നിറങ്ങൾ മടങ്ങിവരുന്ന പെൺജീവിതവുമായി 'വിമൻസ് ഡേ'
ടോം ജെ മങ്ങാട്ട് തിരക്കഥ എഴുതി, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീന കുറുപ്പ് ആണ് മുഖ്യ വേഷത്തിലെത്തുന്നത്.
വേഷത്തിൽ പോലും തിരഞ്ഞെടുപ്പുകൾ അസാധ്യമായ പെൺജീവിതത്തിലേയ്ക്ക് നിറങ്ങൾ തിരിച്ചുവരുന്നതിന്റെ കഥ പറയുന്ന 'വിമൻസ് ഡേ' സ്ത്രീകളുടെ ഹൃദയത്തിലേക്ക്. ടോം ജെ മങ്ങാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രം ആയിരക്കണക്കിനു പ്രേക്ഷകരാണ് രണ്ട് ദിനം കൊണ്ട് കണ്ടുതീർത്തത്. ഈ വനിതാദിനത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം തന്നെയായി 'വിമൻസ് ഡേ' മാറിയിട്ടുണ്ട്.
ചിത്രത്തിൽ നായിക സുമിത്രയാകുന്നത് നീന കുറുപ്പാണ്. എഴുത്തുകാരായ ബോബി ജോസ് കട്ടികാടിനും എൻ ഇ സുധീറിനും പുറമേ ലാലി പി എം, യദുനന്ദൻ പി, റിങ്കു കുര്യൻ എന്നിവരും ചിത്രത്തിലുണ്ട്. മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരനായ സംഗീതസംവിധായകൻ ജെറി അമൽദേവാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രൂപേഷ് ഷാജിയും എഡിറ്റിങ് മനോജ് കണ്ണോത്തും നിർവഹിച്ചിരിക്കുന്നു.
റ്റി ജോയാണ് ഓഡിയോഗ്രാഫർ. മരിയ റാൻസം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. രാജേഷ് ഗോപാലാണ് അസോസിയേറ്റ് ഡിറക്റ്റർ. രമ്യ എസ് ആനന്ദ്, ആൽവിൻ എന്നിവർ സഹസംവിധായകരും സജിത് നമ്പിടി സഹഛായാഗ്രാഹകനുമാണ്. നികേഷ് രമേശൻ, ഡാനിയൽ ബാബു, ഹാരി കൊറയ, മെൽവിൻ ജേക്കബ്, നിധീഷ് മനു, വിജയ് ജോർജ്, സലിൽ രാജ് പി, ജോസ്‌മോൻ വാഴയിൽ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.