ഈ ഓസ്‍കറില്‍ ആരൊക്കെ മുത്തമിടും? ഓര്‍ത്തുവെക്കേണ്ട 6 സിനിമകള്‍
സ്‍പീല്‍ബെര്‍ഗിന്‍റെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഇടംപിടിക്കില്ലെങ്കിലും, ഈ പ്രായത്തിലും ക്രാഫ്റ്റ് നഷ്ടമാകാതെ മികച്ച സംവിധായകനുള്ള ഓസ്‍കര്‍ മത്സരത്തിൽ മുന്നിൽ നിൽക്കുന്നു അദ്ദേഹം. ഈ ഓസ്‍കറിന് ഓര്‍ത്തിരിക്കേണ്ട 6 സിനിമകള്‍
കൊവിഡിൽ നിന്നും പൂർണമായും മുക്തമായി ലോകസിനിമയും ഹോളിവുഡും പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തിയ വർഷമായിരുന്നു 2022. അതുകൊണ്ടുതന്നെ 2023 ലെ ഓസ്കര്‍ പുരസ്‌കാരങ്ങളെ അത്യധികം ആകാംക്ഷയോടെയാണ് ലോകം നോക്കി കാണുന്നത്. മൂവി ഹൗസസിന് തുല്യമായി സ്ട്രീമിംഗ് പ്ലാറ്റ്ഫോംസും പ്രേക്ഷകരെ സ്വാധീനിക്കുന്ന കാലത്തും അക്കാദമി അവാർഡുകളെ പ്രൗഢി കുറയാതെ ലോകം ഉറ്റുനോക്കുന്നു. മാർച്ച് പന്ത്രണ്ടിന് ഹോളിവുഡിലെ ഡോൾബി തീയേറ്ററിൽ ലോകസിനിമയുടെ പുത്തൻ കിരീടാവശികളെ പ്രഖ്യാപിക്കും.
ജനുവരി 24-നു പ്രഖ്യാപിച്ച നാമനിർദേശങ്ങൾ ഘടനപരമായും ചരിത്രപരമായും നിരവധി പ്രത്യേകതകൾ ഉള്ളതായിരുന്നു. ഹോളിവുഡിന്റെ സ്റ്റാർ-കിഡ് ഡയറക്ടർ ഡാമിയൻ ചാസ്‌ലയുടെ 'ബാബിലോൺ' മികച്ച ചിത്രത്തിനും സംവിധയകനുമടക്കം പ്രധാനപ്പെട്ട ഒരു വിഭാഗങ്ങളിലും നോമിനേഷൻ നേടിയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. തൊണ്ണൂറ്റിയഞ്ച് വർഷത്തെ ചരിത്രത്തിൽ എൺപത്തിയെട്ട് വർഷങ്ങൾക്ക് ശേഷമാണ് മികച്ച നടനുള്ള നാമനിർദേശങ്ങളിൽ മുഴുവനും ആദ്യമായി നോമിനേഷൻ ലഭിക്കുന്നവർ വരുന്നത്. 'ദി ക്വയറ്റ് ഗേൾ' അയർലണ്ടിന്റെ നോമിനിയായി എത്തിയതോടെ ആ രാജ്യത്തിന്റെ ആദ്യത്തെ ഓസ്കാർ നോമിനേഷനായി അത്. 'ദി ഫാബ്ലെമാൻ'ന്റെ സംഗീത സംവിധായൻ ജോൺ വില്യംസ് തന്റെ തൊണ്ണൂറാം വയസ്സിലെ നാമനിർദേശത്തിലൂടെ ഓസ്‌കറിന് നോമിനേഷൻ ലഭിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി മാറി. ഓസ്കർ ചരിത്രത്തിൽ 53 തവണ ജോൺ വില്യംസ് നോമിനേഷൻ നേടിയിട്ടുണ്ട്. 'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്'-ലെ പ്രകടനത്തിലൂടെ മിഷേൽ യെയോ ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ നടിയായും 'ബ്ലാക്ക് പാന്തർ'-ലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്ക് നോമിനേഷൻ മാർവൽ കോമിക്സിന്റെ ചിത്രത്തിലൂടെ ലഭിക്കുന്ന ആദ്യത്തെ നടിയായി ആൻജെല ബാസെറ്റും മാറി.
ബ്രിട്ടീഷ് അക്കാദമി അവാർഡിന്റെ പ്രഖ്യാപനത്തോടെ ഓസ്കർ പ്രവചനങ്ങൾ വീണ്ടും പുതുദിശയിലേക്ക് നയിക്കപെടുകയാണ്. ഓസ്കറിൽ ഇത്തവണ മത്സരിക്കുന്ന ആറ് ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. ഓസ്കറിൽ ഏറ്റവും സാധ്യത കല്പിക്കപെടുന്നതും എല്ലാ പ്രധാന വിഭാഗങ്ങളിലും മത്സരിക്കുന്നതുമായ സിനിമകളാണ് ഇവ. കൂടാതെ ഇത്തവണത്തെ അക്കാദമി അവാർഡുകൾ ആരെല്ലാം നേടുമെന്ന ഈ ലേഖകന്‍റെ വ്യക്തിപരമായ പ്രവചനങ്ങളും ഉൾച്ചേർത്തിട്ടുണ്ട്.
'ദി ഫാബ്ലെമൻസ്'
ഹോളിവുഡിന്റെ അതികായൻ സ്റ്റീവൻ സ്പീൽബെർഗിന് തന്റെ എഴുപത്തിയാറാം വയസ്സിൽ മികച്ച സംവിധായകനുള്ള ഒൻപതാമത്തെ ഓസ്കർ നാമനിർദേശം സമ്മാനിച്ച സിനിമയാണ് 'ദി ഫാബ്ലെമൻസ്'. സംവിധായകൻ കൂടാതെ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച നടി, മികച്ച സഹനടൻ തുടങ്ങി ഏഴ് നാമനിര്‍ദേശങ്ങളാണ് അക്കാദമി പുരസ്‌കാര വേദിയിൽ ചിത്രം നേടിയെടുത്തത്. സ്പീൽബെർഗിന്റെ ആത്മകഥാംശമുള്ള സംഭവങ്ങളാണ് സിനിമയായി സാക്ഷാത്കരിച്ചിരിക്കുന്നത്. സാമ്മി ഫാബ്ലെമൻ (ഗബ്രിയേൽ ലാബെല്ലെ) എന്ന നായക കഥാപാത്രം സംവിധായകന്റെ തന്നെ ജീവിതത്തിന്റെ സർഗാത്മകമായ പ്രതിനിധീകരണമാണ്.
സംവിധായകന്റെ മറ്റു ചിത്രങ്ങളെപോലെ കണിശമായ ദൃശ്യഭാഷയാണ് ഈ ചിത്രത്തിന്റെയും ആണിക്കല്ല്. കഥാപാത്രങ്ങളെ തന്റെ ആഖ്യാനരീതികളോട് ചേർത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സ്പീൽബെർഗിയെൻ മാജിക്കിന് ഈ ചിത്രവും അപവാദമാകുന്നില്ല. 8mm ഫിലിം ക്യാമറയിൽനിന്നും തുടങ്ങി ഐ-മാക്സ് 70mmവരെ എത്തിനില്‍ക്കുന്ന ലോകസിനിമയുടെയും തന്റെയും വളർച്ചയിലെ യഥാർത്ഥമായ പരിച്ഛേദങ്ങളാണ് ഈ സിനിമ. കാലഘട്ടത്തെ പുന:സൃഷ്ടിക്കുന്നതിലെ വൈഭവം ഈ ചിത്രത്തിലൂടെയും ആവർത്തിക്കപ്പെടുന്നു.
സ്പീൽബർഗ് എന്ന ഘടകം മാറ്റിനിർത്തി കഥയെ വീക്ഷിച്ചാൽ; അതിസാധാരണക്കാരായ ഒരു കുട്ടിയിൽ ക്യാമറ എന്ന സാങ്കേതികത നിർമ്മിക്കുന്ന മാറ്റങ്ങളാണ് ചിത്രം. ക്യാമറ ഒരാളുടെ കാഴ്ചയെയും കാഴ്ചപ്പാടുകളെയും മാറ്റുന്നു. ആരും കാണാത്ത പ്രതലങ്ങൾ ദൃശ്യങ്ങൾക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്ന് അവൻ തിരിച്ചറിയുന്നു. അതിലൂടെ സിനിമയാണ് തന്റെ ജീവിതഭാഷയെന്ന് അവൻ കണ്ടെടുക്കുന്നു. ഹോളിവുഡിന് പുറത്ത് ജൂതനായി ജീവിക്കുന്ന ഒരാൾ അമേരിക്കയുടെ നാഗരികതയിൽ എങ്ങനെ സ്വീകരിക്കപ്പെടും എന്ന രാഷ്ട്രീയം കൂടെ ചർച്ചചെയ്യുന്നുണ്ട് ഈ ചലച്ചിത്രം.
സാമ്മി നിർമിക്കുന്ന ചിത്രങ്ങളിലൂടെയാണ് സിനിമ അതിന്റെ ആഖ്യാനം രൂപപ്പെടുത്തുന്നത് എന്നതുകൊണ്ടുതന്നെ പലപ്പോഴും ഈ ചിത്രങ്ങൾ ആവർത്തനങ്ങളായി പ്രേക്ഷകർക്ക് അനുഭവപ്പെടാം. സിനിമാറ്റോഗ്രാഫുകൾ അത്ഭുതമായിരുന്ന കാലത്തുള്ള കഥാപാത്രങ്ങളും എന്നാൽ വിഡിയോഗ്രഫി അതിസാധാരണമായ കാലത്തുള്ള പ്രേക്ഷകർക്കുമിടയിൽ ചിത്രത്തിലെ 'ദൃശ്യാത്ഭുതങ്ങൾ' സാധാരണമായിപോകുന്നു. ഈ സംഘർഷമാണ് പല സമയങ്ങളിലും സിനിമയുടെ രസച്ചരട് മുറിക്കുന്നതും.
സാമ്മി ഫാബ്ലെമൻ ഹോളിവുഡ് ഇതിഹാസം ജോൺ ഫോർഡിനെ കാണുന്ന രംഗമാണ് ചിത്രത്തിലെ ഏറ്റവും മനോഹരമായ സീൻ. ഫോർഡിനെ കാണുമ്പോൾ സ്പീൽബർഗ് അനുഭവിച്ച അതേ പിരിമുറുക്കവും ആകാംഷയും പുനർനിർമ്മിക്കുന്നതിൽ വിജയിക്കുന്നുണ്ട് സംവിധായകൻ. സാമ്മിയുടെ അമ്മയായും (മിഷേൽ വില്യംസ്) അച്ഛനായും (പോൾ ഡാണോ) വേഷമിട്ട അഭിനേതാക്കളുടെ പ്രകനംകൂടെയാണ് ചിത്രത്തെ ഈ വർഷത്തെ ഏറ്റവും മികച്ച ഇംഗ്ലീഷ് ചിത്രങ്ങളിൽ ഒന്നാക്കി മാറ്റുന്നത്. രണ്ടുപേരും മികച്ച നടിക്കും മികച്ച സഹനടനും നാമനിർദേശവും ചെയ്യപ്പെട്ടിട്ടുണ്ട്.
സ്പീൽബെർഗിന്റെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഇടംപിടിക്കില്ലെങ്കിലും, ഈ പ്രായത്തിലും ക്രാഫ്റ്റ് നഷ്ടമാകാതെ മികച്ച സംവിധായകനുള്ള ഓസ്കർ മത്സരത്തിൽ മുന്നിൽ നിൽക്കുന്നു അദ്ദേഹം.
എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
പ്രശസ്തമായ അമേരിക്കൻ അസംബന്ധ ഹാസ്യ ചലച്ചിത്രം 'സ്വിസ് ആർമി മാൻ'-ന് ശേഷം ഡാനിയൽസ് (Daniel Kwan & Daniel Scheinert) എന്ന് അറിയപ്പെടുന്ന ഇരട്ട സംവിധായകര്‍ ഒരുക്കിയ ചിത്രമാണ് 'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്'. 2023 അക്കാദമി അവാർഡ്‌സിൽ ഏറ്റവും കൂടുതൽ നാമനിർദേശങ്ങളോടെ, പതിനൊന്നു നോമിനേഷനുകള്‍ നേടിയ തിളക്കത്തില്‍ എത്തുന്ന അസംബന്ധ ഹാസ്യ സയൻസ് ഫിക്ഷൻ ചിത്രം. ഈ വർഷം ഏറ്റവും ചർച്ചചെയ്യപ്പെട്ട ഓസ്കാർ ചിത്രം. ഹോളിവുഡിൽ പുതുപാത വെട്ടിയ A24 പ്രൊഡക്ഷൻസിന്റെ ഈ ഓസ്‌ക്കർസിലെ തുറുപ്പുചീട്ടാണ് ഈ സിനിമ. ഈ വർഷം നേടിയ പതിനെട്ട് നാമനിർദേശങ്ങളോടെ (എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് -11) ഒരുവർഷം ഏറ്റവുമധികം ഓസ്കർ നോമിനേഷൻസ് ലഭിക്കുന്ന സ്റ്റുഡിയോയായിമാറി A24. പതിനൊന്നു വർഷത്തെ പ്രൊഡക്ഷൻ ചരിത്രത്തിൽ 49 തവണ ഓസ്കാർ നോമിനേഷൻസ് നേടിയ A24-ന്റെ എക്കാലത്തെയും കളക്ഷൻ നേടിയ ചിത്രമാണ് 'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്'.
ഹോളിവുഡിന്റെ തനതായ മെറ്റാവേഴ്സ് സയൻസ് ഫിക്ഷൻ ഴോണറിനെ പൊളിച്ചടുക്കി വ്യക്തിസത്താവാദത്തിന്റെയും അസംബന്ധ ഹാസ്യവൽക്കരണത്തിന്റെയും പുത്തൻതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രമാണ് 'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്'. ദി ന്യൂയോർക് ടൈംസ് 'ഴോണർ അരാജകത്വത്തിന്റെ ഒരു ചുരുളി' എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഒരുപക്ഷെ 'മാട്രിക്സും' 'ഇൻസെപ്ഷനും' സാധിച്ചെടുത്ത പാരലൽ യൂണിവേഴ്‌സ് ആശയത്തിന്റെ അതിസങ്കീർണവും ചടുലവുമായ ആവിഷ്ക്കാരമായി മാറിനിൽക്കുന്നുണ്ട് ഈ സിനിമ. എന്നാൽ വളരെ പരിമിതമായ ബജറ്റിൽ, ചുരുങ്ങിയ ലൊക്കേഷനുകൾക്കുള്ളിൽ തിരക്കഥയുടെ സത്ത ഒട്ടും ചോർന്നുപോകാതെയുള്ള സാക്ഷാത്കാരമാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. ഏകദേശം 25 മില്യൺ മാത്രമാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതൽ. രണ്ടായിരത്തിപത്തിൽ 160 മില്യൺ ചിലവാക്കി നിർമിച്ച ചിത്രമാണ് 'ഇൻസെപ്ഷൻ'.
എല്ലാ മെറ്റാവേഴ്സ് സിനിമകളും ചുമതലകളുടെ ചുഴിയിൽ ആണിനെ പ്രതിഷ്ഠിക്കുമ്പോൾ, പ്രോട്ടഗോണിസ്റ്റും ആൻറ്റഗോണിസ്റ്റും സ്ത്രീകളായിരിക്കുന്ന അനന്യതകൂടിയാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയം. അത് സന്നിവേശിപ്പിക്കാൻ അഭിനേതാക്കളായി ഏഷ്യൻ-അമേരിക്കൻസും, മാർഷ്യൽ ആർട്സും സംയോജിപ്പിക്കുകവഴി സിനിമ ഹോളിവുഡിലെ സമാനതകളില്ലാത്ത ഉദാഹരണമായി മാറിനിൽക്കുന്നു. പ്രകടമായി അല്ലങ്കിലും കുടിയേറ്റ രാഷ്ട്രീയവും ലിംഗ രാഷ്ട്രീയവും ആൽഫ മെയിൽ കോൺസെപ്റ്റുമെല്ലാം സിനിമയിൽ അന്തർലീനമാണ്.
എവ്ലിൻ (മിഷേൽ യെയോ) എന്ന ചൈനീസ് ഇമിഗ്രന്റിന്റെ ജീവിതത്തിലൂടെ പരിണമിക്കുന്ന തിരക്കഥയിൽ, അവർ തന്റെ സ്വത്വപരമായ സംഘർഷങ്ങളിൽ വിവിധ പാരലൽ യൂണിവേഴ്‌സുകളിലൂടെ തന്റെ തന്നെ സ്വത്വത്തെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എവ്ലിന്റെ ഭർത്താവായി കി ഹൂയ് ഹുവാനും, മകളും പ്രതിനായികയുമായി സ്റ്റെഫാനി സുവും വേഷമിട്ടിരിക്കുന്നു. ദിദ്രേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജാമീ ലീ കാർട്ടിസിന്റെ പ്രകടനമാണ് സിനിമയിലെ ഏറ്റവും ഹൃദയഹാരിയായ ഭാഗം. നാലുപേരും ഓസ്കർ നാമനിർദേശങ്ങളിലും ഇടംപിടിച്ചിട്ടുമുണ്ട്. സ്‌റ്റെഫാനിയുടെയും ജാമി ലീയുടെയും നാമനിർദേശങ്ങൾ LGBTQ കമ്മ്യൂണിറ്റിക്കുള്ള ഓസ്കർ പ്രാതിനിധ്യം കൂടെയാകുന്നു.
ഓസ്‌കാർസിൽ ഏറ്റവും മികച്ച സംവിധനത്തിനുള്ള മത്സരത്തിൽ ഏറ്റവും മുന്നിൽത്തന്നെയുണ്ട് ഡാനിയൽസ്. മികച്ച ചിത്രത്തിനും ഏറ്റവും സാധ്യതകൽപ്പിക്കപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമ. മികച്ച നടിക്കുള്ള നോമിനേഷൻ ലഭിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ ആണ് മിഷേൽ. മിഷേലിന് പുരസ്കാരം ലഭിച്ചാൽ അതും ഒരു ചരിത്രം രചിക്കും. എന്നാൽ സിനിമ ഏറെക്കുറെ ഉറപ്പിച്ച ഒരു പുരസ്കാരം മികച്ച എഡിറ്റിംഗിനുള്ളതാണ്. പോൾ റോജർസിന്റെ കട്ടുകളിലാണ് സിനിമ അതിന്റെ ചടുലതയെ കണ്ടെടുക്കുന്നത്. മികച്ച സഹനടിക്കും മികച്ച തിരക്കഥക്കുമുള്ള മത്സരങ്ങളിലും മുന്നിൽത്തന്നെയുണ്ട് 'എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്.'
ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ അയർലണ്ടിൽ ആഭ്യന്തര യുദ്ധം നടക്കുന്ന കാലം. അപ്പോൾ നിങ്ങൾ അയർലണ്ടിലെ ഒരു ഒറ്റപ്പെട്ട, ഏറിയാൽ ഒരു അൻപതോ നൂറോ പേർ മാത്രമുള്ള ഒരു ദ്വീപിലാണ് എന്ന് കരുതുക. അവിടെ നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തുമുണ്ട്. അവിവാഹിതനായ നിങ്ങളും അവിവാഹിതയായ നിങ്ങളുടെ സഹോദരിയുംമാത്രമുള്ള നിങ്ങളുടെ വിരസമായ ലോകത്ത് ദീർഘകാലമായി അയാൾ മാത്രമാണ് നിങ്ങളുടെ ഏക ആശ്വാസം. അയാളോട് ഒന്നിച്ച് നിങ്ങൾ എന്നും ആ ഗ്രാമത്തിലെ പബ്ബിൽ പോയി മദ്യപിക്കുന്നു. രാവെളുക്കുവോളം നിങ്ങൾ ഇരുവരും സംസാരിക്കുന്നു. അങ്ങനെ ഈ വിധം വർഷങ്ങൾ കടന്നുപോകുന്നു. എന്നാൽ ഒരിക്കൽ പതിവുപോലെ ഒരു മധ്യാഹ്നത്തിൽ മദ്യപിക്കാനായി അയാളെ വിളിക്കുന്ന നിങ്ങൾ ഹതാശനായി മടങ്ങേണ്ടിവരുന്നു. നിങ്ങൾ അയാളോട് എന്തെങ്കിലും അഹിതം പ്രവർത്തിച്ചോ എന്നത് നിങ്ങളെ ആകുലപ്പെടുത്തുന്നു. എന്നാൽ അയാൾക്ക് ഒരു ഉത്തരമേയുള്ളൂ. നിങ്ങളിൽ മേലുള്ള താൽപ്പര്യം അയാൾക്ക് എന്നന്നേക്കുമായി പൊയ്‌പോയിരിക്കുന്നു. ഇനി അയാൾക്ക് നിങ്ങളുടെ സൗഹൃദം ആവശ്യമില്ല. നിങ്ങൾ ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ ഒറ്റക്കാവുന്നു. സൗഹൃദം നിലനിർത്താൻ നിങ്ങളും, അത് ഉപേക്ഷിക്കാൻ ആയാളും നടത്തുന്ന അതിവിചിത്രമായ സംഭവങ്ങളാണ് 'ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ'-ന്റെ കഥാഭൂമിക.
ഇത്രക്കും സരളമാകാമോ ഒരു സിനിമയുടെ ഇതിവൃത്തം എന്ന് അത്ഭുതപെട്ടുപോകാം നമ്മൾ. എന്നാൽ ഒരു നോവൽ വായിക്കുംപോലെ മനോഹരമാണ് ഈ ചിത്രം. മനുഷ്യ ജീവിതങ്ങളുടെ സങ്കീർണതകളെ, പ്രവചനാതീതമായ സംഘർഷങ്ങളെ ഒരു ഗദ്യപാരായണംപോലെ ലളിതമാക്കി തീർക്കുന്നുണ്ട് ഈ ബ്രിട്ടീഷ് ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾക്ക് പ്രശസ്തനായ മാർട്ടിൻ മക്ഡോണഗ് സംവിധാനംചെയ്ത ചിത്രത്തിൽ സൗഹൃദം നഷ്ടമാകുന്ന പാഡറിക്കായി കോളിൻ ഫാരലും, സൗഹൃദം ഉപേക്ഷിച്ച് സംഗീതജ്ഞനാകാൻ ആഗ്രഹിക്കുന്ന കഥാപാത്രമായ കോം ദോഹർത്തിയായി ബ്രെണ്ടൻ ഗ്ലിസനും അഭിനയിച്ചിരിക്കുന്നു. രണ്ടുപേരും മികച്ച നടനും സഹനടനുമുള്ള ഓസ്കർ മത്സരങ്ങളിൽ മാറ്റുരക്കുന്നുണ്ട്.
അതിലളിതമായ കഥയെ അത്രതന്നെ കാച്ചികുറുക്കി ഈടുറ്റ തിരക്കഥയാക്കി മാറ്റി, അതിൽ ദൃശ്യഭാഷയുടെ സ്നിഗ്ധമായ അനുഭവം ജനിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ മക്ഡോണഗ്. കോം ദോഹർത്തിയുടെ തീരുമാനത്തെ മുഴുവനായും വ്യക്തിപരമാക്കി തീർത്ത്, അതിൽ രാഷ്ട്രീയം കലർത്താതെ പൂർണമായും മനുഷ്യ മനശാസ്ത്ര കേന്ദ്രീകൃതമാക്കുന്നതിലെ ചാതുര്യമാണ് ഈ തിരക്കഥയുടെ കാമ്പ്. വളരെ സരസമായി വികസിക്കുന്ന ഈ ബ്ലാക്ക് കോമഡി സിനിമ എന്നാൽ പതിയെ മറ്റുതലങ്ങളിലേക്ക് പറന്നുയരുമ്പോളും സിനിമ അതിന്റെ ആഖ്യാനത്തിലെ ലാളിത്യത്തെ കൈവിടുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെ അയർലണ്ടിലെ ഇംഗ്ലീഷ് സംസാരരീതി സംഭാഷണങ്ങളിൽ മനോഹരമായി പുനർസൃഷ്ടിക്കാനും സിനിമക്കായിട്ടുണ്ട്. ഇക്കഴിഞ്ഞ വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ഈ ചിത്രം നേടിയതും അത്കൊണ്ട്തന്നെയാകാം.
പ്രകടനപ്രധാനമായ ഡ്രാമ ഴോണറിൽ, കഥാപാത്രങ്ങളുടെ അഭിനയമികവിലാണ് ചിത്രം അതിന്റെ സ്വത്വത്തെ സ്വന്തമാക്കുന്നത്. ഓരോ കഥാപാത്രവും വ്യത്യസ്തമായി വേർതിരിക്കപ്പെട്ട്, അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കിയിരിക്കുന്നു. ചിത്രത്തിലെ നാല് അഭിനേതാക്കൾ വ്യത്യസ്ത വിഭാഗങ്ങളിൽ ഓസ്കർ നോമിനേഷൻസ് നേടിയതും ഇതിന്റെ തെളിവാണ്. പാഡറിക്കിന്റെ സഹോദരിയായി വേഷമിട്ട കെറി കൊണ്ടോണും, ഡൊമിനിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ബാരി കിയോഗനും ബ്രിട്ടീഷ് അക്കാദമി അവാർഡിന്റെ തിളക്കത്തിലാണ് ഓസ്‌കർ രാവിലേക്ക് എത്തുന്നത്.
മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പോരാട്ടത്തിൽ ചിത്രമുണ്ടെകിലും, മികച്ച സഹനടനായി ഗ്ലിസനും, മികച്ച തിരക്കഥാകൃത്തായി മക്ഡൊണാകും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വളരെയധികമാണ്. പുരസ്കൃതമായാലും ഇല്ലങ്കിലും സമീപവർഷങ്ങളിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ബ്രിട്ടീഷ് ചിത്രങ്ങളിൽ ഒന്നുതന്നെയായി ചരിത്രത്തിൽ ഇടംനേടിക്കഴിഞ്ഞു 'ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ'.
ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
ഓസ്കർ വേദിയിലേക്ക് ബ്രിട്ടീഷ് അക്കാദമി അവാർഡുകളുടെ തിളക്കത്തോടെ എത്തുന്ന ജർമ്മൻ സിനിമയാണ് 'ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്'. സ്വിസ്-ജർമ്മൻ സംവിധായകൻ എഡ്‌വേഡ് ബെർഗെറുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം. ഒന്നാം ലോക മഹായുദ്ധത്തിൽ വെസ്റ്റേൺ ഫ്രണ്ടിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൊല്ലപ്പെടേണ്ടിവന്ന മുപ്പതുലക്ഷം പട്ടാളക്കാർക്കുള്ള സ്മരണാഞ്ജലികൂടിയാണ് സിനിമ. ജർമ്മൻ ഇൻപീരിയൽ ആർമിയിലെ സൈനികനായ പോൾ ബോമറുടെ (ഫെലിക്സ് കാമെറർ) ജീവിതത്തിലൂടെ യുദ്ധത്തിന്റെ ആത്യന്തികമായ നിരർത്ഥകതയാണ് ചിത്രം പ്രകാശിപ്പിക്കുന്നത്. രാഷ്ട്രത്തലവന്മാർ ദേശീയതയുടെ വിഭ്രാന്തിയിൽ മതിമറക്കുമ്പോൾ യുദ്ധഭൂമിയിൽ മരിച്ചുവീഴുന്ന ആയിരകണക്കിന് സൈനികരുടെ ജീവിതങ്ങൾ അർത്ഥമില്ലാതായി തീരുന്നു. ആ പട്ടടകൾക്കുമുകളിൽ കൈസർ തന്റെ ജർമ്മൻ സിംഹാസനമുറപ്പിക്കുന്നു.
അമേരിക്കൻ യുദ്ധസിനിമകളിൽനിന്നും വ്യത്യസ്തമായി യുദ്ധരംഗങ്ങളുടെ അത്രതന്നെ പ്രാധ്യാന്യത്തോടെ യുദ്ധത്തിന്റെ രാഷ്ട്രീയവും വരച്ചിടുന്നുണ്ട് ഈ ചിത്രം. എറിക് മരിയ ഇതേപേരിൽ പ്രസിദ്ധീകരിച്ച 1929 നോവലിന്‍റെ അഡാപ്റ്റേഷനാണ് സിനിമ. എന്നാൽ നോവലിൽ നിന്നും വ്യത്യസ്തമായി കൈസറുടെ സ്ഥാനാരോഹണാന്തരം ജർമ്മനി നടത്തിയ യുദ്ധവിരാമ ഉടമ്പടികളും അതിനോട് അനുബന്ധമായി നടന്ന സംഭവവികാസങ്ങളും സിനിമയിൽ ഉൾച്ചേർത്തിട്ടുണ്ട്. ഈ ഭാഗങ്ങളാണ് സിനിമയെ അനുപമമാക്കിത്തീർക്കുന്നതും. രാജ്യത്തെ മുച്ചൂടും മുടിച്ച രണ്ട് മഹായുദ്ധങ്ങൾ, ജർമൻ സിനിമക്ക് എക്കാലത്തേക്കും വേണ്ട അക്ഷയഖനിയായി മാറിയിരിക്കുന്നു. ഇനിയും പറഞ്ഞുതീരാത്ത ഉറവവറ്റാത്ത കഥകളാണ് യൂറോപ്പിന്റെ സാഹിത്യത്തിന് ഈ ദുരന്തങ്ങൾ സമ്മാനിച്ചത്.
എവ്വിധമാണ് സ്കൂൾ വിദ്യാർത്ഥികളിൽ സ്റ്റേറ്റ് യുദ്ധവീര്യം കുത്തിനിറക്കുന്നതെന്നും, അത് അവരിൽ എത്രത്തോളം സ്വാധീനം സൃഷ്ടിക്കുന്നുവെന്നും തുറന്നുകാട്ടുന്നുണ്ട് സിനിമ. അത്തരത്തിൽ സ്വാധീനിക്കപ്പെട്ട് യുദ്ധമുഖത്തേക്ക് എത്തുന്ന വിദ്യാർത്ഥികളാണ് പോളും സുഹൃത്തുക്കളും. യുദ്ധഭൂമിയെക്കുറിച്ച് അധികാരികൾ ഉണ്ടാക്കിയ കാല്പനികമായ മുദ്രണങ്ങൾക്കപ്പുറം അതിന്റെ ഭീമാകാരമായ യാഥാർഥ്യം അവരെ ഭയപ്പെടുത്തുന്നു. അവരുടെ നീറുന്ന ജീവിതമാണ് സിനിമ. രണ്ട് നിറമുള്ള യൂണിഫോമുകൾ മാറ്റിനിർത്തിയാൽ ഫ്രഞ്ച് സേനയും ജർമ്മൻ സേനയും മനുഷ്യരുടെ നിസ്സഹായരായ സംഘങ്ങളാണ് എന്ന് പോൾ പലപ്പോഴും തിരിച്ചറിയുന്നുണ്ട്. ദേശീയതയല്ല വിശക്കുന്നവന് ഭക്ഷണവും മുറിവേറ്റവന് മരുന്നുമാണ് ലോകത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ചിത്രം പരോക്ഷമായി പ്രദിപാദിക്കുന്നു.
ഒരു യുദ്ധസിനിമയിൽ വിരളമായ ദൃശ്യരൂപകങ്ങളാണ് (Visual metaphors) സിനിമയുടെ യുണീക് സെല്ലിങ് പോയിന്റ്. ചടുലമായ ഷോട്ടുകൾക്കും ശബ്ദപ്രധാനമായ മുഹൂർത്തങ്ങൾക്കുമുപരിയായി ഈ രൂപകപ്രധാനമായ ചിത്രഭാഷ ഓരോ പ്രേക്ഷരിലേക്കും നുഴഞ്ഞുകയറുന്നതാണ്. ഒരു കൂട്ടം ഷോട്ടുകൾക്ക് ചെയ്യാൻ സാധിക്കാത്ത സ്വാധീനം അത്തരത്തിലുള്ള ഓരോ ഷോട്ടും നിർമ്മിക്കുന്നുണ്ട്. അതിനു ചിത്രത്തെ ഏറ്റവും സഹായിക്കുന്നതാകട്ടെ സിനിമയുടെ ഛായാഗ്രഹണവും. യുദ്ധസിനിമകളിൽ സാധാരണയായി കണ്ടുവരുന്ന ഡാർക്ക് ടോണിൽ തന്നെയാണ് ഈ സിനിമയും അഭയംപ്രാപിക്കുന്നതെങ്കിലും, അന്യാദൃശമായ സൗന്ദര്യത്തിലാണ് ഓരോ ഷോട്ടും രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. കോമ്പോസിഷനിലും ബ്ലോക്കിങ്ങിലും അസാമാന്യമായ കയ്യടക്കം അനുഭവപ്പെടുന്നു. എന്നാൽ തിരക്കഥയോട് പൂർണമായ നീതിപുലർത്തിലാണ് ഈ സൗന്ദര്യശാസ്ത്ര നിർമ്മിതി എന്നതാണ് ഈ ചിത്രത്തെ സാം മെൻഡിസിന്റെ 1917-ന്റെ തുടർച്ചയായി ഈ ഓസ്‌കറിന്റെ പൊൻതൂവൽ സിനിമകളിലൊന്നാക്കി മാറ്റുന്നത്.
ഓസ്കറിന് നാമനിർദേശംചെയ്യപ്പെട്ട ഒന്‍പത് വിഭാഗങ്ങളിലും ശക്തമായ മത്സരമാണ് 'ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്' കാഴ്ചവെക്കുന്നത്. മികച്ച സിനിമക്കുള്ള മത്സരത്തിൽ ബാഫ്റ്റ അവാർഡുപോലെ മുന്നിലുണ്ടെകിലും ഓസ്കർ നേടാനുള്ള സാധ്യത വിരളമാണ് എന്നാണു വിലയിരുത്തൽ. എന്നാൽ മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വിദേശഭാഷാ സിനിമ എന്നീ വിഭാഗങ്ങളിൽ ചിത്രം ഏറെക്കുറെ അവാർഡ് ഉറപ്പിച്ചുകഴിഞ്ഞു എന്നും ചില ഓസ്കർ പ്രെഡിക്ഷൻ സൈറ്റുകൾ അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ മികച്ച പശ്ചാത്തല സംഗീതം, മികച്ച ശബ്ദസംവിധാനം തുടങ്ങിയ വിഭാഗങ്ങളിലും സിനിമ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്
തുടർച്ചയായി തന്റെ രണ്ട് ചിത്രങ്ങൾക്ക് വിഖ്യാതമായ കാൻ ചലച്ചിത്രമേളയിൽ മികച്ച സിനിമക്കുള്ള Palm D'or നേടിയാണ് റൂബൻ ഓസ്റ്റുലൻഡ് എന്ന സ്വീഡിഷ് സംവിധായകൻ ഓസ്കാർ വേദിയിലെത്തുന്നത്. 2022-ലെ Palm D'or നേടിയ 'ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്', പക്ഷെ അക്കാദമി അവാർഡിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളിൽ ഏറെ പിന്നിലാണ്. 'ദി ഗാർഡിയ'നടക്കം പല അന്തർദേശീയ മാധ്യമങ്ങളും സിനിമയെ ഓവർ-റേറ്റഡ് എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ 2019-ൽ Palm D'or നേടിയ 'പാരസൈറ്റ്' ഓസ്കർ പുരസ്‌കാര വേദിയിലെ താരമായി മാറിയതാണ് റൂബന്റെ പ്രതീക്ഷ. മികച്ച സിനിമ കൂടാതെ മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിൽകൂടെ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട് സിനിമ. എല്ലാ സിനിമകളെയും പിന്തള്ളി ഈ ചിത്രം മികച്ച സിനിമക്കുള്ള ഓസ്കർ നേടുമെന്ന് ചില പ്രവചനങ്ങളുമുണ്ട്. അങ്ങനെയെങ്കിൽ മികച്ച സിനിമക്കുള്ള അക്കാദമി അവാർഡും, Palm D'or-ഉം നേടുന്ന ചരിത്രത്തിലെ നാലാമത്തെ സിനിമയായിമാറും 'ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്'.
തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കാർസിൽ ഏറ്റവും രാഷ്ട്രീയ പ്രധാനമായ ചിത്രമാണ് 'ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്'. അത് അതിതീക്ഷ്ണമായി ആവിഷ്കരിക്കാതെ, സൂക്ഷ്മമായ രീതിയിലാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പവർ പൊളിറ്റിക്സ്, ക്ലാസ് പൊളിറ്റിക്സ്, സമത്വം, റേസിസം, റഷ്യൻ കമ്മ്യൂണിസം തുടങ്ങിയ എലെമെന്റുകളുടെ ഇംഗ്ലീഷ് സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ക്രിയാത്മകമായ സാധ്യതകൾ പ്രതീകാത്മകമായി ചിത്രം അടിവരയിടുന്നു. കഥാപാത്രങ്ങളുടെ സ്വഭാവ നിർമ്മിതിയും അതിൽ വരുന്ന പരിണാമവുമാണ് ഇതിനായി തിരക്കഥ ഉപയോഗപെടുത്തിയിരിക്കുന്നത്.
ഓരോ മനുഷ്യന്റെയും സ്റ്റാറ്റസ് കോ എന്നത് ഈ സൊസൈറ്റിയുടെ സംഭാവനയാണെന്നും, ആത്യന്തികമായി ഓരോരുത്തരും നായാടി നടന്നിരുന്ന ഒരു കാട്ടുജീവി മാത്രമാണെന്നും പരോക്ഷമായി ചിത്രം പറയുന്നു. ഈ സാമൂഹികമായ വരേണ്യത ഇല്ലാതാകുമ്പോൾ, അവിടെ ഏറ്റവും അനുയോജ്യരായവർ അതിജീവിക്കപ്പെടുന്നു. ഏറ്റവും അനുയോജ്യരായവർ ഏറ്റവും ശക്തരാകുന്നു. ഹൈറാർക്കി അവിടെ കീഴ്മേൽ മറിയാം. വർഗ്ഗ വ്യത്യാസങ്ങൾ അപനിർമ്മിക്കപ്പെടാം. പുരുഷ കേന്ദ്രീകൃതമായ സമൂഹം പ്രാചീനമായ മാതൃദായക്രമത്തിലേക്ക് (Matriarchy) മാറാം. അവൾ അവസരങ്ങളുടെയും ഭക്ഷണത്തിന്റെയും, എന്തിനു ലൈംഗികതയുടെതന്നെ നിർണ്ണയാവകാശിയാകാം.
കാൾ (ഹാരിസ് ഡിക്കിൻസൺ), യായ (ഷാൽബി ഡീൻ) എന്നീ കമിതാക്കളുടെ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളാണ് സിനിമയുടെ ഉള്ളടക്കം.ഈ മൂന്നു ഘട്ടങ്ങളും മനുഷ്യന്റെ നരവംശശാസ്ത്രപരമായ മൂന്നു അവസ്ഥകളെ പ്രധിനിധീകരിക്കുന്നുണ്ട്. അവർ ഒരു ക്രൂയിസ് യാത്ര പോകുന്നതും അത് കടൽക്കൊള്ളക്കാർ ആക്രമിക്കുന്നതും അവരും കപ്പലിലെ ചില യാത്രക്കാരും ജോലിക്കാരും ഒരു ദ്വീപിൽ അകപെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവർ എത്തിപ്പെടുന്ന ദ്വീപും അവരുടെ ജീവിതവും മനുഷ്യന്റെ ഗോത്രജീവിതവ്യവസ്ഥയുടെ പ്രതിരൂപമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കപ്പലിലെ തൂപ്പുജോലിക്കാരിയായ അബിഗെയ്ൽ (ഡോളി ഡി ലിയോൺ) ദ്വീപിലെ സർവ്വാധികാരിയായി മാറുന്ന പരിണാമമാണ് സിനിമയെ അനന്യസാധാണമാക്കുന്നത്. മികച്ച സഹനടിക്കുള്ള നാമനിർദേശം ഡോളി ഡി ലിയോൺ നേടിയില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്. കപ്പലിലെ ക്യാപ്റ്റനായി എത്തി വിഖ്യാത ഹോളിവുഡ് നടൻ വൂഡി ഹറൽസെൻ നടത്തുന്ന ഹ്രസ്വനേരത്തെ പ്രകടനമാണ് സിനിമയിലെ മറ്റൊരു മനോഹര ഭാഗം.
എൽവിസ്
പ്രശസ്ത അമേരിക്കൻ റോക്ക് ആൻഡ് റോൾ സംഗീതജ്ഞൻ എൽവിസ് പ്രെസ്ലിയുടെ ജീവിതത്തെ അധികരിച്ച് ബസ് ലുഹ്ർമാൻ സംവിധാനം ചെയ്ത സിനിമയാണ് 'എൽവിസ്'. ചിത്രത്തിൽ എൽവിസ് പ്രെസ്ലിയായി പകർണ്ണാടിയിരിക്കുന്നത് ഓസ്റ്റിൻ ബറ്റ്‌ലറാണ്. എൽവിസിന്റെ മാനേജരായി പ്രവർത്തിരിച്ചിരുന്ന കേണൽ ടോം പാർക്കറായി ടോം ഹാങ്ക്സ് വേഷമിട്ടിരിക്കുന്നു. ആ കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇവരുടെ മത്സരിച്ചുള്ള പ്രകടനമാണ് ചിത്രത്തിന്റെ ചലനാത്മകത.
ആഫ്രിക്കൻ-അമേരിക്കൻ സംഗീതത്തയും അതിന്റെ ശരീരാവാഹനങ്ങളെയും മുഖ്യധാരയിലെത്തിച്ച് ലോകത്തിലെതന്നെ എണ്ണംപറഞ്ഞ സംഗീതജ്ഞനായി മാറിയ എൽവിസിന്റെ ജീവിതത്തിലെ ഉള്ളറകളിലെ സംഘർഷങ്ങളും രാഷ്ട്രീയവുമാണ് ചിത്രത്തിന്റെ കഥാതന്തു. സംഗീതത്തിലൂടെ ഉന്മാദത്തിൻറെ പുത്തൻ മേച്ചിൽപ്പുറങ്ങൾ നേടാൻ എൽവിസ് ആഗ്രഹിക്കുമ്പോഴും, അയാളെ എല്ലാവർക്കും അനുയോജ്യനായ ഫീൽ-ഗുഡ് പരിവേഷത്തിൽ നിലനിർത്താൻ കേണൽ പാർക്കർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. തന്റെ ബിസിനസ് ചട്ടക്കൂട്ടിലേക്ക് എൽവിസിന്റെ സർഗാത്മകതയെ പരിമിതപ്പെടുത്തി സാമ്പത്തിക വിജയങ്ങൾക്കായിമാത്രം അദ്ദേഹത്തെ ഉപയോഗിക്കുന്നു പാർക്കർ. ഒരു കലാകാരന്റെ ജീവിതത്തിൽ ഒരു കച്ചവടക്കാരന്റെ സാന്നിധ്യം എവ്വിധം അപകടകരമായി തീരാം എന്നതിന്റെ ഉദാഹരണമായി തീരുന്നു എൽവിസിന്റെ കഥ.
ഴോണറുകളിൽ മ്യൂസിക്കലിനോടും കോസ്റ്റ്യൂം ഡ്രാമയോടും ചേർന്നുനിൽക്കുന്നുവെങ്കിലും അതിലേക്ക് വഴുതിപ്പോകാതെ ചിത്രത്തെ സവിശേഷമാക്കി തീർക്കുന്നത് ഓസ്റ്റിൻ ബറ്റ്ലറുടെ പ്രകടനമികവാണ്. കഥാപാത്ര പുനർനിർമ്മിതിയിൽ പൂർണമായും എൽവിസായി പരകായപ്രവേശം നടത്തുകയാണ് ബറ്റ്ലെർ. മികച്ച നടനുള്ള ബ്രിട്ടിഷ് അക്കാദമി അവാർഡിനുപിറകേ തന്റെ മുത്തിയൊന്നാം വയസ്സിൽ ഓസ്കാർ അവാർഡിലും ബറ്റ്ലെർ മുത്തമിടുമെന്ന് പ്രവചിക്കുന്നവരാണ് അധികവും. എന്നാൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഹനടനുള്ള നാമനിർദേശ പട്ടികയിൽ ടോം ഹാങ്ക്സ് വന്നില്ല എന്നതും ശ്രദ്ധേയം.
ശബ്ദസംവിധാനം, ഛായാഗ്രഹണം, വസ്ത്രാലങ്കാരം, ചമയം, കലാസംവിധാനം എന്നീ വിഭാഗങ്ങളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് എൽവിസ്. 1960-കളും എഴുപതുകളും പുനർസൃഷ്ടിക്കുന്നതിൽ ഈ ഘടകങ്ങൾ ചിത്രത്തെ എങ്ങനെ സഹായിച്ചു എന്നുതന്നെയാണ് ഈ നാമനിർദേശങ്ങൾ സൂചിപ്പിക്കുന്നത്.
പ്രവചനങ്ങൾ
സിനിമകൾ കണ്ടതിന്റെ അടിസ്ഥാനത്തിലും ലോകമെമ്പാടും ഓസ്കാർ നോമിനേഷനുകളിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഓസ്കാർ നേടാൻ സാധ്യതയുണ്ടെന്ന് വ്യക്തിപരമായി തോന്നുന്ന ചിത്രങ്ങളും സാങ്കേതിക പ്രവർത്തകരുടെയും പട്ടികയാണ് ചുവടെ കൊടുക്കുന്നത്.
മികച്ച സിനിമ: എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച സംവിധാനം: ഡാനിയൽസ് (Daniel Kwan & Daniel Scheinert)-എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച നടൻ: ഓസ്റ്റിൻ ബറ്റ്ലെർ - എൽവിസ്
മികച്ച നടി: കെയ്റ്റ് ബ്ലാൻഷെറ്റ് - ടാർ
മികച്ച സഹനടൻ: ബ്രെണ്ടൻ ഗ്ലിസൻ - 'ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ'
മികച്ച സഹനടി: കെറി കൊണ്ടോൻ - 'ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ'
മികച്ച തിരക്കഥ: മാർട്ടിൻ മാക്ഡോണഗ് - 'ദി ബാൻഷീസ് ഓഫ് ഇനിഷിറീൻ'
മികച്ച അവലംബിത തിരക്കഥ: ഓൾ കൊയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
മികച്ച വിദേശഭാഷ ചിത്രം: ഓൾ കൊയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (ജർമ്മനി)
മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് - ഓൾ കൊയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
മികച്ച പശ്ചാത്തല സംഗീതം: വോൾക്കർ ബെർട്ടൽമാൻ - ഓൾ കൊയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
മികച്ച എഡിറ്റിംഗ്: പോൾ റോജേഴ്‌സ് - എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്
മികച്ച ശബ്ദസംവിധാനം: ഓൾ കൊയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്
മികച്ച വസ്ത്രാലങ്കാരം: എൽവിസ്
മികച്ച ചമയം: എൽവിസ്
മികച്ച കലാസംവിധാനം: ബാബിലോൺ
മികച്ച വിഷ്വൽ ഇഫെക്ട്സ് : അവതാർ-ദി വേ ഓഫ് വാട്ടർ
(യുകെയിലെ ബ്രിസ്റ്റല്‍ സര്‍വ്വകലാശാലയില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ഥിയാണ് ലേഖകന്‍)