'സേതുമാധവന്' തെരുവില്‍ ജീവിതം നഷ്ടമായിട്ട് 30 വര്‍ഷങ്ങള്‍
കടന്നുപോയ 30 വര്‍ഷങ്ങളില്‍ മലയാളി പ്രേക്ഷകരെുടെ ഓര്‍മ്മകളില്‍ മങ്ങലേതുമേറ്റിട്ടില്ല കിരീടത്തിന്. ഇപ്പോഴും കൃത്യമായ ഇടവേളകളിലുള്ള ടെലിവിഷന്‍ പ്രക്ഷേപണങ്ങളും അതിന് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയുമൊക്കെത്തന്നെ അതിന്റെ തെളിവ്.
ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും അയാളുടെ പ്രതീക്ഷയായിരുന്ന മകന്‍ സേതുമാധവനും. മലയാളത്തിലെ എക്കാലത്തെയും മികച്ച അച്ഛന്‍-മകന്‍ കഥാപാത്രങ്ങള്‍ സ്‌ക്രീനിലെത്തിയിട്ട് ഇന്നേയ്ക്ക് 30 വര്‍ഷങ്ങള്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'കിരീടം' തീയേറ്ററുകളിലെത്തിയത് 1989 ജൂലൈ ഏഴിനായിരുന്നു.
യഥാര്‍ത്ഥ ജീവിതത്തിലെ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കിരീടത്തിന്റെ പ്ലോട്ട് ലോഹിതദാസ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ നാട്ടിലുണ്ടായിരുന്ന ഒരു ഗുണ്ടയെ ആളറിയാതെ മദ്യലഹരിയില്‍ ഒരു ആശാരി ആക്രമിച്ചു. കുപ്രസിദ്ധനായ ഒരു ഗുണ്ടയെയാണ് താന്‍ ആക്രമിച്ചതെന്ന് മനസ്സിലാക്കിയ ആശാരി നാടുവിട്ട് പോയി. അയാള്‍ നാട് വിട്ടില്ലായിരുന്നുവെങ്കില്‍ എന്തൊക്കെയായിരിക്കും സംഭവിക്കുക, എന്ന ചിന്തയില്‍ നിന്നാണ് ലോഹിയുടെ തൂലികയില്‍ കിരീടം പിറന്നത്.
കഥാപാത്രങ്ങളായി എത്തിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിനാല്‍ത്തന്നെ കിരീടത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മയിലേക്കെത്തുന്നത് മോഹന്‍ലാലിന്റെ സേതുമാധവനും തിലകന്റെ അച്യുതന്‍ നായരും മാത്രമല്ല. കവിയൂര്‍ പൊന്നമ്മയുടെ അമ്മയും ശങ്കരാടിയുടെ അമ്മാവനും പ്രതിനായക കഥാപാത്രമായ കീരിക്കാടന്‍ ജോസുമൊക്കെ തീയേറ്ററുകളിലെ നിശ്ചിതമായ ഫ്രെയ്മുകള്‍ വിട്ട് ഇറങ്ങിവന്നവരെപ്പോലെയായിരുന്നു പ്രേക്ഷകര്‍ക്ക്. മോഹന്‍രാജ് എന്ന നടന്റെ അഭിനയജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു കീരിക്കാടന്‍ ജോസ്. ഈ കഥാപാത്രത്തിന്റെ പേരിലൂടെയാണ് മോഹന്‍രാജ് പിന്നീട് സിനിമാപ്രേമികള്‍ക്കിടയില്‍ പരാമര്‍ശിക്കപ്പെട്ടത്.
കഥാപാത്രത്തിലൂടെ പേര് മാറിയ മോഹന്‍രാജിനെപോലെ ചിത്രം ഇറങ്ങിയതോടെ പേര് മാറിയ മറ്റൊരാളുമുണ്ട്. നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന എന്‍ കൃഷ്ണകുമാര്‍ ചിത്രം പുറത്തിറങ്ങിയതിന് ശേഷം 'കിരീടം ഉണ്ണി' എന്നാണ് വിളിക്കപ്പെട്ടത്. കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേഷ് പണിക്കരും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മിച്ചത്. സേതുമാധവന്റെ ആത്മനൊമ്പരങ്ങള്‍ക്ക് സാക്ഷിയായ തിരുവനന്തപുരത്തെ വെള്ളയാണിയിലെ പാലത്തിനും കിരീടം പാലം എന്ന പേര് വീണു. അങ്ങനെ കൗതുകങ്ങളും ഏറെയാണ് ഈ സിനിമയെ ചുറ്റിപ്പറ്റി.
സെവന്‍ ആര്‍ട്‌സ് വിതരണം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ജോണ്‍സണ്‍ മാഷായിരുന്നു. സേതുമാധവന്റെ ജീവിതത്തെ അടയാളപ്പെടുത്തിയ ഓരോ ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. 1993ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പുറത്തിറങ്ങി.
ഹിന്ദി, തമിഴ് അടക്കമുളള ഇതരഭാഷകളിലേക്കും ചിത്രം പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ജാക്കി ഷ്രോഫിനെ നായകനായി ഗര്‍ദിഷ് എന്ന പേരില്‍ പ്രിയദര്‍ശന്‍ 1993ല്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമാണ് നേടിയത്. അജിത്ത് നായകനായി കിരീടം എന്ന പേരില്‍ തമിഴിലും ചിത്രം പുനര്‍നിര്‍മ്മിക്കപ്പെട്ടു.
കടന്നുപോയ 30 വര്‍ഷങ്ങളില്‍ മലയാളി പ്രേക്ഷകരെുടെ ഓര്‍മ്മകളില്‍ മങ്ങലേതുമേറ്റിട്ടില്ല കിരീടത്തിന്. ഇപ്പോഴും കൃത്യമായ ഇടവേളകളിലുള്ള ടെലിവിഷന്‍ പ്രക്ഷേപണങ്ങളും അതിന് ലഭിക്കുന്ന പ്രേക്ഷകസ്വീകാര്യതയുമൊക്കെത്തന്നെ അതിന്റെ തെളിവ്. ഈ സിനിമയെ പരാമര്‍ശിക്കാതെ മലയാളത്തിലെ കലാമൂല്യമുള്ള പോപ്പുലര്‍ സിനിമകളെ അടയാളപ്പെടുത്താനാവില്ല.