ഒരിക്കല്‍ തിരക്കേറിയ നടന്‍, ഇന്ന് സഹപ്രവര്‍ത്തകര്‍ പോലും അന്വേഷിക്കുന്നില്ല: വേദനയായി ടിപി മാധവന്‍റെ ജീവിതം

എട്ടു വര്‍ഷമായി ഗാന്ധിഭവനില്‍ ടിപി മാധവന്‍ ജീവിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

actor tp madhavan painful life after his memory loss old colleagues not visit him vvk
Author
First Published Sep 2, 2023, 5:12 PM IST

പത്തനാപുരം: ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടന്‍ ടിപി മാധവന്‍. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വരെ സ്ഥിരം സാന്നിധ്യമായ നടന്‍. എന്നാല്‍ ഇപ്പോള്‍ തളര്‍ത്തുന്ന രോഗത്തിന്‍റെ നഷ്ടപ്പെട്ട ഓര്‍മ്മകളുടെ തടവറയിലാണ് ഈ സിനിമ താരം. താര സംഘടന അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായ ടിപി മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേയവാസിയാണ്. 

ടിപി മാധവന്‍റെ ഇപ്പോഴത്തെ ജീവിതം വിവരിക്കുകയാണ് ഗാന്ധിഭവന്‍ തന്നെ ഇറക്കിയ ഒരു വീഡിയോയില്‍. ടിപി മാധവന് അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് വീഡിയോയില്‍ പറയുന്നുണ്ട്. ടിപി മാധവന്‍റെ ജീവിതം അമല്‍ രാജ് ഇതിനകം വൈറലായ വീഡിയോയില്‍ പറയുന്നുണ്ട്. 

എട്ടു വര്‍ഷമായി ഗാന്ധിഭവനില്‍ ടിപി മാധവന്‍ ജീവിക്കുന്നു. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു.

ഈ ഓണക്കാലത്ത് ഓണം ആഘോഷിച്ചതുമായി ബന്ധപ്പെട്ട് ടിപി മാധവന്‍ വീഡിയോയില്‍ പറയുന്നത് കേട്ടാല്‍ തന്നെ അദ്ദേഹത്തെ രോഗം എത്രത്തോളം ബാധിച്ചുവെന്ന് വ്യക്തമാകും. ഓണത്തിന് എന്‍റെ അച്ഛന്‍ വന്നുവെന്നും, സന്തോഷത്തോടെ മടങ്ങിയെന്നും. ഓണ സദ്യ കഴിച്ചുവെന്നുമൊക്കെയാണ് മാധവന്‍ പറയുന്നത്. 

ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് വേണ്ടി അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഈ മുറിയില്‍ ടിപി മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും നിരത്തിവച്ചിട്ടുണ്ട്. ഗാന്ധി ഭവനില്‍ എത്തിയ ശേഷം ലഭിച്ച രാമുകാര്യാട്ട് അവാര്‍ഡും, പ്രേം നസീര്‍ അവാര്‍ഡും എല്ലാം ഇതില്‍ പെടുന്നു. 

എന്നാല്‍ പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടിപി മാധവനെ കാണാന്‍ വിരലില്‍ എണ്ണാവുന്ന സിനിമക്കാര്‍ മാത്രമാണ് ഇതുവരെ വന്നത് എന്നാണ് ഗാന്ധി ഭവന്‍ അധികൃതര്‍ പറയുന്നത്. പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാർ ഇടക്കിടെ ടിപി മാധവനെ കാണാന്‍ എത്താറുണ്ട്. സുരേഷ് ഗോപിയും വരാറുണ്ട്. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ ഇങ്ങനെ ചുരുക്കം പേരാണ് എത്തിയിട്ടുള്ളതെന്ന്  ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറയുന്നു. 

മുന്‍പ് സഹപ്രവര്‍ത്തകരെ അദ്ദേഹം പ്രതീക്ഷിക്കുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്ല. ഓണക്കാലത്ത് അദ്ദേഹത്തിന് ഫോണിലൂടെ എങ്കിലും ആശംസകള്‍ അറിയിക്കാന്‍ പലരും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗാന്ധിഭവൻ  അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കല്ല്യാണത്തിന് ഇറങ്ങരുത് ; അനുഭവം പറഞ്ഞ് വിശാല്‍.!

പ്രവര്‍ത്തിക്കുന്നത് ഒരു വിഷനോടെ; മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ടെന്ന് ജയറാം

Follow Us:
Download App:
  • android
  • ios