എണ്‍പതിലും സൂപ്പര്‍ മെഗാസ്റ്റാര്‍; പിറന്നാള്‍ നിറവില്‍ അമിതാഭ് ബച്ചന്‍
82-ൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് അദ്ദേഹം മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. എന്നാല്‍, തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപിച്ച് ബച്ചൻ അഭ്രപാളിയിലേക്ക് തിരിച്ചെത്തി.
ഇന്ത്യൻ സിനിമയുടെ ഷെഹൻഷാ അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. എൺപതാം വയസ്സിലും സൂപ്പർ മെഗാ സ്റ്റാർ എന്ന താരപദവിയിൽ തുടരുന്ന അത്ഭുതത്തിന്റെ പേരാണ് അമിതാഭ് ബച്ചൻ. ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് അമിതാഭ് ബച്ചനെ ഇതിഹാസതുല്യനാക്കുന്നത്.
ശബ്‍ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്‍തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്‍ദത്തിന്റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലെ ചക്രവർത്തിക്കസേരയിലേക്ക് ആദ്യ ചുവട് വെച്ചത്. കവിയായ ഹരിവംശ് റായ് ബച്ചന്റേയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത പുത്രന്റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്റെ വിഖ്യാതമായ ഭുവൻ ഷോമിന്റെ ആഖ്യാതാവായിട്ട്. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്‍താനിയിൽ.&ഉത്പൽ ദത്ത്, മധു, അൻവർ അലി, ജലാൽ ആഗ തുടങ്ങിയ പ്രമുഖർക്കൊപ്പം തുടക്കക്കാരന്റെആകുലതകളില്ലാതെ അമിതാഭ് അഭിനയിച്ചു. മെലിഞ്ഞ് കൊലുന്നനെ നീണ്ട പുതിയ നടൻ പ്രേക്ഷകപ്രിയം നേടുന്നത്ഹൃഷികേശ് മുഖർജിയുടെ ആനന്ദിൽ. അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായകകഥാപാത്രത്തിന്റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്‍കറായി അമിതാഭ് മിന്നി.
ചില സിനിമകളിൽ വന്നുപോയ അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സിനിമാമുഖമാക്കി സഞ്ജീർ എന്ന സിനിമ. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നൽകി നിരവധി ഹിറ്റ് സിനിമകൾ. യാഷ് ചോപ്രക്കൊപ്പം പ്രണയനായകനായി തിളങ്ങിയ സിനിമകൾ വേറെ. ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ,മജ്ബൂർ, ചുപ്കെ ചുപ്കെ,ദീവാർ,മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് വാണു.
82ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു. തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപിച്ച് ബച്ചൻ തിരിച്ചെത്തി. പ്രാർത്ഥനകളുമായി കഴിഞ്ഞ ആരാധകലോകം മടങ്ങിവരവ് ഉത്സവമാക്കി. രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനെടുത്ത ഇടവേളക്ക് ശേഷം ബച്ചൻ തിരിച്ചെത്തി. മികച്ച നടനുള്ള ആദ്യ ഗേശീയ പുരസ്കാരം അഗ്നിപഥിലൂടെ കിട്ടിയത് ഒഴിച്ചു നിർത്തിയാൽ ബച്ചന്റെ അഭിനയജീവിതത്തിലെ തിളക്കം കുറഞ്ഞ ഒരേടായിരുന്നു അത്. വീണ്ടും ഒരു തിരിച്ചുവരവിന് ബച്ചൻ കോപ്പുകൂട്ടുകയായിരുന്നു അക്കാലയളവ് എന്ന് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ മൂന്നാം ഘട്ടം തെളിയിച്ചു. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളുമായി ബച്ചൻ ശരിക്കും മിന്നിച്ചു. ബ്ലാക്കും പായും പീകുവും പിന്നെയും എത്തിച്ചു ദേശീയ പുരസ്‍താരംങ്ങൾ. അതും പോരാഞ്ഞ് ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാബേബ് ഫാൽക്കെ. മൂന്ന് പദ്‍മ. പ്രതിഭക്കും കഠിനാധ്വാനത്തിനും ആദരമായി തേടിയെത്തിയ അംഗീകാരങ്ങൾ നിരവധി.
ലിയനാർഡോ ഡി കാപ്രിയോക്കും ടോബി മഗ്വെയർക്കും ഒപ്പം ദ ഗ്രേറ്റ് ഗാസ്ബി എന്ന ചിത്രത്തിലൂടെ ബച്ചൻ ഹോളിവുഡിലും തന്റെ മുദ്ര പതിപ്പിച്ചു. മോഹൻലാലിനൊപ്പമുള്ള കാണ്ഡഹാറിലൂടെ മലയാളത്തിലുമെത്തി. കെബിസിയുടെ അവതാരകനായി ടെലിവിഷനിലെ അറിവുകളുടെ സ്വപ്‍നവ്യാപാരിയായി. ബച്ചൻ പരീക്ഷണങ്ങൾ തുടർന്നു.
സിനിമക്ക് പുറത്ത് ബച്ചൻ കൈവെച്ച മേഖലകളിൽ തിരിച്ചടിയാണ് നേരിട്ടത്. പ്രിയ സ്നേഹിതൻ രാജീവ് ഗാന്ധിയുടെ സ്വാധീനത്താൽ രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയെങ്കിലും ശോഭിക്കാനായില്ല. എബിസിഎൽ കോർപറേഷൻ അതിഗംഭീരമായാണ് വരവ് അറിയിച്ചതെങ്കിലും പിന്നെ ഇടറി വീണു. കോടികളുടെ നഷ്‍ടമുണ്ടായി. വ്യാപാരത്തിലും രാഷ്ട്രീയത്തിലും വെച്ച കാൽ പിന്നോട്ടു വെക്കേണ്ടി വന്നത് മാനസികമായും സാമ്പത്തികമായും വലിയ ആഘാതമാണ് ബച്ചന് ഉണ്ടാക്കിയത്. പക്ഷേ അതിൽ നിന്ന് അദ്ദേഹം തിരിച്ചു കയറി. അധ്വാനിച്ച് തന്നെ. മടങ്ങിവരവിൽ ഊർജം നൽകുമെന്ന് പ്രതീക്ഷിച്ച പല സിനിമകളും പരാജയപ്പെട്ടതും അദ്ദേഹത്തെ തളർത്തിയില്ല. അപകടങ്ങളുംകരൾ രോഗവും മൈത്തനേസ്യ ഗ്രാവിസ് എന്ന രോഗവും രണ്ടു വട്ടം ബാധിച്ച കൊവിഡും അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമാണ് ദുർബലപ്പെടുത്തിയത്. മനധൈര്യത്തോടെ ബച്ചൻ അസുഖങ്ങളെ നേരിട്ടു. ശരീരത്തിന്റെ ബലം തിരിച്ചുപിടിച്ചു. വർധിത വീര്യത്തോടെ പുത്തൻ ഊർജത്തോടെ മുന്നോട്ടു നടന്നു. പ്രായം എന്നത് കലക്കോ അഭിനയത്തിനോ തടസ്സമോ വെല്ലുവിളിയോ അല്ലെന്ന് തെളിയിച്ചു. പല തലമുറകളിൽ പെട്ട ചെറുപ്പക്കാരായ നായകൻമാർ ഒപ്പം നിൽക്കുന്ന തലപ്പൊക്കത്തിന്റെ ഗരിമക്ക് മുന്നിൽ വിനയാന്വിതരായി. അവർക്കെല്ലാം അദ്ദേഹം കഠിനാധ്വാനത്തിന്റേയും അർപണബോധത്തിന്റേയും നിത്യപ്രേരണകളായി. സാത് ഹിന്ദുസ്ഥാനി മുതൽ ബോളിവുഡിലെ ഏറ്റവും പുതിയ സൂപ്പർ ഹിറ്റായ ബ്രഹ്മാസ്ത്രയും പോയവാരമിറങ്ങിയ ഗുഡ് ബൈ വരെ പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടേയിരിക്കുന്നു , ചലച്ചിത്രപ്രവർത്തകരെ വിസ്‍മയിച്ചു കൊണ്ടേയിരിക്കുന്നു.
പ്രിയ ബച്ചൻജി, ഭാര്യ ജയക്കും മക്കൾ ശ്വേതക്കും അഭിഷേകിനും മരുമക്കൾ നിഖിലിനും ഐശ്വര്യക്കും പേരക്കുട്ടികൾക്കും ആരാധകലക്ഷങ്ങൾക്കും ഒപ്പം ഏഷ്യാനെറ്റ് ന്യൂസും ചേരുന്നു. പിറന്നാൾ ആശംസകൾ. താങ്കൾ ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ബിഗ് ബിയാണ്.