ഹിന്ദി സിനിമയുടെ ക്ഷുഭിതയൗവ്വനം, അമിതാഭ് ബച്ചൻ നടന്ന വഴികൾ
കൽക്കട്ടയിലെ ഗുമസ്തജീവിതത്തിനിടയിലാണ് ബച്ചൻ ഓൾ AIR'ൽ അനൗൺസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതും, അവർ അദ്ദേഹത്തിന്റെ ശബ്ദം വളരെ മോശമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നതും.
2018-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം അമിതാഭ് ബച്ചനാണ്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ഇന്നലെയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ എന്ന 'ദാദാസാഹിബ്' ഫാൽക്കെയുടെ നൂറാം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. ബച്ചന്റെ അഭിനയജീവിതത്തിനും ഫാൽക്കെ പുരസ്കാരത്തിനും അമ്പതുവർഷം തികയുന്ന അവസരത്തിൽ തന്നെയാണ് അദ്ദേഹത്തെ ഈ അവാർഡിനാൽ ആദരിക്കുന്നത് എന്നത് ഒരു യാദൃച്ഛികതയാണ്. 1969-ൽ നടി ദേവികാ റാണിക്കാണ് ആദ്യമായി ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. അതേ വർഷമാണ് അമിതാഭിന്റെ ആദ്യ ചിത്രമായ സാഥ് ഹിന്ദുസ്ഥാനിയും റിലീസാവുന്നത്.
11 ഒക്ടോബർ 1942-ൽ ഒരു അവധി ഹിന്ദി കവിയുടെ വീട്ടിൽ ഒരു കുഞ്ഞ് പിറന്നുവീണു. ഗാന്ധിമാർഗ്ഗം ജീവിതവ്രതമാക്കിയിരുന്ന സ്വാതന്ത്ര്യസമരനായകനായിരുന്നു ഹരിവംശറായ് ബച്ചൻ എന്ന കവി. ഗാന്ധി " പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക " എന്ന ഉജ്ജ്വലമായ മുദ്രാവാക്യത്തോടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചിട്ട് രണ്ടുമാസമേ ആയിരുന്നുള്ളൂ. ആ ആവേശത്തിൽ കവി മകന് 'ഇൻക്വിലാബ്' എന്ന് പേരിട്ടു. അമ്മ തേജി ബച്ചന് ഇഷ്ടമുള്ള പേര് അമിതാഭ് എന്നായിരുന്നു. ഒരിക്കലും കെടാത്ത വെളിച്ചം എന്നായിരുന്നു ആ വാക്കിന്റെ അർത്ഥം.
നൈനിറ്റാളിലെ ഷെർവുഡ് കോളേജിലും ദില്ലി യൂണിവേഴ്‌സിറ്റിയിലെ കരോഡിമൽ കോളേജിൽ നിന്നുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. തിയേറ്റർ ആർട്ടിസ്റ്റായിരുന്ന അമ്മ തേജി ബച്ചനാണ് അമിതാഭിൽ അഭിനയസിദ്ധിയുടെ ഉറവിടം.
അച്ഛൻ ഹരിവംശറായ് ബച്ചൻ കവിയായിരുന്നു എങ്കിലും മകൻ അഭിനയത്തിന് പിന്നാലെ ജീവിതം നശിപ്പിക്കുന്നത് അദ്ദേഹത്തിന് സമ്മതമല്ലായിരുന്നു. മകൻ ഉദ്യോഗസ്ഥനായിക്കാണണം എന്ന അച്ഛന്റെ മോഹം പൂർത്തീകരിക്കാൻ വേണ്ടി അമിതാഭ് തുടക്കത്തിൽ കൽക്കട്ടയിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ഫ്രൈറ്റ് ബ്രോക്കറായി കുറച്ചുകാലം ജോലിചെയ്തു. എന്നാൽ ഉള്ളിലെ അഭിനയമോഹം ഏറെക്കാലം അടക്കിവെക്കാൻ അദ്ദേഹത്തിനായില്ല. കൽക്കട്ടയിലെ ജീവിതത്തിനിടയിലാണ് അദ്ദേഹം ഓൾ ഇന്ത്യാ റേഡിയോയിൽ അനൗൺസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതും, അവർ അദ്ദേഹത്തിന്റെ ശബ്ദം വളരെ മോശമാണ് എന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുന്നതും. പിൽക്കാലത്ത് ബോളിവുഡിൽ ബച്ചന്റെ ട്രേഡ്മാർക്കായി മാറിയതും അതേ ഘനഗംഭീരശബ്ദം തന്നെ.
അധികം താമസിയാതെ അമിതാഭ് ഷിപ്പിങ്ങ് കമ്പനിയിലെ ലാവണമൊക്കെ ഉപേക്ഷിച്ച് സിനിമാമോഹവും പൊടിതട്ടിയെടുത്ത് മുംബൈക്ക് വണ്ടി കേറി. 1969-ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ചിത്രത്തിലെ വോയ്‌സ് ഓവറാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രപ്രവേശം. പിന്നാലെ സാഥ് ഹിന്ദുസ്ഥാനിയിലെ റോൾ. ഖ്വാജാ അഹമ്മദ് അബ്ബാസ് കഥയെഴുതി, നിർമിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിലെ അന്നത്തെ സൂപ്പർ താരമായിരുന്ന മധുവും അഭിനയിച്ചിട്ടുണ്ട്. ചിത്രം ഫ്ലോപ്പായിരുന്നു എങ്കിലും, അമിതാഭിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. കരിയറിന്റെ തുടക്കത്തിൽ ഏറെ സാമ്പത്തികക്ലേശങ്ങൾ അനുഭവിച്ചിട്ടുള്ള അമിതാഭിന് അന്ന് ആശ്രയമേകിയത് പ്രസിദ്ധ ഹാസ്യനടനായ മെഹമൂദ് ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ എട്ടുവർഷത്തോളം അമിതാഭ് കഴിഞ്ഞു.
സാഥ് ഹിന്ദുസ്ഥാനിക്ക് ശേഷമാണ് 1971-ൽ ആനന്ദ് എന്ന ചിത്രം അമിതാഭിനെ തേടിയെത്തുന്നത്. രാജേഷ് ഖന്നയുടെ അവിസ്മരണീയ ചിത്രം. കാൻസർ ബാധിതനായ നായകനെ ചികിത്സിക്കുന്ന 'ബാബു മോഷായ്' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, ബിമൽ ദത്തയുടെ സുന്ദരമായ കഥയ്ക്ക് ഗുൽസാറിന്റെ തിരക്കഥ. യോഗേഷിന്റെയും ഗുൽസാറിന്റെയും വരികൾക്ക് സലിൽ ചൗധരി ഈണം പകർന്ന മനോഹരഗാനങ്ങൾ. പടം സൂപ്പർ ഹിറ്റ്. ആനന്ദിലും അമിതാഭിന്റെ നിയോഗം ഒരു സഹനടന്റേതായിരുന്നു. ആദ്യമായി ഒരു ബിഗ് ബ്രേക്ക് അദ്ദേഹത്തിന് കിട്ടുന്നത് 1973-ൽ ഇറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലൂടെയാണ്. സത്യസന്ധനായ പൊലീസ് ഇൻസ്‌പെക്ടറുടെ വേഷം അദ്ദേഹത്തെ സൂപ്പർ സ്റ്റാറാക്കി മാറ്റി. പ്രാണും അമിതാഭ് ബച്ചനും കേഡി-എസ്‌ഐ വേഷങ്ങളിൽ അഭിനയിച്ചു തകർത്ത ആ പൊലീസ് സ്റ്റേഷൻ സീൻ, മലയാളത്തിൽ നസീറും ജയനും അതേ റോളുകളിൽ അഭിനയിച്ച് നായാട്ട് എന്ന ചിത്രത്തിൽ അതേപടി അനുകരിക്കപ്പെട്ടിട്ടുണ്ട്.
പിന്നീടങ്ങോട്ട് നമക് ഹറാം, ദീവാർ, ഷോലെ, സിൽസില, ലാവാരിസ്, അമർ അക്ബർ ആന്റണി, ഡോൺ, മുഖദ്ദർ കാ സിക്കന്ദർ,ത്രിശൂൽ, ശക്തി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു.
അമിതാഭ് ബച്ചന്റെ ജീവിതത്തിൽ ഒരു സ്പീഡ് ബ്രേക്കർ വരുന്നത് 1982-ലാണ്. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ വെച്ച് കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വില്ലനായി അഭിനയിച്ച പുനീത് ഇസ്സാറു(മഹാഭാരതത്തിലെ ദുര്യോധനൻ, യോദ്ധയിലെ വില്ലൻ)മായുള്ള ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ ഡ്യൂപ്പില്ലാതെ അഭിനയിച്ച അമിതാഭ് ബച്ചന് വയറിന് ഗുരുതരമായ പരിക്കേൽക്കുന്നു. വില്ലന്റെ ചവിട്ടേറ്റ് ആദ്യം ഒരു മേശപ്പുറത്തും പിന്നെ നിലത്തും വീഴുന്ന സീനായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. മേശയുടെ മൂലയ്ക്കൽ വയറിടിച്ച് അദ്ദേഹത്തിന് സാരമായ പരിക്കേറ്റു.
അദ്ദേഹത്തിന്റെ പ്ലീഹാ ഗ്രന്ഥി തകർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടിവന്നു. മരണത്തിന്റെ വക്കുവരെ എത്തിയ ശേഷമാണ് അദ്ദേഹം തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നത്. മാസങ്ങളോളം ആശുപത്രിക്കിടക്കയിൽ ചെലവിടേണ്ടിവന്നു ബച്ചന്. ആ കാലത്തുതന്നെ ഒരു ന്യൂറോ മസ്കുലാർ രോഗവും അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. ചലച്ചിത്രരംഗത്തുനിന്ന് വിട്ടുനിൽക്കേണ്ടി വന്ന കാലത്ത് വിഷാദരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു.
രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അമിതാഭ് 1984 -ൽ ഇന്ദിരാഗാന്ധി മരണപ്പെട്ട സമയം മുതൽ 1987 വരെ രാഷ്ട്രീയത്തിലും അമിതാഭ് ഒരു കൈ നോക്കി. 1984-ൽ അലഹബാദിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. പോൾ ചെയ്തതിന്റെ ഏതാണ്ട് എഴുപതുശതമാനം വോട്ടും അദ്ദേഹം നേടി. എന്നാൽ മൂന്നുവർഷത്തെ രാഷ്ട്രീയ ജീവിതത്തിനുശേഷം, തൊഴുത്തിൽക്കുത്തുകൾ നേരിട്ട് മനംമടുത്ത് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ച് തന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടു.
1988 -ൽ ഷെഹൻഷാ എന്ന ചിത്രത്തിലൂടെ മടങ്ങിവരവുണ്ടായി. ആ ചിത്രം സൂപ്പർ ഹിറ്റായെങ്കിലും തുടർന്ന് ഫ്ലോപ്പുകളുടെ ഒരു പരമ്പരയായിരുന്നു ജാദൂഗർ, തൂഫാൻ, മേം ആസാദ് ഹൂം, ആജ് കാ അർജുൻ തുടങ്ങി 1990 വരെ നിരന്തരം ഫ്ളോപ്പുകൾ മാത്രം. 1991 -ൽ ഇറങ്ങിയ ഹം എന്ന ചിത്രം വിജയിച്ചതോടെ ട്രെൻഡ് മാറി എന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. വീണ്ടും തുടർച്ചയായി ഫ്ളോപ്പുകൾ. പടങ്ങൾ ഒന്നൊന്നായി പൊട്ടിയെങ്കിലും 1990-ൽ അഗ്നീപഥ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡിന്റെ മധുരം അദ്ദേഹത്തെ തേടിയെത്തി. 1992 -ൽ നിരൂപകപ്രശംസ നേടിയ ഖുദാഗവാ എന്ന ചിത്രത്തിനുശേഷം അടുത്ത അഞ്ചുവർഷകാലത്തേക്ക് ബച്ചൻ സിനിമയിലൊന്നും അഭിനയിക്കില്ല. ഒരു വനവാസകാലം.
1996-ൽ തിരിച്ചുവരവിന് ശ്രമിച്ച അമിതാഭ് വന്നത് അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ്(ABCL) എന്ന പ്രൊഡക്ഷൻ കമ്പനിയുമായാണ്. തെരെ മേരെ സപ്നേ എന്ന ആദ്യ നിർമാണം ശരാശരി വിജയം കണ്ടു. എന്നാൽ 1997-ൽ സ്വയം നായകനായി അഭിനയിച്ച് നിർമിച്ച മൃത്യുദണ്ഡ് എട്ടുനിലയിൽ പൊട്ടി. അതേവർഷം ഏറ്റെടുത്ത് നടത്തിയ ബാംഗ്ലൂരിലെ മിസ് വേൾഡ് സൗന്ദര്യമത്സരത്തിലും അദ്ദേഹത്തിന് കൈപൊള്ളി. കമ്പനി സാമ്പത്തിക പ്രതിസന്ധികളിലേക്ക് നീങ്ങി. അമിതാഭ് പാപ്പർസ്യൂട്ടടിച്ചു. തൊണ്ണൂറുകളുടെ അവസാനം ബഡെ മിയാ ഛോട്ടെ മിയാ, മേജർ സാബ്, സൂര്യവംശം പോലുള്ള ചില ഹിറ്റ് ചിത്രങ്ങൾ വന്നെങ്കിലും, ഒപ്പം ലാൽ ബാദ്ഷാ, ഹിന്ദുസ്ഥാൻ കി കസം പോലുള്ള ഫ്ലോപ്പുകളുമുണ്ടായി.
അമിതാഭ് ബച്ചന്റെ അഭിനയ ജീവിതത്തിൽ ശുക്രദശ തെളിയുന്നത് 2000-ന് ശേഷമാണ്. അക്കൊല്ലമാണ് യാഷ് ചോപ്രയുടെ മൊഹബ്ബത്തേൻ എന്ന ചിത്രത്തിലൂടെ അമിതാഭ് തന്റെ വയസ്സൻ പരിവേഷത്തിലൂടെ തിരിച്ചെത്തുന്നത്. വയസ്സായ ഒരു കഥാപാത്രമായിരുന്നിട്ടും ചിത്രത്തിൽ ഷാരൂഖിനെ വെല്ലുന്ന പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയും ഒക്കെയായി അമിതാഭ് കസറി. അടുത്തവർഷം കഭി ഖുശി കഭി ഗം ഹിറ്റായി. 2003-ൽ വൃദ്ധദമ്പതികളുടെ പ്രണയകഥ പറഞ്ഞ ബാഗ്ബാൻ എന്ന ചിത്രത്തിൽ ഹേമാ മാലിനിയോടൊപ്പം അഭിനയിച്ചു. അത് മെഗാഹിറ്റായി. തുടർന്ന് അമിതാഭ് അഭിനയിച്ച എല്ലാ സിനിമകളിലും അദ്ദേഹം തന്റെ ക്‌ളാസ് അഭിനയം കൊണ്ട് നിരൂപകപ്രശംസ ഏറ്റുവാങ്ങി. ബ്ലാക്ക്, അക്സ്, ചീനി കം, സർക്കാർ, നിശ്ശബ്ദ്, ദ ലാസ്റ്റ് ലിയർ, പികു, പിങ്ക് തുടങ്ങിയ സിനിമകളിലെ അഭിനയം ശ്രദ്ധേയമായി. ദ ഗ്രേറ്റ് ഗാസ്‌ബി എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ഒരു കൈ നോക്കി അമിതാഭ്. കാണ്ഡഹാർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.
സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സ്ഥിരസാന്നിധ്യമാണ് അമിതാഭ് ബച്ചൻ. 2000-ൽ അമേരിക്കയിലെ 'ഹൂ വാണ്ട്സ് ടു ബി എ മില്ല്യണയർ' എന്ന പരിപാടിയുടെ ചുവടുപിടിച്ച് 'കോൻ ബനേഗാ ക്രോർ പതി' എന്നപേരിൽ ഒരു ടിവി ഗെയിം ഷോ അദ്ദേഹമാണ് അവതരിപ്പിച്ചു തുടങ്ങുന്നത്. തന്റെ ഘനഗംഭീരമായ ശബ്ദം അദ്ദേഹം ഒരു വോയ്‌സ് ഓവർ ആർട്ടിസ്റ്റ് എന്ന നിലയിലും പല ചിത്രങ്ങളിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലഗാൻ, മാർച്ച് ഓഫ് ദ പെൻഗ്വിൻസ് എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വോയ്‌സ് ഓവർ ഏറെ ശ്രദ്ധേയമാണ്. സത്യജിത് റായ് ശത്‌രഞ്ജ് കെ ഖിലാഡി എടുക്കാൻ തീരുമാനിച്ചപ്പോഴും വോയ്‌സ് ഓവറിന് അമിതാഭിനെയാണ് തേടിയെത്തിയത്. സിൽസില, ബാഗ്‌ബാൻ, ലാവാരിസ് തുടങ്ങി പല ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം പിന്നണിയും പാടിയിട്ടുണ്ട്. നീലാ ആസ്മാൻ, രംഗ് ബർസെ, മേരെ അംഗനേ മേം, മേം യഹാം തൂ വഹാം, എക്‌ലാ ചലോ രെ തുടങ്ങിയ പ്രസിദ്ധ ഗാനങ്ങൾ അദ്ദേഹം ആലപിച്ചവയാണ്.
അഗ്നിപഥ്, ബ്ലാക്ക്, പാ, പികു എന്നീ ചിത്രങ്ങളിലൂടെ നാലുവട്ടം മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള അമിതാഭ് ബച്ചന്റെ അതുല്യമായ അഭിനയപ്രതിഭയ്ക്കുള്ള അംഗീകാരമെന്നോണം ഇക്കൊല്ലത്തെ ദാദാ സാഹേബ് ഫാൽക്കെ അവാർഡും അദ്ദേഹത്തെ തേടിയെത്തുകയാണ്. ലോകസിനിമയ്ക്കു മുന്നിൽ ഇന്ത്യക്ക് അഭിമാനപൂർവം ഉയർത്തിക്കാട്ടാവുന്ന ഒരു മഹാനടനാണ് അമിതാഭ് ബച്ചൻ.