ആ വിരലുകളിപ്പോഴും അവര്‍ക്ക് വേണ്ടി വയലിൻ വായിക്കുന്നുണ്ടാകും, അല്ലേ ബാലു?

മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‍കര്‍ വിടവാങ്ങിയിട്ട് ഒരു വര്‍ഷം കഴിയുന്നു. ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‍കര്‍ വിടവാങ്ങിയത്. ബാലഭാസ്‍കറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് ഗുരുവും അമ്മാവനുമായ ബി ശശികുമാര്‍. ഒപ്പം ബാലഭാസ്‍കറിന്റെ അപ്പൂപ്പനെയും അമ്മൂമ്മയെയും കുറിച്ചും.

B Sasikumar writes about Balabaskar
Author
Thiruvananthapuram, First Published Oct 1, 2019, 3:52 PM IST

മനസ്സിൽ കാത്തുസൂക്ഷിച്ചിരുന്ന ഒത്തിരി ഒത്തിരി പ്രതീക്ഷളെ തട്ടിത്തെറിപ്പിച്ച ദുർവിധിയെ പഴിച്ചുകൊണ്ടു  വേർപാടിന്റെ ദു:ഖങ്ങളുടെ കണ്ണികൾ കൂട്ടിയിണക്കി ഒരു സ്‍മരണാഞ്ജലി....B Sasikumar writes about Balabaskar

ബാലഭാസ്‍കറിന്റെ പ്രതിഭ പാരമ്പര്യത്തില്‍ നിന്നു തുടങ്ങുന്നതാണ്. ബാലുവിന്റെ അപ്പൂപ്പൻ  പ്രമുഖ നാഗസ്വര വിദ്വാൻ ആയിരുന്ന തിരുവല്ല എം കെ ഭാസ്‍കര പണിക്കരാണ്. വായ്‍പാട്ട്, വയലിൻ, പുല്ലാങ്കുഴൽ, കവിതാരചന എന്നിവകളിലും നിപുണനായിരുന്ന ഒരു സകല കലാവല്ലഭൻ. അദ്ദേഹം വിടപറഞ്ഞത് 27 സെപ്റ്റംബർ 1973ന്. അമ്മൂമ്മയാകട്ടെ കവിതാരചനയില്‍ മികവ് കാട്ടിയ ജി സരോജനി അമ്മ. ക്രാഫ്റ്റ് വർക്ക് , എംബ്രോയ്‍ഡറി വർക്ക് , പാചക കലയിൽ വൈശിഷ്ട്യ നൈപുണ്യം, അല്‍പം നാട്ടുവൈദ്യമൊക്കെയായി കഴിഞ്ഞ സ്‍നേഹനിധിയായ വീട്ടമ്മ. 12  ഡിസംബർ 2017നായിരുന്നു അവര്‍ വിടവാങ്ങിയത്.

ഭര്‍തൃവിയോഗവും അതിനു ശേഷവുമുള്ള തന്റെ ജീവിതവും സംബന്ധിച്ച് അവര്‍ കുത്തിക്കുറിച്ച കവിത ഇങ്ങനെയായിരുന്നു-

അച്ചിതയൊരിക്കൽ ജ്വാലയായിങ്ങാവാഹിച്ചീ  -
ട്ടുൾകൊണ്ടേൻ ചിത്തം ഭദ്രം സൂക്ഷിച്ചു വച്ചാളല്ലോ  
ഉൾക്കാമ്പിലതു നീറി നീറിയങ്ങേരി -
ഞ്ഞച്ചൂടും സ്വയം സഹിച്ചങ്ങിനോൻപതാണ്ടുകൾ.

ഞങ്ങൾക്കു ധനമായ് ഞങ്ങൾക്കു സുഖമേകി,

ഞങ്ങൾക്കു നാഥനായ് ഞങ്ങൾക്കത്താണിയായ്,
ഞങ്ങൾതന്നശ്വര്യമായ് ഞങ്ങൾതൻ മോദമായ്,
ഞങ്ങളിൽ കുടികൊണ്ട ദേവനായ്  നമിക്കുന്നേൻ.

വാസരമൊരുമട്ടിൽ പത്തുമങ്ങെത്തിച്ചല്ലോ

വാത്സല്യ നിധികളാം മക്കൾതൻ തണലിൽ സുഖം
പതി, ശ്രീദേവിക്കുടയൊരു തമ്പുരാൻ ഗതിയെന്നും തരുമാ ഗുണാബ്‍ധി ഈ -
പതിതയ്‌ക്കൊരു മാർഗ്ഗദീപമായ് കരുതുന്നേൻ കരുണാമയനേ  ദിനം.

വൈധവ്യപ്പട്ടം കിട്ടി  വർഷങ്ങൾ തള്ളി നീക്കി,
വൈവിദ്ധ്യമെന്തെന്റെ ജീവിതം തൂക്കിതാങ്ങി,
വൈകുന്നതെന്തെൻ പത്മനാഭാ  

വൈതരണിയതിൽ നിന്നും കരയേറ്റിടാൻ.

അങ്ങനെ പരിചയപ്പെടുന്നവർക്ക് ഒരിക്കലും മറക്കാനാകാത്ത വ്യക്തിത്വങ്ങൾക്കു ഉടമകളായിരുന്ന അപ്പൂപ്പനും അമ്മൂമ്മയും. കൊച്ചുമകന്റ കലാപാടവത്തിൽ സന്തുഷ്‍ടരായി, സംതൃപ്‍തരായി അവനെ അവരുടെ അടുത്തേയ്ക്കു കൂട്ടി കൊണ്ടുപൊയ്‌കളഞ്ഞല്ലോ!! അതോ, തന്റെ കലോപാസനയുടെ ഫലം അവരെ ആവോളം രസിപ്പിക്കാനായിട്ട് അവൻ അവരുടെ അടുത്തേയ്ക്കു പോയതോ !, അല്ലെങ്കില്‍ അവനെ ആരെങ്കിലും ഇവിടെ നിന്ന് ഓടിച്ചതാണോ !!

കഷ്‍ടം !! പൂമാലകളാണെന്നു കരുതി വാരിയണിഞ്ഞവയിൽ പലതും വിഷപ്പാമ്പുകളാണെന്നു അറിയാതെ പോയല്ലോ കുട്ടി!

മോനെ! കണ്ണീരിൽ കുതിർന്ന നിന്റെ ഓർമകളുമായി ഒരു വര്‍ഷമാകുന്നു.

B Sasikumar writes about Balabaskar

മുത്തശ്ശനും മുത്തശ്ശിയും നിന്റെ കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കുകയാവും ! നീ, കഠിന സാധകത്തിലൂടെ നേടിയെടുത്ത, കൈവിരലുകളിൽ ശേഖരിച്ചുവച്ച, വൈകാരിക സ്‍പർശമുള്ള നാദവിശേഷം, അപ്പൂപ്പനെയും അമ്മൂമ്മയേയും കുഞ്ഞിനേയും നിരന്തരം കേൾപ്പിച്ചു ആനന്ദിപ്പിക്കുകയാവും.

ഓർക്കാൻ മനസ്സിന് തെല്ലും ത്രാണിയില്ലെങ്കിലും ആ പുണ്യാത്മാവുകൾക്കു ശാന്തിയും സമാധാനവും പ്രാർത്ഥിക്കുന്നു .

Follow Us:
Download App:
  • android
  • ios