‘മേലേ പടിഞ്ഞാറ് സൂര്യന്‍..താനെ മറയുന്ന സൂര്യന്‍..’; ഓര്‍മയിൽ ഒളിമങ്ങാതെ കലാഭവന്‍ മണി

കേരളക്കരയിൽ ഇപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്. ഓരോ അമ്പലപ്പറമ്പിലും വേദികളിലും കലാഭവൻ മണിയുടെ മനസ്സ് തൊട്ടറിഞ്ഞ ​ഗാനങ്ങൾ ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നു.

late actor kalabhavan mani 7th death anniversary nrn
Author
First Published Mar 6, 2023, 8:47 AM IST

‘മേലേ പടിഞ്ഞാറ് സൂര്യന്‍.. താനെ മറയുന്ന സൂര്യന്‍.. ഇന്നലെ ഈ തറവാട്ടില് കത്തിജ്വലിച്ചൊരു പൊന്‍സൂര്യന്‍.. തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണില്‍ ഉറക്കമല്ലോ...’

ബി​ഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അത് തങ്ങളില്‍ ഒരാളാണെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് അര്‍ഹനായിരുന്നു കലാഭവന്‍ മണി. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ കലാഭവൻ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. കൈവച്ച എല്ലാ മേഖലകളേയും അദ്ദേഹം ജനകീയമാക്കി. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ പേരുകാരന്‍. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വലിയ ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ഏഴാണ്ട് പൂര്‍ത്തിയാകുന്നു. 

രാമന്‍- അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായി ജനിച്ച ആളാണ് മണി. ഇല്ലായ്മകളുടെ ദുരിതം കണ്ടുവളര്‍ന്ന ബാല്യം. കലയേക്കാള്‍ സ്പോര്‍ട്സിനോട് ആയിരുന്നു കുട്ടി മണിക്ക് താല്‍പര്യം. ചിലയിനങ്ങളിലൊക്കെ സംസ്ഥാന തലത്തില്‍ വരെ മത്സരിച്ചു. എങ്കിലും സ്കൂള്‍ വേദികളില്‍ തന്നെ ഗായകനായും മോണോ ആക്റ്റ് കലാകാരനായും രംഗപ്രവേശം ചെയ്‍തു. പഠനമൊഴികെ എല്ലാ കാര്യങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മണി. അതുകൊണ്ട് തന്നെ പത്താം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 

late actor kalabhavan mani 7th death anniversary nrn

പിന്നീട് ഉത്സപപ്പറമ്പുകളിലും ക്ലബ്ബുകളുടെ പരിപാടിക്കുമൊക്കെ ഒറ്റയ്ക്ക് മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് രണ്ടര മണിക്കൂര്‍ പരിപാടി ഒറ്റയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട് മണി. പരിപാടി ശ്രദ്ധിക്കപ്പെട്ടപ്പോഴും ഒറ്റ ട്രൂപ്പിലേക്കും പോകാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ ഗാനമേളയുടെ ഇടവേളയില്‍ അവതരിപ്പിച്ച ഏകാംഗ പ്രകടനം കലാഭവനിലെ ഹിന്ദി പീറ്റര്‍ എന്ന ഗായകന്‍ കാണാനിടയായി. അദ്ദേഹം മണിയെ കുറിച്ച് തന്‍റെ ട്രൂപ്പില്‍  പറയുകയും ചെയ്തു. 1991- 92 കാലഘട്ടത്തിലാണ് പേരിനുമുന്നില്‍ പിന്നീട് അഭിമാനത്തോടെ ചേര്‍ത്ത കലാഭവനില്‍ മണി എത്തുന്നത്. 

പ്രാസമൊപ്പിച്ച് അതിവേഗത്തിലുള്ള ഡയലോഗുകള്‍, ബെന്‍ ജോണ്‍സന്‍റെ സ്ലോ മോഷന്‍ ഓട്ടം എന്നിങ്ങനെ ചില സ്വന്തം നമ്പറുകളുമായിട്ടായിരുന്നു രംഗപ്രവേശം. ഇത് കാണികളിൽ ആവേശമുണർത്തി. അതോടെ കലാഭവന്‍റെ ഗാനമേള ട്രൂപ്പിനൊപ്പമായിരുന്ന മണിക്ക് മിമിക്സ് പരേഡ് ട്രൂപ്പിലെ മുഴുവന്‍ സമയക്കാരനായി പ്രൊമോഷന്‍ കിട്ടി. അവിടുന്ന്  ഗള്‍ഫ് പരിപാടികളിൽ മണി തിളങ്ങി. അത്തരം പരിപാടികളുടെ വീഡിയോ കാസറ്റുകളിലൂടെയാണ് മണി മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങുന്നത്.

late actor kalabhavan mani 7th death anniversary nrn

സിബി മലയിലിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ 'അക്ഷരം' എന്ന ചിത്രത്തിലൂടെയാണ് മണി വെള്ളിത്തിരയിൽ എത്തുന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു കഥാപാത്രം. തൊട്ടടുത്ത വര്‍ഷം ലോഹിതദാസിന്‍റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത 'സല്ലാപം' മണിക്ക് കരിയര്‍ ബ്രേക്ക് നൽകി. 'രാജപ്പന്‍' എന്ന ചെത്തുകാരനായിട്ട് ആയിരുന്നു മണിഎത്തിയത്. പിന്നീട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

വിനയന്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസിലെ മണി തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചത്. 'കരുമാടിക്കുട്ട'നും 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്നിവ ബോക്സ് ഓഫീസിലും തരംഗം തീര്‍ത്ത കലാഭവൻ മണിയുടെ ചിത്രങ്ങളാണ്. ഇടയ്ക്ക് മലയാള സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളിലെ വേഷങ്ങള്‍ നീട്ടി തമിഴ് സിനിമ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അവിടെ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടി. 

ഗായകന്‍ എന്ന നിലയ്ക്ക് കലാഭവന്‍ മണി സൃഷ്ടിച്ച സ്വാധീനം ഒരു സിനിമാതാരം എന്നതിലും അപ്പുറമാണ്. നാടന്‍പാട്ട് എന്നുകേട്ടാല്‍ മലയാളി ആദ്യം ഓര്‍ക്കുന്ന പേരുകാരനായി മണി മാറിയത് സ്വന്തമായി പുറത്തിറക്കിയ നിരവധി കാസറ്റുകളിലൂടെ. പ്രാദേശികമായി പ്രചാരം നേടിയിരുന്ന പാട്ടുകള്‍ക്കൊപ്പം അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ളവരുടെ വരികളും നാടന്‍ശൈലിയില്‍ അവതരിപ്പിച്ച് അദ്ദേഹം ഹിറ്റാക്കി. മലയാളിയുടെ ഉത്സവ ആഘോഷങ്ങളിൽ പരിചിതമായ ഈണങ്ങളായി ഈ പാട്ടുകള്‍ മാറി. 

late actor kalabhavan mani 7th death anniversary nrn

കേരളക്കരയിൽ ഇപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്. ഓരോ അമ്പലപ്പറമ്പിലും വേദികളിലും കലാഭവൻ മണിയുടെ മനസ്സ് തൊട്ടറിഞ്ഞ ​ഗാനങ്ങൾ ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്നു. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച മണിയുടെ ഓർമകൾ മണമില്ലാതെ മുന്നോട്ട്.

Follow Us:
Download App:
  • android
  • ios