'പേടിയോടെ, സംശയത്തോടെ മാത്രം നോക്കുന്ന ദിവസങ്ങൾ, അത് സത്യാണ്, ഞങ്ങടെ കഥയാണ്': വൈറസ് ട്രെയിലറിനെ കുറിച്ച് അനുഭവസ്ഥയുടെ കുറിപ്പ്

ഒരു നാട് ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത്. കോഴിക്കോടും മലയോര പ്രദേശങ്ങളായ പേരാമ്പ്രയും കുറ്റ്യാടിയുമടക്കമുള്ള സ്ഥലങ്ങളില്‍ നിപ എന്ന മഹാരോഗം ശരീരത്തെ മാത്രമായിരുന്നില്ല ബാധിച്ചത്.

Facebook note about nipah virus subjectiong movie virus trailer
Author
Kerala, First Published Apr 27, 2019, 8:20 PM IST

കോഴിക്കോട്: ഒരു നാട് ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത്. കോഴിക്കോടും മലയോര പ്രദേശങ്ങളായ പേരാമ്പ്രയും കുറ്റ്യാടിയുമടക്കമുള്ള സ്ഥലങ്ങളില്‍ നിപ എന്ന മഹാരോഗം ശരീരത്തെ മാത്രമായിരുന്നില്ല ബാധിച്ചത്. മനസിനെയും അത് വല്ലാത്തൊരു അവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു.

നിപയെ ആസ്പദമാക്കി ഒരുങ്ങുന്ന വൈറസ് എന്ന ആഷിഖ് അബു ചിത്രമാണ് വീണ്ടും ആ നാളുകള്‍ ഓര്‍മിപ്പിച്ചത്. ഏറെ വേദനയോടെയും ഭീതിയോടെയും മാത്രം ഓര്‍ക്കുന്ന  ആ നാളുകള്‍ ശരിക്കും പുനരാവിഷ്കരിക്കുകയാണ് ആ ചിത്രമെന്ന് തോന്നുന്ന തരത്തിലാണ് അതിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിന് പിന്നാലെ പൊന്നു ഇമ എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അന്നത്തെ അവിടത്തെ സാഹചര്യമാണ് ട്രെയിലറില്‍ പറയുന്നതെന്നും അത് ഞങ്ങളുടെ ജീവിതമായിരുന്നെന്നും യുവതി കുറിക്കുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

രണ്ടാം വർഷ പരീക്ഷകൾ കഴിഞ്ഞ് നാട്ടിലെത്തിയ സമയം..
ബാലുശ്ശേരി സ്റ്റാൻഡിൽ ബസും കാത്ത് നിൽക്കുകയായിരുന്നു ഞാൻ. 
കടകളെല്ലാം അടച്ചിരുന്നു,
ബസ് സ്റ്റാൻഡ് പതിവിനേക്കാൾ ഒഴിഞ്ഞിരിയ്ക്കുന്നു.
മൊത്തത്തിൽ പന്തികേട്.

ഇടക്ക് വെച്ച് ഒരു പരിചയക്കാരി ചേച്ചിയെ കൂട്ട് കിട്ടി.
ഞങ്ങൾ രണ്ട് പേർക്കും ഒരേ സ്ഥലത്തേയ്ക്കാണ് പോവേണ്ടത്.

"മോളിപ്പോ വെരണ്ടായ്നു. ആടത്തന്നെ നിന്നൂടെനോ കൊറച്ചെസം ?"
"അതെന്തേ ?"
"നിപ്പയല്ലേ മോളെ ഇവിടൊക്കെ... തീ തിന്ന് ജീവിക്ക്യാ ഞാളൊക്ക."

സംസാരിച്ച് നിൽക്കുമ്പോഴേയ്ക്കും പേരാമ്പ്രയ്ക്കുള്ള ബസ് വന്നു. അതിൽ കയറിയാൽ കൂട്ടാലിട ഇറങ്ങാം. പിന്നെ വീട്ടിലേയ്ക്ക് ഓട്ടോ വിളിച്ചാ മതി.

"വാ ചേച്ചീ കയറാം"

"അതില്ല് കേറണ്ട മോളെ, വേറെ ബസ് വരട്ടെ"

"അതെന്താപ്പോ ?"

"ഞാളിപ്പോ പേരാമ്പ്ര ബസിലൊന്നും കേറലില്ല. ആട്ന്നല്ലേ ഇതൊക്ക തൊടങ്ങ്യെ.. ലിനി സിസ്റ്ററിന്റെ കഥയൊക്ക കേട്ടില്ലേ ങ്ങി. പേട്യാണ് മോളെ.."

"അങ്ങനൊന്നുല്ലപ്പാ.. ഇപ്പൊ കൊറേ നിയന്ത്രണത്തിലായ്ക്ക്ന്ന്.. പേടിക്കാണ്ടിരിക്കി.. വാ നമ്മക്ക് കയറാം"

ഒരു വിധത്തിൽ ബസിൽ കയറ്റി.
പക്ഷെ പതുക്കെ പതുക്കെ എല്ലാവരെയും പോലെ ആ പേടി എന്നേയും കീഴ്‍പെടുത്താൻ തുടങ്ങിയിരുന്നു.
ബസിലാകെ അഞ്ചോ ആറോ ആൾക്കാർ.
മാസ്‌ക്കിട്ട മുഖങ്ങൾ പരമാവധി തൊടാതെ ദൂരെ ദൂരെ മാറി സീറ്റിന്റെ അറ്റത്തോട്ടിരിയ്ക്കുന്നു പരസ്പരം മുഖം നോക്കാതെ, മിണ്ടാതെ, തിരിഞ്ഞിരിയ്ക്കുന്നു.

കൂട്ടാലിട അങ്ങാടിയിലും ആരുമില്ല. 
ഓട്ടോ കയറി വീട്ടിലേക്ക് പോകുമ്പോഴും, പരിചയക്കാരെ കണ്ടാലും, വീട്ടിലിരിക്കുമ്പോഴും എല്ലാം എല്ലാവർക്കും പറയാനുള്ളത് നിപ്പാ കഥകൾ മാത്രം.

പരസ്പരം പേടിയോടെ, സംശയത്തോടെ, ദേഷ്യത്തോടെ മാത്രം നോക്കുന്ന ദിവസങ്ങൾ.
അങ്ങാടിയിലേയ്ക്ക് ഇറങ്ങാൻ പേടിയാണ്, നിരനിരയായി കടകൾ അടച്ചിട്ടത് കാണുമ്പോൾ,
റോഡിൽ വണ്ടികൾ കാണാതാവുമ്പോൾ,
ആശുപത്രി എന്ന് കേൾക്കുമ്പോൾ, 
പേരാമ്പ്ര എന്ന് ആരെങ്കിലും പറയുമ്പോൾ, 
സ്കൂളിന്റെ അവധി നീട്ടിക്കൊണ്ടുള്ള വാർത്തകൾ കേൾക്കുമ്പോൾ,
എല്ലാം പേടിയാണ് !!

അടുത്ത് നിൽക്കുന്നയാൾ ഒന്ന് ചുമച്ചാൽ, തുപ്പിയാൽ, പെട്ടെന്ന് എന്തെങ്കിലും പറഞ്ഞാൽ പേടിയാണ്, സംശയമാണ്, ദേഷ്യമാണ്.

മരിച്ച് ജീവിച്ച ദിവസങ്ങൾ.

ഇന്നലെ രാത്രി വൈറസ് സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ എന്തൊക്കെയോ ഓർത്ത് പോയി..
ആ പതിനേഴ് പേർ. തിരിച്ച് കയറി വന്ന ആ ഒരാൾ, ലിനി സിസ്റ്റർ അടക്കമുള്ള ഞങ്ങടെ സുഹൃത്തുക്കളെ പരിപാലിച്ച നേഴ്‌സ്മാരും ഡോക്ടർമാരും. പിന്നെ എല്ലാം കൂട്ടിയിണക്കി കൊണ്ടു പോയ ശൈലജ ടീച്ചർ.
എല്ലാം കൂടെ മനസിൽ കയറി വന്നപ്പോൾ ആകെ വട്ടായി, വിഷമായി, കരച്ചിലായി.

വീണ്ടും വീണ്ടും യൂട്യൂബിൽ ട്രെയിലർ കാണാൻ തുടങ്ങി.
കൂടെയിരിക്കുന്നവരോടൊക്കെ പറഞ്ഞു,

"വൈറസ് മൂവിയുടെ ട്രെയ്‌ലർ കാണ്. അതിലെ അവസാന സീൻ ഇല്ലേ, സൗബിന്റെ. അത് സത്യാണ്. ഞങ്ങടെ കഥയാണ്. കാണ്. കാണ്"

ഇത് വായിക്കുന്നവരോടും അതേ പറയാനുള്ളൂ.. കാണ്...

https://youtu.be/38MijVTyP7s

This is our story,
The unique story of Fear, Fight and
SURVIVAL

Kudos to the Team Virus Movie
We love you💕

Follow Us:
Download App:
  • android
  • ios