Kalabhavan Mani : സ്ക്രീനിലെ മണികിലുക്കം നിലച്ചിട്ട് ആറ് വര്‍ഷങ്ങള്‍; ഓര്‍മ്മയില്‍ ഒളിമങ്ങാതെ കലാഭവന്‍ മണി

2016 മാര്‍ച്ച് 6ന് ആയിരുന്നു മണിയുടെ വിയോഗം

kalabhavan mani death anniversary special
Author
Thiruvananthapuram, First Published Mar 6, 2022, 9:21 AM IST

തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ, ഏത് ഭാഷയിലും. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് അര്‍ഹനായിരുന്നു കലാഭവന്‍ മണി (Kalabhavan Mani). കൊച്ചിന്‍ കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായ പേരുകാരന്‍. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ആറാണ്ട് പൂര്‍ത്തിയാവുന്നു.

വ്യക്തിപരമായ ദാരിദ്യത്തെയും ജീവിതദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് ചാലക്കുടിക്കാരന്‍ മണിയും. രാമന്‍- അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായാണ് ജനനം. സാമ്പത്തികമായ ഇല്ലായ്മകളുടെ ദുരിതം കണ്ടുവളര്‍ന്ന ബാല്യം. കലയേക്കാള്‍ സ്പോര്‍ട്സ് ആയിരുന്നു ബാലനായ മണിക്ക് താല്‍പര്യം. ചിലയിനങ്ങളിലൊക്കെ സംസ്ഥാന തലത്തില്‍ വരെ മത്സരിച്ചിട്ടുണ്ട്. എങ്കിലും സ്കൂള്‍ വേദികളില്‍ തന്നെ ഗായകനായും മോണോ ആക്റ്റ് കലാകാരനായും രംഗപ്രവേശം ചെയ്‍തു. പഠനമൊഴികെ എല്ലാ കാര്യങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മണി. ആയതിനാല്‍ പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് ഉത്സപപ്പറമ്പുകളിലും ക്ലബ്ബുകളുടെ പരിപാടിക്കുമൊക്കെ ഒറ്റയ്ക്ക് മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് രണ്ടര മണിക്കൂര്‍ പരിപാടി ഒറ്റയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട് മണി. പരിപാടി ശ്രദ്ധിക്കപ്പെട്ടപ്പോഴും ഒറ്റ ട്രൂപ്പിലേക്കും പോകാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ ഗാനമേളയുടെ ഇടവേളയില്‍ അവതരിപ്പിച്ച ഏകാംഗ പ്രകടനം കലാഭവനിലെ ഹിന്ദി പീറ്റര്‍ എന്ന ഗായകന്‍ കാണാനിടയാവുകയും തന്‍റെ ട്രൂപ്പില്‍ മണിയെക്കുറിച്ച് പറയുകയുമായിരുന്നു.

kalabhavan mani death anniversary special

 

പേരിനുമുന്നില്‍ പിന്നീട് അഭിമാനത്തോടെ ചേര്‍ത്ത കലാഭവനില്‍ മണി എത്തുന്നത് 1991- 92 കാലഘട്ടത്തിലാണ്. പ്രാസമൊപ്പിച്ച് അതിവേഗത്തിലുള്ള ഡയലോഗുകള്‍, ബെന്‍ ജോണ്‍സന്‍റെ സ്ലോ മോഷന്‍ ഓട്ടം എന്നിങ്ങനെ ചില സ്വന്തം നമ്പറുകളുമായിട്ടായിരുന്നു രംഗപ്രവേശം. കൈയടി നേടിയതോടെ ആദ്യം കലാഭവന്‍റെ ഗാനമേള ട്രൂപ്പിനൊപ്പമായിരുന്ന മണിക്ക് മിമിക്സ് പരേഡ് ട്രൂപ്പിലെ മുഴുവന്‍ സമയക്കാരനായി പ്രൊമോഷന്‍ കിട്ടി. ഗള്‍ഫ് പരിപാടികളിലുള്‍പ്പെടെ മണി പങ്കെടുത്തു. അത്തരം പരിപാടികളുടെ വീഡിയോ കാസറ്റുകളിലൂടെയാണ് മണി മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിത്തുടങ്ങുന്നത്.

സിബി മലയിലിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലെ അരങ്ങേറ്റം. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു കഥാപാത്രം. തൊട്ടടുത്ത വര്‍ഷം ലോഹിതദാസിന്‍റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം മണിക്ക് മികച്ച കരിയര്‍ ബ്രേക്ക് ആയി. രാജപ്പന്‍ എന്ന ചെത്തുകാരനായിരുന്നു കഥാപാത്രം. തന്‍റെ ട്രേഡ് മാര്‍ക്ക് ചിരിയൊക്കെ അദ്ദേഹം പരീക്ഷിച്ച സിനിമയില്‍ മഞ്ജു വാര്യര്‍ക്കും ദിലീപിനുമൊപ്പം കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നു. ഇതൊക്കെ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് മണിയെ നീക്കിനിര്‍ത്തി. പിന്നീട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിനയന്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസിലെ സ്ഥാനം മണി ഊട്ടിയുറപ്പിച്ചത്. കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമൊപ്പെ ബോക്സ് ഓഫീസിലും തരംഗം തീര്‍ത്ത ചിത്രങ്ങളാണ്. ഇടയ്ക്ക് മലയാള സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളിലെ വേഷങ്ങള്‍ നീട്ടി തമിഴ് സിനിമ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. 

kalabhavan mani death anniversary special

 

ഗായകന്‍ എന്ന നിലയ്ക്ക് കലാഭവന്‍ മണി സൃഷ്ടിച്ച സ്വാധീനം ഒരുപക്ഷേ ഒരു സിനിമാതാരം എന്നതിലും അപ്പുറമാണ്. നാടന്‍പാട്ട് എന്നുകേട്ടാല്‍ മലയാളി ആദ്യം ഓര്‍ക്കുന്ന പേരുകാരനായി മണി മാറിയത് സ്വന്തമായി പുറത്തിറക്കിയ നിരവധി കാസറ്റുകളിലൂടെയാണ്. പ്രാദേശികമായി പ്രചാരം നേടിയിരുന്ന പാട്ടുകള്‍ക്കൊപ്പം അറുമുഖന്‍ വെങ്കിടങ്ങ് അടക്കമുള്ള ചില രചയിതാക്കളുടെ വരികളും നാടന്‍ശൈലിയില്‍ അവതരിപ്പിച്ച് അദ്ദേഹം ഹിറ്റ് ആക്കി. മലയാളിയുടെ ഉത്സവാഘോഷങ്ങളിലെ പരിചിത ഈണങ്ങളായി ഈ പാട്ടുകള്‍ തുടരുന്നു. 

അതേസമയം വേര്‍പാടിന്‍റെ ആറാം വര്‍ഷത്തിലും മണി എന്ന സാന്നിധ്യം തങ്ങളെ വിട്ടുപോയി എന്ന് ഉള്‍ക്കൊള്ളാനാവാത്തവരാണ് ചാലക്കുടിയിലെ അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍. മണിക്കു വേണ്ടി നൂറിലധികം പാട്ടുകള്‍ ഒരുക്കിയ ചാലക്കുടി ബിജു ഉള്‍പ്പെടയുളള കൂട്ടുകാര്‍ ഇപ്പോളും മണിയുടെ ഓര്‍മ്മയില്‍ ഒത്തുകൂടാറുണ്ട്. അതേസമയം മണിയുടെ മരണം സംബന്ധിച്ച കേസില്‍ സിബിഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കുടുംബം ഇപ്പോഴും. കലാഭവൻ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണകാരണമെന്നുമാണ് കേസന്വേഷിച്ച സിബിഐയുടെ കണ്ടെത്തല്‍. വയറ്റില്‍  കണ്ടെത്തിയ വിഷാശം മദ്യത്തില്‍ നിന്നുളളതാണെന്നും
സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് ഒരിക്കലും വിശ്വസിക്കാനാകിലലെന്നു തന്നെയാണ് കുടുംബത്തിന്‍റെ നിലപാട്. അതേസമയം നടന്റെ പ്രിയ വിശ്രമകേന്ദ്രമായിരുന്ന പാഡിയും നാശത്തിന്‍റെ വക്കിലാണ്. മണിയെ അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഇവിടെ നിന്നുമായിരുന്നു. നഗരത്തോട് ചേര്‍ന്ന് ഒന്നരയേക്കര്‍ ജാതിത്തോട്ടത്തിലെ ഈ വിശ്രമകേന്ദ്രം സംരക്ഷിക്കണമെന്ന ചാലക്കുടിക്കാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല, അവിടെ സന്ദര്‍ശകര്‍ക്ക് കുറവൊന്നുമില്ലെങ്കിലും. 

Follow Us:
Download App:
  • android
  • ios