‘കുറ്റവും ശിക്ഷയും’ മലയാള ചലച്ചിത്രലോകം നാടകവേദിയിൽ അവതരിപ്പിച്ച ട്വന്‍റി ട്വന്‍റി
മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു സുവർണ രേഖയാണ് ഈ ചിതലരിച്ച പുസ്തകത്താളുകൾ. ഒരുപക്ഷേ മലയാളസിനിമാ താരങ്ങൾ അണിനിരന്ന ആദ്യത്തെ സ്റ്റേജ് ഷോയിൽ അവതരിപ്പിച്ച ലഘുനാടകത്തിന്‍റെ ലിഖിത രൂപം
മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു സുവർണ രേഖയാണ് ഈ ചിതലരിച്ച പുസ്തകത്താളുകൾ. ഒരുപക്ഷേ മലയാളസിനിമാ താരങ്ങൾ അണിനിരന്ന ആദ്യത്തെ സ്റ്റേജ് ഷോയിൽ അവതരിപ്പിച്ച ലഘുനാടകത്തിന്‍റെ ലിഖിത രൂപം. 1966ലാണ് മലയാള സിനിമയിലെ അന്നത്തെ എല്ലാ പ്രമുഖ താരങ്ങളും അണിനിരന്ന കുറ്റവും ശിക്ഷയും എന്ന നാടകം വേദിയിൽ അവതരിപ്പിക്കുന്നത്. രാജ്യരക്ഷാ നിധിയിലേക്കുള്ള ധനശേഖരണാർത്ഥമായിരുന്നു അവതരണം. മലയാള നാടകവേദി സിനിമയ്ക്ക് നൽകിയ മഹാനായ കലാകാരൻ എന്ന പി.ജെ. ആന്‍റണിയാണ് നാടകം എഴുതിയത്. കവിയും ചലച്ചിത്രകാരനുമായിരുന്ന പി.ഭാസ്കരൻ കുറ്റവും ശിക്ഷയും സംവിധാനം ചെയ്തു.
നസീർ, സത്യൻ, മധു, ഷീല, കൊട്ടാരക്കര ശ്രീധരൻ നായർ, മുതുകുളം രാഘവൻ പിള്ള, കെ.പി.ഉമ്മർ, ബഹദൂർ, എസ്.പി.പിള്ള, ജോസ് പ്രകാശ്, ടി.എസ്.മുത്തയ്യ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി, അടൂർ പങ്കജം, സുകുമാരി, കോട്ടയം ചെല്ലപ്പൻ, അംബിക, ജി.കെ.പിള്ള എന്നിങ്ങനെയായിരുന്നു താരനിര. മലയാള സിനിമാലോകം ഒന്നാകെ വേദിയിലെത്തിയെന്ന് പറയാം. ഒരു തരത്തിൽ പറഞ്ഞാൽ അക്കാലത്തെ ഒരു ‘ട്വന്‍റി ട്വന്‍റി’ സിനിമ! 1962ലെ ഇന്ത്യ-ചൈന യുദ്ധം രാജ്യത്തിനുണ്ടാക്കിയ സാമ്പത്തിക ബാധ്യത മലയാള ചലച്ചിത്രലോകം അവർക്ക് ആകുംവിധം ഏറ്റെടുക്കുകയായിരുന്നു.
തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു ആദ്യ അവതരണം. യമധർമ്മനും ചിത്രഗുപ്തനുമായി കൊട്ടാരക്കരയും മുതുകുളം രാഘവൻ പിള്ളയും വേദിയിലെത്തി. മരിച്ചവരുടെ ആത്മാക്കളുടെ ജീവിതകാലത്തെ കണക്കെടുപ്പും വിധിന്യായവും ആക്ഷേപഹാസ്യപരമായി അവതരിപ്പിക്കുന്നതായിരുന്നു നാടകത്തിന്‍റെ പ്രമേയം. പുരാണ കഥാപാത്രങ്ങളെ കൂടാതെ എംഎൽഎയും ലേഡി ഡോക്ടറും ഇന്ത്യ, ചൈന സൈനിക ഉദ്യോഗസ്ഥരും കള്ളനും സിനിമാ പ്രൊഡ്യൂസറുമെല്ലാം കഥാപാത്രങ്ങളായ നാടകം അക്കാലത്തെ വ്യത്യസ്ഥമായ ഒരു പരീക്ഷണവുമായിരുന്നു.
1966 ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാടകം അവതരിപ്പിക്കപ്പെട്ടു. പാസുമൂലം പ്രവേശനം നിജപ്പെടുത്തിയ നാടകം കാണാൻ കേരളത്തിലെമ്പാടും ജനം ഇരച്ചെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വലിയ പൊലീസ് സന്നാഹമൊരുക്കി ആയിരുന്നു എല്ലാ വേദികളിലേയും അവതരണം. തിരശ്ശീലയിൽ മാത്രം കണ്ടിട്ടുള്ള താരങ്ങളെല്ലാം മണ്ണിലേക്കിറങ്ങിവന്ന് രംഗവേദിയിൽ നേരിട്ട് അഭിനയിക്കുന്നത് കാണാൻ സ്വാഭാവികമായും ജനം ഒഴുകിയെത്തുമല്ലോ. ഇഷ്ടതാരങ്ങളെ തൊട്ടടുത്തുകാണാൻ മറ്റ് സാധ്യതകൾ ഒന്നും സാധാരണക്കാർക്ക് ഇല്ലാതിരുന്ന കാലവുമാണ്. രണ്ടാഴ്ചക്കാലം തുടർച്ചയായി കേരളത്തിൽ അങ്ങോളമിങ്ങോളം അവതരിപ്പിച്ച നാടകം സ്വാഭാവികമായും വൻ വിജയമായിരുന്നു. വലിയ സ്വീകാര്യത കിട്ടിയെങ്കിലും നാടകത്തിന് തുടർ അവതരണങ്ങളുണ്ടായില്ല. നാടകം വീണ്ടും അവതരിപ്പിക്കുക അരങ്ങിലും അണിയറയിലുമുള്ള താരങ്ങളുടെ തിരക്ക് കാരണം സാധ്യമായിരുന്നില്ല.
‘കുറ്റവും ശിക്ഷയും’ നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച മഹാപ്രതിഭകളിൽ മിക്കവരും കഥാവശേഷരായി. മധു, ഷീല, അംബിക എന്നിവർ മാത്രമാണ് ഇന്ന് ശേഷിക്കുന്നത്. അൻപത് വർഷങ്ങൾക്കിപ്പുറം 2016 മെയ് മാസം 20ന് തിരുവനന്തപുരം തീർത്ഥപാദ മണ്ഡപത്തിൽ ഈ നാടകം വീണ്ടും അരങ്ങിലെത്തിയിരുന്നു. ‘ജനഹൃദയ’ നാടക കൂട്ടായ്മയയുടെ നേതൃത്വത്തിലായിരുന്നു പുനരവതരണം. നടൻ മധുവാണ് അന്ന് അവതരണത്തിന് മുമ്പ് വിളക്ക് തെളിച്ചത്.
1966ൽ നാടകം അവതരിപ്പിച്ച വേദികളിൽ സ്ക്രിപ്റ്റ് വേദികളിൽ അച്ചടിച്ച് വിതരണം ചെയ്തിരുന്നു. നാടകം കാണാനെത്തിയവർ കൂട്ടത്തോടെ നാടകം അച്ചടിച്ച ലഘുപുസ്തകം വാങ്ങിപ്പോയി. നാടകാവതരണം നിലച്ച ശേഷവും സ്ക്രിപ്റ്റിന് വായനക്കാരുണ്ടായി. വർദ്ധിച്ച ആവശ്യം കണക്കിലെടുത്ത് അന്ന് തൃശ്ശൂരിലെ കറന്‍റ് ബുക്സ് അച്ചടിച്ച് വിൽപ്പന നടത്തിയ പുസ്തകത്തിന്‍റെ ആദ്യ താളുകളാണ് ചിത്രത്തിൽ. ഒന്നേകാൽ രൂപയായിരുന്നു വില. ആലപ്പുഴ ജില്ലയിലെ കൊഴുവല്ലൂരിലുള്ള വെഎംഎ വായനശാലയുടെ അറ്റകുറ്റപ്പണികൾക്കിടെ പഴയ പുസ്തകങ്ങൾ അടുക്കിപ്പെറുക്കി വയ്ക്കുകയായിരുന്ന വായനശാലാ പ്രവർത്തകരാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഈ അപൂർവരേഖ കണ്ടെടുത്തത്.