ജീവിതം മുഖം നോക്കിയ കണ്ണാടി; 'കുമ്പളങ്ങി നൈറ്റ്സി'ന്‍റെ ആറ് വർഷങ്ങൾ
ആറ് വർഷങ്ങൾ പിന്നിടുമ്പോഴും കുമ്പളങ്ങി നൈറ്റ്സിലെ ഓരോ ഫ്രെയിമും ജീവിതം മുഖം നോക്കുന്ന ഒരു കണ്ണാടി പോലെ ഫ്രഷ് ആയി തന്നെ സിനിമാപ്രേമികളുടെ മനസില്‍ നിലനിൽക്കുന്നുണ്ട്
![6 years of Kumbalangi Nights a movie which broke stereotypes](https://static-gi.asianetnews.com/images/01jkdry3qe2vr7ren3g3bsgg1m/475448521-656475403568337-7590774632287333261-n.jpg?impolicy=All_policy&im=Resize=(1200) )
![Author](https://static.asianetnews.com/images/authors/77de7143-af7e-5c94-b6c5-a7e4df9d6294_50x50xt.jpg)
2019 ലാണ് മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എത്തുന്നത്. ആറ് വർഷങ്ങൾക്കിപ്പുറവും മലയാളിയുടെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല എന്ന് മാത്രമല്ല, പലരുടെയും പ്രിയ ചിത്രങ്ങളിലൊന്നെന്ന സ്ഥാനം നേടാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
കുമ്പളങ്ങിയിലെ നെപ്പോളിയന്റെ നാല് ആൺ മക്കൾ. സജി (സൗബിൻ ഷാഹിർ), ബോണി (ശ്രീനാഥ് ഭാസി), ബോബി (ഷെയൻ നിഗം), ഫ്രാങ്കി (മാത്യു തോമസ്). സോകോൾഡ് 'നല്ല കുടുംബ' ചിന്താഗതികളെ പൊളിച്ചെഴുതിയ, തീട്ടപ്പറമ്പിലേക്ക് പോകുന്ന വഴിയിലെ ഒരൊറ്റപെട്ട വീട്. നെപ്പോളിയന്റെ മരണശേഷം ദൈവവിളി കിട്ടി പോകുന്ന അമ്മ (ലാലി പി എം). അതേ, സ്ത്രീ സാന്നിധ്യമില്ലാത്ത ഒരു വീട് എങ്ങനെയൊക്കെ ആയിത്തീര്‍ന്നേക്കാം എന്നതിന് ഒരു മാതൃക ചമയ്ക്കുകയായിരുന്നു ശ്യാം പുഷ്കരനും മധു സി നാരായണനും ചേര്‍ന്ന്. ടൗണിലെ സ്പോർട്സ് സ്കൂളിൽ പഠിക്കുന്ന ഫ്രാങ്കി കുമ്പളങ്ങിയിലെ തന്റെയാ വീട്ടിലേക്ക് വെക്കേഷന് എത്തുന്നത്തോടെയാണ് കഥ തുടങ്ങുന്നത്. പ്രത്യേകിച്ച് ഒരു പണിക്കും പോവാതെ, മറ്റൊരാളെ ഓസി ജീവിക്കുന്ന സജിയും ഫുൾ ടൈം ചില്‍ ആയി സുഹൃത്തിനൊപ്പം നടക്കുന്ന ബോബിയും ഇവരുമായി ഒത്തുപോവാത്തത് കൊണ്ട് മാത്രം വീട്ടിലേക്ക് വരാതെ സുഹൃത്തുക്കൾക്കൊപ്പം പാട്ടും ഡാൻസുമായി കഴിയുന്ന ബോണിയുമൊക്കെയാണ് ആ വീട്ടിലെ മറ്റു താമസക്കാർ. ബോണിയ്ക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും അയാൾക്ക് വേണ്ടി സംസാരിക്കാൻ സുഹൃത്തുക്കളുണ്ട്. രാത്രി ജീവിതമൊക്കെ ബാറിലാണ്. മിക്ക ദിവസവും വീടിനുള്ളിൽ ബോബിയും സജിയും വഴക്കുണ്ടാക്കും. ആ സമയത്ത് ബോണിയാണ് അതിലിടപെട്ട് രണ്ടു പേരെയും പിന്തിരിപ്പിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന, എന്നാൽ ഒരിക്കൽ പോലും മലയാള സിനിമ പറഞ്ഞു വയ്ക്കാത്ത ഇത്തരമൊരു ജീവിത പശ്ചാത്തലമാണ് ശ്യാം പുഷ്കരൻ എന്ന എഴുത്തുകാരൻ മലയാളികൾക്ക് കുമ്പളങ്ങി നൈറ്റ്സിലൂടെ സമ്മാനിച്ചത്. പച്ചയായ മനുഷ്യന്റെ കഥാപരിസരം പറയുമ്പോൾ ഇത് നമ്മുടെ ജീവിതമല്ലേ അല്ലെങ്കിൽ നമുക്ക് അറിയാവുന്നവരുടെ ജീവിതമല്ലെയെന്നൊക്കെ തോന്നിപോകുംവിധമൊരു സിനിമ.
മുഷ്ടി ചുരുട്ടി നായികയെ പേടിപ്പിക്കുന്ന, കുടുംബത്തെ സംരക്ഷിക്കുന്ന നായക കഥാപാത്രങ്ങളെ മാത്രം കണ്ട മലയാളി പ്രേക്ഷകർക്ക് പൊട്ടി കരയുകയും 'കൈയീന്ന് പോയി' എന്ന് നിസ്സഹായനായി പറയുകയും ചെയ്യുന്ന സജി എന്ന നായകനെ തീരെ പരിചയമില്ലായിരുന്നു - ഈ സിനിമ ഇറങ്ങും വരെ. നീ ആണല്ലേ, ഇങ്ങനെ കരയാമോ എന്നൊക്കെ പണ്ട് മുതൽക്കെ ചോദിച്ച്, കരയുന്ന ആണുങ്ങൾ മോശമെന്ന രീതിയിൽ പറഞ്ഞു വച്ച സമൂഹത്തിൽ സജി റപ്രെസെന്റ് ചെയ്തത് അതുപോലെയുള്ള ഒരുപാടൊരുപാട് സജിമാരെയായിരുന്നു. നിങ്ങൾക്ക് കരയാൻ തോന്നുന്നോ? കരഞ്ഞോ എന്ന് പറഞ്ഞു ചേർത്ത് പിടിക്കുന്ന പിങ്ക് ഷർട്ടിട്ട, നിറയെ വയറുള്ള ഡോക്ടറെ ചുറ്റിപ്പിടിച്ചു കരയുന്ന സജി മെന്റൽ ഹെൽത്തിന് എത്രത്തോളം പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് സിംപിളായി പറഞ്ഞു വയ്ക്കുകയായിരുന്നു. ഒരുപക്ഷേ പലരും അതിന് ശേഷമായിരിക്കും തനിക്ക് ഇങ്ങനെയൊരു മാനസിക ആസ്വാസ്ഥ്യമുണ്ടെന്നും ഡോക്ടറെ കാണണമെന്നും സ്വയം മനസിലാക്കിയിട്ടുണ്ടാവുക.
ഒറ്റ സീനിൽ വന്നു പോകുന്ന നെപ്പോളിയന്റെ ഭാര്യയും ആ കുടുംബത്തിന്റെ അമ്മയും പൊളിച്ചെഴുതപ്പെട്ട അമ്മ വേഷങ്ങളിൽ ഒന്നാമത് നിൽക്കുന്ന അമ്മ വേഷമാണ്. ദൈവവിളി കിട്ടി പോയ അമ്മയെ നമുക്ക് ഇപ്പോൾ ആവശ്യമുണ്ടെന്ന് പറഞ്ഞു അവരെ കാണാൻ പോകുന്ന മക്കളോട് 'ഞാൻ വരുന്നില്ല.. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം' എന്നാണ് അവര്‍ പറയുന്നത്. അത്തരം അമ്മമാരെയും മുൻപ് മലയാള സിനിമ കണ്ടിട്ടില്ല. മക്കൾക്ക് വേണ്ടി ജീവിതം ത്യജിക്കുന്ന, സ്വന്തമായി യാതൊരുവിധ അഭിപ്രായങ്ങളോ നിലപാടുകളോ ഇല്ലാത്ത മക്കൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറാവുന്ന അമ്മമാരെ വർഷങ്ങളായി അവതരിപ്പിച്ചുകൊണ്ടിരുന്ന മലയാള സിനിമയിൽ ഈ അമ്മ വ്യത്യസ്തയായി നിൽക്കുന്നതും അതുകൊണ്ടാണ്. സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, തനിക്ക് തന്‍റേതായ കാരണങ്ങളുണ്ടെന്നും തനിക്കുവേണ്ടി ജീവിക്കണമെന്നും ആ അമ്മയുടെ കാഴ്ചപ്പാട് കുമ്പളങ്ങി നൈറ്റ്സ് പറഞ്ഞുവച്ചപ്പോൾ കണ്ടിരിക്കുന്ന പല മനുഷ്യരിലും ആ വെളിച്ചമെത്തി.
മുടിയും താടിയും വളർത്തി ചില്ലായി നടക്കുന്ന ആണുങ്ങൾ മുഴുവൻ കഞ്ചാവാണെന്ന പൊതു സമൂഹത്തിന്റെ ചിന്തയുടെ തലയ്ക്കടിക്കുന്ന പോലെയാണ് ബോബിയുടെയും സുഹൃത്തിന്റെയും സിനിമയിലെ ഡയലോഗ്. 'ഞങ്ങൾ 100% ചില്ലെന്ന്' പറയുന്ന ഒറ്റ ഡയലോഗ് കൊണ്ട് മാത്രം തിയേറ്ററുകളെ ഇളക്കി മറിക്കുന്ന കരഘോഷമായിരുന്നു ലഭിച്ചത്. ജാതിയ്ക്കും മതത്തിനും വേണ്ടി ആരുംകൊലകൾ നടക്കുന്ന ഇതേ മണ്ണിൽ നിന്നാണ് സിമി മോൾ (ഗ്രേസ് ആന്റണി) 'ബോബി അതിന് ക്രിസ്ത്യാനീയല്ലേ' എന്ന് ചോദിക്കുമ്പോൾ. 'കർത്താവ് നമുക്ക് അറിയാത്ത ആളൊന്നുമാല്ലോലോ' എന്ന ബേബിമോളുടെ (അന്ന ബെൻ) മറുപടി.
പറയപ്പെടുന്ന രീതിയിൽ വസ്ത്രധാരണയുള്ള ഷമ്മി (ഫഹദ് ഫാസിൽ ) എന്ന വില്ലൻ തന്നെയായിരുന്നു കുമ്പളങ്ങി നൈറ്റ്സിലൂടെ പൊളിച്ചെഴുതപ്പെട്ട വില്ലൻ. നല്ല കുടുംബത്തിലെ, റെയ്മണ്ട്സിന്‍റെ പരസ്യ വാചകം പോലെ 'ദി കംപ്ലീറ്റ് മാൻ'. ഷമ്മി ഹീറോയാടാ എന്ന് പറഞ്ഞു മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച വില്ലൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ മനുഷ്യനെ മനുഷ്യനാക്കുന്നുണ്ട്. നമ്മൾ കണ്ടു പരിചയിച്ച പലതും തെറ്റെന്നു പഠിപ്പിക്കുന്നുണ്ട്. എല്ലാത്തിലുമുപരി ആറു വർഷങ്ങൾ പിന്നിടുമ്പോഴും കുമ്പളങ്ങി നൈറ്റ്സിലെ ഷൈജു ഖാലിദിന്റെ ഓരോ ഫ്രെയിമും ജീവിതം മുഖം നോക്കുന്ന ഒരു കണ്ണാടി പോലെ ഫ്രഷ് ആയി തന്നെ നിലനിൽക്കുന്നുമുണ്ട്.
ALSO READ : 'ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ