'രണ്ടാം ഭാര്യയുടെ മകനായതിനാലോ ?': സിനിമ കഥയെ വെല്ലുന്ന തെലുങ്ക് സിനിമയിലെ 'മഞ്ചു' കുടുംബ കലാപം !
മകൻ മഞ്ചു മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹൻ ബാബു പരാതി നൽകി. തന്റെ സുരക്ഷ അപകടത്തിലാണെന്നും വീട് ബലമായി കൈവശപ്പെടുത്തിയെന്നും പരാതിയിൽ ആരോപണം.
ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്തെ മുതിര്‍ന്ന താരം മോഹൻ ബാബുവിന്‍റെ കുടുംബത്തില്‍ പൊട്ടിത്തെറി. ഇദ്ദേഹത്തിന്‍റെ ഇളയ മകൻ മഞ്ചു മനോജിനും ഭാര്യ മൗനികയ്ക്കും എതിരെ ഡിസംബർ 9 ന് മോഹന്‍ബാബു പൊലീസില്‍ പരാതി നൽകിയിരിക്കുകയാണ് ഇപ്പോള്‍.
തന്‍റെ സുരക്ഷ അപകടത്തിലാണെന്നും മനോജും ഭാര്യയും തന്‍റെ വീട് ബലമായി കൈവശപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഹൈദരാബാദിലെ ജൽപള്ളിയിലുള്ള തന്‍റെ വസതി പിടിച്ചെടുക്കാൻ മകനും ഭാര്യയും ശ്രമിക്കുന്നുവെന്നും മോഹന്‍ ബാബുആരോപിച്ചു.
അതേ സമയം മനോജും ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി അജ്ഞാതരായ പത്ത് പേർ തന്‍റെ വീട്ടിൽ അതിക്രമിച്ചുകയറിയെന്നും അവര്‍ നടത്തിയ കൈയ്യേറ്റത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും എതിർ പരാതിയിൽ മനോജ് ആരോപിച്ചു.
ഇതിന് പിന്നാലെ എക്സില്‍ ഒരു പോസ്റ്റും മനോജ് ഇട്ടു “എനിക്കും എന്‍റെ ഭാര്യ മൗനികയ്‌ക്കുമെതിരെ എന്‍റെ പിതാവ് ഡോ. എം. മോഹൻ ബാബു ഉന്നയിച്ച ദുരുദ്ദേശപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾക്ക് മറുപടി നല്‍കേണ്ടി വരുന്നു എന്നത് തന്നെ എനിക്ക് വേദനപ്പിക്കുന്ന കാര്യമാണ്. ഈ അവകാശവാദങ്ങൾ അസത്യം മാത്രമല്ല, എന്നെ അപകീർത്തിപ്പെടുത്താനും എന്നെ നിശബ്ദനാക്കാനും ഉദ്ദേശിച്ചുള്ളതാണ്. അനാവശ്യമായ കുടുംബ കലഹങ്ങൾ സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്"
മോഹന്‍ ബാബുവിന്‍റെ സിനിമ കുടുംബം
തെലുങ്ക് സിനിമയിലെ മുതിര്‍ന്ന താരമായിരുന്നു മോഹൻ ബാബു 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, നിര്‍മ്മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. മലയാളത്തില്‍ വന്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കില്‍ മോഹന്‍ബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്.
മോഹന്‍ബാബു മൂന്ന് മക്കളുണ്ട് - മഞ്ചു വിഷ്ണു, മഞ്ചു ലക്ഷ്മി, മഞ്ചു മനോജ്. മഞ്ചു വിഷ്ണുവും മഞ്ചു ലക്ഷ്മിയും അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യയായ വിദ്യാദേവിയുടെ മക്കളാണ്. വിദ്യാദേവിയുടെ ഇളയ സഹോദരി നിർമ്മലാ ദേവിയെയാണ് മോഹന്‍ബാബു വിദ്യയുടെ മരണശേഷം അദ്ദേഹം വിവാഹം കഴിച്ചത് അതില്‍ ജനിച്ച മകനാണ് മഞ്ചു മനോജ്.
നാല്‍പ്പത്തിയൊന്നു വയസുകാരനായ മഞ്ചു മനോജ് 2023 മാർച്ചിൽ ഭൂമ മൗനിക റെഡ്ഡിയെ വിവാഹം കഴിച്ചിരുന്നു. അവർക്ക് ദേവസേന എന്ന ഏഴുമാസം പ്രായമുള്ള മകളുണ്ട്. മനോജിൻ്റെയും മൗനികയുടെയും രണ്ടാം വിവാഹമാണിത്. മനോജും മൗനികയും ഇപ്പോൾ ഹൈദരാബാദിലെ മോഹന്‍ ബാബുവിന്‍റെ വസതിയിലാണ് താമസിക്കുന്നത്.
വിഷ്ണു മഞ്ചു (43) വിരാനിക റെഡ്ഡിയെ വിവാഹം കഴിച്ചു, അവർക്ക് നാല് കുട്ടികളുണ്ട്. വിഷ്ണു മഞ്ചു 2023 മുതല്‍ ദുബായിലാണ് താമസം. ലക്ഷ്മി മഞ്ചു (47) ആൻഡി ശ്രീനിവാസനെ വിവാഹം കഴിച്ചു, അവർക്ക് ഒരു മകളുണ്ട്. ഹൈദരാബാദിൽ നിന്ന് അടുത്തിടെയാണ് ലക്ഷ്മി മുംബൈയിലേക്ക് മാറിയത്. ലക്ഷ്മി മഞ്ചു മോഹന്‍ലാലിനൊപ്പം മലയാള ചിത്രം മോണ്‍സ്റ്ററില്‍ അടക്കം അഭിനയിച്ചിട്ടുണ്ട്. മനോജും വിഷ്ണുവും ലക്ഷ്മിയും തെലുങ്ക് സിനിമയില്‍ സജീവമാണ്. ഇവരുടെ ഹോം ബാനറില്‍ കണ്ണപ്പ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുകയാണ്. മലയാളത്തില്‍ നിന്നും മോഹന്‍ലാലും, ഹിന്ദിയില്‍ നിന്നും അക്ഷയ് കുമാറും, പ്രഭാസും അടക്കം വന്‍ താര നിര ചിത്രത്തില്‍ ക്യാമിയോ റോളുകളില്‍ തന്നെ എത്തുന്നുണ്ട്.
കുടുംബ പ്രശ്നം
മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും അടുത്തിടെ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി പരസ്യമാക്കിയത്. മനോജും വിഷ്ണുവും തമ്മിലുള്ള പ്രശ്‌നം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചെന്നും ഇപ്പോൾ മോഹൻ ബാബുവും മനോജും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ഇത് പുറത്ത് എത്തിയെന്നാണ് തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിഷ്ണു കുടുംബത്തോടൊപ്പം അച്ഛൻ മോഹൻ ബാബുവിന്‍റെ വസതിയിൽ താമസിച്ചു വരികയായിരുന്നു, മനോജ് വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. എന്നിരുന്നാലും, 2023-ൽ വിഷ്ണു കുടുംബത്തോടൊപ്പം ദുബായിലേക്ക് മാറാൻ തീരുമാനിച്ചു. വിഷ്ണു താമസം മാറിയതോടെ അമ്മ നിർമല ദേവി മനോജിന്‍റെ മേൽ സമ്മർദ്ദം ചെലുത്തിയതിനാല്‍ മോഹന്‍ബാബുവിനൊപ്പം താമസിക്കാന്‍ മനോജിനെ സമ്മതിപ്പിച്ചു.
എന്നാൽ വർഷങ്ങളായി മഞ്ചു സഹോദരങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. കുടുംബ ബിസിനസിന്‍റെയും സ്വത്തുക്കളുടെയും വിഭജനവുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങൾ തമ്മിലുള്ള വൈരാഗ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൗനികയുമായുള്ള മനോജിന്‍റെ വിവാഹം മഞ്ചു കുടുംബം അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാൽ 2023ൽ ലക്ഷ്മി മഞ്ചുവിന്‍റെ ഹൈദരാബാദിലെ വീട്ടിൽ വച്ചാണ് മൗനികയെ മനോജ് വിവാഹം കഴിച്ചത്.
2022 ലെ കണക്കനുസരിച്ച് മോഹൻ ബാബുവിന്‍റെ ആസ്തി 589 കോടിയിലധികമാണ്. അദ്ദേഹത്തിന്‍റെ പ്രധാന വരുമാന സ്രോതസ്സ് സിനിമകളാണെങ്കിലും, മോഹൻ ബാബു സർവകലാശാലയും ശ്രീ വിദ്യാനികേതൻ എഡ്യൂക്കേഷണൽ ട്രസ്റ്റും ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇദ്ദേഹത്തിന്. വിഷ്ണുവിനെ മോഹൻ ബാബു യൂണിവേഴ്‌സിറ്റിയുടെ പ്രോ-ചാൻസലറായും പ്രീസ്‌കൂളുകളും സ്‌കൂളുകളും നടത്തുന്ന ന്യൂയോർക്ക് അക്കാദമി സ്‌പ്രിംഗ്‌ബോർഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ ചെയർമാനായും നിയമിച്ചു . എന്നാല്‍ മനോജിന് ബിസിനസ്സിൽ ഒരു സ്ഥാനം നൽകിയിട്ടില്ലെന്നും ഇതാണ് കുടുംബ പോരിലേക്ക് നയിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്.
നിർമ്മാണ കമ്പനിയായ ശ്രീ ലക്ഷ്മി പ്രസന്ന പിക്‌ചേഴ്‌സിന്‍റെ ഉടമയും 24 ഫ്രെയിംസ് ഫാക്ടറി, മഞ്ചു എന്‍റര്‍ടെയ്മെന്‍റ് എന്നിവയുടെ സഹ ഉടമയുമാണ് മോഹൻ ബാബു. വിഷ്ണു മഞ്ചു 24 ഫ്രെയിംസ് ഫാക്ടറിയുടെ ഉടമയും ലക്ഷ്മി മഞ്ചു എന്‍റര്‍ടെയ്മെന്‍റിന്‍റെ ഉടമയുമാണ്. മനോജ് 2019 ൽ എംഎം ആർട്സ് എന്ന പേരിൽ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു, അത് പിതാവിന്‍റെ പിന്തുണയില്ലാതെയാണ് അദ്ദേഹം ആരംഭിച്ചത്. അദ്ദേഹം അഹം ബ്രഹ്മാസ്മി എന്ന ചിത്രം അമ്മ നിർമല ദേവിയുടെ സഹകരണത്തിലാണ് ആരംഭിച്ചത്. എന്നിരുന്നാലും, മനോജിന്‍റെ സ്വപ്ന പദ്ധതിയെന്ന് പറയപ്പെടുന്ന ഈ ചിത്രം ഇപ്പോഴും പൂർത്തിയായിട്ടില്ല, കൂടാതെ പ്രൊഡക്ഷൻ ഹൗസും വിജയിച്ചില്ല.
പലപ്പോഴും മനോജ് കുടുംബത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. എന്തായാലും ഇപ്പോള്‍ അച്ഛനും മകനും തമ്മില്‍ പരാതി കൊടുത്തതോടെ സംഭവങ്ങള്‍ പുറത്തും അറിഞ്ഞിരിക്കുകയാണ്.
കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു; കാരണക്കാരെ കണ്ടെത്തുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം !