ഒറ്റ ഹ്രസ്വചിത്രത്തിലൂടെ നൂറിലധികം പുരസ്കാരങ്ങൾ; നേട്ടങ്ങളുമായി സഹീർ അബ്ബാസ്
വിശ്വവിഘ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ വരച്ചു കാട്ടിയ "ഡെത്ത് ഒഫേഴ്‌സ് ലൈഫ്" എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് നൃത്തസംവിധായകനായ സഹീർ അബ്ബാസ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നൂറിലധികം പുരസ്കാരങ്ങൾ ഒറ്റ ഹ്രസ്വചിത്രത്തിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം സ്വദേശി സഹീർ അബ്ബാസ്. വിശ്വവിഘ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ വരച്ചു കാട്ടിയ "ഡെത്ത് ഒഫേഴ്‌സ് ലൈഫ്" എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് നൃത്തസംവിധായകനായ സഹീർ അബ്ബാസ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2019 ഡിസംബറിൽ കൊച്ചിയിൽ നടന്ന ആദ്യ പ്രദർശനങ്ങളിൽ തന്നെ നിരൂപക പ്രശംസ നേടിയ ചിത്രം രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. വിദേശ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിൽ നിന്നും ബെസ്ററ് ഫോറിൻ ഫിലിം ഉൾപ്പടെ നിരവധി അവാർഡുകളാണ് ഹ്രസ്വചിത്രം സ്വന്തമാക്കിയത്. ഇറ്റലി, ഫ്രാൻസ്, ജർമ്മനി, യു കെ, ഇസ്രായേൽ, ജപ്പാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് അന്താരാഷ്ട്ര അവാർഡുകൾ നേടിയത്.
ഒരു ചെറിയ മുറി സെറ്റ് ഇട്ടും മെഴുകുതിരികളുടെ വെളിച്ചവും മാത്രം ഉപയോഗിച്ച് പരീക്ഷണ സ്വഭാവത്തിലാണ് സഹീർ അബ്ബാസ് തന്റെ സൃഷ്ടിയിലൂടെ വിൻസെന്റ് വാൻഗോഗിന്റെ ജീവിതം സൃഷ്ടിച്ചത്. വികാരങ്ങളുടെ ഘോഷയാത്രയാണ് ഓരോ വാൻഗോഗ് ചിത്രങ്ങളും. ഉത്കണ്ഠയുടെയും ഫാന്റസിയുടെയും മാനസിക വിഭ്രാന്തികളുടെയും അതിർവരമ്പുകളിലൂടെ സഞ്ചരിച്ച്, വരച്ചു കൂട്ടിയതെല്ലാം അതിശയചിത്രങ്ങളായിരുന്നു. ആ ജീവതത്തിന്റെ അവസാന നാളുകളാണ് സഹീർ അബ്ബാസ് ഒരുക്കിയത്. മരണത്തിന് തൊട്ടുമുൻപ് വാൻഗോഗ് മരണവുമായി നടത്തുന്ന സംഭാഷണങ്ങളായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
റാഷീംഖാനും അനിരൂപ് തേക്കിൻകാടനുമാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്യാമറ നിർവഹിച്ചത് സംസ്ഥാന അവാർഡ് ജേതാവായ നൗഷാദ് ഷെരിഫ് ആണ്. എഡിറ്റിംഗ് നിഖിൽ വർഗീസ്. സംഗീതം അരുൺ ഗോപൻ, സിനിമ സലൂൺ ഡി.ഐ.ശ്രീകുമാർ, വി എഫ് എക്സ് രൺധീഷ് കൃഷ്ണ, കലാ സംവിധാനം അഭിലാഷ് നിലമ്പൂരും നിർവഹിച്ചു. മധു.എൻ.ആർ ന്റെ തിരക്കഥയിൽ റാണി രഞ്ജൻ നിർമ്മിച്ച ചിത്രം ഇന്ന് നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന വിഷാദ രോഗത്തിന്റെ നേർകാഴ്ചയാണ് പറഞ്ഞു തരുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലങ്ങളിൽ തിളങ്ങിയ സഹീർ അബ്ബാസ് പുതിയതായി സംവിധാനം ചെയ്യാൻ പോവുന്ന മലയാള ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ്. ടിനി ടോമും രമേശ് പിഷാരടിയും പ്രധാന വേഷത്തിലെത്തുന്ന ഉജ്വലം എന്ന ചിത്രമാണ് സഹീർ അബ്ബാസ് ഒരുക്കുവാൻ പോവുന്നത്.