'വിജയരാഘവൻ എന്നേക്കാള്‍ ചെറുപ്പമാണ്'! 'പൂക്കാല'ത്തിലെ കൊച്ചുത്രേസ്യാമ്മയായി അമ്പരപ്പിച്ച കെപിഎസി ലീല

പിന്നെ കഥാപാത്രം കൈയ്യില്‍ കിട്ടിയാല്‍ നടീനടന്മാര്‍ അഭിനയിച്ച് അങ്ങ് ഫലിപ്പിക്കുകയാണല്ലോ, ഞങ്ങള്‍ തമ്മിലുള്ള സീനുകളൊക്കെ നന്നായി വന്നിട്ടുണ്ട് എന്ന് പ്രേക്ഷകർ ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. 

kpac leela about her role in pookalam movie vvk
Author
First Published Apr 13, 2023, 8:04 AM IST

നൂറുവയസ്സിനടുത്ത് പ്രായമുള്ള കഥാപാത്രമായി വിജയരാഘവൻ വിസ്മയിപ്പിച്ച 'പൂക്കാല'ത്തിൽ വിജയരാഘവന്‍റെ ഭാര്യയായ കൊച്ചുത്രേസ്യാമ്മയായെത്തി ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം നടത്തിയിരിക്കുന്നത് കെപിഎസി ലീലയാണ്. 

ഒരുകാലത്ത് കെപിഎസിയുടെ നാടകങ്ങളിൽ സജീവമായിരുന്ന ലീല ഏറെ കാലത്തിന് ശേഷമാണ് അഭിനയലോകത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 'പൂക്കാലം' സിനിമയിൽ അഭിനയിക്കാനെത്തിയതിനെ കുറിച്ചും ലൊക്കേഷനിലെ വിശേഷങ്ങളെ കുറിച്ചും ലീല മനസ്സ് തുറക്കുകയാണ്.

''വിജയരാഘവനൊക്കെ വളരെ കാലമായി സിനിമാ രംഗത്ത് ഉള്ളയാളാണ്. ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ രണ്ടാമത് വന്നയാളാണ്. മുമ്പ് കെപിഎസിയുടെ ഏതാനും നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്. കുറച്ച് സിനിമകളെ ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളൂ. വളരെ അന്തരമുണ്ട് ഞങ്ങള്‍ തമ്മില്‍. എങ്കിലും സ്വാഭാവികമായി അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു ?

- അദ്ദേഹം പ്രായത്തില്‍ എന്നേക്കാള്‍ ചെറുപ്പമാണ്, പിന്നെ കഥാപാത്രം കൈയ്യില്‍ കിട്ടിയാല്‍ നടീനടന്മാര്‍ അഭിനയിച്ച് അങ്ങ് ഫലിപ്പിക്കുകയാണല്ലോ, ഞങ്ങള്‍ തമ്മിലുള്ള സീനുകളൊക്കെ നന്നായി വന്നിട്ടുണ്ട് എന്ന് പ്രേക്ഷകർ ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ അച്ഛനുമായി എനിക്ക് അറിയാം. കെപിഎസിയുടെ നാടകങ്ങള്‍ കാണാന്‍ അദ്ദേഹം വരാറുണ്ടായിരുന്നു. അവരുടെ കേരള കലാസമിതിയുടെ നാടകങ്ങളൊക്കെ കാണാന്‍ ഞാനും പോയിട്ടുള്ളതാണ്. 

കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷത്തിന് ഞാന്‍ പോയതാണ് സിനിമയിലേക്ക് എന്‍റെ മടങ്ങി വരവിന് നിമിത്തമായത്. അവിടെവെച്ച് സംവിധായകൻ ജയരാജും ഭാര്യയും അഭിനയിക്കാനായി എന്നെ ക്ഷണിക്കുകയായിരുന്നു. അങ്ങനെ പ്രളയം വിഷയമായ രൗദ്രം സിനിമയിൽ അഭിനയിച്ചു. രൗദ്രത്തിലെ മേരിക്കുട്ടിയില്‍ നിന്ന് പൂക്കാലത്തിലെ കൊച്ചുത്രേസ്യാമ്മയിലെത്തുമ്പോള്‍ ഏറെ വ്യത്യാസമുണ്ട്.

രൗദ്രത്തില്‍ ഭര്‍ത്താവും ഭാര്യയും മാത്രമുള്ളൊരു കുടുംബമായിരുന്നു. പ്രളയ ദുരിതങ്ങളുടെയൊക്കെ നേര്‍ക്കാഴ്ചയായൊരു സിനിമയായിരുന്നു. പൂക്കാലത്തില്‍ ഭര്‍ത്താവും കൊച്ചുമക്കളും ഒക്കെയുള്ളൊരു കൂട്ടുകുടുംബമാണ്. ആ കുടുംബത്തിലെ പ്രായമായൊരു അമ്മയായ കൊച്ചുത്രേസ്യയായാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്, സംവിധായകൻ ഗണേഷൊക്കെ നമ്മുടെ കഴിവുകള്‍ പരമാവധി പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന മിടുക്കനായ സംവിധായകനാണ്',  ലീലയുടെ വാക്കുകള്‍. 

കെപിഎസി ലീലയെ കുറിച്ച് :

1960കളില്‍ പുതിയ ആകാശം പുതിയ ഭൂമി, കൂട്ടുകുടുംബം, യുദ്ധകാണ്ഡം, തുലാഭാരം തുടങ്ങിയ ശ്രദ്ധേയ കെപിഎസിയുടെ നാടകങ്ങളിലൂടെ അറിയപ്പെട്ട നായികാനടിയായിരുന്നു കെപിഎസി ലീല. ആ നാടകങ്ങള്‍ സിനിമയാക്കിയപ്പോള്‍ അവയില്‍ പലതിലും ലീല അഭിനയിച്ചു. പക്ഷേ വിവാഹ ശേഷം നാടകവും സിനിമയും എല്ലാം വിട്ടു. നാലര പതിറ്റാണ്ടുകള്‍ക്ക് ശേഷം 2018ല്‍ പ്രളയദുരിതം അഭ്രപാളിയിലെത്തിച്ച രൗദ്രം എന്ന ജയരാജ് ചിത്രത്തിലൂടെയായിരുന്നു സിനിമ ലോകത്ത് രണ്ടാമൂഴം.

ഇപ്പോഴിതാ ഗണേഷ് രാജ് ആനന്ദത്തിന് ശേഷം സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തിയിരിക്കുകയാണ്. ഡിവോഴ്‌സ്, ജ്വാലാമുഖി എന്നീ സിനിമകളിലും അഭിനയിച്ചു. പൂവ്, ചീന ട്രോഫി, സ്വര്‍ഗ്ഗം തുറക്കുന്ന സമയം എന്നീ സിനിമകളും ആഷിഖ് അബു ഒരുക്കുന്നൊരു വെബ് സീരീസുമാണ് ഇനി കെപിഎസി ലീല അഭിനയിച്ച് പുറത്തിറങ്ങാനായിരിക്കുന്നത്.

'മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണമെന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം'; വിജയരാഘവൻ

ജീവിതമെന്ന പൂക്കാലം തീയറ്ററുകളില്‍ പൂത്തുലയും: പൂക്കാലം റിവ്യൂ

Follow Us:
Download App:
  • android
  • ios