ഒരു കോടി കളക്ഷന്‍ നേടിയ ആദ്യ മലയാളസിനിമ?
മലയാളസിനിമയുടെ ബോക്സ് ഓഫീസില്‍ 'ഒരു കോടി ക്ലബ്ബ്' ആദ്യമായി തുറന്നുകൊടുത്ത ചിത്രം
100 കോടി ക്ലബ്ബ് ഇന്ന് മലയാളസിനിമയ്ക്ക് അപ്രാപ്യമായ ഒന്നല്ല. പല സിനിമകള്‍ അത് തെളിയിച്ചുകഴിഞ്ഞു. മലയാളത്തില്‍ നിലവില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായ ലൂസിഫര്‍ നേടിയത് 200 കോടിയിലധികം കളക്ഷനാണ്. എന്നാല്‍ 100 കോടിയും 50 കോടിയുമൊക്കെ വരുന്നതിന് മുന്‍പും സിനിമ ഇവിടെ ജനപ്രിയകലയായി തുടര്‍ന്നിരുന്നു. വൈഡ് റിലീസ് ഇല്ലാതിരുന്ന കാലത്ത് എ, ബി, സി ക്ലാസുകളിലായി വിഭജിക്കപ്പെട്ട തീയേറ്ററുകളിലെല്ലാമായി ഒരു വര്‍ഷത്തിലധികം നീണ്ട കാലമാണ് പലപ്പോഴും വിജയചിത്രങ്ങള്‍ കളിച്ചിരുന്നത്. വലിയ ജനപ്രീതി നേടുന്ന ചിത്രങ്ങള്‍ അക്കാലത്തും മലയാളസിനിമയ്ക്ക് പുതിയ പുതിയ നാഴികക്കല്ലുകള്‍ സമ്മാനിച്ചിരുന്നു. ഒരു കോടി ക്ലബ്ബിലേക്ക് മലയാളസിനിമയ്ക്ക് ഇടംനേടിക്കൊടുക്കുന്നത് ഒരു ജോഷി ചിത്രമാണ്.
മറ്റൊന്നുമല്ല, ജോഷിയെപ്പോലെ മമ്മൂട്ടിയുടെ സിനിമാജീവിതത്തിലും ഏറെ പ്രധാനപ്പെട്ട വിജയമായിരുന്ന 'ന്യൂ ഡെല്‍ഹി'യാണ് മലയാളത്തില്‍ ആദ്യമായി ഒരു കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം. ജോഷി തന്നെയാണ് ഒരു മുന്‍ അഭിമുഖത്തില്‍ ഇക്കാര്യം പറയുന്നത്. "ന്യൂ ഡെല്‍ഹി ഇവിടെ റിലീസ് ചെയ്യുമ്പോള്‍ ഞങ്ങളെല്ലാവരും 'നായര്‍ സാബി'ന്‍റെ ഷൂട്ടിംഗുമായി കശ്‍മീരിലാണ്. അന്ന് കേരളവുമായി പെട്ടെന്നൊന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയില്ല. മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്. എന്‍റെ തന്നെ നാല് പടങ്ങള്‍ പൊട്ടിനില്‍ക്കുകയാണ്. നമ്മുടെയൊക്കെ കാലം കഴിഞ്ഞോ എന്ന പേടി പോലുമുണ്ടായി. റിലീസിന്‍റെ സമയത്ത് പ്രേക്ഷകര്‍ ചിത്രം എങ്ങനെ സ്വീകരിച്ചു എന്നറിയാതെ ഞങ്ങളാകെ ടെന്‍ഷനിലായിരുന്നു. നാലഞ്ച് മണിയായപ്പോള്‍ 'നായര്‍ സാബി'ന്‍റെ ഷൂട്ടിംഗ് നിര്‍ത്തി. നിര്‍മ്മാതാവ് ജോയി തോമസിന്‍റെ ഫോണ്‍ വരുന്നത് വൈകുന്നേരം ഏഴ് മണിക്കാണ്. അദ്ദേഹം മാറ്റിനി കഴിഞ്ഞ ഉടനെ തന്നെ ട്രങ്ക് ബുക്ക് ചെയ്തിരുന്നു. അന്ന് മൊബൈല്‍ ഫോണൊന്നും ഇല്ലല്ലോ. ഞാനാണ് ഫോണ്‍ എടുക്കുന്നത്. സൂപ്പര്‍ഹിറ്റ് ആണെന്ന് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ സമാധാനമായി. മമ്മൂട്ടിക്ക് അത് വലിയ ആശ്വാസമായി. മലയാളത്തില്‍ ആദ്യം ഒരു കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം ന്യൂ ഡെല്‍ഹിയാണ്", ജോഷി പറയുന്നു.
മമ്മൂട്ടിക്ക് സിനിമയില്‍ പുതുജീവന്‍ പകര്‍ന്ന ന്യൂ ഡെല്‍ഹിയെക്കുറിച്ച് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മുന്‍പ് സഫാരി ടിവിയുടെ പരിപാടിയില്‍ വിശദമായി സംസാരിച്ചിരുന്നു. "മമ്മൂട്ടിയെ വച്ച് ആളുകള്‍ സിനിമകളെടുക്കാന്‍ മടിക്കുന്ന നിലയിലേക്ക് അദ്ദേഹത്തിന് തുടര്‍ പരാജയങ്ങള്‍ സംഭവിച്ച സമയമായിരുന്നു അത്. എന്‍റെയും ജോഷിയുടെയും കൂട്ടുകെട്ടില്‍ എത്തിയ സിനിമകള്‍ മാത്രമല്ല, മമ്മൂട്ടി അഭിനയിച്ച മറ്റു സിനിമകളും തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരുന്ന സമയം. മമ്മൂട്ടിയുടെ പരാജയം നിര്‍മ്മാതാവ് ജോയിയെ ഭയങ്കരമായിട്ട് വിഷമിപ്പിച്ചിരുന്നു, അതുപോലെതന്നെ ജോഷിയെയും. അവര്‍ രണ്ടുപേരും ഒരു സൂപ്പര്‍ഹിറ്റിലൂടെ മമ്മൂട്ടിയെ തിരികെ കൊണ്ടുവരണമെന്ന് വല്ലാതെ ആഗ്രഹിച്ചു. മമ്മൂട്ടിയോട് അവര്‍ക്കുള്ള ഇഷ്ടമായിരുന്നു അതിന് കാരണം. അതിനായി പല കഥാവിഷയങ്ങളും ഞങ്ങള്‍ ആലോചിച്ചു. ഉദയ പടങ്ങളുടെ ബാനറില്‍ 'പയ്യംവള്ളി ചന്തു' സിനിമയാക്കിയാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. പക്ഷേ ആ സമയത്താണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ വച്ച് വലിയൊരു വടക്കന്‍ പാട്ട് സിനിമ ചെയ്യാന്‍ ആലോചിക്കുന്നത്. അങ്ങനെ അത് വേണ്ടെന്നുവച്ചു. അപ്പോഴാണ് ന്യൂ ഡെല്‍ഹിയുടെ കഥാവിഷയം ഞാന്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്‍റിനെ കൊല്ലാന്‍ അവിടുത്തെ ഒരു ടാബ്ലോയ്ഡ് പത്രക്കാരന്‍ ക്വട്ടേഷന്‍ കൊടുത്ത ഒരു കഥ. സംഭവം നടക്കേണ്ടതിന്‍റെ തലേദിവസം ഇയാള്‍ പത്രം അടിച്ചുവച്ചു. വെടിവെപ്പ് പ്ലാന്‍ ചെയ്തിരുന്നതിന്‍റെ അര മണിക്കൂര്‍ മുന്‍പ് അയാള്‍ പത്രം പുറത്തുവിട്ടു. പക്ഷേ വെടിവെപ്പ് നടന്നില്ല. അയാള്‍ പിടിക്കപ്പെടുകയും ചെയ്തു. കഥയോ സംഭവമോ എന്ന് അറിയില്ല. ഈ വിഷയത്തില്‍ ഒരുപാട് നോവലുകള്‍ ഉണ്ടായിട്ടുണ്ട്. സ്വന്തം മാധ്യമത്തിന്‍റെ വിജയത്തിനുവേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്‍റെ ജീവിതം സിനിമയാക്കിയാലോ എന്ന് ആലോചിക്കുകയായിരുന്നു", ഡെന്നിസ് ജോസഫിന്‍റെ വാക്കുകള്‍.
ജൂബിലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ കാര്‍ട്ടൂണിസ്റ്റും ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുമായ ജികെ എന്ന ജി കൃഷ്ണമൂര്‍ത്തിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സുമതല, സുരേഷ്ഗോപി, ഉര്‍വ്വശി, ത്യാഗരാജന്‍, ദേവന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. വന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകലിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ജോഷി തന്നെയാണ് ഈ മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത്. തെലുങ്കില്‍ കൃഷ്‍ണം രാജുവും ഹിന്ദിയില്‍ ജീതേന്ദ്രയും കന്നഡത്തില്‍ അംബരീഷുമാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.