിരുന്നു. സിനിമയുടെ ലീഡ് ക്യാരക്ടര്‍ അത്രയും കോപ്ലിക്കേറ്റഡ് ഇമോഷൻസിലൂടെ പോകുന്നുണ്ട്, പാച്ചുവിന്‍റെ ലൈഫ് അത്ര സെറ്റിൽഡായിട്ടില്ല. ഉമ്മച്ചിയും കുറെ പ്രശ്നങ്ങളിലൂടെയാണ് പോകുന്നത്. നിധിക്ക് അതിലും വലിയ പ്രശ്നങ്ങളുണ്ട്. ഈ സമയം പാച്ചുവിന് ആകെ പറയാനുള്ളത് നിന്‍റെ കൂടെ ഞാനുണ്ട് എന്നാണ്. പാസ്റ്റൊന്നും നമുക്ക് മാറ്റാനാവില്ലല്ലോ. നമ്മള്‍ക്ക് സങ്കളടങ്ങളുണ്ടാകുമ്പോ നമ്മളും ആരെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമല്ലോ. ലവ് സോങ്ങായി ഈ പാട്ടിനെ പെടുത്താമെങ്കിലും രണ്ടുപേര്‍ തിരിച്ചറിയുന്നൊരു മൊമന്‍റിനായുള്ള പാട്ടാണിത്. അപ്പോ ഒരു ഉറപ്പ് നൽകാവുന്നതാണ് ആ വാക്കുകള്‍. എഴുതാനുള്ള താളം ജസറ്റിന് ചെയ്ത് വെച്ചിരുന്നു. ബാക്കിയെല്ലാം കോംപ്ലിക്കേറ്റഡ് നോട്സ് ആയിരുന്നെങ്കിലും ഹൂക്ക് ലൈനിനുള്ളത് വളരെ സിംപിളായിരുന്നു, സ്ട്രെയിറ്റായിരുന്നു, അതിനാൽ സിംപിളായി എഴുതാനായി.
റഫറൻസായി ഏതെങ്കിലും പാട്ടുകള്‍ അഖിൽ തന്നിരുന്നോ ?
അങ്ങനെ പാട്ടുകൾ തന്നിരുന്നതായി എന്‍റെ ഓർമ്മയിലില്ല. ഒരു ട്രാക്കിലായപ്പോൾ ഈ പാട്ട് നമ്മളേയും കൊണ്ടു അങ്ങ് പോയി. ഈ മൂന്ന് വര്‍ഷവും ഈ പാട്ടിനകത്ത് നിന്ന് ഇംപ്രൊവൈസ് ചെയ്യാൻ പറ്റിയിരുന്നു. അതങ്ങനെ അഎപ്പോഴും സംഭവിക്കില്ല. ചില പാട്ടുകള്‍ ചില സിനിമകളിൽ നമുക്കൊരു ജഡ്ജ്മെന്‍റ് ചെയ്യാനാകും. അത് പിന്നെ നമുക്ക് മടുപ്പാകും. അതോടെ എല്ലാം സ്റ്റാക്കി പോകും. പക്ഷേ ഇതിൽ അത്രയും എക്സൈറ്റ് ചെയ്യിച്ചത് അത്ര ജെന്യുവിനായതിനാലാണ്. കൊവിഡിന് മുമ്പ് എഴുതി തുടങ്ങിയതാണ്. കൊവിഡൊക്കെ കഴിഞ്ഞിട്ടാണ് തീര്‍ന്നത്. ശേഷം ഓരോ പ്രൊസസുകള്‍ നടക്കുകയായിരുന്നു. സിനിമയിറങ്ങുന്നതിന് മൂന്നോ നാലോ മാസം മുമ്പ് വരെ ഒരു പാട്ട് ഞങ്ങളിരുന്ന് കറക്ട് ചെയ്തിട്ടുണ്ട്.
അടുത്തിടെ ജി വേണുഗോപാൽ താങ്കളുടെ ഒരു പാട്ട് പാടി കഴിഞ്ഞ ശേഷം നേരിട്ട് വിളിച്ച് അഭിനന്ദിച്ചതായി കേട്ടു. അങ്ങനെ പാട്ട് പാടുന്നയാൾ നേരിട്ട് വിളിച്ചത് ഇത്രയും നാളത്തെ കരിയറിൽ ആദ്യത്തെ അനുഭവമായിരുന്നോ ?
അങ്ങനെയല്ല, ഇത് എന്തുകൊണ്ട് അത്ര സ്പെഷലാകുന്നു എന്നത് നമ്മളെയൊക്കെ കുട്ടിക്കാലം മുതലെ ഫോം ചെയ്തെടുക്കുന്ന രീതിയിലുള്ള പാട്ടൊക്കെ പാടിയൊരാളാണ്. അന്ന് മുതലേ കേട്ടുവളർന്നയാൾ, അദ്ദേഹം നമ്മളെഴുതിയ വരികൾ പാടുന്നു എന്ന് പറയുന്നതുവരെ ഭാഗ്യമണ്. ഫാൻ ബോയ് മൊമന്‍റ് ആണ്. അദ്ദേഹം മനുവിന്‍റെ ഒരു പാട്ട് പാടി എന്ന് പറഞ്ഞ് തിരിച്ച് വിളിക്കുന്നത് വലിയൊരു കാര്യമായാണ് ഞാൻ കാണുന്നത്. നമ്മള്‍ക്ക് തരുന്ന റെസ്പെക്ടല്ല, എഴുതി കൊടുത്ത വരികള്‍ക്ക് തരുന്ന റെസ്പെക്ടാണ്. പാട്ട് എഴുതിയത് ആരാണ് എന്നുപോലും അറിയാതെ പാടുന്നവരുമുണ്ട്.
ഡോക്ടറാണ് പാട്ടെഴുത്തുകാരനാണ്, എഴുത്തുകാരനാണ്, ഇപ്പോൾ അധ്യാപകനുമായല്ലോ ?
അതേ ഞാൻ പഠിച്ച കോളേജിൽ തന്നെ, അത് വലിയൊരു കാര്യമാണ് എന്നെ സംബന്ധിച്ച്. പഠിക്കുമ്പോഴൊന്നും നമ്മള്‍ ഒട്ടും. വിചാരിക്കാത്ത കാര്യമാണ്. ഏതാണ്ട് പന്ത്രണ്ട് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ യാളാണ്. ആ സമയത്ത് സിനിമ കണ്ട് നടന്നിരുന്നയാള്‍ ഇപ്പോള്‍ സിനിമയുടെ ചെറിയൊരു ഭാഗമായി കോളേജിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
ഒരു സിനിമയിൽ തന്നെ പല പാട്ടെഴുത്തുകാരുള്ളത് ഇപ്പോൾ സാധാരണയാണ്. അത് ശരിക്കും എത്രമാത്രം ഗുണം ചെയ്യുന്നുണ്ട് ?
അത് എന്താണെന്ന് വെച്ചാൽ പലര്‍ക്കും പല തരത്തിലുള്ള കമ്മിന്‍റ് മെന്‍റ്സ് ഉണ്ട്. സിനിമയിലെത്തിപ്പെടുക, സിനിമയുമായി ബന്ധം സ്ഥാപിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമില്ലല്ലോ ഇപ്പോൾ. പലർക്കും പല തരത്തിലുള്ള താല്‍പര്യങ്ങള്‍ വരാം. ഓരോരുത്തര്‍ക്കും ഓരോ താല്‍പര്യങ്ങളാണല്ലോ. ചിലയാളുകളുടെ ചില തരത്തിലുള്ള പാട്ടുകള്‍ ഇഷ്ടമുള്ളവരുണ്ട്.
ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഒരാള്‍ തന്നെ എഴുതിയാൽ സിനിമയുടെ ഒരു ഗ്രാഫ് കൃത്യമായി മനസ്സിലുണ്ടാകും. ഒരുപാട്ട് എഴുതി അടുത്ത പാട്ടിലേക്ക് എന്തൊക്കെ മാറ്റം വരുത്തണം എന്നറിയാനാകും. സിനിമയുടെ സ്വഭാവം നല്ല രീതിയിൽ മനസ്സിലാകും. മിന്നൽമുരളി, ഗോദ, ആട് പോലത്തെ സിനിമകളിൽ അത്തരത്തിൽ എനിക്ക് എഴുതാൻ കഴിഞ്ഞിട്ടുണ്ട്. മിന്നൽ മുരളിൽ കുഗ്രാമമേ, തീമിന്നൽ, ഉയിരേ, ലവ് സോംഗ് അങ്ങനെ പല പല തരത്തിൽ ഏഴ് പാട്ടുകളുണ്ട്. ഓരോ തവണയും ഡയറക്ടര്‍ക്ക് ഇന്നതാണ് വേണ്ടതെന്ന് പറയേണ്ടതില്ല. വേണ്ടതെന്തെന്ന് നമുക്കറിയാം, കാരണം സ്ക്രിപ്റ്റിനൊപ്പം നമ്മളും സഞ്ചരിക്കുകയാണല്ലോ, സിനിമയ്ക്കത് ഗുണം ചെയ്യും.
താങ്കളെ ഏറെ സ്വാധീനിയിച്ച പാട്ടെഴുത്തുകാർ ആരൊക്കെയാണ് ?
ഏറ്റവും സ്വധീനിച്ചത് ഗിരീഷേട്ടനാണ്. പിന്നെ നമ്മുടെയൊക്കെ ജനറേഷൻ കേട്ടുവന്ന കൈതപ്രം. ഷിബു ചക്രവര്‍ത്തി അവരൊക്കെ വരികള്‍ ശ്രദ്ധിച്ച് തുടങ്ങാനുള്ള കാരണങ്ങളായവരാണ്. ഓരോ ആള്‍ക്കാരും ഓരോ പാഠപുസ്തകമാണ്. തമ്പിസാര്‍ പാറ്റേൺ വേറെ രീതിയാണ്, സിംപിളായി അത്ഭുതപ്പെടുത്തും ഭാസ്കരൻ മാഷ്. ഭാഷ കൊണ്ട് കൊട്ടാരം കെട്ടും വയലാര്‍. ഇമോഷൻസ് പകർത്തിയെഴുതും ഒൻവി, യൂസഫലി കേച്ചേരിയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും പഠിക്കാനുള്ളവരാണ്. എനിക്ക് ഏറ്റവും കണക്ട് ചെയ്തത് ഗിരീഷേട്ടനാണ്.
പലപ്പോഴും റേഡിയോയിലും യൂട്യൂബിലും റീൽസിലുമൊക്കെ പാട്ടെഴുത്തുകാരുടെ ക്രെഡിറ്റ് കൊടുക്കാൻ മനപ്പൂർവ്വം പലരും മറക്കുന്നതായി തോന്നിയിട്ടുണ്ട്. ആ പ്രവണതയെ എങ്ങനെ കാണുന്നു ?
ഇപ്പോൾ കവര്‍ സോംഗ് ചെയ്യുന്ന ചിലരൊക്കെ ട്യൂൺ പോലും മാറ്റി ഇംപ്രൊവൈസ് ചെയ്യാറുണ്ട്. എങ്കിലും പാടുന്ന വരികള്‍ മാറ്റാറില്ല. അതിനാൽ അവർക്ക് കൂടുതൽ കമ്മിറ്റ്മെന്‍റ് ഉണ്ടാകേണ്ടത് എഴുത്തുകാരോടാണ്. ഒരു പാട്ട് ആദ്യം ജനിക്കുന്നത് രചയിതാവും മ്യൂസിക് ഡയറക്ടറും ചേരുമ്പോഴാണല്ലോ.
ഇപ്പോള്‍ അടുപ്പിച്ചടുപ്പിച്ച് സിനിമകളുടെ റിലീസാണല്ലോ, പലതും പെട്ടെന്ന് തിയേറ്ററുകളിൽ നിന്ന് പോവുകയും ചെയ്യും, പാട്ടുകളായിരിക്കും പല സിനിമകളുടേയും അവശേഷിപ്പായി മനസ്സിൽ തങ്ങി നിൽക്കുന്നത്. ഇത്തരത്തിൽ പാട്ടുകൾ മനസ്സിൽ തങ്ങിനിൽക്കാൻ എന്തെങ്കിലും സൂത്രപണി ചെയ്യാറുണ്ടോ ?
എന്തൊക്കെ പറഞ്ഞാലും പാട്ടുണ്ടാകുന്നത് ഡയറക്ടറുടെ, നിര്‍മ്മാതാവിന്‍റെ, റൈറ്ററുടെ പ്രൊഡക്ടിനായാണ്. രണ്ട് തരത്തിലുള്ള താല്‍പര്യങ്ങളുണ്ടാവും. ഒന്ന് സിനിമയുടെ സിറ്റുവേഷനെ ഹെൽപ് ചെയ്യണം. എല്ലാകാലത്തേക്കും നിൽക്കേണ്ട ഗാനമൊന്നും വേണമെന്നില്ല. മറ്റൊന്ന് സിനിമ മറന്നാലും പാട്ട് നിലനിൽക്കണം. രണ്ടാമത്തെ ഗണത്തിലുള്ളവര്‍ ഇപ്പോള്‍ കുറഞ്ഞുവരികയാണ്. എന്തൊക്കെ പറഞ്ഞാലും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരിക്കണമല്ലോ നമ്മളെഴുതുന്നത്. ഇപ്പോഴത്തെ കോൺവര്‍സേഷൻ പാറ്റേൺ പലപ്പോഴും രണ്ടുവരി പാടി മറന്നുപോയേക്കാവുന്നതാണ്. ആഴത്തിലെഴുതിയാലേ, ആഴത്തിലുള്ള സന്ദര്‍ഭങ്ങളുണ്ടായാലേ ആളുകള്‍ ഓർത്തിരിക്കൂ. എങ്കിലും ഞാൻ സിമ്പിളായി എഴുതാനാഗ്രഹിക്കുന്നയാളാണ്.
ഡോക്ടർ പണിയും പാട്ടെഴുത്തും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു ?
പാട്ടെഴുത്ത് ഒരിക്കലും ജോലിയായി ഞാൻ എടുത്തിട്ടില്ല. സിനിമയിൽ ഭാഗമായി നിൽക്കാനൊരു പാഷൻ. ഡോക്ടര്‍ എന്നത് കൃത്യമായ ജോലി എന്ന രീതിയിൽ കാണുന്നതാണ്. അരവിന്ദന്‍റെ അതിഥികളിലെ കൃപാകരിയൊക്കെ ഡ്യൂട്ടിക്കിടയിൽ എഴുതിയ പാട്ടാണ്.
കൈത്രപം ഉൾപ്പെടെയുള്ള മുതിർന്നവരോടൊപ്പം സമകാലീനരായി ഇരിക്കാനാവുന്നത് എങ്ങനെയാണ് കാണുന്നത്
അത് വലിയൊരു ഭാഗ്യമല്ലേ, എനിക്ക് ഗിരിഷേട്ടൻ പാട്ടെഴുതിയൊരു സിനിമയിൽ പാട്ടെഴുതാൻ കഴിഞ്ഞു, ഫൈനൽസിൽ. അതിൽ അദ്ദേഹം മുമ്പേ എഴുതിവെച്ചൊരു പാട്ട് ഉപയോഗിക്കുകയായിരുന്നു. ഹൃദയം പോലൊരു സിനിമയിൽ കൈത്രപം തിരുമേനി എഴുതിയത് എന്ത് രസമുള്ള പാട്ടുകളാണ്. എത്രവര്‍ഷങ്ങളായി അദ്ദേഹം ഇൻഡസ്ട്രിയിലുണ്ട്. ഭയങ്കര ഇൻസ്പെയറിംഗാണ് അത്. ഞാനും അദ്ദേഹത്തിന്‍റെ കൂടെ പാട്ടെഴുതിയിട്ടുണ്ട്. കൂടാതെ റഫീക് ജി, സന്തോഷേട്ടൻ, ശരതേട്ടൻ തുടങ്ങിയവരൊക്കെ നമുക്ക് തരുന്നൊരു സ്നേഹമുണ്ട്. ഇവരൊക്കെ നമ്മളോട് പേരുവിളിച്ച് വിശേഷം ചോദിക്കുന്നതുപോലും ഒരു അംഗീകാരമാണ്. ഭയങ്കര പ്രചോദനമാണ് എനിക്ക് അതെല്ലം.
ഇനി പുതിയ പ്രൊജക്ടുകള്‍
അടുത്തിടെ തിയേറ്ററുകളിലെത്തിയ അനുരാഗത്തിൽ പാട്ടെഴുതിയിട്ടുണ്ട്. ഇനി ത്രിശങ്കു, ആർഡിഎക്സ്, കിംഗ് ഓഫ് കൊത്ത, അജയന്‍റെ രണ്ടാം മോഷണം അങ്ങനെ കുറച്ച് സിനിമകള്‍ വരാനിരിക്കുന്നുണ്ട്.
ജപ്പാൻ യാത്ര കഴിഞ്ഞു, 'വാലിബൻ' സെറ്റിലെത്തി മോഹൻലാൽ; രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ