'കഥാപാത്രം മരിക്കുമെന്ന് കരുതി പടം ചെയ്‍തില്ലേൽ ഞാൻ വിഡ്ഢിയാകും'; 'പോർ തൊഴിലി'നെ കുറിച്ച് സന്തോഷ് കീഴാറ്റൂർ
താൻ മുഴുനീളെ അഭിനയിച്ച സിനിമകളെ കുറിച്ചോ നാടകങ്ങളെ കുറിച്ചോ ആരും സംസാരിക്കുന്നില്ലെന്ന നിരാശയും സന്തോഷ് കീഴാറ്റൂർ പങ്കുവച്ചു.
മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടൻ സന്തോഷ് കീഴാറ്റൂരിന്‍റേത്. നാടക വേദിയില്‍ നിന്നും പ്രഫഷണല്‍ നാടകങ്ങളിലൂടെയും സീരിയലുകളിലൂടെയും സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ച അദ്ദേഹം, ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളില്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. എന്നാല്‍ പല സിനിമകളിലും മരിക്കാനായിരുന്നു കഥാപാത്രങ്ങളുടെ വിധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പലപ്പോഴും ട്രോളുകളിലും സന്തോഷ് ഇടംനേടിയിട്ടുണ്ട്. ഇത്തരത്തിൽ തമിഴിൽ സര്‍പ്രൈസ് ഹിറ്റായി മാറിയ 'പോര്‍ തൊഴിലു'മായി ബന്ധപ്പെട്ട ചർച്ചകളാണ് സിനിമാ ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.
'പോര്‍ തൊഴിലി'ൽ പ്രധാനപ്പെട്ട, ശക്തമായൊരു കഥാപാത്രത്തെ സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥനായ ഈ കഥാപാത്രം സ്ക്രീനിൽ എത്തി കുറച്ച് കഴിയുമ്പോൾ മരണപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ എത്തിയതിന് പിന്നാലെ സന്തോഷിന്റെ കഥാപാത്രം പതിവ് പോലെ ചർച്ചയായി. "എന്ത് വിധിയിത് വല്ലാത്ത ചതിയിത്..പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തംകൊളുത്തി പട എന്ന് പറഞ്ഞ പോലെയായി തമിഴിലും രക്ഷയില്ല കൊന്ന് കളഞ്ഞു", എന്നിങ്ങനെ ആണ് സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ. ഈ പോസ്റ്റിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കമന്റുകളുമായി പിന്നാലെ എത്തി. ഈ അവസരത്തിൽ പോർ തൊഴിലിനെ കുറിച്ചും സോഷ്യൽമീഡിയ ചർച്ചകളെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുക ആണ് സന്തോഷ് കീഴാറ്റൂര്‍.
"തമിഴിൽ ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് പോർ തൊഴിൽ. അതിന്റെ പ്ലോട്ടൊക്കെ കേട്ടപ്പോൾ നല്ല സബ്ജക്ട് ആയിട്ട് തോന്നി. കുറച്ച് സമയമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും പ്രധാന കഥാതന്തുവിൽ തന്നെ പ്രധാന്യമർഹിക്കുന്ന റോളാണത്. ഇതിന് മുൻപ് ഞാൻ കുറച്ച് സിനിമകൾ അഭിനയിച്ചു. അതിൽ മിക്കതിലും പെട്ടെന്ന് മരിച്ച് പോകുന്ന കഥാപാത്രം ആണ്. അതിനെ ചിലർ ട്രോളുകളാക്കി. അതൊന്നും തന്നെ ഞാൻ മൈന്റ് ചെയ്യുന്നില്ല. കാരണം കഴിഞ്ഞ പത്ത് മുപ്പത്തി മൂന്ന് വർഷമായിട്ട് ഞാനൊരു കലാകാരനാണ്. നാടക രംഗത്തും സിനിമയിലും ജീവിക്കുന്ന ആളാണ്. പോർ തൊഴിൽ എന്നൊരു സിനിമ. അതിൽ ഞാൻ മരിക്കുന്നു എന്ന് മാത്രം വിചാരിച്ച്, പടം ചെയ്‍തില്ലെങ്കിൽ ഞാൻ വിഡ്ഢിയായി മാറും. തമിഴിൽ അടുത്തകാലത്ത് ഇറങ്ങിയ അത്രയും മികച്ചൊരു സിനിമയാണത്. പുലിമുരുകനിൽ എനിക്ക് കുറച്ച് ഭാഗമേ ഉള്ളൂ. അതിലും മരിക്കുന്നുണ്ട്, ആ സിനിമയിൽ ഞാൻ അഭിനയിച്ചില്ലെങ്കിൽ ആർക്കും ഒരു നഷ്‍ടവും ഇല്ല. വൈശാഖ് എന്ന് പറയുന്ന സംവിധായകന് അഭിനേതാക്കളെ കിട്ടാൻ ഒരുപാടും ഇല്ല. ലാലേട്ടനെ പോലെ അത്രയും വിലപിടിപ്പുള്ള താരത്തിന്റെ സിനിമയാണത്. ഞാൻ അഭിനയിച്ച് കഴിഞ്ഞാൽ ആ കഥാപാത്രം ഓക്കെ ആകും എന്ന് തോന്നിയത് കൊണ്ടാണ് വൈശാഖ് എന്നെ വിളിക്കുന്നത്. തമിഴിൽ മുൻപ് ഞാൻ അഭിനയിച്ചിട്ട് പോലും ഇല്ല. പക്ഷേ ആ വേഷം ഞാൻ അവതരിപ്പിച്ചാൽ നന്നാവുമെന്ന് സംവിധായകൻ വിഗ്നനേഷ് രാജയ്ക്ക് തോന്നിയത് കൊണ്ടാണ് എന്നെ വിളിച്ചതും അഭിനയിച്ചതും" എന്ന് സന്തോഷ് പറയുന്നു.
താൻ മുഴുനീളെ അഭിനയിച്ച സിനിമകളെ കുറിച്ചോ നാടകങ്ങളെ കുറിച്ചോ ആരും സംസാരിക്കുന്നില്ലെന്ന നിരാശയും സന്തോഷ് കീഴാറ്റൂർ പങ്കുവച്ചു. "ആളുകൾക്ക് ട്രോളുണ്ടാക്കാം കളിയാക്കാം. മനസിനെ വിഷമിപ്പിക്കുന്ന രീതിയിൽ കമന്റിടുന്നവരൊക്കെ ഉണ്ട്. ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശനാടുകളിൽ പോയി നാടകം കളിക്കുന്ന വ്യക്തി ഞാനാണ്. അവയെ പറ്റി ആർക്കും സംസാരിക്കാനും പറയാനുമില്ല. എന്നിലെ നടന്റെ മെറിറ്റ് എന്തുകൊണ്ട് ആരും എഴുതുന്നില്ല. ഞാൻ മുഴുനീളെ കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമകളൊന്നും മെയിൻ സ്ട്രീമിലേക്ക് എത്തിയിട്ടില്ല. നല്ല വിമർശനങ്ങളെ ഉൾക്കൊള്ളുന്ന ആളാണ് ഞാൻ. ട്രോളുകൾക്ക് താഴെ വന്ന് ചിലരിടുന്ന കമന്റ് കാണുമ്പോൾ, ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ഞാൻ കാര്യമാക്കാറില്ല. എന്നാല്‍ ചില സിനിമകളിൽ നമ്മളെ ആ വേഷത്തിൽ തന്നെ തളച്ചിടുമ്പോൾ വിഷമം തോന്നാറുണ്ട്", എന്നും സന്തോഷ് കീഴാറ്റൂർ പറയുന്നു.
വിഗ്നനേഷ് രാജ, പോർ തൊഴിലിലേക്ക് നേരിട്ട് വിളിക്കുക ആയിരുന്നുവെന്നും സന്തോഷ് പറഞ്ഞു. വീഡിയോ കോളിലൂടെ കഥയിലെ ചില രംഗങ്ങൾ അഭിനയിച്ച് കാണിച്ചു കൊടുത്തു. എന്നിൽ തൃപ്‍തനായത് കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് വിളിക്കുന്നത്. അതുവലിയ ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ദിവസത്തെ ഷൂട്ടിംഗ് വേളയിലാണ് ഞാൻ മരിക്കുന്ന രംഗത്തെ കുറിച്ച് പറയുന്നത്. ആ സമയത്ത്, മലയാളത്തിൽ പൊതുവിൽ ഞാൻ ഇത്തരത്തിൽ കളിയാക്കലുകൾ നേരിടുന്നുണ്ട്. സിനിമയില്‍ ഞാൻ അഭിനയിച്ച് മരിച്ചു പോയ കഥാപാത്രങ്ങൾ ചെയ്‍ത ഹിറ്റാകുന്നുണ്ടെന്നും പറയാറുണ്ട്. ഇതും ഹിറ്റാകുമെന്ന് സംവിധായകനോട് പറഞ്ഞു. പുള്ളിക്ക് അന്നേരം അത് മനസിലായില്ല. പടം ഹിറ്റായ ശേഷം നമ്മൾ കണ്ടിരുന്നു. അന്ന് ഇക്കാര്യത്തെ പറ്റി സംസാരിച്ചിരുന്നുവെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
രജനിക്കൊപ്പം കസറി 'മാത്യു'; 'വൃഷഭ' ഷൂട്ടിംഗ് തിരക്കിൽ മോഹൻലാൽ, പുത്തൻ ലുക്ക് വൈറൽ
ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം. അർജുൻ അശോകന്റെ തീപ്പൊരി ബെന്നി എന്നിവയിലാണ് സന്തോഷ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ദിലീപിന്റെ ഒരു സിനിമയും തമിഴിൽ നിന്നും ഒന്ന് രണ്ട് സിനിമകൾ വന്നിട്ടുണ്ടെന്നും അതിന്റെ മീറ്റിങ്ങും കാര്യങ്ങളുമായി പോകുകയാണെന്നും സന്തോഷ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..