മഞ്ഞുമ്മലും 'ഗുണ'യും ചർച്ചയാകുന്നു; പക്ഷെ വിസ്മരിച്ച് പോകുന്ന ഒരു പേരുണ്ട്, സാബ് ജോൺ
എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയിടത്ത് നിന്ന് അദ്ദേഹം ജീവിതം തിരിച്ച് പിടിച്ചു. പ്രതീക്ഷയുടെ പുതുകിരണങ്ങൾ ഊർജ്ജമാക്കി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ച് നടക്കുന്നു.
ഒരുകൂട്ടം യുവതാരങ്ങൾ ഒന്നിച്ചെത്തി തരംഗം തീർത്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയാണ് ഇപ്പോൾ എങ്ങും ചർച്ചാ വിഷയം. ഒപ്പം ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണാ കേവും കമൽഹാസൻ നായകനായി എത്തിയ ഗുണ എന്ന സിനിമയും. ഇവരെ കുറിച്ചെല്ലാം വാഴ്ത്തിപ്പാടുമ്പോൾ എല്ലാവരും മറുന്നുപോകുന്നൊരു പേരുണ്ട് സാബ് ജോൺ. ഗുണ സിനിമയുടെ എഴുത്തുകാരനാണ് ഇദ്ദേഹം. മഞ്ഞുമ്മലും ഗുണയും ചർച്ചകളിൽ ഇടംനേടുമ്പോൾ സാബ് ജോണിനെ കുറിച്ച് എഴുതുകയാണ് സുധി സി ജെ.
കുറിപ്പിന്‍റെ പൂര്‍ണരൂപം
മഞ്ഞുമ്മൽ ബോയ്സിന്റെ ത്രസിപ്പിക്കുന്ന വിജയത്തിലൂടെ വീണ്ടും വാർത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുകയാണ് 1991-ൽ പുറത്തിറങ്ങിയ ‘ഗുണ’ എന്ന ചിത്രവും ഗുണയിലെ ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനവും. മഞ്ഞുമ്മൽ ബോയ്സ് കാണുന്നതിനു മുമ്പും ശേഷവും കമല്‍ഹാസന്റെ കൾട്ട് മൂവികളിലൊന്നായ ഗുണ തേടിപിടിച്ച് കാണുന്നവരുടെ എണ്ണവും ചെറുതല്ല. സിനിമയെയും പാട്ടിനെയും കഥാഗതിയിൽ ഗംഭീരമായി പ്ലെയ്സ് ചെയ്തു സംവിധായകൻ ചിദബരവും കയ്യടി നേടുന്നു. കമല്‍ഹാസൻ സിനിമ കാണുകയും സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കിടുന്ന വിഡീയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇളയരാജയ്ക്കും ജാനകിക്കും കമല്‍ഹാസനുമൊപ്പം തീർച്ചയായും മഞ്ഞുമ്മലിന്റെ വിജയത്തിനൊപ്പം പ്രേക്ഷർ ഓർമ്മിക്കേണ്ട പേരാണ് സാബ് ജോൺ എന്ന എഴുത്തുകാരന്റേത്.
ഫോട്ടോയില്‍: സുധി സി ജെ
ഒരു കാലത്ത് തമിഴിലെയും മലയാളത്തിലെയും ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്നു സാബ് ജോൺ. സിനിമയെ വെല്ലുന്നതാണ് സാബ് ജോണിന്റെ ജീവിതകഥ. ‘മാജിക് ലാമ്പ്’ എന്ന പ്രൊജക്റ്റ് സൃഷ്ടിച്ച ഭീമമായ സാമ്പത്തിക ബാധ്യത സിനിമയിൽ നിന്നും എഴുത്തിൽ നിന്നും നീണ്ട ഇടവേളയെടുക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി.
ഒരു ബിസിനസുകാരനോ അക്കൗണ്ടന്റോയോ കരിയർ തിരഞ്ഞെടുക്കേണ്ടിയിരുന്ന ആലപ്പുഴക്കാരൻ സിനിമയിലേക്ക് എത്തുന്നത് യാദൃശ്ചികമായിട്ടാണ്. കുടുംബപരമായി നടത്തി വന്നിരുന്ന ചാണക്കച്ചവടത്തിൽ നിന്ന് അമ്മയുടെ അനുവാദത്തോടെ അഞ്ചു വർഷത്തെ ഇടവേളയെടുത്താണ് അദ്ദേഹം സിനിമയിൽ ഭാഗ്യ പരീക്ഷണത്തിനു ഇറങ്ങുന്നത്. മലയാള സിനിമയ്ക്കു ഒട്ടേറെ അഭിനേതാക്കളെയും ടെക്നിഷ്യൻമാരെയും പരിചയപ്പെടുത്തിയ നവോദയയുടെ ബാനറിൽ നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു ചാണക്യൻ. 1989-ൽ പുറത്തിറങ്ങിയ ചാണക്യനിലൂടെ ടി.കെ. രാജീവ് കുമാർ എന്ന നവാഗത സംവിധായകനെ മാത്രമല്ല സാബ് ജോൺ എന്ന പ്രതിഭശാലിയായ തിരക്കഥാകൃത്തിനെ കൂടിയാണ് സിനിമയ്ക്കു ലഭിച്ചത്.
കമല്‍ഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച റിവഞ്ച് ക്രൈം ത്രില്ലർ സ്റ്റോറികളിലൊന്നാണ്. കമലിനെ വിസ്മയിപ്പിച്ച തിരക്കഥ അദ്ദേഹത്തിനു തമിഴിലേക്കുള്ള വൈൽഡ് കാർഡ് എൻട്രിയുമായി. ഗുണയെന്ന തമിഴിലെ എക്കാലത്തെയും കൾട്ട് സിനിമകളിലൊന്നിന്റെ പിറവി അവിടെ നിന്നാണ്. ശ്രീലങ്കൻ രാഷ്ട്രീയം പ്രേമേയമാക്കിയ ഒരു ചിത്രമായിരുന്നു കമലും സാബ് ജോണും ആദ്യം പ്ലാൻ ചെയ്തിരുന്നത്. അത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചേക്കാം എന്ന ബോധ്യത്തിൽ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയും പകരം രൂപപ്പെടുത്തിയ തിരക്കഥ ഗുണ സിനിമയായി മാറുകയും ആയിരുന്നു.
സാബ് ജോണിന്റെ പിറന്നാൾ ആഘോഷത്തിനു അതിഥിയായി എത്തിയ കമല്‍ഹാസന്റെ ചിത്രം അവർ തമ്മിലുള്ള അന്നത്തെ ഇഴയടുപ്പത്തെ അടയാളപ്പെടുത്തുന്ന കാലചിത്രമായി മാറി. കമലിനൊപ്പം ശ്രുതിഹാസനും അക്ഷരഹാസനും ആശാ ഭോസ്ലെയും സംവിധായകൻ സന്താന ഭാരതിയും ആ ഓർമ്മ ചിത്രത്തിന്റെ ഭാഗമായി.
ചാണക്യൻ, വ്യൂഹം, ഗുണ, ക്ഷണക്കത്ത്, ഗാന്ധാരി, ഹൈവേ, മയിൽപ്പീലിക്കാവ്, സില്ലനു ഒരു കാതൽ, കുരുതിപ്പുനൽ തുടങ്ങി എണ്ണം പറഞ്ഞ സിനിമകളുടെ തിരക്കഥകൾ. അഭിനയത്തിലും പിന്നീട് സിനിമ വിതരണ രംഗത്തും സാബ് ജോൺ കടന്നു. കുരുതിപ്പുനനിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയമായിരുന്നു വിതരണത്തിനെടുത്ത ആദ്യ ചിത്രം. ‘മാജിക് ലാമ്പ്’ എന്ന പ്രൊജക്റ്റ് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ സാബ് ജോൺ കടകെണിയിലായി. പിന്നീടൊരു സിനമാ കഥയേക്കാൾ അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. ജനിച്ചു വളർന്ന വീട് നഷ്ടപ്പെട്ടു. അമ്മയെയും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മദിരാശിയിലേക്ക് വണ്ടി കയറേണ്ടി വന്നു.
സിനിമയുടെ വെള്ളിവെളിച്ചങ്ങളിൽ നിന്ന് മാറി നിന്ന് പതുക്കെ പതുക്കെ ജോൺ ജീവിതം തിരിച്ചു പിടിക്കാൻ തുടങ്ങി. തർജ്ജിമ ജോലികളിലൂടെയും പരസ്യ കമ്പനികൾക്കായി കോപ്പികൾ എഴുതിയുമായിരുന്നു രണ്ടാം ഇന്നിങ്സിലെ തുടക്കം. പിന്നീട് ചലച്ചിത്ര വിദ്യാർഥികൾക്കായി തിരക്കഥാ രചനയിൽ ക്ലാസുകളെടുത്തു തുടങ്ങി. കുടുംബത്തെ ചെന്നൈയിലേക്ക് കൊണ്ടു വന്നു. എൽ.വി. പ്രസാദ് ഫിലിം ഇൻസ്റ്റിറ്റ്യൂഡിൽ 2009 മുതൽ 2018 വരെ തിരക്കഥാ വിഭാഗത്തിന്റെ തലവനായിരുന്നു. പിന്നീട് തിരക്കഥാ രചനയിൽ പരിശീലനം നൽകുന്ന സ്ക്രീൻറൈറ്റർ എന്ന സ്ഥാപനം തുടങ്ങി.
സിനിമ നൽകിയ സൗഭാഗ്യങ്ങളെല്ലാം ഒരു നാൾ സിനിമ തന്നെ തിരിച്ചെടുത്തു. സാബ് ജോണിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും കൂടും. മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിൽ എത്തിയ യുവാവിനെ പോലെയായിരുന്നു സാബ് ജോണിന്റെ ജീവിതവും. ഉയരങ്ങളുടെ കൊടുമുടിയിൽ നിന്ന് പടുകുഴിയിലേക്ക് വീണു പോയ ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. എല്ലാം നഷ്ടപ്പെട്ടെന്നു കരുതിയിടത്ത് നിന്ന് അദ്ദേഹം ജീവിതം തിരിച്ച് പിടിച്ചു. പ്രതീക്ഷയുടെ പുതുകിരണങ്ങൾ ഊർജ്ജമാക്കി അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ച് നടക്കുന്നു.
കണ്ണീരും വേദനയും മാത്രമല്ല, അവിടെ സ്നേഹവും പ്രണയവും ഉണ്ടായിരുന്നു; 'തങ്കമണി' ട്രെയിലർ
ഹിന്ദി,മലയാളം, തെലുങ്ക് സിനിമകൾക്കായും വെബ്സീരിസിനും വേണ്ടി തിരക്കഥകളൊരുക്കി എഴുത്തിലേക്ക് തിരിച്ചെത്തിയ സാബ് ജോണിൽ നിന്ന് ഇനിയും വിസ്മയിപ്പിക്കുന്ന കഥകൾ പിറവിയെടുക്കുമെന്ന് പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിക്കുന്നു. വിസ്മൃതിയിലേക്ക് എഴുതി തള്ളേണ്ട പേരല്ല സാബ് ജോൺ എന്ന എഴുത്തുകാരന്റെ പേര്. കൺമണി അൻപോട് കാതലൻ എന്ന പാട്ടിന്റെ പശ്ചാത്തലം പോലും സാബ് ജോണിന്റെ തിരക്കഥയിലുള്ളതാണ്. കമല്‍ഹാസനെയും ജാനകിയെയും ഇളയരാജയെയും ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന വേണുവിനെയും കുറിച്ച് പോലും ചർച്ചകൾ നടക്കുമ്പോൾ എവിടെയും ഗുണയുടെ എഴുത്തുകാരന്റെ പേര് പരാമർശിച്ചതായി കണ്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..