തോല്‍വിയില്‍ നിന്ന് തോല്‍വിയിലേക്ക്; കോണ്‍ഗ്രസില്‍ കൂട്ടരാജി
പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആദ്യം രാജിപ്രഖ്യാപനം രാഹുല്‍ ഗാന്ധി നടത്തിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അത് അംഗീകരിച്ചില്ല.
ദില്ലി: 40 സീറ്റില്‍ നിന്ന് വെറും 12 സീറ്റ് മാത്രം കൂടെ കൂട്ടാന്‍ കഴിഞ്ഞ 17 -ാമത്തെ ലോക സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ രാജികളുടെ പുഷ്ക്കലകാലം. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആദ്യം രാജിപ്രഖ്യാപനം രാഹുല്‍ ഗാന്ധി നടത്തിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അത് അംഗീകരിച്ചില്ല.
എന്നാല്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാര്‍ പരാജയത്തെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചു. ഉത്തര്‍പ്രദേശിലെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചു.അമേഠിയിലെ രാഹുലിന്‍റെ പരാജയമാണ് രാജ് ബബ്ബാറിനെ ഏറെ തളര്‍ത്തിയത്. ബബ്ബാറിന് പുറകേ അമേഠി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജിക്കത്തയച്ചു. പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ഉറക്കമൊഴിച്ച് ഉത്തര്‍പ്രദേശില്‍ മുഴുവന്‍ സമയ പ്രചാരണത്തിനിറക്കിയിട്ടും 80 സീറ്റില്‍ സോണിയയുടെ റായ്ബറേലിയില്‍ മാത്രമാണ് ജയിക്കാനായത്.
ഉത്തര്‍പ്രദേശിന് പുറകേ കര്‍ണാടക പ്രചാരണ തലവന്‍ എച്ച് കെ പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ തൂത്ത് മാറ്റപ്പെട്ടു. ഏതായാലും ശനിയാഴ്ച രാത്രി ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എല്ലാ രാജിക്കാര്യങ്ങളും കോണ്‍ഗ്രസിന്‍റെ ഭാവിയും ചര്‍ച്ച ചെയ്യും.