പ്രണയം 'ഡിജിറ്റലാ'വുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക! 'വൈറല്‍' ഷോര്‍ട്ട് ഫിലിം
ടോംസ് വര്‍ഗീസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നത് പാര്‍ഥന്‍ മോഹനാണ്. അഭിരാമി സുരേഷും ജസ്റ്റിന്‍ വര്‍ഗീസും അഭിനയിച്ചിരിക്കുന്നു.
ആശയവിനിമയത്തിനുള്ള ഒട്ടേറെ ഉപാധികള്‍ എപ്പോഴും മിഴിതുറന്നിരിക്കുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. പ്രണയവും സൗഹൃദവുമടക്കം ബന്ധങ്ങളൊക്കെ നേരിട്ടുള്ള ഇടപെടല്‍ എന്നതിനപ്പുറം ചാറ്റ്‌ബോക്‌സുകളിലൂടെ മുന്നോട്ടുപോകുന്നവ കൂടിയാണ് ഇന്ന്. ലോകത്തിന്റെ ഏത് കോണിലുള്ള വ്യക്തിയുമായും എപ്പോള്‍ വേണമെങ്കിലും സമ്പര്‍ക്കപ്പെടാവുന്ന, ഇന്റര്‍നെറ്റ് നല്‍കുന്ന സാധ്യത നല്ലതുതന്നെയെങ്കിലും അവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഉണ്ടാകാവുന്ന അപകടങ്ങളുണ്ട്. അത്തരത്തിലൊന്നിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് 'വൈറല്‍' എന്ന ഹ്രസ്വചിത്രം.
സ്‌കൈപ്പ് വഴി കാമുകനുമായി വീഡിയോ ചാറ്റ് ചെയ്യുന്ന പെണ്‍കുട്ടി അയാളുടെ നിര്‍ബന്ധപ്രകാരം തന്റെ സ്വകാര്യത പങ്കുവെക്കുന്നതും തുടര്‍ന്ന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇരയാവാന്‍ തയ്യാറാവാതെ ധൈര്യപൂര്‍വ്വം പ്രതികരിക്കുന്നുണ്ട് 'വൈറലി'ലെ പെണ്‍കുട്ടി. പേര് പോലെതന്നെ വൈറല്‍ ആയിട്ടുണ്ട് ചിത്രം. ടോംസ് വര്‍ഗീസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തിരിക്കുന്നത് പാര്‍ഥന്‍ മോഹനാണ്. അഭിരാമി സുരേഷും ജസ്റ്റിന്‍ വര്‍ഗീസും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും അഭിലാഷ് സുധീഷ് ആണ്. അഭിരാമി സുരേഷും അനൂപ് ആര്‍ നായരും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.