പ്രണയാന്ധം; കഥ കേള്‍ക്കേണ്ട പ്രായത്തില്‍ സംവിധായകയായി ഒരു നാലാം ക്ലാസുകാരി
കോട്ടയം പാലായിലെ ക്യാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്ന സംഭവത്തിന്‍റെ പിരിമുറക്കമാണ് ഗായതിയിൽ ഇത്തരം ചിന്തകൾക്ക് വഴിതുറന്നത്.
ആലപ്പുഴ: പൂക്കളുടേയും പൂമ്പാറ്റകളുടേയും കഥകൾ കേൾക്കാൻ താൽപര്യമുള്ള പ്രായത്തിൽ ക്യാമറക്ക് പിന്നിൽ നിന്ന് നേര്‍ത്ത ചിരിയോടെ ആക്ഷനും കട്ടും പറഞ്ഞ് സംവിധായകയായി തിളങ്ങുകയാണ് നാലാംക്ലാസുകാരി. ആലപ്പുഴ കളര്‍കോഡ് പവിത്രം വീട്ടില്‍ ഗായതി പ്രസാദ് എന്ന നാലാം ക്ലാസുകാരിയാണ് ആശയവും ഉള്ളടക്കവും തിരക്കഥയും എല്ലാം സ്വന്തമായി തന്നെ എഴുതിയുണ്ടാക്കി സിനിമാ സംവിധായകയുടെ കുപ്പായമണിഞ്ഞത്.
സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമത്തിൽ മനംനൊന്ത് മനസ്സിൽ കുറിച്ചിട്ട ആകുലതകളും ആശയങ്ങളും 18 മിനിറ്റ് നീളുന്ന ‘പ്രണയാന്ധം’ എന്ന ഷോട്ട് ഫിലിമിലൂടെ പകർത്തിയപ്പോൾ പിറവിയെടുത്തത് കുരുന്ന് മനസില്‍ തെളിഞ്ഞ പ്രണയകഥയാണ്. കോട്ടയം പാലായിലെ ക്യാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊന്ന സംഭവത്തിന്‍റെ പിരിമുറക്കമാണ് ഗായതിയിൽ ഇത്തരം ചിന്തകൾക്ക് വഴിതുറന്നത്.
തന്‍റെ ചുറ്റും നടക്കുന്ന കാര്യങ്ങളോട് ഒരുചെറിയ പെൺകുട്ടിയുടെ പ്രതികരണമാണിത്. യുവാവിന്‍റെയും യുവതിയുടെയും പ്രണയകഥ മനസ്സിൽ വരച്ചിട്ടാണ് ഓരോരംഗവും ചിത്രീകരിച്ചിരിക്കുന്നത്. ഗായതിയുടെ അമ്മ കസ്തൂരി, സഹോദരി ഗൗരി, അവളുടെ കൂട്ടുകാരികളായ അബി ബാഷ, ആലിയ, പറവൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക മിനിമോൾ, അയ്യപ്പൻ, സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അമ്മ കസ്തൂരി സിനിമയിൽ നായികയുടെ അമ്മയായിട്ടാണ് വേഷമിടുന്നത്. സഹോദരി ഗൗരിയാട്ടെ നായികയുടെ കൂട്ടുകാരിയായി അഭിനയിക്കുന്നു.
വീടും പരിസരവും സമീപത്തെ പറവൂർ സ്കൂളിലുമായി ചിത്രീകണം നടന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ഗാനചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. മാർച്ച് എട്ടിന് ലോക വനിത ദിനത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള ത്രില്ലിലാണ് ഗായതി. കോവിഡ് വ്യാപനത്തിൽ പഠനം ഓൺലൈൻ ക്ലാസിലേക്ക് ചുരുങ്ങിയതോടെ കിട്ടിയ അവസരം ഉപയോഗിച്ചായിരുന്നു സിനിമാ പിടുത്തം. പഠനത്തിന് തടസ്സമാകാതെയുള്ള ഇടവേളകളിലായിരുന്നു ചിത്രീകരണങ്ങള്‍.
പുസ്തകങ്ങൾ കളിപ്പാട്ടങ്ങളാക്കി വായനയും എഴുത്തും ശീലമാക്കിയ ഗായത്രി ഇതിനോടകം നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. അവ കോർത്തിണക്കി പുസ്തകമാക്കണമെന്നതാണ് അടുത്ത ആഗ്രഹം. അല്ലറചില്ലറ കഥയെഴുതും പുസ്തകം വായനയുമൊക്കെ ഉണ്ടെങ്കിലും ‘സിനിമ പിടിക്കണം’ എന്ന് പറഞ്ഞപ്പോൾ തമാശയായി മാത്രമാണ് കണക്കാക്കിയതെന്ന് അമ്മ കസ്തൂരി പറഞ്ഞു. ഒരു ചെറിയകുട്ടിക്ക് ‘പ്രണയം’എങ്ങനെ ആയിരിക്കുമെന്ന് അറിയില്ല. പക്ഷേ അത് വെളിച്ചം ആണെന്നും അത് എല്ലാ ജീവജാലങ്ങളുടെയും വികാരം ആണെന്നും പറയുന്നതോടൊപ്പം അതിന്‍റെ മറ്റൊരു വശത്തെപ്പറ്റി അവൾ ചിന്തിക്കുന്നത് വലിയകാര്യമാണെന്ന് കുടുംബശ്രീ ജില്ല മിഷൻ കമ്യൂണിറ്റി കൗൺസിലർ കൂടിയായ അമ്മ കസ്തൂരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഹ്രസ്വചിത്രമെന്ന മകളുടെ ആഗ്രഹം സഫലമാക്കുവാൻ മാതാപിതാക്കള്‍ തീരുമാനിച്ചപ്പോൾ സർവ പിന്തുണയുമായി സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പമെത്തി. പിതാവ്: ഗിരി പ്രസാദ് (ആലപ്പുഴ ഗവണ്‍മെന്‍റ് സെർവന്‍റ്സ് കോ-ഓപറേറ്റിവ് ബാങ്ക് ജീവനക്കാരൻ), സഹോദരി: ഗൗരി പ്രസാദ് പ്ലസ് വൺ വിദ്യാർഥിനി)