കുറഞ്ഞ ചെലവില്‍ വെന്റിലേറ്റർ സൗകര്യം ; ഐഡിയയുമായി സ്റ്റാർട്ടപ്പ് കൺസോർഷ്യം
വെന്റിലേറ്റർ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഗവൺമെന്റ് ആശുപത്രികളിൽ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്
കൊവിഡ് കാലത്ത് ചെലവ് കുറഞ്ഞ വെന്റിലേറ്റർ സൊല്യൂഷനുമായി ‘ഇൻഡ്വെന്റർ’ സ്റ്റാർട്ടപ്പ് കൺസോർഷ്യം. സംരംഭകനും നടനുമായ പ്രകാശ് ബാരെയാണ് ഈ സ്ഥാപനത്തിന്റെ പ്രോജക്ട് ഡയറക്ടർ. ഇതില്‍ ഒരു വെന്റിലേറ്റർ സൊലൂഷ്യൻ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഗവൺമെന്റ് ആശുപത്രികളിൽ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ലഭ്യമായ വെന്റിലേറ്ററുകൾ ഉപയോഗിച്ച് കൂടുതൽ പേർക്ക് ചികിത്സാ സൗകര്യം നൽകാമെന്നാണ് ‘ഐ സേവ്’ എന്ന് പേരുള്ള വെന്‍റിലേറ്റര്‍ സൊല്യൂഷന്‍റെ ഗുണം. വൈകാതെ ഇവ ഇന്ത്യയിലും ലഭ്യമാകും.
പ്രകാശ് ബാരെ നേതൃത്വം നൽകുന്ന സ്മാർട് സിറ്റിയിലെ സിനർജിയ മീഡിയ ലാബ്‌സ്, ചെന്നൈ ആസ്ഥാനമായ അയോണിക് 3ഡിപി, സിംഗപ്പൂരിൽ നിന്നുള്ള അരുവൈ എന്നിവയാണ് കൺസോർഷ്യത്തിൽ അംഗങ്ങളായ സ്ഥാപനങ്ങൾ. ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട്, സിൽജി ഏബ്രഹാം, രാമമൂർത്തി പച്ചയ്യപ്പൻ എന്നിവരും കൺസോർഷ്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. യുഎസിലെ മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പ്രോജക്ട് പ്രാണ ഫൗണ്ടേഷന്റെ സാങ്കേതിക വിദ്യയും ഇതിന് പിന്നിലുണ്ട്.