മിട്ടു പേനയുടെയും ഡിങ്കിരി പെൻസിലിന്റെയും കഥ; ശ്രദ്ധനേടി ‘ചു പൂ വാ’ ഹ്രസ്വചിത്രം
ഒരു മേശയ്ക്കുള്ളില്‍ ഒരുപാട് കാലം ഉപയോഗമില്ലാതെ കിടന്ന മിട്ടു എന്ന പേനയാണ് കഥയിലെ പ്രധാന താരം.
ലോക്ക്ഡൗണിൽ പുറത്തിറങ്ങാനാവാതെ വീർപ്പുമുട്ടി ജീവിക്കുന്ന മൂന്നുപേരുടെ കഥയുമായി എത്തിയിരിക്കുകയാണ് നവാഗതനായ വിഘ്നേശ് രാജശോഭ്. പേനയും പെൻസിലും കട്ടറുമാണ് ആ മൂന്ന് പേര്‍. ഒരു മേശയ്ക്കുള്ളില്‍ ഒരുപാട് കാലം ഉപയോഗമില്ലാതെ കിടന്ന മിട്ടു എന്ന പേനയാണ് കഥയിലെ പ്രധാന താരം.
ചെത്തി തീരാറായ ഡിങ്കിരി പെൻസിലും മിന്നു കട്ടറുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവരുടേയും സംസാരത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. നാലു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് 'ചു പൂ വാ' അഥവ 'ചുവപ്പു പൂക്കൾ വാടാറില്ല' എന്നാണ് പേരു നൽകിയിരിക്കുന്നത്.
ഒരേസമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണ്. സിവപ്പ് പൂക്കള്‍ വാടുവതില്ലൈ എന്ന പേരിലാണ് തമിഴില്‍ ചിത്രം പുറത്തിറക്കിയത്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, നിര്‍മ്മാണം എല്ലാം നിർവ്വഹിച്ചിരിക്കുന്നതും തിരുവനന്തപുരം സ്വദേശിയായ സംവിധായകൻ തന്നെയാണ്. സ്വന്തം മുറിയിൽ തന്നെയാണ് വിഘ്നേഷ് ഷൂട്ട് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona